Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശമ്പളത്തിനും സംഭാവനക്കുമായി കൈനീട്ടുമ്പോൾ ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ പണം നൽകി സർക്കാർ; ഇതിനെക്കാൾ നല്ല സമയം ഏതാണെന്ന ചോദ്യവുമായി വി ഡി സതീശൻ; പുരകത്തുമ്പോൾ വാഴവെട്ടുന്ന പിണറായി വിജയനെ തേച്ചൊട്ടിച്ച് കോൺ​ഗ്രസ് നേതാവ്

ശമ്പളത്തിനും സംഭാവനക്കുമായി കൈനീട്ടുമ്പോൾ ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ പണം നൽകി സർക്കാർ; ഇതിനെക്കാൾ നല്ല സമയം ഏതാണെന്ന ചോദ്യവുമായി വി ഡി സതീശൻ; പുരകത്തുമ്പോൾ വാഴവെട്ടുന്ന പിണറായി വിജയനെ തേച്ചൊട്ടിച്ച് കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കേരളത്തിൽ തുടർച്ചയായ ദുരന്തങ്ങളുടെ വരവായിരുന്നു. ഓരോ ദുരന്തകാലത്തിനിടയിലും ചില വിവാദങ്ങൾ ആരുമറിയാതെ മുങ്ങിപ്പോകുകയും ചെയ്തു. ധൂർത്തും സ്വജന പക്ഷപാതവുമാണ് ഈ സർക്കാരിനെതിരെ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട ആരോപണങ്ങൾ. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അധികം ആയുസ് നൽകാതെ എന്തെങ്കിലും ദുരന്തം വരുന്നതാണ് പതിവ്. മന്ത്രിയാപ്പീസുകളുടെ മോടിപിടിപ്പിക്കലും ചീഫ് വിപ്പ് പദവിയും ലോക കേരള സഭയുമെല്ലാം കേരളം ചർച്ച ചെയ്ത സമയത്താണ് കൊറോണയുടെ വരവ്. ഇതോടെ പിണറായി വിജയന്റെ പിആർ ടീം ഉഷാറായി രം​ഗത്തെത്തി. സംസ്ഥാനം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്താണ് കേരളം ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ അഡ്വാൻസ് നൽകിയത്. ഇതിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ വിഷമിക്കുന്നതിനിടെ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതിന് പവൻഹാൻസ് കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയതിനെയാണ് വി ഡി സതീശൻ വിമർശിക്കുന്നത്. ഹെലികോപ്റ്റർ വാങ്ങാൻ ഇതിനെക്കാൾ നല്ല സമയം വേറെ ഏതാണ് എന്ന് പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം.

പൊലീസിന്റെയടക്കം വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ നേരത്തെ തന്നെ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൊറോണബാധക്കിടെ സർക്കാർ വലിയരീതിയിലുള്ള ചെലവ് ചുരുക്കൽ നടപടികൾക്ക് കടന്ന പശ്ചാത്തലത്തിൽ തുക കൈമാറിയെന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം. 1.7 കോടി രൂപക്കാണ് പവൻഹാൻസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാൻസ് തുകയായി ആണ് ഇപ്പോൾ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.

വി ഡി സതീശന്റെ കുറിപ്പ്:

സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകക്ക് എടുക്കാൻ പണം നൽകിയത് കൃത്യ സമയത്താണ്. ഒന്നിനും പണമില്ലാത്ത സമയത്ത്.കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രളയ പുനർനിർമ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഒരു രൂപ പോലും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനർനിർമ്മാണത്തിന് 1780 കോടി നൽകി. അതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവന നൽകിയവരെയും ശമ്പളം നൽകിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്റ്റ്രേറ്റിൽ 8.15 കോടി രൂപ സഖാക്കൾ അടിച്ചു മാറ്റിയത്.
ഇപ്പോൾ വീണ്ടും കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്പളത്തിനും സംഭാവനക്കുമായി സർക്കാർ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടർ വാങ്ങിക്കാൻ ഇതിനെക്കാൾ നല്ല സമയം വേറെ ഏതാണ്?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP