കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
October 15, 2019 | 11:58 AM IST | Permalink

മറുനാടൻ ഡെസ്ക്
മലപ്പുറം: 'കുടുംബത്തിൽ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ', ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്ക് ലൈവിൽ അധിക്ഷേപിച്ചു കൊണ്ടു നടത്തിയ വിശേഷണങ്ങളാണ് ഇത്. ജസ്ല മാടശ്ശേരിയെയാണ് സോഷ്യൽ മീഡിയയിലെ നന്മ മരം വിമർശിക്കുന്നത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്. മാന്യതയുള്ളവർ വിമർശിച്ചാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറയുന്നു.
മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിൽ വിമർശിച്ചതോടെയാണ് ജസ്ല മാടശ്ശേരിക്കെതിരെ ഫിറോസ് അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തിയത്. ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം. 'പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ' എന്ന് വിളിച്ച് അപമാനിച്ചതിന് എതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങളുയരുന്നത്.
മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി എംസി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തതിന് ഫിറോസിനെ വിമർശിച്ച് ഇടതുപക്ഷ അനുഭാവികളും മറ്റും സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു. യുവതിയും ഫിറോസിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് എതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് ഫിറോസ് യുവതിക്ക് എതിരെ രംഗത്ത് വന്നത്.
'എന്നെക്കുറിച്ച വളരെ മോശമായ രീതിയിൽ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജിൽ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോൾ, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാർക്ക് മുഴുവൻ മോശമായ രീതിയിൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യൽ മീഡിയയിൽ എഴുതിയാൽ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കിൽ അത് കാണുകയും ചെയ്യുന്ന ആളുകൾക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തിൽ ഒരാൾക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അവർ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'- എന്നിങ്ങനെയാണ് ഫിറോസ് വീഡിയോയിൽ പറയുന്നത്.
ഇതിന് പിന്നാലെ രൂക്ഷഭാഷയിൽ വിമർശനവുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിറോസ് അപമാനിച്ച് പെൺകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് 'ബല്ലാത്ത പഹയൻ പേജ്' കൈകാര്യം ചെയ്യുന്ന വിനോദ് നാരായണൻ അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളെ കുറിച്ച് മുൻപ് നല്ലത് പറഞ്ഞ് ചെയ്ത വിഡിയോയിൽ ഞാൻ ഇന്ന് ഖേദിക്കുന്നു എന്ന് വിനോദ് പറഞ്ഞു. നന്മ മരമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലർ പറയുന്നത്. ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതിന് മുമ്പും യുവതിക്ക് ഫിറോസിന്റെ ആരാധകരിൽ നിന്ന് സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.
വിമർശിക്കുന്ന സ്ത്രീകളെ അപമാനിക്കുകയാണ് ഫിറോസെന്ന് ജസ്ല പ്രതികരിച്ചു. രോഗനിർണയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങൾ വരെ ചാരിറ്റിയുടെ പേരിൽ പ്രചരിപ്പിച്ചിട്ടും ഫിറോസിനെ വിമർശിക്കാതിരുന്നത് പാവപ്പെട്ട രോഗികൾക്ക് സഹായം ലഭിക്കപ്പെട്ടയെന്ന് കരുതിയാണ്. പ്രവാചകനെ വരെ വിമർശിക്കുന്നത് വിമർശനത്തിന് ആരും അതീതരല്ല എന്നതുകൊണ്ടാണ്. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഓഡിറ്റിംഗിന് വിധേയരാവുന്നുവെന്നും ജസ്ല വീഡിയോയിലുടെ മറുപടി നൽകുന്നു.
