Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്മൂട്ടിക്ക് 96 വയസായെന്ന് ഡോക്ടർ; അവരെല്ലാം സ്വർണം മുക്കിയല്ലേ കഴിക്കുന്നതെന്ന് വീട്ടമ്മയും; അഴകോടും ആരോഗ്യത്തോടും എങ്ങനെ ജീവിക്കാമെന്ന ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മമ്മൂട്ടിക്ക് 96 വയസായെന്ന് ഡോക്ടർ; അവരെല്ലാം സ്വർണം മുക്കിയല്ലേ കഴിക്കുന്നതെന്ന് വീട്ടമ്മയും; അഴകോടും ആരോഗ്യത്തോടും എങ്ങനെ ജീവിക്കാമെന്ന ഡോക്ടർ സുൽഫി നൂഹുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോകമാകെ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് അമിതവണ്ണം. അമിത വണ്ണത്തിന്റെ കാരണത്തെ കുറിച്ച് ഡോ.സുൽഫി നൂഹു എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. തന്റെയടുത്ത് ചികിത്സ തേടിയെത്തിയ 46കാരിയുടെ അമിതവണ്ണം കുറയ്ക്കാൻ മമ്മുട്ടിയുടെ ആഹാര രീതികളെ കുറിച്ച് വിവരിച്ച സംഭവമാണ് ഡോക്ടർ വിശദമാക്കുന്നത്. കഴിക്കാനായി ജീവിക്കാതെ ജീവിക്കാനായി കഴിച്ചാൽ ആരോഗ്യവും അഴകും ഉണ്ടാകുമെന്ന് ഡോക്ടർ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീ മമ്മൂട്ടി, വയസ് 96
==================
രാവിലെ രോഗികളെ നോക്കി തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ആദ്യ രോഗി, രാജേശ്വരിയമ്മ. ഏതാണ്ട് 80 കിലോക്ക് മുകളിൽ ഭാരം. പൊക്കം അഞ്ചടിക്കകം. ഏതാണ്ടു 60 വയസു തോന്നിക്കും. ശരിക്കും പ്രായം 46. ഒരൽപ്പം ഡയബറ്റിസ് ഒരല്പം രക്തസമ്മർദ്ദം ഒരല്പം കൊളസ്‌ട്രോൾ. പ്രശ്‌നം തലകറക്കം. ഏറെ നാളായി നിൽക്കുന്ന തലകറക്കം ഇഎൻടി ഡോക്ടറെ കാണിക്കണം എന്ന നിർദ്ദേശം അനുസരിച്ച് വന്നിരിക്കുകയാണ്. രാജേശ്വരിയമ്മയെ വിശദമായി പരിശോധിച്ചു.

ചെവിയുടെ ബാലൻസ് നിയന്ത്രിക്കുന്ന അവയവത്തിനുള്ള പ്രശ്‌നമാണെന്ന് വിലയിരുത്തി. രോഗിയോട് കാര്യങ്ങൾ വിശദീകരിച്ച് പോകുന്നതിന് ഇടയിൽ അഞ്ചടിയിൽ താഴേപൊക്കവും 80 തിന് മുകളിൽ ഭാരമുള്ള രോഗിയോട് ഞാൻ ഒരു ചെറുചിരിയോടെ ചോദ്യം എറിഞ്ഞു. എത്ര വയസായി. 46. രോഗിയുടെ അമിത വണ്ണം കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ എന്റെ പതിവ് പ്രഖ്യാപനം നടത്തി.

'മമ്മൂട്ടിക്ക് 96 വയസായി. രാജേശ്വരി അമ്മ ഒന്ന് ഞെട്ടി. പുരികം ഉയർത്തി ചിരിച്ച് കൊണ്ട് ഉത്തരം. ' 96 ഒന്നും ആയി കാണില്ല... 'എന്നാലും ഒറ്റ നോട്ടത്തിൽ എത്ര പറയും, ഒരു 40 എങ്കിലും പറയുമോ? അദ്ദേഹത്തിനെ പോലെ ആഹാരം കഴിക്കണം. അതാണ് ഇപ്പോഴും ചെറുപ്പമായിരിക്കാൻ കാരണം. അവരെല്ലാം സ്വർണം മുക്കിയല്ലേ കഴിക്കുന്നത്. നമുക്ക് അതിനാകില്ലല്ലോ ഡോക്ടറെ. എനിക്ക് ആവേശം മൂത്തു. 'അവർ സ്വർണം മുക്കികഴിക്കുന്നില്ല എന്ന് മാത്രമല്ല, ആഹാരം കുറച്ച് മാത്രമേ കഴിക്കുന്നുള്ളൂ.

ആഹാരം ആവശ്യത്തിലധികം കഴിച്ചതിന്റെ എല്ലാം പ്രശ്‌നങ്ങളും നിങ്ങൾക്കുണ്ട്.. 46 വയസിന് ഇടയിൽ 100 വയസിന്റെ ആഹാരം നിങ്ങൾ കഴിച്ച് കഴിഞ്ഞു.'ഇങ്ങനെയാണ് മിക്ക രോഗികളും, ഇങ്ങനെയാണ് കേരളത്തിന്റെ പൊതു ചിത്രം. ആഹാരം കുറച്ച് മാത്രമേ കഴിക്കുന്നൂള്ളൂവെന്നാണ് ചിലരുടെ ധാരണ. ആവശ്യം ഉള്ളതിന്റെ എത്രയോ ഇരട്ടിയാണ് ഓരോരുത്തരും കഴിക്കുന്നത്.. ആഹാരം അങ്ങനെ വാരിവലിച്ച് കഴിക്കാൻ പല ന്യായീകരണങ്ങളും കണ്ടെത്താറുമുണ്ട്. പാരമ്പര്യമായി ഞങ്ങൾക്കെല്ലാം വണ്ണമാണ്.

എനിക്ക് തൈറോയിഡ് രോഗമാണ്. ഒന്നും കഴിക്കാതെ വണ്ണം വെക്കുന്നതാണ് എന്നൊക്കെ. ഒന്നും കഴിക്കാതെയും തൈറോയിഡ് രോഗം കാരണവും, പാരമ്പര്യം മാത്രം കൊണ്ടും അമിത വണ്ണം ഉണ്ടാവുകയില്ലതന്നെ! മമ്മൂട്ടി എന്ത് കഴിക്കുന്നുവെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനും എനിക്കറിയില്ല. പക്ഷേ ഒരു കാര്യം വ്യക്തം മമ്മൂട്ടി കുറച്ചെ കഴിക്കുന്നുള്ളൂ. കഴിക്കുന്നത് ശരീരത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രവും. കഴിക്കാനായി ജീവിക്കുന്നേയില്ല, ജീവിക്കാനായി കഴിക്കുന്നു.

അങ്ങനെയാകണം എല്ലാവരും. ദീർഘനാൾ സുന്ദരനും സുന്ദരിയുമായി ജീവിക്കാൻ ആഹാരം മിതമായി കഴിക്കണം. രാജേശ്വരിയമ്മക്ക് അൽപം സുദീർഘമായി തന്നെ ഞാൻ ക്ലാസ് എടുത്തു, ആഹാരം കഴിക്കേണ്ട രീതി, ആഹാരം ഉണ്ടാക്കേണ്ട രീതി അങ്ങനെ പലതും. ഇറങ്ങാൻ നേരം രാജേശ്വരിയമ്മയ്ക്ക് വീണ്ടും സംശയം.' ഇതൊക്കെ നടക്കുമോ ഡോക്ടറെ?' നടന്നേ തീരു, ഒരു 20കിലോ ഭാരം കുറയ്ക്കൂ. 'ഈ വണ്ണം കാരണമാണോ തലകറക്കം? വീണ്ടും സംശയം.

അല്ല എന്ന് വ്യക്തമായ ഉത്തരം ഉണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. അങ്ങനെയെങ്കിലും വണ്ണം കുറയട്ടെ. കൂടെ ഡയബറ്റിസും രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയട്ടെ. എന്നാലും ശരിക്കും മമ്മൂട്ടിക്ക് എത്ര വയസ്സായി കാണും ! എനിക്കിപ്പോഴും കൺഫ്യൂഷനാണ്!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP