Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി; അവളിലെ മേനിയെ കീറിമുറിച്ചു കിട്ടാവുന്നതെല്ലാം നീയെടുത്തു; അവളിലെ അഴകിൽ നീ കണ്ണുവച്ചു ഇല്ലായ്മ ചെയ്തു; മുഖവും മുടിയും ശരീരവും നിന്റെ വികൃതിയാൽ വികൃതമാക്കി; ദാമ്പത്യ ജീവിതത്തിലേക്ക് വില്ലനായി അർബുദം എത്തിയപ്പോൾ ഭാര്യയെ ചേർത്തുനിർത്തി ഭർത്താവിന്റൈ കുറിപ്പ്; വൈറലായ കുറിപ്പിതാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയ ദാമ്പത്യ ജീവിത്തിലേക്ക് വില്ലനായി ക്യാൻസർ കടന്നുവന്നപ്പോഴുണ്ടായ ഹൃദയം നുറുക്കുന്ന യുവാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറുന്നത്. ധനേഷ് മുകുന്ദന്റെയും ഭാര്യ ബിജ്മയുടെയും ലോകത്തേക്ക് അപ്രതീക്ഷിതമായി എത്തിയ വിരുന്നുകാരനാണ് കാൻസർ. 25 റേഡിയേഷനുകൾക്ക് കഴിഞ്ഞ് ബിജ്മ കീമോയ്ക്കായി കാത്തിരിക്കുമ്പോൾ ധനേഷ് പങ്കുവച്ച കുറിപ്പാണ് ഹൃദയഭേദകമാകുന്നത്.

തന്നേക്കാളേറെ ബിജ്മിയെ സ്‌നേഹിച്ച കാമുകനെന്നാണ് കാൻസറിനെ ധനേഷ് വിശേഷിപ്പിക്കുന്നത്. കാൻസറിനെതിരെ പ്രതിരോധം തീർത്തത് മരുന്നു കൊണ്ട് മാത്രമല്ല, മനസുകൊണ്ടും ഉൾക്കരുത്തുകൊണ്ടും തകർക്കാനാകാത്ത വിശ്വാസംകൊണ്ടുമാണെന്ന് പറയുന്ന ധനേഷ് ഞങ്ങളുടെ കൂടെ പ്രാർത്ഥനയുടെയും സ്‌നേഹത്തിന്റെയും പടവാളേന്തിയ ആയിരങ്ങൾ നിനക്കെതിരെ ശബ്ദിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പ്:-

'എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി'.....

ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു...
അവിടെയും ഞങ്ങൾ ജയിച്ചു...
വീണ്ടും നീ ഞങ്ങളെ വേദനയിൽ മുക്കി.. അവളിലെ മേനിയെ കീറിമുറിച്ചു കിട്ടാവുന്നതെല്ലാം നീയെടുത്തു...
അവിടെയും ഞങ്ങൾ വീണില്ല ....
പിന്നീടാണ് ആരുമറിയാതെ നീ അവളെ ഇത്രയേറെ സ്‌നേഹിക്കുന്ന കാര്യം ഞങ്ങൾ അറിയുന്നത്....
എന്നിട്ടും നീ ഞങ്ങളെ വിട്ടില്ല....
കണ്ണെഴുതി പൊട്ടുതൊട്ടുമിനുക്കിയ മുഖവും മുടിയും ശരീരവും നിന്റെ വികൃതിയാൽ വികൃതമാക്കി....
തീർന്നില്ല നിന്റെ പ്രണയം....
അവളിലെ അഴകിൽ നീ കണ്ണുവച്ചു ഇല്ലായ്മ ചെയ്തു....

''''''കാൻസർ എന്ന കാമുകനായി നീ ഞങ്ങളെ തേടി വന്നതെ തെറ്റ്...
അവളുടെ നെറ്റിയിൽ ഞാൻ ചാർത്തിയ സിന്ദൂരം ഒന്നുകൂടി നീട്ടി വരയ്ക്കും നിനക്കെതിരെ വിധി പറയാൻ ''''''

ശരീരം തളരും... എല്ലുകൾ നുറുങ്ങും..
വേദന അതിലേറെ ശക്തം
അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും..
ഇടക്ക് കുടിക്കുന്നകഞ്ഞിവെള്ളംപോലും തിരിച്ചു തുപ്പുന്ന അവസ്ഥ...
എങ്കിലും ഞങ്ങടെ മനസ്സിനെ തളർത്താനുള്ള കരുത്തൊന്നും ഇല്ലാതായിപ്പോയി നിനക്ക്.....

നിനക്കെതിരെ പ്രതിരോധംതീർത്തത് മരുന്ന്‌കൊണ്ടു മാത്രമല്ല....
മനസ്സുകൊണ്ടും ഉൾകരുത്തുകൊണ്ടും തകർക്കാനാവാത്ത വിശ്വാസംകൊണ്ടുമാണ്...
അർബുദമെന്ന നിന്റെ ഉയർച്ച ഞങ്ങൾ ആഘോഷമാക്കിയെങ്കിൽ....
നീ എന്ന് തളരുന്നുവോ.... അതുവരെ ഞങ്ങൾ പൊരുതാൻ ശക്തരുമാണ്......
ഓരോകീമോയും ഒരു ലഹരിപോലെയായി ഇപ്പോൾ..
25 റേഡിയേഷൻ പാട്ടുകേൾക്കുന്ന ലാഘവത്തോടെ മുന്നേറിയ ഞങ്ങൾക്ക് ഇനി വരാനിരിക്കുന്ന കീമോകൾ വെറും ലഹരി നുണയുന്ന മരുന്നുകൾ മാത്രം...

ഞാൻ സ്‌നേഹിക്കുന്നതിലേറെ
അവളെ സ്‌നേഹിച്ച നീ ഞങ്ങളെ തളർത്തി കളഞ്ഞെന്ന് തോന്നുന്നെങ്കിൽ അവിടെ നിനക്ക് പിഴച്ചു...

വീണുപോയെന്നുള്ള തോന്നലിനേക്കാൾ കൂടുതൽ മനസ്സിൽ വന്നത് വീഴാതിരിക്കാനുള്ള കരുത്തുതന്നെയാണ്....

ആത്മവിശ്വാസത്തിന്റെ ഒരു മതിൽക്കോട്ട തന്നെ നിനക്കെതിരെ ഞങ്ങൾ പണിതുവച്ചിട്ടുണ്ട്.....

ഇന്ന് ഞങ്ങൾ ഒറ്റക്കല്ല ....

ഞങ്ങൾക്ക് ചുറ്റും ഞങ്ങളുടെ കൂടെ... പ്രാർത്ഥനയുടെയും ....സ്‌നേഹത്തിന്റെയും ... പടവാളേന്തിയ ആയിരങ്ങൾ നിനക്കെതിരെ ശബ്ദിക്കാനുണ്ട്....
സ്‌നേഹം ഒരുപാട്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP