Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാശ്രയ പ്രവേശന വിഷയത്തിലെ വിയോജിപ്പ് രേഖപ്പെടുത്താൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുവെന്ന് ബൽറാം; ഇന്നലെ വിപ്പ് ഉണ്ടായിരുന്നില്ലെന്നും ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തി താൻ മാറി നിൽക്കുകയായിരുന്നു എന്നും തൃത്താല എംഎൽഎ

സ്വാശ്രയ പ്രവേശന വിഷയത്തിലെ വിയോജിപ്പ് രേഖപ്പെടുത്താൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുവെന്ന് ബൽറാം; ഇന്നലെ വിപ്പ് ഉണ്ടായിരുന്നില്ലെന്നും ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തി താൻ മാറി നിൽക്കുകയായിരുന്നു എന്നും തൃത്താല എംഎൽഎ

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ താൻ പങ്കെടുത്തില്ലെന്നും ഉള്ളടക്കത്തോട് വിയോജിപ്പ് ഉള്ളതിനാൽ വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നെന്നും വ്യക്തമാക്കി വിടി ബൽറാം എംഎൽഎ. സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തിൽ കേരള നിയമസഭ ഇന്നലെ പാസാക്കിയ ബില്ലിനെ എതിർത്തത് തൃത്താല എംഎൽഎ വി ടി ബൽറാം മാത്രമായിരുന്നു. കുട്ടികളെ സംരക്ഷിക്കാൻ എന്ന പേരിൽ കേരളം ഇത്തരമൊരു ബിൽ കൊണ്ടുവന്നത് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.

പ്രതിപക്ഷവും ഭരണക്ഷവും ഒരുപോലെ ബില്ലിനെ അനുകൂലിച്ചപ്പോൾ അത് സ്വാശ്രയ മുതലാളിമാരെ സഹായിക്കാനാണെന്ന വിമർശനം ശക്തമാകുകയാണ്. സുപ്രീംകോടതി കരുണ,കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും കേരളം വിഷയത്തിൽ കൊണ്ടുവന്ന ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രതിപക്ഷവും സർക്കാരിനൊപ്പം കൈകോർത്തത് കോൺഗ്രസ്സിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് താൻ വിയോജിപ്പു പ്രകടിപ്പിച്ചെന്നും വിട്ടുനിന്നെന്നും വ്യക്തമാക്കി ബൽറാം ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. താൻ വോട്ടെടുപ്പിൽ പങ്കെടുത്തെന്ന് തെറ്റായ ്പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണക്കുറിപ്പെന്നും ബൽറാം പറയുന്നു.

അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം. വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തി താൻ മാറി നിൽക്കുകയായിരുന്നു എന്നാണ് ബൽറാം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ തെറ്റായ നിയമനിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി വോട്ടെടുപ്പിൽ നിന്ന് മാറി നിന്ന ബൽറാമിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ പ്രതികരണങ്ങളുമായി എത്തുന്നത്

ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:

ഇന്നലെ സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്‌നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്ന് ബഹു. സ്പീക്കർ ക്രമപ്രശ്‌നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നതുകൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തത്.

നിയമനിർമ്മാണ ചർച്ചകളിൽ അംഗങ്ങൾക്ക് പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാർലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയിൽ പാർട്ടി വിപ്പ് ഉണ്ടെങ്കിൽ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാൽ ഇന്നലത്തെ നിയമത്തിൽ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടർന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടുതൽ എംബരാസ്‌മെന്റ് സൃഷ്ടിക്കുന്നത് പാർലമെന്ററി രീതികൾക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയത്.

NB: ഞാൻ വോട്ടെടുപ്പിൽ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതും പലരും ഇൻബോക്‌സിൽ വന്ന് ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നൽകുന്നു എന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP