'എന്റച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയ വണ്ടിയല്ലേ...വേണ്ട കൊടുക്കണ്ട'; ആർഎക്‌സ് 100 മാറ്റി ബുള്ളറ്റ് വാങ്ങാനൊരുങ്ങിയ യുവാവിനോട് ആ 'വൃത്തികെട്ട' വണ്ടി വേണ്ടെന്ന് പറഞ്ഞ് മകളുടെ പൊട്ടിക്കരച്ചിൽ; പഴയ ബൈക്കിൽ കെട്ടിപ്പിടിച്ച് നെഞ്ചുപൊട്ടി കരയുന്ന കുരുന്നിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ
February 11, 2019 | 10:20 AM IST | Permalink

മറുനാടൻ ഡെസ്‌ക്
കൊച്ചി: ഒരു വാഹനം വാങ്ങിയാൽ അത് പിന്നെ കുടുംബത്തിലെ അംഗമാണ്. അങ്ങനെയല്ലാതെ നമുക്ക് വാഹനത്തെ കാണാൻ കഴിയില്ല. ബൈക്ക് ശ്രേണിയിലെ തമ്പുരാനായ ആർഎക്‌സ് 100 മാറ്റി വാങ്ങി ബുള്ളറ്റ് വാങ്ങാമെന്ന് പറയുന്ന അച്ഛന്റെ മുന്നിൽ കുരുന്ന് കരയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. അങ്ങനെയുള്ളപ്പോൾ ബൈക്കിൽ കെട്ടിപ്പിടിച്ച് കുരുന്ന് കരയുന്നത് കണ്ടാൽ ആർക്കും ഒന്നു പൊള്ളും.
പഴയ ബൈക്കിൽ കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന കുരുന്നിനോട് പുതിയ ബൈക്ക് വാങ്ങാമെന്ന് പറയുമ്പോൾ ആ വൃത്തികെട്ട വണ്ടി വേണ്ടെന്നും നിറ കണ്ണുകളോടെ പറയുന്നു. കാണുന്നവരുടെ നെഞ്ചിടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലും പങ്കുവച്ചിട്ടുണ്ട്. അച്ഛനെ പിന്തിരിപ്പിക്കാൻ കുരുന്ന് പെടാപ്പാട് പെടുകയായിരുന്നു.
രാപകലില്ലാതെ അച്ഛൻ കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വിൽക്കുന്നതെന്ന് കുട്ടി ചോദിക്കുമ്പോൾ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാൽ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുന്നത്.
