Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

താടിവച്ചും തൊപ്പിധരിച്ചും കേരളത്തിൽ വഴി നടക്കാൻ മേലേ ? തലശേരിയിൽ അസർ നമസ്‌ക്കരിക്കാൻ പള്ളിയിലേക്കു പോയ യുവാവിനു മർദനം; നോമ്പു തുറക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നു പറഞ്ഞു തല തെങ്ങിലിടിച്ചു; പുറത്തു സിപിഎമ്മും അകത്ത് ആർഎസ്എസുമായ പ്രവർത്തകരെ പാർട്ടി വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജവാദ് മുസ്തഫ

താടിവച്ചും തൊപ്പിധരിച്ചും കേരളത്തിൽ വഴി നടക്കാൻ മേലേ ? തലശേരിയിൽ അസർ നമസ്‌ക്കരിക്കാൻ പള്ളിയിലേക്കു പോയ യുവാവിനു മർദനം; നോമ്പു തുറക്കാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നു പറഞ്ഞു തല തെങ്ങിലിടിച്ചു; പുറത്തു സിപിഎമ്മും അകത്ത് ആർഎസ്എസുമായ പ്രവർത്തകരെ പാർട്ടി വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജവാദ് മുസ്തഫ

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: താടിയും തൊപ്പിയും ധരിച്ചതിന്റെ പേരിൽ കമന്റടിയും ആക്രമണവും നേരിട്ട സംഭവങ്ങൾ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അതും സംഭവിച്ചിരിക്കുന്നു. സി.പി.എം ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സി.പി.എം അനുഭാവികളും പ്രവർത്തകരുമായ ചിലരിൽ നിന്നുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിലൂടെ വിവരിക്കുകയാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ ജവാദ് മുസ്തഫ.

അസർ നമസ്‌ക്കരിക്കാൻ വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുമ്പോൾ പുറത്ത് സിപിഎമ്മും അകത്ത് ആർഎസ്എസ്സുമായ ഒരു സംഘം ചെറുപ്പക്കാർ തന്റെ തൊപ്പിയും താടിയും പറഞ്ഞ് കമന്റിച്ചതായും ഈ കമന്റ് പതിവായി ഉണ്ടാകുന്നതായും ജവാദ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഇതിനു ശേഷം നോമ്പുതുറക്കാനായി കാറുമായി ഇറങ്ങിയ തന്നെ ഇതേ സംഘം ബൈക്കുമായി പിന്തുടർന്ന് തടയുകയും മാരകമായി ആക്രമിക്കുകയും ചെയ്തതായി യുവാവ് കുറിക്കുന്നു. നോമ്പുതുറക്കാൻ പോകുകയാണെന്ന് കേണപേക്ഷിച്ചെങ്കിലും 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ------' എന്നായിരുന്നുവത്രെ സംഘത്തിന്റെ മറുപടി. വാഹനത്തിൽ നിന്ന് പിടിച്ചിറക്കിയ ശേഷം തെങ്ങിൽ തല ഇടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു സംഘം ചെയ്തത്. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ജവാദിനെ രക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാവേദ് ചികിത്സയിലാണിപ്പോഴും. സംഭവത്തിൽ പ്രസിഡന്റും പാർട്ടി നേതാക്കളും ഇടപെട്ടെങ്കിലും ഈ സംഘം മാപ്പു പറയാൻ തയ്യാറാകുന്നില്ല. മദ്രസയിൽ പോകുന്ന കുട്ടികളെ ഉപദ്രവിക്കുക, പള്ളിയിൽ പോകുന്നവരെ ഭീഷണിപ്പെടുത്തി തൊപ്പി അഴിപ്പിക്കുക, വായനശാലയിൽ പത്രം വായിക്കാൻ വന്ന പള്ളിയിലെ ഇമാമിനെ ഉപദ്രവിക്കുക ഇങ്ങനെ നിരവധി സംഭങ്ങൾ ഇതേ സംഘത്തിൽ നിന്നും സ്ഥിരമായി ഉണ്ടാകുന്നതായും ആർ.എസ്സ്.എസ്സ് എന്ന നാമധേയത്തിൽ അല്ലാതെ സി.പി.എം തണലിൽ നിന്ന് കൊണ്ട് തന്നെ ആർ.എസ്സ്.എസ്സിന്റെ അജണ്ഡകൾ നടപ്പാക്കുന്ന ഒരു സംഘം ഇത്തിക്കണ്ണികളാണിതെന്ന് യുവാവ് പറയുന്നു.

സംഘപരിവാരിനെതിരെ സന്ധിയില്ലാതെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലെ പ്രവർത്തകരിൽ നിന്നുമാണ് ഈ സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്. ഈ കറുത്ത മനസ്സുകളിൽ ഇപ്പോഴും ഉയർത്തി കെട്ടിയ കാവി കൊടിയാണ് ഇങ്ങനെ ഇടക്കിടെ 'മുസ്ലിംകളുടെ തലയിലും താടിയിലും' അമ്മാനമാടുന്നത്. റോഡ് വക്കിൽ നിന്ന് മാത്രമല്ല, ഇത്തരക്കാരുടെ ഹൃദയങ്ങളിൽ നിന്ന് കൂടി ആ കൊടി അഴിപ്പിക്കുമ്പോഴേ ആർ.എസ്സ്.എസ്സിനെതിരായ പോരാട്ടം വിജയിക്കുകയുള്ളൂവെന്ന് സിപിഎമ്മിനോട് ജവാദ് തുറന്നടിക്കുന്നു.

ഇവരെ ചെങ്കൊടിയുടെ തണലിൽ തീറ്റി പോറ്റാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കിൽ പാർട്ടി, 'ചത്ത പല്ലി വീണ പൊടിയരി കഞ്ഞി പോലെ' എത്ര നല്ലതാണെങ്കിലും കുടിക്കാൻ പറ്റാത്ത കോലത്തിലാകുമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഎമ്മിനെ ആക്ഷേപിക്കുകയല്ല, ചില വിഷജന്തുക്കളെ പറ്റി സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുന്നതോടൊപ്പം പശു രാഷ്ട്രീയ കാലത്ത് സിപിഎമ്മിൽ പ്രതീക്ഷയുള്ളതുകൊണ്ടും പാർട്ടി അതിന്റെ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ശക്തമായി നിലനിൽകണം എന്നാഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇത്രയും എഴുതിയതെന്നും ജവാദ് മുസ്തഫ കുറിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് തന്റെ അനുഭവം വിവരിക്കുന്ന കുറിപ്പ് ജവാദ് ഫേസ്‌ബുക്കിലിട്ടത്. നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൗൺസിലിംങ് സൈക്കോളജിയിൽ ബിരുദവും ഇസ്ലാമിക്ക് ഫിലോസഫിയിൽ ബിരുദാനന്ത ബിരുദവും നേടിയ ജവാദ് മുസ്തഫ കോർദോബ എജ്യുക്കേഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടറാണ്.

ജവാദ് മുസ്തഫയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

കണ്ണൂർ ജില്ലയിലെ സി.പി.എം ശക്തി കേന്ദ്രമായ പല ഭാഗങ്ങളിലും ആർ.എസ്സ്.എസ്സ് അടക്കമുള്ള വർഗീയ സംഘടനകൾക്ക് പേരിന് പോലും ഒരു കമ്മിറ്റിയോ ഓഫീസോ ഇല്ലെന്നതൊക്കെ ഞാൻ പലപ്പോഴും വലിയ പ്രതീക്ഷയോടെ നിരീക്ഷിച്ച ഒരു കാര്യമായിരുന്നു. പക്ഷെ ആർ.എസ്സ്.എസ്സ് എന്ന നാമധേയത്തിൽ അല്ലാതെ സി.പി.എം തണലിൽ നിന്ന് കൊണ്ട് തന്നെ ആർ.എസ്സ്.എസ്സിന്റെ അജണ്ഡകൾ നടപ്പാക്കുന്ന ഒരു സംഘം (അവരെ പാർട്ടി പ്രവർത്തകർ എന്ന് പറയാൻ പറ്റില്ല, പാർട്ടിയോട് ഓരം പറ്റി ജീവിക്കുന്ന ഇത്തിൾ കണ്ണികൾ മാത്രം) ഇത്തരം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വളരുന്നുണ്ട് എന്ന ഗൗരവതരമായ സത്യം ബോധ്യപ്പെടുത്തുന്ന നിരവധി അനുഭവങ്ങളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ എനിക്കുണ്ടായത്. ഏറ്റവും അവസാനത്തെ സംഭവം നടന്നത് രണ്ട് ദിവസം മുമ്പാണ്.

ഞാൻ അസർ നിസ്‌കാരത്തിന് വീടിന് സമീപമുള്ള സ്രാമ്പിയായ നാലുണ്ടി പള്ളിയിലേക്ക് പോകുകയായിരുന്നു. വഴിയിലുള്ള വീട്ടുവളപ്പിൽ തമ്പടിച്ചിരുന്ന 'പുറത്ത് സി.പിഎമ്മും അകത്ത് ആർ.എസ്സ്.എസ്സുമായ' ഒരു സംഘം ചെറുപ്പക്കാർ എന്റെ തൊപ്പിയെയും താടിയെയും പരിഹസിച്ച് കമന്റടിച്ചു. ഞാൻ അത് കേൾക്കാത്തതായി ഭാവിച്ചു. കാരണം ഈ കമന്റടി ഞാൻ തൊപ്പി വെക്കാൻ തുടങ്ങിയ നാൾ മുതൽ ഇവരിൽ നിന്ന് കേട്ട് തഴമ്പിച്ചതാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ് മലപ്പുറം മഅദിൻ അക്കാദമിയിൽ ചേരുകയും പ്ലസ് വണ്ണിനോടൊപ്പം മതപഠനം ആരംഭിക്കുകയും ചെയ്തപ്പോൾ ഞാൻ തീവ്രവാദ പരിശീലനം നേടാൻ പാക്കിസ്ഥാനിലേക്ക് പോയതാണെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. അങ്ങനെ മുന്തിയ തരം ഗുണനിലവാരമുള്ള കമന്റടികൾ ഒരുപാട് കഴിഞ്ഞ് പോയതുകൊണ്ട് മിനഞ്ഞാന്നത്തെ സംഭവം എനിക്ക് കാര്യമായെടുക്കേണ്ടതുണ്ടായിരുന്നില്ല. പക്ഷെ, അസ്വർ കഴിഞ്ഞ് തിരിച്ചു വന്ന് 5:45 ന് ചൊക്ലി ടൗണിലെ മുബാറക് മസ്ജിദിലേക്ക് ഇഫ്താറിന് പോകാൻ ഞാൻ കാറുമായി ഇറങ്ങി. ആ സമയത്ത് ഈ സംഘത്തിലെ രണ്ട് പേർ അവർ തമ്പടിച്ചിരുന്ന എന്റെ തൊട്ടടുത്ത് തന്നെയുള്ള വീട്ടുവളപ്പിൽ നിന്ന് എന്റെ പിന്നാലെ ബൈക്കുമായി ഇറങ്ങി. അവരുടെ കൂട്ടത്തിൽ നിന്ന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് പുറപ്പെട്ട ഒരു ബൈക്ക് എനിക്ക് പോകാനുള്ള വഴിയിൽ ക്രോസ്സ് ആയി നിർത്തിയിരുന്നു. അവിടെ ഞാൻ ബ്ലോക്കായപ്പോൾ പിന്നിൽ വന്ന സംഘം 'നിന്റെ അന്ത്യമാടാ ഇന്ന് നായിന്റെ മോനേ' എന്ന് അലറി വിളിച്ച് എന്നെ വണ്ടിയിൽ നിന്ന് വലിച്ചിറക്കി. അവർ കരുതിവെച്ചിരുന്ന ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും എന്റെ തലപിടിച്ച് തെങ്ങിലേക്ക് തുടർച്ചയായി ഇടിക്കുകയും ചെയ്തു. 'ഞാൻ നോമ്പ് തുറക്കാൻ പോകുകയാണ്, നിങ്ങളെന്നെ വെറുതെ അക്രമിക്കരുത്' എന്ന് കേണപേക്ഷിച്ചപ്പോൾ 'നിന്റെ ശവമാടാ ഇന്ന് നോമ്പ് തുറക്കുക ----' എന്നായിരുന്നു അവരുടെ പ്രതികരണം.

പരിസരവാസികളുടെ ബഹളം കേട്ട് എന്റെ ഉപ്പയും ഉമ്മയുമടക്കമുള്ളവർ അവിടെ ഓടിയെത്തിയത് കാരണം മാത്രമാണ് എന്റെ ജീവൻ രക്ഷപ്പെട്ടത്. തുടർന്ന് തലകറക്കവും ചർദ്ദിയും വന്നത് കാരണം പള്ളൂർ ഗവ. ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അവിടെയുള്ള ഡോക്ടർ തലശ്ശേരിയിലെ സർജനെ കണ്ട് വിദഗ്ദ ചികിത്സ തേടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സംഭത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും പാർട്ടി നേതാക്കളുമടക്കം രാത്രി വീട്ടിൽ വരികയും പ്രശ്നം രമ്യമായി പരിഹരിക്കാനും നാട്ടിൽ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. പക്ഷെ 'ഞങ്ങൾ മാപ്പ് പറയാൻ തയ്യാറല്ല' എന്ന ധിക്കാരത്തോടെ മധ്യസ്ഥ ചർച്ച ബഹിഷ്‌കരിക്കുകയുമായിരുന്നു സംഘം.

മദ്രസയിൽ പോകുന്ന കുട്ടികളെ ഉപദ്രവിക്കുക, പള്ളിയിൽ പോകുന്നവരെ ഭീഷണിപ്പെടുത്തി തൊപ്പി അഴിപ്പിക്കുക, വായനശാലയിൽ പത്രം വായിക്കാൻ വന്ന പള്ളിയിലെ ഇമാമിനെ ഉപദ്രവിക്കുക ഇങ്ങനെ നിരവധി സംഭങ്ങൾ ഈ സംഘത്തിന്റെ ഭാഗത്ത് നിന്നും ഇതിന് മുമ്പും ഉണ്ടായതാണ്. ഇവരുടെ കുഴപ്പങ്ങൾ കാരണം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എണ്ണമറ്റ ഒത്ത്തീർപ്പ് യോഗങ്ങൾ കൂടിയിട്ടുണ്ട്. അതൊരു പരിഹാരമല്ല എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് 308 അടക്കമുള്ള ശക്തമായ വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ശക്തമായി നിയപാലകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ആർ.എസ്സ്.എസ്സിന്റെ മേൽ കായികമായ ആധിപത്യം മാത്രമാണ് ഇത്തരം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും സ്ഥാപിക്കാനായിട്ടുള്ളൂ എന്നാണ് ഇത്തരം സംഭവങ്ങളിലുടെ തിരിച്ചറിയുന്നത്. ഈ കറുത്ത മനസ്സുകളിൽ ഇപ്പോഴും ഉയർത്തി കെട്ടിയ കാവി കൊടിയാണ് ഇങ്ങനെ ഇടക്കിടെ 'മുസ്ലിംകളുടെ തലയിലും താടിയിലും' അമ്മാനമാടുന്നത്. റോഡ് വക്കിൽ നിന്ന് മാത്രമല്ല, ഇത്തരക്കാരുടെ ഹൃദയങ്ങളിൽ നിന്ന് കൂടി ആ കൊടി അഴിപ്പിക്കുമ്പോഴേ ആർ.എസ്സ്.എസ്സിനെതിരായ പോരാട്ടം വിജയിക്കുകയുള്ളൂ. അതിനാകുന്നില്ലെങ്കിൽ ഇത്തരക്കാരെ ഇനിയും മതനിരപേക്ഷതയുടെയും ജനാധിപത്യമൂല്യങ്ങളുടെയും മാനവികതയുടെയും ചെങ്കൊടിയുടെ തണലിൽ തീറ്റി പോറ്റാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. അല്ലെങ്കിൽ പാർട്ടി, 'ചത്ത പല്ലി വീണ പൊടിയരി കഞ്ഞി പോലെ' എത്ര നല്ലതാണെങ്കിലും കുടിക്കാൻ പറ്റാത്ത കോലത്തിലാകും.

NB: സിപിഎമ്മിനെ ആക്ഷേപിക്കുകയല്ല. നമുക്കിടയിൽ കടന്ന് കൂടി പണിപറ്റിക്കുന്ന ചില വിഷജന്തുക്കളെ പറ്റി സൂചിപ്പിക്കുക മാത്രമാണ്. പശു രാഷ്ട്രീയ കാലത്ത് സിപിഎമ്മിൽ പ്രതീക്ഷയുള്ളതുകൊണ്ടും പാർട്ടി അതിന്റെ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ശക്തമായി നിലനിൽകണം എന്നാഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്രയും എഴുതിയത്. ഈ കേസിലും പ്രതികൾക്കെതിരെയുള്ള നീക്കങ്ങളിൽ എനിക്ക് ശക്തമായ പിന്തുണ തരുന്നതും പാർട്ടി നേതൃത്വമാണ് എന്നും പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വേറെ ആരും ഇതിൽ മുതലെടുപ്പിന് ശ്രമിക്കേണ്ടതില്ല. പാർട്ടി നേതൃത്വം ഇടപെട്ട് ശക്തമായ തീരുമാനം ഇവർക്കെതിരെ കൈകൊള്ളുമെന്ന പ്രതീക്ഷയോടെ,)

   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP