Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെയാണ് റിലീസ് , സിനിമയുടെ വിവരങ്ങൾ ഷെയർ ചെയ്യുവാൻ സിനിമാ താരങ്ങളോ, മാധ്യമങ്ങളോ ഒന്നുമില്ല , ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയത് അഭിമാനത്തോടെയാണോ എന്ന് പറയേണ്ടി വരുന്നത് എന്ന് അറിയാത്ത അവസ്ഥയാണ് ; ഡോ. ബിജുവിന്റേ കുറിപ്പ് മലയാള സിനിമയുടെ നേർചിത്രം ആകുന്നു

മറുനാടൻ ഡെസ്‌ക്‌

അടൂർ :' നാളെയാണ് റിലീസ് , സിനിമയുടെ വിവരങ്ങൾ ഷെയർ ചെയ്യുവാൻ സിനിമാ താരങ്ങളോ, മാധ്യമങ്ങളോ ഒന്നുമില്ല , ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടിയത് അഭിമാനത്തോടെ യാണോ എന്ന് പറയേണ്ടി വരുന്നത് എന്ന് അറിയാത്ത അവസ്ഥയാണ് '. നിരവധി അന്താരാഷ്ട്ര മേളകളിൽ ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തുകയുംഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്ത 'വെയിൽമരങ്ങൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ ഡോ. ബിജുവിന്റേ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് മുകളിൽ പറഞ്ഞത്. ചിത്രത്തിന്റെ റിലീസിനായി കേരളത്തിൽ വിരലിലെണ്ണാവുന്ന തിയേറ്ററുകൾ മാത്രം.

' സൈറ ' യിൽ തുടങ്ങി 'ആകാശത്തിന് നിറം', 'വലിയ ചിറകുള്ള പക്ഷികൾ', 'പേരറിയാത്തവർ', 'കാട് പൂക്കുന്ന നേരം' തുടങ്ങി സമകാലിക പ്രസക്തി ഉള്ളതും നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയതും അന്താരാഷ്ട്രതലത്തിൽ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ സംവിധായകനാണ് ഇങ്ങനെ ഒരു കുറിപ്പ് ഇറക്കേണ്ടി വന്നത്.സൂപ്പർ സ്റ്റാർ ചിത്രങ്ങളുടെ പൂജ മുതൽ വാർത്ത കൊടുക്കുന്ന മുഖ്യധാരാമാധ്യമങ്ങളും മറ്റു ചലച്ചിത്ര പ്രവർത്തകരും സിനിമയെ പൂർണമായി അവഗണിച്ചത് മലയാളസിനിമയുടെ നേർചിത്രം വെളിവാക്കുന്നു.

എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതീജിവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയിൽ മരങ്ങൾ പറയുന്നത്.ഹിമാചൽ പ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങിലായി ഒന്നര വർഷം കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ഇന്ദ്രൻസിനൊപ്പം സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർദ്ധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യൂ സോമതീരമാണ് ചിത്രം നിർമ്മിച്ചത്.

ഡോ. ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്ടിന്റെ പൂർണരൂപം വായിക്കാം:-

'നാളെയാണ് വെയിൽമരങ്ങൾ റിലീസ് ചെയ്യുന്നത്. വലിയ പ്രചാരണങ്ങൾ ഒന്നുമില്ല . കേരളത്തിൽ തിയറ്ററുകൾ വളരെ കുറവാണ്. ഉള്ള തിയറ്ററുകളിൽ തന്നെ ഏതാനും പ്രദർശനങ്ങൾ മാത്രമാണ് ഉള്ളത്.കേരളത്തിന് പുറത്ത് പ്ലാറ്റൂൺ വൺ ഫിലിംസ് എന്ന വിതരണ കമ്പനി റിലീസിനായി വലിയ സഹകരണം ആണ് നൽകിയത്. പി വി ആർ സിനിമയും ഒപ്പം സഹകരിച്ചു. കേരളത്തിൽ സർക്കാർ തിയറ്ററുകൾ ലഭിച്ചു. കാർണിവൽ സിനിമാ ഗ്രൂപ്പും ഏതാനും തിയറ്ററുകൾ നൽകി.

നാഷണൽ മീഡിയ അത്യാവശ്യം നന്നായി വാർത്തകൾ നൽകി. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റി ഒരു ഷോ പ്രവർത്തകർക്കായി ബുക്ക് ചെയ്തു. കേരളത്തിൽ ആകെ 9 തിയറ്ററുകൾ മാത്രം ആണുള്ളത്. പരസ്യങ്ങൾ ഒട്ടുമില്ല . സിനിമയുടെ വിവരങ്ങൾ ഷെയർ ചെയ്യുവാൻ സിനിമാ നിരൂപകരോ ,താരങ്ങളോ, മുഖ്യധാരാ മാധ്യമങ്ങളോ, ഫിലിം സൊസൈറ്റി നേതാക്കളോ ഒന്നുമില്ല.അപൂർവം ഫിലിം സൊസൈറ്റി പ്രവർത്തകരും സുഹൃത്തുക്കളും മാത്രമാണ്. സോഷ്യൽ മീഡിയയിൽ പോലും റിലീസ് വിവരങ്ങൾ ഷെയർ ചെയ്യുന്നത്..ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ ഷാങ്ഹായ് ചലച്ചിത്ര മേളയിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ഗോൾഡൻ ഗോബ്ലറ്റ് പുരസ്‌കാരം നേടിയ മലയാള ചിത്രമാണ് എന്നത് അഭിമാനത്തോടെയാണോ പറയേണ്ടി വരുന്നത് എന്നറിയാത്ത ഒരവസ്ഥയാണ്.

ഏതായാലും കാണാൻ താല്പര്യമുള്ള ചുരുക്കം സുഹൃത്തുക്കൾ എങ്കിലും ഉണ്ടാകുമെന്ന് കരുതുന്നു.ആദ്യത്തെ ദിവസങ്ങളിൽ സിനിമ കാണാൻ ശ്രമിക്കുമല്ലോ
ആദ്യ ദിവസം കാണികൾ കുറവാണെങ്കിൽ ചിത്രം ഹോൾഡ് ഓവർ ആകുകയും തുടർന്നുള്ള പ്രദർശനങ്ങൾ ക്യാൻസൽ ചെയ്യപ്പെടുകയും ചെയ്യും. കേരളത്തിലെ തിയറ്റർ ലിസ്റ്റും പ്രദർശന സമയവും താഴെ . കഴിയുന്നത്ര സുഹൃത്തുക്കൾ നാളെ തന്നെ സിനിമ കാണുവാൻ ശ്രമിക്കുമല്ലോ..

തിരുവനന്തപുരം ശ്രീ 11.30, വൈകിട്ട് 6.30.തൃശൂർ ശ്രീ വൈകിട്ട് 6.30, ആലപ്പുഴ കൈരളി 11.30, കൊച്ചി പി വി ആർ ലുലു വൈകിട്ട് 8.00, കൊച്ചി പി വി ആർ ഒബ്റോൺ 11.05, കരുനാഗപ്പള്ളി കാർണിവൽ (H&J Mall) 10.30, മൂവാറ്റുപുഴ കാർണിവൽ വൈകിട്ട് 4.00, പയ്യന്നൂർ കാർണിവൽ 10.30, കോതമംഗലം ജി സിനിമാ 11.00,ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ റിസർവ് ചെയ്യാവുന്നതുമാണ്.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP