Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഎയും എംഎയും റാങ്കോടെ ജയിച്ചപ്പോൾ കാലിക്കറ്റിലും ജെഎൻയുവിലും ലക്ഷ്മി നായർ ആയിരുന്നില്ല വിസി; അക്കാഡമിയിൽ പഠിച്ചുവെന്നല്ലാതെ ദൗർഭാഗ്യവശാൽ ബിരുദം നേടാനാവാതിരുന്ന എനിക്ക് ആരും എൽഎൽബി കവറിലിട്ട് തന്നിട്ടുമില്ല; തന്നെ പറ്റിയുള്ള 'വെളിപ്പെടുത്തലുകൾക്ക്' ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

ബിഎയും എംഎയും റാങ്കോടെ ജയിച്ചപ്പോൾ കാലിക്കറ്റിലും ജെഎൻയുവിലും ലക്ഷ്മി നായർ ആയിരുന്നില്ല വിസി; അക്കാഡമിയിൽ പഠിച്ചുവെന്നല്ലാതെ ദൗർഭാഗ്യവശാൽ ബിരുദം നേടാനാവാതിരുന്ന എനിക്ക് ആരും എൽഎൽബി കവറിലിട്ട് തന്നിട്ടുമില്ല; തന്നെ പറ്റിയുള്ള 'വെളിപ്പെടുത്തലുകൾക്ക്' ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ലോ അക്കാഡമിയിലെ പ്രശ്‌നങ്ങൾ മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയായപ്പോൾ അതോടൊപ്പം പലപ്പോഴും പരാമർശിക്കപ്പെട്ട പേരാണ് കൈരളി ടി വി എംഡിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിന്റേത്. അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മിനായർ കൈരൡചാനലിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത് ബ്രിട്ടാസിന്റെ പരിചയത്തിലൂടെയാണെന്നും ബ്രിട്ടാസ് അക്കാഡമിയിൽ നിന്ന് ചുളുവിൽ നിയമബിരുദം നേടിയെന്നും മറ്റുമുള്ള പരാമർശങ്ങൾ ചാനൽ ചർച്ചകളിലും മറ്റും നിരന്തരം ഉണ്ടാവുകയും ചെയ്തു. എന്നാൽ ഇതെല്ലാം ഒരു കഴമ്പുമില്ലാത്ത ആക്ഷേപങ്ങളാണെന്ന് വ്യക്തമാക്കി ബ്രിട്ടാസ് തന്നെ എത്തിയിരിക്കുകയാണിപ്പോൾ.

ഫെയ്‌സ് ബുക്ക് അടികൂടാനുള്ള കവലയായി മാറിയെന്ന പരാമർശത്തോടെയാണ് ബ്രിട്ടാസിന്റെ ഫെയ്‌സ് ബുക്കിലൂടെ ഉള്ള പ്രതികരണം. ലോ അക്കാഡമിയിൽ വർഷങ്ങൾക്ക് മുൻപ് പഠിച്ചിരുന്നെന്നും ആരുടേയും ശുപാർശ പ്രകാരമല്ലായിരുന്നു അവിടെ പ്രവേശനം നേടിതെന്നും വ്യക്തമാക്കിയാണ് ബ്രിട്ടാസ് തനിക്കെതിരെ അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും തെറ്റായ പ്രചരണങ്ങൾക്കും മറുപടി പറയുന്നത്.

മാത്രമല്ല, ബിഎയ്ക്കും എംഎയ്ക്കും റാങ്കുവാങ്ങി വിജയിക്കുകയും എംഫിലും ഗവേഷണവും പൂർത്തിയാക്കുകയും ചെയ്ത തനിക്ക് ദൗർഭാഗ്യവശാൽ നിയമബിരുദം നേടാനായില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രിട്ടാസ്. മാത്രമല്ല, കാലിക്കറ്റ്, ജെഎൻയു എ്ന്നിവിടങ്ങളിൽ നിന്ന് ബിരുദങ്ങൾ താൻ നേടിയപ്പോൾ ലക്ഷ്മിനായർ അവിടെ വിസി ആയിരുന്നില്ലെന്ന് നിയമബിരുദം രഹസ്യ കവറിലിട്ട് ലോ അക്കാഡമി ബ്രിട്ടാസിന് കൊടുത്തുവെന്ന് കളിയാക്കുന്നവരെ ഓർമിപ്പിച്ചുകൊണ്ടാണ് ബ്രിട്ടാസിന്റെ പ്രതികരണം.

ലക്ഷ്മിനായർ കൈരളിയിൽ അവതാരകയായതാണ് പ്രശ്‌നമെങ്കിൽ താൻ എംഡിയായി എത്തുന്നതിന് എത്രയോ മുമ്പുതന്നെ അവർ അവിടെയുണ്ടെന്നും ബ്രിട്ടാസ് വ്യക്തമാക്കുന്നു. കൈരളയിൽ മാത്രമല്ല, മനോരമയിലും വനിതയിലും അവർ പാചകപംക്തി കൈകാര്യം ചെയ്യുന്നുണ്ടെന്നും ബ്രിട്ടാസ് ഓർമിപ്പിക്കുന്നു. ഒരാൾക്ക് ടിവിയിലും സിനിമയിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് ബ്രിട്ടാസ് ആരോപണങ്ങൾ പുലമ്പുന്നവരെ നേരിടുന്നത്. തന്റെ രാഷ്ട്രീയവും താൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നയാളുമാണ് എന്നതുകൊണ്ടു മാത്രമാണ് നിരന്തരമായി എതിർക്കുന്നതെന്നും അത് കാര്യമാക്കുന്നില്ലെന്നും നടക്കട്ടെയെന്നും വ്യക്തമാക്കിയാണ് ബ്രിട്ടാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബ്രിട്ടാസിന്റെ പോസ്റ്റ് ഇങ്ങനെ:

ഫേസ് ബുക്ക് അടി കൂടാനുള്ള കവലയായി കാണാനാഗ്രഹിക്കാത്തതുകൊണ്ട് വളരെ വിരളമായി മാത്രമേ ഇങ്ങോട്ടു എത്തി നോക്കാറുള്ളൂ. എന്തോ ചില അദ്ഭുതങ്ങൾ സംഭവിച്ചു എന്ന പേരിൽ എന്നോട് താത്പര്യം ഉള്ള ചിലർ ചിലകാര്യങ്ങൾ വിളിച്ചറിയിച്ചപ്പോഴാണ് ഈയൊരു കുറിപ്പെഴുതണമെന്നു തോന്നിയത്.

അദ്ഭുതം മറ്റൊന്നുമല്ല. ജോൺ ബ്രിട്ടാസ് ലാ അക്കാഡമിയിൽ (ഇപ്പോളൊന്നുമല്ല, വർഷങ്ങൾക്കു മുൻപ്) പഠിച്ചിരുന്നു !! വെളിപ്പെടുത്തലായിട്ടാണ് ചിലരിൽ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാൻ പഠിച്ചിരുന്നു.കഴിയുമെങ്കിൽ ഇനിയും ഇനിയും മറ്റു പല കോഴ്‌സ് കൾക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവ്വകലാശാലകളിലായതുകൊണ്ട് കേരള യൂണിവേഴ്‌സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്‌മിഷൻ എടുത്തത്.സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവെനിങ് കോഴ്‌സിലാണ് ഞാൻ ചേർന്നത്.

ഉയർന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരത്തിൽ പഠിച്ചിട്ടുണ്ട് അല്ലെങ്കിൽ പഠിക്കുന്നുണ്ട്. അഡ്‌മിഷൻ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരുന്നില്ല. BA ക്കും MA ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), M Phil ന് ഉയർന്ന ഗ്രേഡും, 4 വർഷത്തെ ഗവേഷണവും (ഡൽഹി, ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ? ലക്ഷ്മി നായർ കാലിക്കറ്റ് , ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാൻസലർ ആയിരുന്നിട്ടില്ല....!!

കഴിയാവുന്ന രീതിയിൽ ഞാൻ പഠിച്ചു, പക്ഷെ ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിഞ്ഞില്ല. ചിലർ പറയുന്നതു കേട്ടാൽ എനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനർഹമായി ഞാൻ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിൽ എത്ര പണ്ടേ ഒരു ഡിഗ്രി എന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നത്.

അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്‌നം? ലക്ഷ്മി നായർ കൈരളിയിൽ അവതാരകയാണ്. ഞാൻ കൈരളി ടി വി MD യായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. കൈരളിയിൽ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവർ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വർഷംതോറും മെട്രോ മനോരമക്കു വേണ്ടി അവർ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?

പിന്നെ എന്താണ് യഥാർത്ഥ പ്രശ്‌നം? എന്നെ മനസ്സിലാക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് ഇത് പറയുന്നത്. എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലർക്ക് എന്നെ നിരന്തരമായി എതിർക്കാൻ ? അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നത്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP