Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഘാതകൻ അറസ്റ്റിലായതോടെ ജസ്റ്റിസ് ഫോർ ജിഷയെന്ന ദൗത്യം പൂർത്തിയായോ? വീട്ടിൽനിന്നും പുറത്താക്കപ്പെട്ട പിതാവ് പാപ്പുവിനും വേണ്ടേ നീതി? വീടും കുടുംബവും ഉപേക്ഷിച്ചുപോയ സഹോദരിക്ക് ആശ്രിതനിയമനം നൽകിയത് നീതിയോ? മലയാളിക്ക് ചിന്തിക്കാൻ വകയൊരുക്കി സോഷ്യൽ മീഡിയിയിൽ സജീവമായ ചർച്ച

ഘാതകൻ അറസ്റ്റിലായതോടെ ജസ്റ്റിസ് ഫോർ ജിഷയെന്ന ദൗത്യം പൂർത്തിയായോ? വീട്ടിൽനിന്നും പുറത്താക്കപ്പെട്ട പിതാവ് പാപ്പുവിനും വേണ്ടേ നീതി? വീടും കുടുംബവും ഉപേക്ഷിച്ചുപോയ സഹോദരിക്ക് ആശ്രിതനിയമനം നൽകിയത് നീതിയോ? മലയാളിക്ക് ചിന്തിക്കാൻ വകയൊരുക്കി സോഷ്യൽ മീഡിയിയിൽ സജീവമായ ചർച്ച

പൈശാചികമായി കൊല്ലപ്പെട്ട ജിഷയുടെ 'ഘാതകൻ' അമീറുൽ ഇസ്ലാം അറസ്റ്റിലായതോടെ ജസ്റ്റീസ് ഫോർ ജിഷയെന്ന നിലവിളിയുടെ ദൗത്യം പൂർത്തിയായോ ? ചിന്തിക്കാനും വിലയിരുത്താനും ഇനിയും നീതി ബാക്കിയാണെന്ന ചർച്ച സോഷ്യൽ മീഡിയിയിൽ സജീവമാകുന്നു.

ഇതുവരെ നടന്നതും നടക്കാനിരിക്കുന്നതുമായ വിഷയത്തിൽ പൂർണമായ ചർച്ച ആവശ്യമാണെന്ന ഫേസ് ബുക്ക് പോസ്റ്റ് മലയാളി സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്നു പ്രതികരണങ്ങളിൽ വ്യക്തമാണ്.

ജിഷയുടെ പേരിൽ അവകാശങ്ങളും ആനുകൂല്യങ്ങളും പറ്റുന്നവർക്ക് യഥാർത്ഥത്തിൽ അതിന് അർഹതയുണ്ടോ ? ജിഷയുടെ പേരിൽ സമാഹരിച്ച ലക്ഷങ്ങളുടെ ചെലവഴിക്കൽ നീതികരിക്കത്തക്ക വിധത്തിലായിരിക്കുമോ ? ജിഷയുടെ പിതാവ് പാപ്പുവിനെ നാം മറക്കുന്നത് ശരിയാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി സുരേഷ് തണലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആണ് സജീവ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. സുരേഷിന്റെ പാത പിന്തുടർന്ന് അത്തരത്തിൽ നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ജിഷയുടെ പിതാവ് പാപ്പു ലോട്ടറിക്കച്ചവടം നടത്തി ജീവിക്കുന്നയാളാണ്. വർഷങ്ങളായി വീടുമായി ബന്ധമില്ലാതെ ജീവിക്കുന്ന വ്യക്തി. എട്ട് വർഷം മുമ്പ് കുടുംബത്തിൽനിന്നും പുറത്താക്കപ്പെട്ടതാണത്രേ. ജിഷയുടെ പേരിൽ സമാഹരിക്കപ്പെട്ട തുകയിൽ ഒരു ഭാഗം തനിക്കും വേണമെന്നാവശ്യപ്പെട്ട് പാപ്പു ബുധനാഴ്ച രാത്രി ജില്ലാ കലക്ടർ രാജമാണിക്യത്തെ കണ്ടിരുന്നു. ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പമാണ് ഇയാൾ കലക്ടറെ കണ്ടതെന്നാണ് വിവരം. ബാപ്പു ഈയാശ്യം ഉന്നയിക്കും മുമ്പേ, പാപ്പുവിന് അർഹതപ്പെട്ടത് കിട്ടണമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിൽ ഇതിനേക്കാൾ ഗൗരവമായി ജസ്റ്റീസ് ഫോർ പാപ്പു എന്നയാവസ്യമാണ് ഉന്നയിക്കുന്നത്. പാപ്പുവിന് തുക ലഭിച്ചാലും ഇല്ലെങ്കിലും ജിഷയുടെ കൊലപാതകത്തിന്റെ പേരിൽ നടന്ന സംഭവങ്ങളെ കൂടുതൽ വിശകലന വിധേയമാക്കണമെന്ന സ്വരമാണ് സുരേഷിന്റെ സ്റ്റാറ്റസിലും മറ്റുള്ളവരുടെ പ്രതികരണങ്ങളിലും പ്രകടമാകുന്നത്.

കനാലിന്റെ കരയിൽവച്ച് ഒരു സ്ത്രീ അമീറുൽ ഇസ്ലാമിനെ അടിച്ചപ്പോൾ കണ്ടുനിന്നു ചിരിച്ചതിന് പ്രതികാരമായി ജിഷയെ കൊലപ്പെടുത്തിയെന്ന 'കഥ' എന്ന ദ്വയാർത്ഥപ്രയോഗത്തിലൂടെയാണ് സുരേഷ് പ്രതികരിച്ചിരിക്കുന്നത്. ഘാതകൻ ജയിലിലായതോടെ ജസ്റ്റീസ് ഫോർ ജിഷയെന്ന ദൗത്യം പൂർണമായി. ജിഷയുടെ അമ്മയ്ക്കായി 20 ലക്ഷത്തിന്റെ വീടൊരുങ്ങുന്നു. കലക്ടറുടെ ഫണ്ട് സമാഹരണം 70 ലക്ഷം കവിഞ്ഞു. അമ്മയേയും ജിഷയേയും സ്വന്തം ഭർത്താവിനെയും ഉപേക്ഷിച്ചുപോയ ജിഷയുടെ സഹോദരി ദീപക്ക് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിയമനവും നൽകി. കുടുംബത്തെ ഉപേക്ഷിച്ചുപോയ സ്ത്രീക്ക് എന്നപോലെ സ്വന്തം പിതാവ് പാപ്പുവിനും നിയമനത്തിനും സമാഹരിച്ച തുകയിലും അവകാശമില്ലേ, സർക്കാർ പണിയുന്ന സുന്ദരഭവനത്തിൽ ദീപയും അമ്മ രാജേശ്വരിയും സുഖമായി ഉറങ്ങുമ്പോൾ പാപ്പു കടത്തിണ്ണയിൽ കിടക്കുന്നത് നീതികരിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് മലയാളി മനസിലേയ്ക്ക് സുരേഷ് തൊടുത്തുവിടുന്നത്.

സുരേഷിന്റെ സ്റ്റാറ്റസിന്റെ പൂർണരൂപം:

''ഇത് പാപ്പു.
എട്ടുവർഷംമുമ്പ് ജിഷയുടെ കുടുംബം പുറത്താക്കിയ നിസ്സഹായനായ പിതാവ്. ഇപ്പോൾ ലോട്ടറിവിറ്റ് ദരിദ്രനായി ഒറ്റയ്ക്കുജീവിക്കുന്നു.
ഒരിക്കൽ ആ കനാലിന്റ്റെ കരയിൽവച്ച് ഒരു സ്ത്രീ അമീയുൽ ഇസ്ലാം എന്നഒരു അന്യസംസ്ഥാനക്കാരനെ അടിച്ചപ്പോൾ അതുകണ്ടുചിരിച്ച ജിഷയെ ആ ഒറ്റക്കാരണംകൊണ്ട് അയാൾ കൊലചെയ്ത'കഥ' നമ്മളെല്ലാം അറിഞ്ഞതാണല്ലോ. കൊലയാളി ജയിലിലായി. അങ്ങിനെ 'ജസ്റ്റിസ് ഫോർ ജിഷ' എന്ന നമ്മുടെ ദൗത്യം വൻവിജയമായിപൂർത്തിയായി.
കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മയ്ക്ക് ഗജഇഇ പതിനഞ്ചുലക്ഷം രൂപകൊടുത്തു. ഇതിനിടെ കലക്ടർ രാജമാണിക്യത്തിന്റ്റെ നേതൃത്വത്തിൽതുടങ്ങിയ 'ജിഷാഫണ്ടുസമാഹരണം' ഇപ്പോൾ എഴുപതുലക്ഷം രൂപയ്ക്കുമുകളിൽ സംഖ്യ കളക്ടുചെയ്തിട്ടുണ്ട്. അതും ജിഷയുടെ അമ്മയ്ക്കാണ്.കൂടാതെ ചില സന്നദ്ധസംഘടനകളും ഉദാരവ്യക്തികളും ലക്ഷക്കണക്കിനുരൂപ നല്കിയിട്ടുണ്ട്. മൂന്നുലക്ഷംരൂപ ഒറ്റയ്ക്കു സംഭാവനനല്കിയ ഒരാളെ എനിക്കറിയാം. അതും ജിഷയുടെ അമ്മയ്ക്കാണ്. മൊത്തം ഒരു കോടിയോളം രൂപകിട്ടിയെന്നാണറിവ്. ഇതുകൂടാതെ ഇരുപതുലക്ഷം രൂപചെലവിൽ ഒരു വീടുപണിതുനല്കുന്നുണ്ട്. പണിപൂർത്തിയായിവരുന്നു.അതും ജിഷയുടെ അമ്മയ്ക്കാണ്. ജിഷയേയും അമ്മയേയും സ്വന്തംഭർത്താവിനേയുമുപേക്ഷിച്ച്, നാളിതുവരെ സ്വന്തംഇഷ്ടപ്രകാരം ജീവിച്ചുപോന്ന ദീപ എന്ന സഹോദരിക്ക് ആശ്രിതനിയമനം എന്നനിലയിൽ പെരുമ്പാവൂർ താലൂക്കോഫീസിൽ സർക്കാർജോലിയുംനല്കി. ജിഷയേയും അമ്മയേയും നേരിൽകണ്ടിട്ട്ഒന്നരവർഷത്തോളമായിരുന്നുഎന്നും, അവരുമായി യാതൊരുബന്ധവുമില്ലായിരുന്നുഎന്നും, ചോദ്യംചെയ്യലിൽ തുറന്നുസമ്മതിച്ച ദീപ എങ്ങിനെയാണ് ജിഷയുടെ ആശ്രിതയാവുന്നത്എന്നുനമുക്കറിയില്ല. എങ്കിലും അങ്ങിനെനോക്കുമ്പോൾ പാപ്പു എന്ന ഈ അച്ഛനേയും ഒരു ആശ്രിതനായിപരിഗണിക്കുന്നതിന് തടസ്സമെന്താണ് ? ഇതുവരെ പിരിഞ്ഞുകിട്ടിയ ഭീമമായസംഖ്യയിൽനിന്നും ഒരു ചെറിയസംഖ്യയെങ്കിലും പാപ്പുവിനും നല്‌കേണ്ടതല്ലേ ? കോടികൾകൊണ്ട് ഇനി അമ്മയും ദീപയും അമ്മാനമാടുമ്പോൾ, സർക്കാർ പണിതുനല്കുന്ന സുന്ദരഭവനത്തിൽ ആമോദത്തോടെ ഇനിയവർ പാർക്കുമ്പോൾ, ദരിദ്രനായ ഈ അച്ഛൻ വിശന്നുതളർന്ന് കടത്തിണ്ണയിൽകിടക്കുന്നത് നീതീകരിക്കാനാവുമോ ? ഈയാൾക്കുംവേണ്ടേ ജിഷയുടെപേരിൽ പിരിച്ചതിന്റെ ഒരു പങ്ക് ?
'ജസ്റ്റിസ് ഫോർ ജിഷ' എന്നദൗത്യം നമ്മൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി ഏറ്റെടുക്കുവാൻ ഒരുദൗത്യംകൂടിയുണ്ട്.
'ജസ്റ്റിസ് ഫോർ പാപ്പു' !
ഇതുവരെ ജിഷയ്ക്കുവേണ്ടി ആർപ്പുവിളിച്ചുനിന്നവരാരും പിരിഞ്ഞുപോകരുത്.
കാരണം, ഇത് നമ്മുടെ ജിഷയുടെ അച്ഛനാണ്...
പ്രതികരിക്കുക കമ്മന്റുകളിലൂടെ...''

ഇതിനോട് വൈകാരികമായിത്തന്നെയാണ് പലരും പ്രതികരിച്ചിരിക്കുന്നത്. രാജേശ്വരി അറിയാതെ ജിഷ മരിക്കല്ല, അവരെ നന്നായി ചോദ്യം ചെയ്യേണ്ടതാണ്, തെരഞ്ഞെടുപ്പ് സമയമല്ലായിരുന്നെങ്കിൽ ഇത്രയൊക്കെ അവർക്കുവേണ്ടി ഏതെങ്കിലും പാർട്ടിക്കാർ ചെയ്യുമായിരുന്നോ, എവിടെയൊക്കെയോ ചീഞ്ഞുനാറുന്നു തുടങ്ങിയ കമന്റുകളും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP