Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫ് സർക്കാർ ശ്രമിച്ചത് കോളജ് പൂട്ടി പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ; ഇടപെട്ടത് വിദ്യാർത്ഥികൾക്കെതിരായ പൊലീസ് വേട്ട തടയാൻ എന്നും കോടിയേരി ബാലകൃഷ്ണൻ; ബിആർപി ഭാസ്‌കറിന്റെ അടിസ്ഥാന രഹിതമായ ആരോപണത്തിലൂടെ വെളിപ്പെടുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ്; യൂണിവേഴ്‌സിറ്റി കോളജിലെ ക്ലാസ് മുറിയിൽ കോടിയേരി താണ്ഡവമാടിയെന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ പരാമർശത്തിന് മറുപടി എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

യുഡിഎഫ് സർക്കാർ ശ്രമിച്ചത് കോളജ് പൂട്ടി പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ; ഇടപെട്ടത് വിദ്യാർത്ഥികൾക്കെതിരായ പൊലീസ് വേട്ട തടയാൻ എന്നും കോടിയേരി ബാലകൃഷ്ണൻ; ബിആർപി ഭാസ്‌കറിന്റെ അടിസ്ഥാന രഹിതമായ ആരോപണത്തിലൂടെ വെളിപ്പെടുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ്; യൂണിവേഴ്‌സിറ്റി കോളജിലെ ക്ലാസ് മുറിയിൽ കോടിയേരി താണ്ഡവമാടിയെന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ പരാമർശത്തിന് മറുപടി എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

യൂണിവേഴ്‌സിറ്റി കോളജിനെ പഞ്ചനക്ഷത്ര ഹോട്ടലാക്കുക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ ഗൂഡശ്രമം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്‌കറിന്റെ പരാമർശത്തോട് ഫേസ്‌ബുക്കിലാണ് കോടിയേരിയുടെ പ്രതികരണം. ഏതാനും വർഷങ്ങൾക്കുമുമ്പ് എ കെ ജി സെന്ററിൽ നിന്നിറങ്ങി യൂണിവേഴ്‌സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണൻ 'താണ്ഡവമാടി'യതായി ബിആർപി എഴുതിയിരുന്നു. ഇതിന് രൂക്ഷമായ ഭാഷയിലാണ് ഫേസ്‌ബുക്കിലൂടെ കോടിയേരി മറുപടി നൽകിയിരിക്കുന്നത്. ആ കാലത്ത് യൂണിവേഴ്‌സിറ്റി കോളേജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഡ അജൻഡയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോവുകയായിരുന്നെന്നും സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതപ്പോൾ ഇടപെടുകയാണ് ചെയ്തതെന്നും കോടിയേരി കുറിച്ചു.

പൊലീസ് വേട്ടയ്‌ക്കെതിരെ ഇടപെടൽ നടത്തിയത് എങ്ങനെയാണ് 'താണ്ഡവ'മായി മാറുന്നത് എന്നാണ് കോടിയേരി ചോദിക്കുന്നത്. എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന് ആവർത്തിച്ച് പറയുന്ന കോടിയേരി, സംഘടനയിൽ എണ്ണം കൂടിയിട്ടേയുള്ളൂ എന്നും എഴുതുന്നു.

കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ് എഫ് ഐ വിരുദ്ധ വാർത്താപ്രളയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് മാധ്യമങ്ങൾ.

അക്കൂട്ടത്തിൽ മാധ്യമ - മനുഷ്യാവകാശ പ്രവർത്തകനായ ബി ആർ പി ഭാസ്‌കർ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും വസ്തുതാവിരുദ്ധമായി കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് എ കെ ജി സെന്ററിൽ നിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ് മുറിയിലെത്തി, കോടിയേരി ബാലകൃഷ്ണൻ 'താണ്ഡവമാടി'യതായി അദ്ദേഹം എഴുതി.

ആ കാലത്ത്, യൂണിവേഴ്സിറ്റി കോളേജ് പൂട്ടി അവിടം പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഡ അജൻഡയുമായി യു ഡി എഫ് സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. ആ നീക്കത്തിനെതിരെ കോളേജിലെ പൂർവ വിദ്യാർത്ഥികളായ, മലയാളത്തിന്റെ മഹാകവി ഒ എൻ വി കുറുപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു.

യൂനിവേഴ്സിറ്റി കോളേജിനുവേണ്ടി സമരംചെയ്ത വിദ്യാർത്ഥികളെ ക്യാമ്പസിനുള്ളിൽ കയറി പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോൾ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലിൽ ഞാനും ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ടും അത് തടയാതെ, ആ വിഷയത്തിൽ ഇടപെടാതെ ഇരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പൊലീസ് വേട്ടയ്ക്കെതിരെ ഇടപെടൽ നടത്തിയത് എങ്ങനെയാണ് 'താണ്ഡവ'മായി മാറുന്നത്? യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി ആന്റണി സർക്കാരുകൾക്ക് കൂട്ടുനിൽക്കണമായിരുന്നു എന്നാണോ പറയുന്നത്?

''കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, പാർട്ടിയുടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന പോഷകസംഘടനയാണ്'' എന്നാണ് ബി ആർ പിയുടെ മറ്റൊരു നിഗമനം. എസ് എഫ് ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു. സിപിഐ എമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ ഒന്നും പാർട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.

വിദ്യാർത്ഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാർത്ഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എം അംഗീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ് എഫ് ഐ നേതൃത്വം. ആ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ പഴയ യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ബി ആർ പി ഭാസ്‌കറുടെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് വായനക്കാർക്ക് ബോധ്യപ്പെടും. ഇത്തരം വ്യക്തികളുടെ നുണ പ്രചരണങ്ങൾക്കുള്ള മറുപടി വിദ്യാർത്ഥികൾ തന്നെ നൽകുന്നുണ്ട്. ഇന്നലെ കേരളമാകെ പൂത്തുലഞ്ഞ എസ് എഫ് ഐയുടെ ശുഭ്രപതാകകൾ ഒറ്റുകാർക്കും നുണപ്രചാരകർക്കുമുള്ള മറുപടി തന്നെയാണ്. എണ്ണം കൂടിയിട്ടേയുള്ളു, ഒട്ടും കുറഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP