Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോൾ ഡോക്ടറേറ്റ് എടുത്തൂന്ന്; നാലുവർഷം മുമ്പ് അന്തരിച്ച അച്ഛന്റെ ഓർമകളുമായി പ്രീതി മാടമ്പി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ണുനനയ്ക്കുന്നത്

പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോൾ ഡോക്ടറേറ്റ് എടുത്തൂന്ന്; നാലുവർഷം മുമ്പ് അന്തരിച്ച അച്ഛന്റെ ഓർമകളുമായി പ്രീതി മാടമ്പി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ണുനനയ്ക്കുന്നത്

മറുനാടൻ മലയാളി ഡെസ്‌ക്‌

നാലുവർഷം മുമ്പ് അന്തരിച്ച അച്ഛന്റെ ഓർമകളുമായി പ്രീതി മാടമ്പി എന്ന പെൺകുട്ടി ഫേസ്‌ബുക്കിൽ കുറിച്ച വരികൾ വൈറലാവുകയാണ്. കോഴിക്കോട് സർവകലാശാലയിലെ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിൽനിന്ന് ഡോക്ടറേറ്റ് നേടിയതിന്‌ശേഷം പ്രീതി തന്റെ അച്ഛനെ ഓർത്തുകൊണ്ടാണ് ഫെയ്ബുക്കിൽ പോസ്റ്റിട്ടത്.

'വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും ' കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്' എന്ന് തുടങ്ങുന്ന പോസ്റ്റ് ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്.

പോസ്റ്റിന്റെ പൂർണരൂപം:

വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യരൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും ' കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്' എന്ന്.

പഠിക്കാൻ മിടുക്കികളായിരുന്ന പെണ്മക്കൾ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോൾ ചെലവിനെ കുറിച്ചോർത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്‌കൂൾ പ്രവേശനം ലഭിക്കുന്നത്. ' പോവാം അല്ലേ മോളെ ..'. ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളിൽ ചിലർ അച്ഛനോട് ചോദിച്ചു ' അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ.....കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..'.അച്ഛൻ പക്ഷെ പുഞ്ചിരിച്ചു.

പിന്നീടങ്ങോട്ട് ഏഴു വർഷം സ്വർഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വച്ചാണ്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു.

എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ് ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു.

വർഷങ്ങൾ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ ചുറ്റുമുള്ളവർ വീണ്ടും പരിഹസിച്ചു. ' മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ ...

ജൂൺ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോമേഴ്‌സ് ആൻഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാർഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും ...അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തുന്ന്...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP