Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

143 പേർക്ക് 5000 രൂപ വീതം മരണം വരെ 'കൈനീട്ടം'; അഞ്ചു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷ്വറൻസും പത്തുലക്ഷത്തിന്റെ അപകടമരണ ഇൻഷ്വറൻസും; കാർഗിൽ-ലാത്തൂർ-സുനാമി വേളകളിലെല്ലാം സർക്കാരിന് സഹായം; കൊച്ചിൻ ഹനീഫയുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവ് നോക്കുന്നതും ഞങ്ങൾ; മോഹൻലാലിന്റെ പത്രസമ്മേളനത്തിന് ശേഷവും വിവാദങ്ങൾ തുടരുന്നതോടെ താരസംഘടനയുടെ മേന്മകൾ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു

143 പേർക്ക് 5000 രൂപ വീതം മരണം വരെ 'കൈനീട്ടം'; അഞ്ചു ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷ്വറൻസും പത്തുലക്ഷത്തിന്റെ അപകടമരണ ഇൻഷ്വറൻസും; കാർഗിൽ-ലാത്തൂർ-സുനാമി വേളകളിലെല്ലാം സർക്കാരിന് സഹായം; കൊച്ചിൻ ഹനീഫയുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവ് നോക്കുന്നതും ഞങ്ങൾ; മോഹൻലാലിന്റെ പത്രസമ്മേളനത്തിന് ശേഷവും വിവാദങ്ങൾ തുടരുന്നതോടെ താരസംഘടനയുടെ മേന്മകൾ എണ്ണിപ്പറഞ്ഞ് ഇടവേള ബാബു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്ക്ക് എതിരെ കഴിഞ്ഞ ജനറൽബോഡി യോഗത്തിന് പിന്നാലെ ഉയർന്ന വൻ വിവാദങ്ങൾ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയും കെട്ടടങ്ങാതിരുന്നതോടെ സംഘടന ചെയ്യുന്ന ക്ഷേമപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ കുറിപ്പ്. സംഘടന ഒറ്റയ്ക്കും മറ്റുള്ളവരുമായി കൈകോർത്തും നടത്തുന്ന സേവനങ്ങളുടെ ലിസ്റ്റുമായാണ് ഇടവേള ബാബു എത്തിയിട്ടുള്ളത്.

താരസംഘടനയിലെ അംഗങ്ങളുടെ എണ്ണത്തിൽ തുടങ്ങി അംഗങ്ങൾക്കുള്ള കൈനീട്ടം പദ്ധതി, മെഡിക്കൽ ഇൻഷുറൻസ്, ചികിൽസാ സഹായം, പ്രകൃതി ദുരിതാശ്വാസ സഹായം, വിദ്യാഭ്യാസ സഹായം, അമ്മ വീട് എന്നീ പദ്ധതികളെ കുറിച്ചെല്ലാം വിശദീകരിച്ചാണ് കുറിപ്പ്. ഇന്നലെ സംഘടനാ പ്രസിഡന്റ് മോഹൻലാൽ തന്നെ പത്രസമ്മേളനം നടത്തി ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ തണുപ്പിക്കാൻ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ലാൽ പറഞ്ഞ കാര്യങ്ങൾ പലതും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നടി പത്മപ്രിയ രംഗത്തെത്തിയതോടെ വീണ്ടും വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെയാണ് സേവനങ്ങൾ എണ്ണിപ്പറയുന്ന കുറിപ്പുമായി ഇടവേളബാബു എത്തുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

'അമ്മ'യിൽ 2018 ജൂലൈ 01നു 484 അംഗങ്ങൾ ആണുള്ളത്. ഇതിൽ 248 പുരുഷന്മാരും 236 സ്ത്രീകളും. 112 ഹോണററി അംഗങ്ങളും,372 ലൈഫ് മെമ്ബർമാരും (ആജീവന്ത അംഗങ്ങൾ). 1995 മുതൽ 10 പേർക്ക് 1000 രൂപയിൽ നിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി ഈ ഓഗസ്റ്റ് 01 മുതൽ 143 പേർക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ 'കൈനീട്ടം' നൽകുന്നതിലേക്കു എത്തി നിൽക്കുകയാണ്. ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകൾ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹപ്രവർത്തകർക്കും വളരെ മുതിർന്നവർക്കും പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കി 'അമ്മ'യിൽ ഹോണററി അംഗത്വം നൽകുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.

3 ലക്ഷം ഇൻഷുറൻസ് കമ്പനിയും 2 ലക്ഷം- 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാന പ്രകാരവും ആകെ 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് (പ്രധാനപ്പെട്ട ഇന്ത്യയിലെ ആശുപത്രികളിൽ - ക്യാഷ് ലെസ്സ് സംവിധാനം) പദ്ധതി വർഷങ്ങളായി നടപ്പിൽ വന്നിട്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട-മരണ ഇൻഷുറൻസ് നൽകുന്നുമുണ്ട്. കൂടാതെ, അപകടത്തിൽ പെട്ട് വിശ്രമകാലയളവിൽ ആഴ്ച തോറും 1500 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂർണമായും 'അമ്മ'യാണ് അടക്കുന്നത്. സിനിമ മേഖലയിലെ പലർക്കും (മറ്റു അസോസിയേഷനിൽ ഉള്ളവർക്ക് /സാങ്കേതിക പ്രവർത്തകർക്കും മറ്റു മേഖലയിൽ ഉള്ളവർക്കും) സമയാ സമയങ്ങളിൽ 'അമ്മ' ചികിൽസാ സഹായം ചെയ്തു വരുന്നു.

പ്രകൃതി ദുരന്ത സാഹചര്യങ്ങൾ വന്നപ്പോൾ എല്ലാം, സർക്കാറിനോടൊപ്പം കൈകോർത്തു 'അമ്മ' ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം 'അമ്മ'യുടെ നീക്കിയിരിപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കാല കാലങ്ങളിൽ ഉണ്ടായിട്ടുള്ള സർക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ധ ഘട്ടങ്ങളിലെല്ലാം 'അമ്മ' എപ്പോഴും കൂടെ നിന്നിട്ടുണ്ട്. കാർഗിൽ യുദ്ധം, ലാത്തൂരിൽ ഭൂമികുലുക്കം -ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണവേള എന്നിവയെല്ലാം ഇതിൽ ചിലതു മാത്രം. സദുദ്ദേശപരമായതും സമൂഹത്തിൽ ശ്രദ്ധിക്കേണ്ടതുമായ സർക്കാർ പരസ്യങ്ങളിൽ ആവശ്യപ്പെടുന്ന 'അമ്മ' അംഗങ്ങളെല്ലാം വേതനം ഒന്നും തന്നെ വാങ്ങാതെ സഹകരിക്കുന്നുണ്ട്.

പരേതനായ ശ്രീ. കൊച്ചിൻ ഹനീഫയുടെ 2 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് 'അമ്മ' യാണ്. മരണാന്തരം അംഗങ്ങളുടെ മക്കൾ വിദ്യാഭ്യാസം തുടരുന്നുണ്ടെങ്കിൽ 1 ലക്ഷം രൂപ അത്യാവശ്യ സാമ്പത്തിക സഹായം നൽകി സഹായിക്കുന്നു. 'അമ്മ വീട്' എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീർത്തും നിർധനരായവർക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽ 6 ' അമ്മ വീടുകൾ ' പൂർത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയിൽ ആണ്.

'മാധ്യമ'വും 'അമ്മ'യും കൈകോർക്കുന്ന ഒരു കാരുണ്യ പ്രവർത്തിയാണ് 'അക്ഷര വീട്'. മലയാള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്തു 51 പേർക്ക് വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിക്കുകയും എന്നാൽ കേറി കിടക്കാൻ ഒരു കൂര പോലും ഇല്ലാത്തവരെ തിരഞ്ഞെടുത്തു വീട് നിർമ്മിച്ചു കൊടുക്കുന്നു. ചിലർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്തു ഭൂമി വിലക്ക് വാങ്ങി, വീട് വെച്ച് കൊടുക്കുകയുണ്ടായി. 3 എണ്ണം താക്കോൽ ദാനം കഴിഞ്ഞു, 13 എണ്ണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത 10 എണ്ണം പണി തുടങ്ങുവാൻ പോകുന്നു. പത്മശ്രീ. ജി. ശങ്കറിന്റെ രൂപ കൽപനയിൽ ആണ് സ്‌നേഹത്തിന്റെ 51 സൗധങ്ങൾ കേരളത്തിന്റെ മണ്ണിൽ പണിയുന്നത്.

തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിൽസ നൽകുന്ന തെരുവോരം മുരുകന് തന്റെ സൽക്കർമത്തിനു സഹായകമാകുന്ന രീതിയിൽ 'അമ്മ' ശുചിമുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകി.

ഈയൊരു യാത്രയിൽ നമുക്കൊന്നിക്കാം.... നിങ്ങളുടെ പ്രാർത്ഥന മാത്രം മതി, ഞങ്ങൾ പ്രവർത്തിച്ചോളാം... ലാഭേച്ഛ കൂടാതെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP