Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിടന്നിട്ട് ഉറക്കം വരാതായപ്പോൾ പലരോടും അഭിപ്രായം ചോദിച്ചു; ജോലി തന്ന സർക്കാരിനും നികുതി അടയ്ക്കുന്ന ജനങ്ങൾക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോൾ പ്രാരാബ്ദം പറഞ്ഞ് ഒഴിയാനും വയ്യ; നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി ചേട്ടാ കൊടുക്ക് രണ്ട് മാസത്തെ ശമ്പളം എന്ന് പറഞ്ഞ് ഭാര്യയും; സാലറി ചാലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു

കിടന്നിട്ട് ഉറക്കം വരാതായപ്പോൾ പലരോടും അഭിപ്രായം ചോദിച്ചു; ജോലി തന്ന സർക്കാരിനും നികുതി അടയ്ക്കുന്ന ജനങ്ങൾക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോൾ പ്രാരാബ്ദം പറഞ്ഞ് ഒഴിയാനും വയ്യ; നമുക്ക് കഞ്ഞിയും ചമ്മന്തിയും മതി ചേട്ടാ കൊടുക്ക് രണ്ട് മാസത്തെ ശമ്പളം എന്ന് പറഞ്ഞ് ഭാര്യയും; സാലറി ചാലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാപ്രളയം പിടിച്ചുലച്ചിട്ടും കേരളംഅതിജീവിച്ചത് ഒത്തൊരുമകൊണ്ടും പരസ്പര സ്‌നേഹം കൊണ്ടുമാണ്. പുനർനിർമ്മാണത്തിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി മുന്നോട്ട് വെച്ച സാലറി ചാലഞ്ചിലും മലയാളികൾ നല്ല പ്രതികരണമാണ് അറിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച 'സാലറി ചാലഞ്ച്' അഭിനന്ദനങ്ങൾക്കൊപ്പം വിവാദങ്ങളും സൃഷ്ടിച്ചു എന്നതിൽ തർക്കമില്ല. പ്രളയം ബാധിച്ചവരും സാമ്പത്തിക പ്രയാസങ്ങൾ ഉള്ളവരും എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നു. ഈ ചർച്ചകൾക്കിടെ, ഒരു മാസത്തെ ശമ്പളം നൽകിയ സിവിൽ പൊലീസ് ഓഫിസർ അരുൺ പുലിയൂരിനു കയ്യടിക്കുകയാണു സമൂഹമാധ്യമങ്ങൾ. കുടുംബത്തിന്റെ ആകുലതകളും തന്റെ പ്രയാസങ്ങളും വിവരിച്ച് അരുൺ എഴുതിയ കുറിപ്പ് വൈറലാണ്.

അരുൺ പുലിയൂരിന്റെ കുറിപ്പിൽനിന്ന്:

'സാലറി ചാലഞ്ച്' എന്നു കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭീതിയായിരുന്നു മനസ്സിൽ. രാത്രിയിലും കൂട്ടുകാർ വിളിച്ച് ആശങ്ക പങ്കുവച്ചു. അളിയാ നമ്മൾ എങ്ങനെ കൊടുക്കും ഈ പൈസ. ആകെ ശമ്പളത്തിന്റെ പകുതിയിലധികം വായ്പയാണ്. പിന്നെ പലിശ ഈടാക്കാത്തതു കൊണ്ട് ഓണം അഡ്വാൻസ് 15000 രൂപ വാങ്ങി മറ്റു കടങ്ങൾ തീർത്തു. അതിന്റെ ഗഡു 3000 രൂപ വച്ച് അടുത്തമാസം മുതൽ പിടിച്ചുതുടങ്ങും. അതിന്റെ കൂടെയാണ് ഈ സാലറി ചാലഞ്ചും. എന്തു ചെയ്യും എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു (കാരണം ഓഗസ്റ്റ് മാസത്തിലെ ശമ്പളം ലോൺ പിടുത്തമെല്ലാം കഴിഞ്ഞു കയ്യിൽ കിട്ടിയത് 17000 രൂപ).

വീട്ടുചെലവും മകൻ ആദിയുടെ സ്‌കൂൾ ചെലവും കഴിയുമ്പോൾ കയ്യിലുള്ളത് 7000. അതു വച്ചു പെട്രോൾ ചെലവ്, ഭക്ഷണം എല്ലാം. അടുത്ത മാസം മുതൽ ഓണം അഡ്വാൻസ് 3000 രൂപ വച്ചു പിടിച്ചു തുടങ്ങും. ( 70003000= 4000). പിന്നെ സാലറിയിൽനിന്നു ദുരിതാശ്വാസ നിധിയിലേക്കു ഗഡുക്കളായി മൂവായിരത്തിനു മുകളിൽ ഒരു സംഖ്യയും. ഡ്യൂട്ടിക്കു പോകാൻ പെട്രോൾ അടിക്കാൻ പോലും പറ്റാത്ത അവസ്ഥ. ആകെ ചിന്തിച്ചു ഭ്രാന്തു പിടിച്ച ഒരവസ്ഥയായിരുന്നു. ഒരുപാടു കൂട്ടുകാരെ വിളിച്ച് അഭിപ്രായം ചോദിച്ചു.

സമ്മതം അല്ലെങ്കിൽ വിസമ്മതം ഏതാണു വേണ്ടതെന്ന്. എന്റെ സാമ്പത്തികാവസ്ഥ അറിയാവുന്ന ഒരുപാടുപേർ എന്നോടു പറഞ്ഞു, അരുണേ നിന്നെക്കൊണ്ടു പറ്റില്ല. നീ ഒരു കാരണവശാലും യെസ് പറയരുതെന്ന്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ്. എനിക്കു മനസ്സിലായിരുന്നു. പക്ഷേ എനിക്കുറങ്ങാൻ കഴിയണ്ടേ ? പിഎസ്‌സി പരീക്ഷയിൽ ലിസ്റ്റിൽ വന്ന എനിക്ക് 2012 ജൂൺ 18 മുതൽ ജോലി തന്ന, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളവും, എനിക്കും കുടുംബത്തിനും സംരക്ഷണവും തന്നുകൊണ്ടിരിക്കുന്ന സർക്കാരിന് ഒരാവശ്യം വരുമ്പോൾ എന്റെ പ്രാരാബ്ധങ്ങളുടെ കണക്കു പറഞ്ഞ് ഒഴിയാൻ മനഃസ്സാക്ഷി അനുവദിക്കുന്നില്ല.

എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയില്ല. ഒരുപാടു പ്രശ്‌നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ടാവാം. പക്ഷേ, എന്തുണ്ടായാലും ശരി സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കുമ്പോൾ എന്റെ സഹോദരങ്ങൾക്കു വേണ്ടി ഒരു മാസത്തെ ശമ്പളം ഞാനും കൊടുക്കുന്നു. എന്റെ ഈ തീരുമാനത്തിനു കടപ്പാട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി ഒരുപാടു ദിവസം ദുരിതാശ്വാസ പ്രവർത്തനത്തിനായി പോയി സ്വയം പനിച്ചു കിടന്നിട്ടും ചെളിവെള്ളത്തിൽ പോലും ഇറക്കാതെ എന്നെ സംരക്ഷിച്ചു പ്രതിരോധിച്ച എന്റെ ഐ.പി.ബിനു ചേട്ടനോടാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരുടെയും ഒരു മാസത്തെ ശമ്പളം നൽകി എനിക്കു മാതൃക കാണിച്ച എന്റെ എസ്.എസ്.മനോജേട്ടനും സോന ചേച്ചിയോടും. സ്വന്തം അനുജനായി എന്നെ കണ്ടു സ്‌നേഹിക്കുന്ന എകെജി സെന്ററിലെ പ്രിയ രാജണ്ണനോട്. എന്നെ ഏറെ സ്‌നേഹിക്കുന്ന പ്രിയ സുഹൃത്ത് അനിയോട്. അമൃത ബിജു അണ്ണനോട്. പ്രിയ കൂട്ടുകാരൻ വിപിനിനോട്, ജിജു ബി.ബൈജുവിനോട്, എം.ഡി.അജിത്തിനോട്. പിന്നെ അഭിപ്രായം ചോദിച്ചയുടനെ കൊടുക്കു ചേട്ടാ. ഒന്നല്ല രണ്ടു മാസത്തെ ശമ്പളം, നമുക്കു കഞ്ഞിയും, ചമ്മന്തിയും മതി എന്നു പറഞ്ഞ എന്റെ പ്രിയ സഖി ചിക്കുവിനോട്. മക്കളെ നല്ല കാര്യം എന്നു പറഞ്ഞ അമ്മയോട്. അച്ഛാ അച്ഛനാണച്ഛാ അച്ഛൻ എന്നുപറഞ്ഞു കെട്ടിപ്പിടിച്ച എന്റെ ആദിക്കുട്ടനോട്. നന്ദി.. നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP