ഞങ്ങൾ പരസ്പര സമ്മതത്തോടെ വിവാഹമേചനം നേടി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവർ; സ്‌നേഹ വിവാഹിതയാകുന്നത് നല്ല തീരുമാനവും തനിക്ക് നേരത്തേ അറിയാവുന്നതെന്നും മുൻ ഭർത്താവ്; പഴയ വിവാഹഫോട്ടോകൾ ചേർത്ത് വെച്ചുള്ള കമന്റുകൾ വേദനിപ്പിക്കുന്നു എന്നും ദിൽജിത്ത്
November 19, 2019 | 02:46 PM IST | Permalink

മറുനാടൻ ഡെസ്‌ക്
അഭിനേതാക്കളായ എസ്‌പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. താരങ്ങൾക്ക് ആശംസയറിയിച്ചും ഭാവുകങ്ങൾ നേർന്നും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ചിലർ സ്നേഹയുടെയും മുൻഭർത്താവിന്റെയും വിവാഹഫോട്ടോ വെച്ച് വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു.
വിവാഹിതരാകാൻ പോകുന്നുവെന്ന് അറിയിച്ച പോസ്റ്റിന് താഴെയും അല്ലാതെയുമെല്ലാം ഇവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റുകൾ. എന്നാൽ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായും സ്നേഹക്ക് ആശംസകളുമായും താരത്തിന്റെ ആദ്യ ഭർത്താവ് ദിൽജിത് എംദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദിൽജിത്ത് ആശംസകൾ നേർന്നത്. പഴയ വിവാഹഫോട്ടോകൾക്ക് താഴെ വരുന്ന മോശം കമന്റുകൾ വേദനിപ്പിക്കുന്നുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദിൽജിത്ത് ആവശ്യപ്പെടുന്നു.
ദിൽജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..
'വിവാഹിതരാവുന്നു' എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.
ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.
ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളതുകൊണ്ടാണ്.
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ.. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.
പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
രണ്ടു വർഷം മുൻപ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ 'Happily Divorced' എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.
അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..
വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്
ഹൃദയം നിറഞ്ഞ ആശംസകൾ.
