Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാഴ്‌സലുകൾക്ക് കിട്ടുന്ന ചില്ലറയും ഹോട്ടലുകാർ നൽകുന്ന കൈമടക്കും മിച്ചം പിടിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരണത്തിലേക്കു നടന്നുപോയൊരു ഡ്രൈവർ; അന്തർ സംസ്ഥാന ബസ് ഡ്രൈവർമാരുടെ ആരും കാണാത്ത ജീവിതം ഇങ്ങനെ; ലഹരിയുടെ ലോകം തേടി തൊഴിലാളികൾ പായുന്നതിന്റെ കാരണവും പറയുകയാണ് മാധ്യമപ്രവർത്തകനായ അജയ് മുത്താന

പാഴ്‌സലുകൾക്ക് കിട്ടുന്ന ചില്ലറയും ഹോട്ടലുകാർ നൽകുന്ന കൈമടക്കും മിച്ചം പിടിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ മരണത്തിലേക്കു നടന്നുപോയൊരു ഡ്രൈവർ; അന്തർ സംസ്ഥാന ബസ് ഡ്രൈവർമാരുടെ ആരും കാണാത്ത ജീവിതം ഇങ്ങനെ; ലഹരിയുടെ ലോകം തേടി തൊഴിലാളികൾ പായുന്നതിന്റെ കാരണവും പറയുകയാണ് മാധ്യമപ്രവർത്തകനായ അജയ് മുത്താന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാർക്കുണ്ടായ ദുരനുഭവത്തെ തുടർന്ന് അന്തർ സംസ്ഥാന സ്വകാര്യ സർവീസ് ബസുകളിലെ ഡ്രൈവർമാരെക്കുറിച്ച് മലയാളികൾ സംസാരിക്കുന്നത് ഏറ്റവും വലിയ ഗുണ്ടകൾ എന്ന നിലയിലാണ്. ഗുണ്ടകൾ ഉണ്ട് എന്നത് യാതാർത്ഥ്യമായി നമുക്ക് മുന്നിലുള്ളപ്പോളും എന്തുകൊണ്ട് അവരിങ്ങനെയാകുന്നു എന്നും കാണാതെ പോകുന്ന ചില ജീവിതങ്ങൾ അവർക്കിടയിൽ ഉണ്ടെന്നും അനുഭവ സാക്ഷ്യം പറയുകയാണ് ഒരു മാധ്യമ പ്രവർത്തകൻ.

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പരുഷമായി പെരുമാറി ജീവനുകൾ വെച്ച് അമ്മാനമാടുന്ന ആളുകൾക്കിടയിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്ന ഡ്രൈവർമാരും ഉണ്ടെന്ന് അജയ് മുത്താന ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. രണ്ട് വ്യത്യസ്ത ബസ് ഡ്രൈവർമാരുടെ അനുഭവകഥകളിലൂടെ ബസ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുകയാണ് മാധ്യമപ്രവർത്തകനായ അജയ് മുത്താന.

ആക്‌സിലേറ്ററിനു മേൽ തടക്കട്ട കയറ്റി വച്ച് യാത്രികരുടെ ജീവൻ കൊണ്ട് അഭ്യാസം കളിക്കുന്ന ആളാണ് ആദ്യത്തെ ഡ്രൈവർ. ഇയാളുടെ അനാസ്ഥ നമ്മെ ദേഷ്യം പിടിപ്പിക്കുമ്പോൾ രണ്ടാമന്റെ ജീവിതം നമ്മുടെ കണ്ണുനനയിക്കും. കൂലിക്കൊപ്പം ട്രിപ്പിനിടെ ചെറിയ പാർസലുകളിൽ നിന്നും കിട്ടുന്ന ചില്ലറയും വഴിയിൽ ഹോട്ടലുകാർ നൽകുന്ന കൈമടക്കുമൊക്കെ മിച്ചം പിടിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ മരണത്തിലേക്ക് നടന്നു പോയൊരു ഡ്രൈവർ ആണയാൾ. ലഹരിയുടെ ലോകം തേടി ബസ് തൊഴിലാളികൾ പോകുന്നതിന്റെ കാരണങ്ങളിലൊന്നും ഈ പോസ്റ്റ് പറയാതെ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ബംഗളൂരു ബസ്... നടുക്കം മാറാത്ത ഓർമകൾ...

കല്ലടയുടെ ക്രൂരതയെക്കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. ഏഴെട്ടു കൊല്ലം മുൻപ് സാക്ഷ്യം വഹിച്ച ഒരു കാഴ്ചയും ഒരു സുഹൃത്തിന്റെ അനുഭവസാക്ഷ്യവും എനിക്കും പറയാനുണ്ട്.

ബാംഗ് ളൂരിൽ നിന്നു നാട്ടിലേക്കു വരാൻ ട്രെയിനൊന്നും കിട്ടാതെ വന്നപ്പോൾ കല്ലടയെ ശരണം പ്രാപിച്ചു. അവിടെയും ടിക്കറ്റില്ല. വേണമെങ്കിൽ ഡ്രൈവർ ക്യാബിനിൽ ഇരുത്താമെന്ന് ക്ളീനർ ഔദാര്യം കാട്ടി. ടിക്കറ്റ് ചാർജൊന്നും കുറവില്ല. ഗതികേടുകൊണ്ട് കയറി. നഗരം വിട്ട് രാത്രി ഭക്ഷണത്തിന് വണ്ടി നിറുത്തി. അവിടെനിന്ന് എടുത്തപ്പോൾ രണ്ടു പേരെക്കൂടി ഡ്രൈവർ ക്യാബിനിൽ കുത്തിനിറച്ചു.

ഡ്രൈവർ തമ്പാക്കോ മറ്റോ കവർ പൊട്ടിച്ചു വായിലേക്കിട്ടു. പിന്നെ കാലുകൊണ്ട് ഒരു വലിയ തടിക്കട്ട നീക്കി ആക്സിലറേറ്ററിനു മേൽ കയറ്റിവച്ചു. വണ്ടി അതിന്റെ പരമാവധി വേഗത്തിലേക്ക് ഇരമ്പിക്കയറി. ഇങ്ങനെയാണോ ഓടിക്കുന്നതെന്നു ചോദിച്ചപ്പോൾ പിന്നെങ്ങനെയാണ് രാവിലെ അഞ്ചിനും ആറിനുമൊക്കെ തിരുവനന്തപുരത്തെത്തുന്നതെന്ന മറുചോദ്യം. കൂടെ ഇരുന്നവരാരും ഇതൊന്നും കേട്ടതായി പോലും നടിച്ചില്ല. ജീവൻ കൈയിൽ പിടിച്ച് അയാളുടെ അഭ്യാസത്തിനു സാക്ഷിയായി ഇരുന്നു. ഉറക്കം വന്നതേയില്ല ആ രാത്രിയിൽ.

ആ വണ്ടി ബ്രേക്ക് ചെയ്തത് അപൂർവം സമയങ്ങളിൽ മാത്രം. ബ്രേക്ക് ചെയ്യേണ്ടിടത്തൊക്കെ വെട്ടിയൊഴിച്ച് വണ്ടി കൊടുങ്കാറ്റുപോലെ മുന്നേറിക്കൊണ്ടിരുന്നു. അത്യാവശ്യം വരുമ്പോൾ ഡ്രൈവർ തടിക്കട്ട തട്ടിമാറ്റി ബ്രേക്ക് ഇടുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തെത്തുമെന്നു കരുതിയതല്ല ആ രാത്രിയിൽ. അതിൽ പിന്നെ ഇത്തരം ബസ്സുകളിൽ കഴിവതും കയറാറില്ല. പക്ഷേ, ഗതികേടിനു രണ്ടു തവണ കയറിയെന്നതും മറക്കുന്നില്ല.

***

രണ്ടാമത്തെ കഥ പറഞ്ഞത് ഇതുപോലൊരു ബസ്സിലെ ഡ്രൈവറായിരുന്ന സുഹൃത്താണ്. അതും നാലഞ്ചു കൊല്ലം മുൻപാണ്. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. ആത്മഹത്യ ചെയ്തു.

അദ്ദേഹത്തിന് ഒരു ബസ് തിരുവനന്തപുരത്തു നിന്നു ബാംഗ്ളൂരിലെത്തിച്ചാൽ 1200 രൂപയായിരുന്നു ശമ്പളം. തുടർച്ചയായി 15 ദിവസമാണ് ജോലി. അതു കഴിഞ്ഞാൽ 15 ദിവസം മറ്റേതെങ്കിലും വണ്ടി ഓടിക്കാൻ പോകും. ബാംഗ്ളൂരിലേക്കു രണ്ടു ഡ്രൈവർമാരെ കമ്പനി അനുവദിക്കില്ല. വേണമെങ്കിൽ കിട്ടുന്ന 1200ന്റെ പകുതി കൊടുത്ത് ഒരാളെ ഡ്രൈവർക്കു തന്നെ കൂട്ടാം. അതു കൈനഷ്ടമായതിനാൽ തനിപ്പിടി തന്നെ ശരണം.

ഉച്ചയ്ക്കു മൂന്നു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് രാവിലെ ഏഴിനോ എട്ടിനോ ബാംഗ്ളൂരിലെത്തും. അതുവരെ ഡ്രൈവർ ഉറങ്ങാതെ കാവലിരിക്കുന്നത് ക്ളീനറാണ്. വണ്ടി മടിവാളയിലെ പാർക്കിങ് ഗ്രൗണ്ടിൽ ഒതുക്കണം. പിന്നെ ക്ളീനർ വണ്ടി തൂത്തു കഴുകി വൃത്തിയാക്കണം. രാവെളുക്കുവോളം കൂട്ടിരുന്ന ക്ളീനറെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി കരുതി ഡ്രൈവർ സുഹൃത്ത് വണ്ടി കഴുകിക്കൊടുക്കാൻ കൂടും. അതും കഴിഞ്ഞ് എന്തെങ്കിലും കഴിച്ച് വണ്ടിയിൽ തന്നെ ചുരുണ്ടു കൂടും. അപ്പോൾ സമയം പകൽ പതിനൊന്നെങ്കിലും ആകും. പിന്നെ മൂന്നു മണിക്കൂറാണ് ഉറക്കം. വീണ്ടും രണ്ടു മണിക്ക് എഴുന്നേറ്റ് തിരിച്ചോടാൻ തയ്യാറെടുക്കണം.

നഗരത്തിൽ ട്രാഫിക് കുരുക്കുണ്ടെങ്കിൽ വണ്ടി പാർക്കിങ് ഗ്രൗണ്ടിലെത്താൻ വൈകും. എത്ര വൈകുന്നോ അത്രയും ഉറക്കം കുറയുന്നു. തിരുവനന്തപുരത്തെത്തിയാലും ഇതു തന്നെ അവസ്ഥ. ആദ്യത്തെ രണ്ടുമൂന്നു ദിവസം പിടിച്ചു നിൽക്കും. പിന്നെ പകലും പാതി മയക്കത്തിലാണ് നടക്കുക. ലഹരിപ്പൊടികൾ വായിലിട്ടു നുണഞ്ഞും വേണ്ടെങ്കിലും വെള്ളം കുടിച്ചുമൊക്കെ വണ്ടിയോടിക്കും. അപകടമൊന്നും പറ്റാത്തത് യാത്രക്കാരുടെ കൂടി ഭാഗ്യം കൊണ്ടാവാമെന്നാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്.

മാനേജുമെന്റ് അറിയാതെ കടത്തുന്ന ചില ചെറിയ പാർസലുകളിൽ നിന്നു കിട്ടുന്ന ചില്ലറയും ഭക്ഷണത്തിനു നിറുത്തുന്നേടത്തെ ഹോട്ടലുകാർ തരുന്ന കൈമടക്കുമൊക്കെയാണ് മിച്ചം. മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും വണ്ടിക്കാരനായി തുടരുന്നു. അന്നിതു പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP