Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനിൽ കാണിക്കാൻ മാനേജ്‌മെന്റ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ജമാ അത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് പറയാനുള്ളത്

ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനിൽ കാണിക്കാൻ മാനേജ്‌മെന്റ് തയ്യാറാവാത്തത് എന്തുകൊണ്ടാണ്? ജമാ അത്തെ ഇസ്ലാമിയുടെ മീഡിയാ വൺ ചാനലിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന മാദ്ധ്യമ പ്രവർത്തകന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുന്നതിൽ പ്രതിഷേധിച്ച് പുറത്താക്കൽ ഭീഷണി നേരിടുന്ന ജീവനക്കാരൻ മാനേജ്‌മെന്റിന് എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചാനലിലെ വിഷ്വൽ എഡിറ്ററായ അഫ്‌സലാണ് ഇപ്പോൾ പരസ്യമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പതിനൊന്ന് വർഷത്തോളം മറ്റൊരു ചാനലിൽ ജോലി ചെയ്ത ശേഷമാണ് വിഷ്വൽ എഡിറ്ററായി അഫ്‌സൽ കഴിഞ്ഞ വർഷം മീഡിയാ വണിൽ ജോലിയിൽ പ്രവേശിച്ചത്.

ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചതെന്ന് വിശദീകരിക്കുന്ന അഫ്‌സൽ ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനിൽ കാണിക്കാൻ മാനേജ്‌മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയർത്തുന്നത്. ജീവനക്കാരുടെ ആകുലതകൾ തന്നെയാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്.

അഫ്‌സലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

മീഡിയാവൺ മാനേജ്‌മെന്റിനോട് പുറത്താക്കൽ ഭീഷണി നേരിടുന്ന ഒരു ജീവനക്കാരൻ

പതിനൊന്ന് വർഷം കൈരളി / പീപ്പിൾ ചാനലിൽ വിഷ്വൽ എഡിറ്ററായി ജോലി ചെയ്തതിന് ശേഷം 2015 ജൂലായിലാണ് മീഡിയാ വണിൽ ഞാൻ ജോയിൻ ചെയ്യുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണെന്ന പൂർണ ബോധ്യത്തോടെത്തന്നെയാണ് ഇവിടെ ജോലി ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. മതപരമായ വിലക്കുകളെക്കുറിച്ചും സ്ഥാപനത്തിനകത്തെ ജനാധിപത്യത്തെക്കുറിച്ചും ഉള്ള സംശയങ്ങൾ സുഹൃത്തുക്കളിൽ പലരും പ്രകടിപ്പിച്ചിരുന്നുവെങ്കിലും രണ്ട് കാരണങ്ങളാണ് മീഡിയാ വൺ എന്ന തീരുമാനമെടുക്കാൻ കാരണമായത്.

തീർച്ചയായും അതിലൊന്ന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് മാദ്ധ്യമം എന്ന സ്ഥാപനം എടുത്തിട്ടുള്ള ആർജ്ജവമുള്ള നിലപാടുകൾ തന്നെയായിരുന്നു. മാദ്ധ്യമം ആഴ്ചപ്പതിപ്പും മാദ്ധ്യമം പത്രവും അരികുവത്കരിക്കപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതിന്റെ ചരിത്രം എല്ലാ കേരളീയരേയും പോലെ എനിക്കും അറിയാവുന്നതാണ്. ജനകീയ മനുഷ്യാവകാശപ്പോരാട്ടങ്ങളിൽ ജമാ അത്തെ ഇസ്ലാമിയും യുവജന സംഘടനകളും മാദ്ധ്യമവും അമ്പരപ്പിക്കുന്ന, ഒരു പക്ഷേ മറ്റ് മുഖ്യധാരാ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് കഴിയാത്ത വിധം നിലപാടെടുത്തിട്ടുണ്ട് എന്നറിയാം. നേര് , നന്മ എന്ന ടാഗ് ലൈനോട് കൂടി തുടങ്ങിയ മീഡിയ വൺ ചാനലിന് വ്യത്യസ്തമായ ഒരു നിലപാടെടുക്കുക സാധ്യമല്ലല്ലോ?( എന്നായിരുന്നു പ്രതീക്ഷ )

രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തേക്കാൾ മികച്ച പ്രതിഫലം തന്നെയാണ് കഴിഞ്ഞ പതിനാല് മാസവും എനിക്ക് ലഭിച്ചത്. ജോലി ചെയ്തിരുന്ന കൈരളി ചാനലിലേതുപോലെത്തന്നെ സ്വതന്ത്രമായ വർക്കിങ്ങ് അറ്റമോസ്ഫിയറാണ് മീഡിയാ വണ്ണിലേതെന്ന് സുഹൃത്തുക്കൾ വഴി എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു.

മീഡിയാവൺ ഒരു സ്വകാര്യ സ്ഥാപനമാണ് എന്നറിയാം. കരാർ അടിസ്ഥാനത്തിൽ ജോലിക്കെടുക്കുന്ന തൊഴിലാളികളെ ഏത് സമയത്തും ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള അധികാരം സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ട് എന്നും അറിയാം. ഈ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റർ തന്നെയാണ് എന്റെ കൈവശമുള്ളത്. എങ്കിലും ചില കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യുകയാണ്.

നാൽപതോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിക്കുമ്പോൾ അത് ജനാധിപത്യപരമായ മര്യാദകളോടെ ജീവനക്കാരെ നേരിട്ടറിയിക്കാനുള്ള മിനിമം ഉത്തരവാദിത്തം എന്തുകൊണ്ടാണ് മാനേജ്‌മെന്റ് കാണിക്കാത്തത്?

ഡിസംബർ മാസം വരെ സ്ഥാപനത്തിൽ തുടരാമെന്നും അതിനുള്ളിൽ മറ്റു ജോലികൾ കണ്ടെത്തിക്കൊള്ളണമെന്നും അതാണ് ഞങ്ങൾക്കുള്ള നഷ്ടപരിഹാരമെന്നുമാണ് പിരിച്ചുവിടലിനെക്കുറിച്ച് അന്വേഷിച്ച സഹപ്രവർത്തകരോട് എച്ച്. ആർ. ഡിപ്പാർട്ട്‌മെന്റിലുള്ളവർ പറഞ്ഞത്. പിരിച്ചു വിടലിനും ഇല്ലേ സാർ മനുഷ്യത്വപരമായ രീതികൾ?

മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഞങ്ങളിൽ പലരും മീഡിയാവണ്ണിൽ എത്തിയത് മാനേജ്‌മെന്റ് വിളിച്ചിട്ടാണ് എന്ന് ഓർമയുണ്ടാവും എന്നു കരുതുന്നു. അത്രയ്‌ക്കൊന്നും ഊഷ്മളമായിട്ടല്ലെങ്കിലും ഇപ്പോൾ നിങ്ങളെ സ്ഥാപനത്തിന് ആവശ്യമില്ല എന്ന് ഒരു മീറ്റിങ്ങെങ്കിലും വിളിച്ച് പറയാമായിരുന്നില്ലേ?

ന്യൂസ് ചാനൽ ലൈസൻസിൽ, ന്യൂസ് ചാനൽ തന്നെയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ എങ്ങനെയാണ് പെട്ടെന്ന് ജീവനക്കാർക്കിടയിൽ ന്യൂസ് / പ്രോഗ്രാം എന്ന വേർതിരിവ് കൊണ്ടുവരാൻ കഴിഞ്ഞത്? മീഡിയാവൺ ഗൾഫ് എന്ന ചാനൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണം എങ്ങനെയാണ് ന്യൂസ് ചാനൽ ജീവനക്കാരായ ഞങ്ങൾ നാൽപ്പത് പേരുടെ പിരിച്ചുവിടലിനുള്ള കാരണമാവുന്നത്?

കറണ്ട് അഫയേഴ്‌സ് പ്രൊഡ്യൂസർമാർ / ജേണലിസ്റ്റുകൾ ന്യൂസ് ചാനലിന്റെ ഭാഗമായിത്തന്നെ ഇപ്പോഴും ഒരു ഭീഷണിയുമില്ലാതെ സേഫ് സോണിൽ തുടരുമ്പോൾ അവരുടെ പ്രോഗ്രാമുകളിൽ പ്രവർത്തിച്ചിരുന്ന ടെക്‌നിക്കൽ ജീവനക്കാർ ( വിഷ്വൽ എഡിറ്റർമാരും ക്യാമറാമാന്മാരും) മാത്രം ഡേഞ്ചർ സോണിലാവുന്ന റിയാലിറ്റി ഷോ നിങ്ങളെങ്ങനെയാണ് സംവിധാനം ചെയ്തത്?

മനുഷ്യാവകാശങ്ങളെയും അവകാശലംഘനങ്ങളേയും കുറിച്ച് എത്രയോ വാർത്തകളും പ്രോഗ്രാമുകളും ഞങ്ങൾ ഷൂട്ട് ചെയ്യുകയും എഡിറ്റുചെയ്യുകയും ചെയ്തിരിക്കുന്നു! മനുഷ്യനന്മയെക്കുറിച്ചും ധാർമികതയെക്കുറിച്ചും എത്രയെത്ര പരിപാടികൾ ചെയ്തിരിക്കുന്നു! ചിലതിനൊക്കെ അവാർഡുകളും കിട്ടിയിട്ടുണ്ടല്ലോ! ഓൺ എയറിലെ നേരിന്റേയും നന്മയുടേയും ഒരു ശതമാനമെങ്കിലും ഓഫ് സ്‌ക്രീനിൽ കാണിക്കാൻ മാനേജ്‌മെന്റ് തയ്യാറാവത്തത് എന്തുകൊണ്ടാണ്?

ആറു മാസം മുൻപു തന്നെ സമ്പൂർണ്ണ ന്യൂസ് ചാനലായി മീഡിയാവൺ മാറുകയാണെന്ന് പരസ്യം കൊടുത്തിരുന്നല്ലോ? ന്യൂസ് ചാനലാവുന്നതിന്റെ ഭാഗമായി ന്യൂസ് പ്രോഗ്രാമുകൾ അല്ലാത്ത ഭൂരിഭാഗം പ്രോഗ്രാമുകളും ഒഴിവാക്കുകയും ചെയ്തു, ശരിയാണ്. അതിനും ശേഷം വെറും നാല് മാസം മുൻപാണല്ലോ വേതന വർധനയും പ്രമോഷനും സ്ഥാപനം ജീവനക്കാർക്ക് നൽകിയത്. അതിൽ ഇപ്പോൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരും ഉണ്ടെന്ന് അറിയാമല്ലോ? അതിൽത്തന്നെ സ്ഥിര നിയമനം ലഭിച്ചവരും ഉണ്ട്. പിന്നെ എന്തിനാണ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടവരെല്ലാം കരാർ തൊഴിലാളികളാണെന്നും അവരുടെ കോൺട്രാക്ട് ഡിസംബറിൽ അവസാനിക്കുമെന്നും പ്രോഗ്രാമുകൾ നിർത്തിയതുകൊണ്ട് ,ചെയ്യാൻ ജോലി ഇല്ലാതായവരെയാണ് പിരിച്ചുവിടാൻ തീരുമാനിക്കുന്നത് എന്നൊക്കെയുള്ള കള്ളങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്?

മാദ്ധ്യമ പ്രവർത്തകരെല്ലാം ഇന്ന് കടുത്ത തൊഴിൽ ചൂഷണത്തെ നേരിടുന്ന അവസ്ഥയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് , കഴിഞ്ഞ ദിവസം മാദ്ധ്യമം സംഘടിപ്പിച്ച മാദ്ധ്യമ സെമിനാറിൽ ആയിരുന്നല്ലോ എന്ന് അത്ഭുതത്തോടെ ഈ അവസരത്തിൽ ഓർക്കുകയാണ്. സത്യമാണല്ലോ!

പല തരം കള്ളങ്ങളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പിരിച്ചുവിടലിനെ ന്യായീകരിക്കാനായി ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തകർ ഓൺലൈൻ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതിനാലാണ് ഫേസ് ബുക്ക് വഴി ഇങ്ങനെയൊരു കുറിപ്പ് എഴുതിയത്. പ്രിന്റിലും ഓൺലൈനിലും ഓൺ എയറിലും ധാരാളം മാദ്ധ്യമങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഇവിടങ്ങളിലൊക്കെ തൊഴിലെടുക്കുന്ന ഭൂരിപക്ഷം പേരുടേയും ജീവിതാവസ്ഥയും തൊഴിൽ സുരക്ഷയില്ലായ്മയും അതീവ ദയനീയവുമാണ്. ആത്മകഥകളെ വാർത്തയാക്കാനുള്ള ധൈര്യമൊന്നും കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്ക് ഇനിയും കിട്ടിയിട്ടില്ല. 'പരലോകത്തെ' സ്വർഗ്ഗീയ സുഖങ്ങൾക്ക് വേണ്ടി കണക്കെടുപ്പ് നടത്തുമ്പോൾ ഭൂമിയിൽ ചാനൽ ജീവനക്കാരോട് കാണിച്ച അനീതിയും എണ്ണപ്പെടും എന്ന് എല്ലാവരും ഓർക്കുമല്ലോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP