Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജൂഡേ....മാനേ.. കോട്ടും പൂട്ടീസും ഇട്ട് മല കേറിയവരല്ല ഇടുക്കിക്കാര്'; എം എം മണിയെ പരിഹസിച്ച ജൂഡ് ആന്റണി ജോസഫിനു മറുപടിയുമായി മാദ്ധ്യമപ്രവർത്തകൻ; നിറവും ജാതിയും വിദ്യാഭ്യാസവും സൗന്ദര്യവും മാത്രം നോക്കി മനുഷ്യനെ അളക്കുന്നവരെ വിമർശിക്കുന്ന ഹർഷന്റെ പോസ്റ്റ് സൈബർ ലോകം ഏറ്റെടുക്കുന്നു

'ജൂഡേ....മാനേ.. കോട്ടും പൂട്ടീസും ഇട്ട് മല കേറിയവരല്ല ഇടുക്കിക്കാര്'; എം എം മണിയെ പരിഹസിച്ച ജൂഡ് ആന്റണി ജോസഫിനു മറുപടിയുമായി മാദ്ധ്യമപ്രവർത്തകൻ; നിറവും ജാതിയും വിദ്യാഭ്യാസവും സൗന്ദര്യവും മാത്രം നോക്കി മനുഷ്യനെ അളക്കുന്നവരെ വിമർശിക്കുന്ന ഹർഷന്റെ പോസ്റ്റ് സൈബർ ലോകം ഏറ്റെടുക്കുന്നു

തിരുവനന്തപുരം: ഇടുക്കിയിൽ നിന്നുള്ള പച്ചമനുഷ്യനായ എം എം മണിയെ മന്ത്രിയാക്കാനുള്ള സിപിഐ(എം) തീരുമാനം വന്നതോടെ അദ്ദേഹത്തെ കളിയാക്കി നിരവധി പേർ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമില്ലെന്നും കറുത്തവനെന്നുമൊക്കെ അധിക്ഷേപിക്കുന്ന നിരവധി പേരെ സൈബർ ലോകത്തു കണ്ടു.

സംവിധായകനായ ജൂഡ് ആന്റണി ജോസഫും കഴിഞ്ഞ ദിവസം എം എം മണിയെ പരിഹസിക്കും വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മാദ്ധ്യമപ്രവർത്തകനായ ഹർഷൻ നൽകിയ ശക്തമായ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

ഇത് ജൂഡിന് വേണ്ടി മാത്രമെഴുതിയ പോസ്റ്റാണെന്നു ജൂഡ് വേണമെങ്കിൽ കരുതിയ്‌ക്കോട്ടെ, പക്ഷേ.. ഇത് നിറവും ജാതിയും വിദ്യാഭ്യാസവും സൗന്ദര്യവും സമ്പത്തും മാത്രം നോക്കി ആളെ അളക്കുന്ന എല്ലാർക്കും വേണ്ടി എഴുതിയതാണെന്നും പോസ്റ്റിന് അനുബന്ധമായി ഹർഷൻ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം:

'ജൂഡേ....മാനേ..

കോട്ടും പൂട്ടീസും ഇട്ട് മല കേറിയവരല്ല ഇടുക്കിക്കാര്.ജോടിക്ക് വെല പറഞ്ഞ് സായിപ്പ് മല കേറ്റിയ അടിമകളുടേം ഗതികിട്ടാക്കാലത്ത് പട്ടത്തിന്റെ ഒറപ്പിൽ മല കേറിയ കുടിയേറ്റക്കാരടേം നാടാ മലനാട്.

കുരുമൊളകും ഏലോം കുടിയേറ്റക്കാർക്ക് കാശൊണ്ടാക്കിക്കൊടുത്തുതൊടങ്ങീട്ട് കാൽ നൂറ്റാണ്ടേ ആയിട്ടൊള്ളൂ.

അതു കഴിഞ്ഞിട്ടേ കൊള്ളാവുന്ന വിദ്യാഭ്യാസം മക്കൾക്ക് കൊടുക്കാൻ കുടിയേറ്റക്കാരന് കഴിഞ്ഞിട്ടൊള്ളൂ.

വിദ്യാഭ്യാസം എന്നതാന്നറിയാത്തവരാരുന്നു കുടിയേറ്റക്കാരടെ ഒന്നാം തലമുറ. രണ്ടാം തലമുറയ്ക്ക് ആനയേം പോത്തിനേം പന്നിയേം പേടിച്ച് മര്യാദയ്ക്ക് പള്ളിക്കൂടത്തീ പോകാൻ പറ്റിയില്ല.

അപ്പപ്പിന്നെ തോട്ടം തൊഴിലാളീടെ കാര്യം പറയണോ.

വന്നതിൽ നിന്നത്രതന്നെ മലമ്പനി പിടിച്ച് ചത്തു.

പത്തുമുപ്പതുവർഷം മുമ്പ് വരെ കങ്കാണിമാര് ഏലത്തട്ടകൊണ്ട് പൊറം പൊളിയുന്ന പരുവത്തിൽ തല്ലുവാരുന്നു ആ പാവങ്ങളെ. പാണ്ടിപ്പറയനേം പള്ളനേം തല്ലിച്ചതയ്ക്കാൻ വല്ലാത്ത പൊളപ്പ് മൊതലാളിമാരടെ ഗുണ്ടകൾക്കൊണ്ടാരുന്നു. ഒത്തിരി പണ്ടത്തെ കാര്യവല്ല,സാറൊക്കെ വരമ്പേലോടുന്ന കാലത്തെ കേരളത്തിന്റെ കാര്യവാ പറയുന്നെ,

അന്ന് അവർക്കെടേന്ന് എഞ്ചിനീയറിങ്ങ് പഠിത്തവൊള്ള ഒരു നേതാവിനെ കിട്ടാനില്ലാരുന്നു മാനേ.

ഒണ്ടാരുന്നു കേട്ടോ കൊറച്ചു പരിഷ്‌കാരികള്. കോട്ടയത്തൂന്നും കൊച്ചീരാജ്യത്തൂന്നും കേറിയ തോട്ടം നടത്തിപ്പുകാരായ നാടൻ സായിപ്പമ്മാര്.അവരടെ കൂട്ടത്തീന്ന് ഏതായാലും തൊഴിലാളിക്ക് ഒരു നേതാവിനെ കിട്ടത്തില്ലല്ലോ.

പിന്നെ സർക്കാരുദ്യോഗസ്ഥമ്മാരും പൊലീസുകാരും മാനേജരമ്മാരും ഒണ്ടാരുന്നു.അക്കൂട്ടത്തീന്ന് ആരെ കിട്ടാനാ.അപ്പപ്പിന്നെ വർഗ്ഗസ്‌നേഹോം ചങ്കൂറ്റോം തന്നെയാരുന്നു നേതാവിന്റെ മാനദണ്ഡം.അതിപ്പോ ഐഎൻടിയുസി നേതാവായ കുപ്പുസാമിയാട്ടെ സിഐടിയു നേതാവായ മണിയാശാനാട്ടെ,അത് മാത്രവാരുന്നു മാനദണ്ഡം.

ഇടുക്കിയെ മിടുക്കിയാക്കിയത് വിദ്യാഭ്യാസവൊള്ള മൊതലാളിമാരല്ല, വിദ്യാഭ്യാസവില്ലാത്ത തൊഴിലാളികളാ. അവരടെ നേതാവും മന്ത്രിയാകട്ടടോ. വല്ലപ്പഴുവേ ഹൈറേഞ്ചിനൊരു മന്ത്രിയെ കിട്ടാറൊള്ളു.

പണ്ടും മന്ത്രിയെ കിട്ടീട്ടൊണ്ട്. എഐടിയുസി നേതാവാരുന്ന കെ ടി ജേക്കബ് മണിയാശാനുമുന്നേ മന്ത്രിയായിട്ടൊണ്ട്. ജേക്കബിനേം മണിയാശാനെ വിളിക്കുന്നപോലെ ജേക്കബാശാനേന്ന് വിളിച്ചത് പള്ളിക്കൂടത്തീ പഠിപ്പിച്ചിട്ടല്ല, പാവപ്പെട്ടവന്റെ ജീവിതം പഠിച്ചിട്ടും പഠിപ്പിച്ചിട്ടുവാ.

അപ്പം മാനേ...പറഞ്ഞുവന്നത് എന്നാന്നുവച്ചാ..കാലത്തിനൊപ്പം കോലം മാറാത്ത ചെലർക്കൂടെ ഒള്ളതാ ഈ ലോകം.കൊലക്കുറ്റത്തിന് കോടതികേറിയതിന്റെ കാരണവറിയാൻ മാനൊരു കാര്യം ചെയ്യണം.സംസ്ഥാനത്തിന്റെ ഡിജിപി ആരുന്ന കൃഷ്ണൻ നായരടെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ അച്ചടിച്ച് വന്നിരുന്നു,പറ്റിയാ തപ്പിപ്പിടിച്ചൊന്നു വായിക്കണം.

വിദ്യാഭ്യാസം മാത്രവല്ല വിവരോം വേണ്ടേ.

ആ കാലത്തേക്കുറിച്ചും ചരിത്രത്തേക്കുറിച്ചും കൊറച്ചൊക്കെ വെളിച്ചം കിട്ടും.

പിന്നെ ഒന്നൂടെ...

ഈ കുറിപ്പിന്റെ കൂടൊള്ള പടം കണ്ടോ..? മണിയാശാന്റൊപ്പം ഇരിക്കുന്ന ആ മനുഷ്യന്റെ പേര് കറുത്തപാണ്ടിയെന്നാ. വെങ്കലപ്പാറ എസ്റ്റേറ്റിൽ പൊട്ടംകുളം മൊതലാളിക്കുവേണ്ടി പൊലീസ് നടത്തിയ വെടിവെപ്പിൽ എമ്പത്തിരണ്ടിലേ ഡിസംബർ അഞ്ചിന് ഊര് പൊകഞ്ഞ കാമരാജിന്റെ സമരസഖാവാ. വേറൊരു സമരസഖാവാ മണിയാശാൻ.ഇപ്പഴും ഇവര് സഖാക്കളാടോ.. അപ്പ മാൻ പഠിക്ക്...ജീവിതം.

(ഇത് ജൂഡിന് വേണ്ടി മാത്രവെഴുതിയ പോസ്റ്റാന്ന് ജൂഡ് വേണേ കരുതിയ്‌ക്കോട്ടെ,
പക്ഷേ..ഇത് നെറോം ജാതീം വിദ്യാഭ്യാസോം സൗന്ദര്യോം സമ്പത്തും മാത്രം നോക്കി ആളെ അളക്കുന്ന എല്ലാർക്കും വേണ്ടി എഴുതിയതാ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP