Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോലിയും കൂലിയും ഇല്ലാതെ മനസ്സ് നീറി കഴിഞ്ഞ കാലം; കൂട്ടായി ഉണ്ടായിരുന്നത് മദ്യശാലയിലേക്ക് തിരികെ ജോലിക്ക് പോകുന്നതിനെ കുറിച്ച് ഓർത്തുള്ള ഭയവും; ഉറക്കം വരാതെ ടിവി വെച്ചപ്പോൾ 2005 ചാമ്പ്യൻസ് ലീഗ് ഫൈനൽ; ഇഷ്ട ടീമായ ചെൽസി പുറത്തായിട്ടും വെറുതെ കളികണ്ടിരുന്നു; ആദ്യ പകുതിയിൽ മൂന്ന് ഗോൾ വാങ്ങിയ ലിവർപൂൾ കപ്പുയർത്തുന്നു; അവിശ്വസനീയം! 14 വർഷത്തിന് ശേഷം ലിവർപൂൾ യുസിഎൽ കപ്പുയർത്തിയപ്പോൾ ജീവിതം തിരിച്ചുപടിക്കാൻ പ്രചോദനമായ പഴയൊരു ജയം ഓർമിപ്പിച്ച് യുവാവിന്റെ കുറിപ്പ്

ജോലിയും കൂലിയും ഇല്ലാതെ മനസ്സ് നീറി കഴിഞ്ഞ കാലം; കൂട്ടായി ഉണ്ടായിരുന്നത് മദ്യശാലയിലേക്ക് തിരികെ ജോലിക്ക് പോകുന്നതിനെ കുറിച്ച് ഓർത്തുള്ള ഭയവും; ഉറക്കം വരാതെ ടിവി വെച്ചപ്പോൾ 2005 ചാമ്പ്യൻസ് ലീഗ് ഫൈനൽ; ഇഷ്ട ടീമായ ചെൽസി പുറത്തായിട്ടും വെറുതെ കളികണ്ടിരുന്നു; ആദ്യ പകുതിയിൽ മൂന്ന് ഗോൾ വാങ്ങിയ ലിവർപൂൾ കപ്പുയർത്തുന്നു; അവിശ്വസനീയം! 14 വർഷത്തിന് ശേഷം ലിവർപൂൾ യുസിഎൽ കപ്പുയർത്തിയപ്പോൾ ജീവിതം തിരിച്ചുപടിക്കാൻ പ്രചോദനമായ പഴയൊരു ജയം ഓർമിപ്പിച്ച് യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയം ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂൾ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയതാണ്. ലിവർപൂൾ ആരാധകരെ സംബന്ധിച്ചിടത്തോളം അത് 14 വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടമാണ്. അവർ അത് ആഘോഷിക്കുകയാണ്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനോട് ഫൈവലിൽ തോറ്റ അവർ ഈ വർഷം സെമിയിൽ അസാമാന്യ തിരിച്ച വരവ് നടത്തിയാണ് ഫൈനലിൽ എത്തിയത് അതും ബാഴ്‌സലോണയെ വീഴ്‌ത്തി. സെമിയുടെ ആദ്യ പാദത്തിൽ 3-0ന് തോറ്റ അവർ സ്വന്തം നാട്ടിൽ 4-0ന് തിരിച്ചടിച്ചാണ് മാഡ്രിലെ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ലിവർപൂൾ വിജയത്തെ കുറിച്ച് ഒരു യുവാവ് ഫേസ്‌ബുക്കിൽ കുറിച്ചതാണ്.

14 വർഷം മുൻപ് സ്റ്റീവൻ ജെറാഡിന്റെ നേതൃത്വത്തിൽ ലിവർപൂൾ ഒരു ിരീടം ഉയർത്തിയതും, ആ സംഭവം തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചുമാണ് രാംദാസിന്റെ കുറിപ്പ്.14 വർഷം മുമ്പ് അതേ ലിവർപൂൾ നേടിയ ഒരു വിജയം സ്വന്തം ജീവിതത്തെ മാറ്റിമറിച്ചതിന്റെ ഓർമപങ്കുവച്ചുകൊണ്ടുള്ള സിഎൻരാംദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പാണ് കായികലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം.

അന്ന് ജീവിതം വഴിമുട്ടി നിന്ന യൗവ്വനാരംഭകാലത്തെ കറുത്തരാത്രിയായി അവസാനിക്കുമായിരുന്ന ആ ദിവസത്തെ ഓർത്തെടുക്കുകയാണ് രാംദാസ്. തോറ്റുതൊപ്പിയിട്ടു എന്ന് കണ്ടിടത്തുനിന്ന് അവാസന നിമിഷം അൽഭുതകരമായി തിരിച്ചുവന്ന ലിവർപൂളിന്റെ അതിജീവനം സ്വന്തം ജീവിതത്തെയും തിരിച്ചെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് രാംദാസ് കുറിക്കുന്നു. അങ്ങനെ നിരാശയിൽ നീറിയൊടുങ്ങുമായിരുന്ന ഒരു ജീവിതം തിരിച്ചുപിടിച്ചതിന്റെ കഥയാണ് രാംദാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

രാംദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇന്നലെ മാഡ്രിഡിൽ നടന്ന ഫൈനലിൽ പ്രിയ ടീം ലിവർപൂൾ യൂറോപ്യൻ ചാമ്പ്യന്മാരായിരിക്കുന്നു. ഇത്തവണ പ്രതീക്ഷിതവും ഏകപക്ഷീയവുമായിരുന്നു സാലയുടേയും കൂട്ടരുടേയും വിജയം. എന്നാൽ വിജയിക്കുമെന്ന് നേരിയ പ്രതീക്ഷ പോലുമില്ലാതെ 14 വർഷങ്ങൾക്കു മുമ്പ് ലിവർപൂൾ നേടിയ വിജയം ഇപ്പോഴും മനസിൽ മായാതെ നിൽക്കുകയാണ്. അന്നത്തെ മത്സരം കാണുമ്പോൾ ഞാൻ ഈ ലോകത്ത് ഒറ്റക്കായിരുന്നു. എന്നാൽ ഇന്നലെ മത്സരം കാണുമ്പോൾ അങ്ങനൊരു തോന്നൽ അല്പം പോലും ഇല്ലായിരുന്നു.

2005 ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുകൾ നിറഞ്ഞ വർഷങ്ങളിലൊന്നായിരുന്നു. ജോലിയില്ല. കൂലിയില്ല. പട്ടിണി ആകുമെന്നുറപ്പായപ്പോൾ മറ്റു വഴികളൊന്നും കാണാതെ ഒരു ബന്ധു വീട്ടിൽ അഭയം തേടി. അവിടെ അരക്ഷിതവും കലുഷിതവുമായ മനസോടെ ഉറക്കമില്ലാത്ത രാവുകളും പകലുകളും എണ്ണിത്തീർക്കവെയാണ് ആ ദിവസം വന്നെത്തിയത്. 2005 മെയ്‌ 25.

ഒരാഴ്ച കൂടി കഴിഞ്ഞാൽ സ്‌കൂൾ വെക്കേഷൻ കഴിയുന്നതിനാൽ അവിടെ നിന്നും ഇറങ്ങേണ്ടി വരും. വീട്ടിലാണെങ്കിൽ അനിയത്തി ഒരു കടയിൽ ജോലിക്ക് പോകുന്നു. ഇത്രയും നാൾ ചെയ്ത് മടുത്ത മദ്യശാലകളിലെ തൊഴിലിലേക്ക് തന്നെയാണ് ജീവിതത്തിന്റെ മെഴുതിരിവെട്ടം തന്നെ നയിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ അതുവരെ ഇല്ലാത്തവിധം നിരാശ മനസിനെ പൊതിഞ്ഞു കഴിഞ്ഞിരുന്നു. ഉറക്കം വരാതെയിരുന്ന സമയത്ത് ടിവി ഓണാക്കി. സാധാരണ സിനിമയേക്കാൾ സ്പോർട്സ് ചാനലുകളിലാണ് എന്റെ കണ്ണുടക്കാറുള്ളത്. രാത്രി 12 മണിയോടടുത്തു കാണും. ചാംപ്യൻസ് ലീഗ് ഫൈനൽ ലൈവ്. ഫുട്‌ബോളും ടെന്നീസും ഒക്കെ ഒന്നും വിടാതെ കണ്ടിരുന്ന വാർത്തകൾ വിടാതെ പിൻതുടർന്നിരുന്ന ഞാൻ 2 മാസത്തോളമായി അവയിൽ നിന്നൊക്കെ മാറി അജ്ഞാത വാസത്തിലായിരുന്നല്ലോ. ഫൈനലിൽ ഏത് ടീമുകൾ ആണെന്ന് പോലും അറിയില്ലായിരുന്നു. രണ്ടു നിമിഷം കഴിഞ്ഞപ്പോൾ മനസിലായി ലിവർപൂളും മിലാനും തമ്മിലാണ് ഫൈനൽ.

ആ വർഷം എന്റെ പ്രിയ ടീം ചെൽസി ആയിരുന്നു. മൗറീഞ്ഞോ എന്ന കോച്ചിനു കീഴിൽ മികച്ച വിജയങ്ങളൊടെ പ്രീമിയർ ലീഗിൽ കളിച്ചു കൊണ്ടിരുന്ന ചെൽസിയെ കൂടുതൽ ഇഷ്ടപ്പെട്ടത് ആ വർഷത്തെ ചാംപ്യൻസ് ലീഗിൽ റൊണാൾഡീഞ്ഞോയുടെ ബാഴ്‌സലോണയെ തകർത്തതോടെ ആയിരുന്നു. ഈ വർഷം ചെൽസി തന്നെ എന്ന് മനസിലുറപ്പിച്ചിരിക്കെ ആണ് ജീവിതം പെട്ടെന്ന് മാറി മറിഞ്ഞത്. ആഴക്കയങ്ങളിൽ നിന്ന് എത്തിപ്പിടിക്കാനാവുമെന്ന് കരുതിയ പ്രതീക്ഷയുടെ ചെറിയ പുൽക്കൊടിയും അകന്നതോടെ പിന്നെ നടന്നതൊന്നും ശ്രദ്ധിച്ചതേ ഇല്ല.

എന്തായാലും ചെൽസിയെ തോൽപിച്ചാണ് ലിവർപൂൾ വന്നതെന്ന് മനസിലായി. ലിവർപൂളിനേക്കാൾ അന്ന് മനസുകൊണ്ടിഷ്ടം മിലാനെ ആയിരുന്നു. ഷെവ്‌ചെങ്കോയും കക്കയും ക്രെസ്‌പോയും നിരക്കുന്ന മുന്നേറ്റ നിര പതിവ് ഇറ്റാലിയൻ ഡിഫൻസീവ് കേളിശൈലിയെ തകർത്തെറിയുന്നതായിരുന്നു. അവർക്കു പിറകിൽ മിഡ്ഫീൽഡിൽ സീഡോർഫും ഗട്ടൂസോയും പിർലോയും. ഡിഫൻസിൽ സാക്ഷാൽ മാൾഡീനിക്കൊപ്പം നെസ്റ്റയും കഫുവും ഗോൾവലക്കു മുന്നിൽ ബ്രസീലിന്റെ ഡിഡയും. ലിവർപൂൾ നിരയിൽ ആകെ അറിയുന്നത് അലോൺസോയും ജറാർഡും പിന്നെ കോച്ച് ബനിറ്റസും. ശരിക്കും ഒരു ഗോലിയാത്തും തമ്മിലുള്ള പോരാട്ടം.

സ്വാഭാവികമായും എപ്പോഴും ദുർബലരോടൊപ്പമാണ് നിൽക്കാറുള്ളത് എന്നതുകൊണ്ട് ലിവർപൂളിനൊപ്പമായിരുന്നു മനസ്.

മത്സരം തുടങ്ങിയതു മുതൽ തന്നെ മിലാന്റെ മാരകമായ മുന്നേറ്റ നിര ലിവർപൂളിന്റെ പ്രതിരോധം ചവിട്ടിമെതിച്ച് ഇരമ്പിയാർത്തു കൊണ്ടിരുന്നു. ആദ്യ പകുതി വിസിൽ മുഴങ്ങുമ്പോൾ 3 ഗോളിന്റെ കടവുമായി കുനിഞ്ഞ ശിരസുമായി മൈതാനത്ത് നിന്നും മടങ്ങുന്ന ജെറാർഡിന്റെ മുഖം വല്ലാത്ത വേദനയായി.

എന്നാൽ രണ്ടാം പകുതി വിസിൽ മുഴങ്ങിയതിനു ശേഷമുള്ള 80-90 മിനിറ്റുകൾ ലിവർപൂൾ ക്ലബിന്റ മാത്രമല്ല എന്റെ ജീവിതത്തിന്റെ കൂടി ഭാഗധേയം വഴി തിരിച്ചു വിട്ട നിമിഷങ്ങളായിരുന്നു. രണ്ടാം പകുതിയുടെ 45 മിനിറ്റിൽ തന്നെ സ്വന്തം പോസ്റ്റിൽ വഴങ്ങിയ 3 ഗോളും മിലാന്റ പേര് കേട്ട കരുത്താർന്ന പ്രതിരോധകോട്ടയെ തുളച്ച് തിരിച്ചടിച്ചു. അധിക സമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം എത്തിയപ്പോൾ കഴിവിനും കരുത്തിനും അപ്പുറത്ത് ഭാഗ്യ നിർഭാഗ്യങ്ങൾ മത്സരഫലം നിർണ്ണയിക്കുന്ന നിലയായി. മിലാന്റെ അവസാന കിക്കെടുക്കാനെത്തിയത് അവരുടെ ആക്രമണത്തിന്റെ കുന്തമുനയായ അക്കാലത്തെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിനിഷറായ ഷെവ്‌ചെങ്കോ ആയിരുന്നു. പക്ഷേ ഷെവ് ചെങ്കോയുടെ ശക്തമായ കിക്ക് ലിവർപൂൾ ഗോളി ജെഴ്‌സി ഡുഡെക്കിന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചപ്പോൾ മിലാൻ എന്ന ഗോലിയാത്തിന്റ പതനം പൂർത്തിയാവുകയായിരുന്നു. കപ്പ് എല്ലാരുടേം പ്രതീക്ഷ തകർത്ത് ആൻഫീൽഡിലെ ഷോകേസിലേക്ക്.

ജീവിതത്തിന്റെ ആദ്യ കാലത്ത് കൂടെയുള്ളവർക്ക് നൽകിയ വൻ പ്രതീക്ഷകൾ കടപുഴകി ശിരസിനു മീതെ പതിച്ചപ്പോൾ ആരെയും കാണാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടമായിരുന്നു. നാളെ എന്നത് പോയിട്ട് അടുത്ത സെക്കന്റ് എന്നതു പോലും ഇരുളിലാണ്ടു നിൽക്കെ ജീവിതം അവസാനിക്കുകയാണെന്ന തോന്നലായിരുന്നു മനസിനെ കീഴ്‌പെടുത്തിക്കൊണ്ടിരുന്നത്. ജീവിതയാത്രയിൽ അവസാന ചുവടു വരെ കൂടെ കാണും എന്ന് കരുതിയ കൂട്ടുകാരെ കാലം ഇടയിൽ പറിച്ചെടുത്തതിന്റെ ആഘാതങ്ങളും. പക്ഷേ ആ രാത്രിയുടെ അവസാന യാമങ്ങളിൽ സ്റ്റീവൻ ജെറാർഡ് ആകാശത്തേക്ക് ആവേശത്തോടെ ഉയർത്തിയ ആ ട്രോഫിയിൽ നിറഞ്ഞത് എന്റെ ജീവജലം കൂടിയായിരുന്നു.

വരണ്ടുണങ്ങി കരിഞ്ഞ വിത്തിനെയും കിളിർപ്പിക്കാനായി ഒരു ചാറ്റൽ മഴ കാലം കാത്തു വച്ചിട്ടുണ്ടെന്ന പാഠം ആ രണ്ടര മണിക്കൂർ കൊണ്ട് ഞാൻ അനുഭവിക്കുകയായിരുന്നു. ഇന്നലെ പ്രിയ കൂട്ടുകാരി പറഞ്ഞു വല്ലാതെ മനസ് തളരുമ്പോൾ മോട്ടിവേഷണൽ പ്രഭാഷണങ്ങൾ ആണ് പ്രധാനമായും അതിൽ നിന്നും തിരികെ കൊണ്ടു വരുന്നതെന്ന്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരാൾക്കും എന്നെ ഉത്തേജിപ്പിക്കാനാവില്ല എന്നതാണ് യാഥാർത്യം. പക്ഷേ സ്വയം ആ സാഹചര്യങ്ങളിൽ നിന്നും ഉയരാനുള്ള ചിന്തകൾ എന്റെ യുക്തിബോധത്തിൽ നിന്നു തന്നെ ലഭിക്കാറുണ്ട് പലപ്പോഴും. അതിനെ ജ്വലിപ്പിക്കാനായി ഒരു സ്പാർക്ക് വേണമെന്ന് മാത്രം. സ്‌പോർട്‌സിനെ കലകളെ ഒക്കെ ഇഷ്ടപ്പെടുന്ന എനിക്ക് അത്തരം സ്പാർക്കുകൾ എന്നും ലഭിക്കുന്നത് ആ മേഖലകളിൽ നിന്നായിരുന്നു. ലിവർപൂളിന്റെ അന്നത്തെ സാഹസിക വിജയം അത്തരത്തിൽ ഒരു സ്പാർക്ക് ആയിരുന്നു. എന്റെ ജീവിതത്തിനെ വഴി തിരിച്ചു വിട്ട ഒരു റിയൽ ടേൺ.

ഇന്നലെ പക്ഷേ ലിവർപൂൾ ഫേവറിട്‌സ് ആയിരുന്നു. ടോട്ടൻഹാം ഒരു സാഹചര്യത്തിലും അവർക്ക് ഭീഷണിയുയർത്തിയില്ല. എറിക്‌സനും ഹാരി കെയ്‌നും ഫൈനൽ വിസിലിനു ശേഷം കണ്ണീർ വാർക്കുന്ന കാഴ്ച സങ്കടകരമെങ്കിലും ഈ മത്സരം അവർ അർഹിച്ചിരുന്നില്ല. കാരണം അവസാന ശ്വാസത്തിലും പൊരുതുന്നവനാണ് വിജയം അർഹിക്കുന്നുള്ളൂ. 2005 ലെ ലിവർപൂൾ അതായിരുന്നു. യർഗൻ ക്ലോപിനും സംഘത്തിനും ഇനിയുമേറെ ശിഖരങ്ങൾ കീഴടക്കാനാവട്ടെ.

അവസാനമായി ലിവർപൂളിന്റെ ആ ഗാനം കൂടി കുറിച്ച് അവസാനിപ്പിക്കട്ടെ. നിരാശയുടെ പടുകുഴിയിലാണ്ടവനെ പ്രചോദിപ്പിക്കുന്ന ഇതിലേറെ മികച്ച വരികൾ വേറെ ഏതുണ്ട്.

When you walk through a storm
Hold your head up high
And don't be afraid of the dark
At the end of a storm
There's a golden sky
And the sweet silver osng of a lark
Walk on through the wind
Walk on through the rain
Though your dreams be tossed and blown
Walk on, walk on
With hope in your heart
And you'll never walk alone
You'll never walk alone
Walk on, walk on
With hope in your heart
And you'll never walk alone
You'll never walk alone

വിജയികൾക്ക് അഭിനന്ദനങ്ങൾ... വിജയിക്കാൻ കഴിയാതെ പോയവർക്ക് മനസ് നിറയുന്ന സ്‌നേഹം....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP