Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്യാസ്ത്രീകൾക്ക് വിധിച്ചിരിക്കുന്നത് മിണ്ടടക്കവും ആശയടക്കവുമാണ് ; നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും തമ്മിൽ സാദൃശ്യമുണ്ട്; സ്ത്രീകളോടുള്ള സമീപനത്തിൽ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിൽ സാമ്യമുണ്ടെന്നും കെ. ആർ മീര

കന്യാസ്ത്രീകൾക്ക് വിധിച്ചിരിക്കുന്നത് മിണ്ടടക്കവും ആശയടക്കവുമാണ് ; നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും തമ്മിൽ സാദൃശ്യമുണ്ട്; സ്ത്രീകളോടുള്ള സമീപനത്തിൽ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിൽ സാമ്യമുണ്ടെന്നും കെ. ആർ മീര

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ മീര. നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും തമ്മിൽ സാദൃശ്യമുണ്ടെന്ന് മീര അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മീര ഇക്കാര്യം അറിയിച്ചത്.

നടി ആക്രമിക്കപ്പെട്ടപ്പോൾ എങ്ങനെയാണോ താര സംഘടന പ്രതികരിച്ചത് അതുപോലെ തന്നെയാണ് സഭയിലെ ഒരു വിഭാഗം പേരുടെ പ്രതികരണവുമെന്ന് മീര പറയുന്നു.നടി ആക്രമിക്കപ്പെട്ടപ്പോൾ, പീഡനം നേരിട്ട സ്ത്രീക്കു രണ്ടു ദിവസത്തേക്ക് എഴുന്നേറ്റു നടക്കാൻ സാധിക്കുമോ എന്ന സംശയം ഉന്നയിച്ച പുരുഷന്മാരെ ഓർമ്മയില്ലേ?

കന്യാസ്ത്രീയുടെ കേസിലും അവർ ഇതുപോലെ ഒരു ചോദ്യം ഉയർത്തുന്നു പതിമൂന്നു തവണ പീഡിപ്പിക്കപ്പെട്ടുവെങ്കിലും പന്ത്രണ്ടു തവണ എന്തു കൊണ്ടു പരാതിപ്പെട്ടില്ല ? എന്ന് ചിലർ ചോദിച്ചതായും മീര കുറിപ്പിലൂടെ ആഞ്ഞടിച്ചു.


മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിനിമാതാരങ്ങൾക്കു പണവും പ്രശസ്തിയും ആരാധക വൃന്ദവുമുണ്ട്.

കന്യാസ്ത്രീകൾക്കു വിധിച്ചിട്ടുള്ളത് മിണ്ടടക്കവും ആശയടക്കവുമാണ്. നിത്യമായ അടിമപ്പണി, ജോലിക്കു കൂലിയില്ലാത്ത അവസ്ഥ, മഠത്തിൽനിന്നു വിടുതൽ നേടിയാൽ കുടുംബത്തിൽ പോലും സ്വീകരണം കിട്ടാത്ത സ്ഥിതി, പിന്നെ, നിരാലംബ വാർധക്യം.

എങ്കിലും, സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് ഒരു സംഘടന ഉണ്ടായാൽ അതിനെയും ഡബ്ല്യു. സി. സി. എന്നു തന്നെ വിളിക്കാം.

-വിമൻ കളക്ടീവ് ഇൻ കാത്തലിക് ചർച്ച്.

സിനിമാനടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീ ആക്രമിക്കപ്പെട്ട കേസും തമ്മിൽ സാദൃശ്യങ്ങൾ അത്രയേറെയാണ്.

വ്യക്തിപരമായ നഷ്ടങ്ങൾ അവഗണിച്ച് തങ്ങളിലൊരുവൾക്കു നീതി കിട്ടുന്നതുവരെ സമരം തുടരാൻ സഹപ്രവർത്തകരായ സ്ത്രീകൾ പ്രകടിപ്പിക്കുന്ന നിശ്ചയദാർഢ്യമാണ് അവയിൽ പ്രധാനം.

സിനിമയിൽ എന്നതു പോലെ, സഭയിലും അവർ എണ്ണത്തിൽ കുറവാണ്. എതിർപക്ഷത്തിന്റെ ആൾബലമോ ധനബലമോ അധികാരബലമോ അവർക്കില്ല. പക്ഷേ, അവരും പുതിയൊരു ചരിത്രം സൃഷ്ടിക്കുന്നു.

സ്ത്രീകളോടുള്ള സമീപനത്തിൽ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ല.

നടി ആക്രമിക്കപ്പെട്ടപ്പോൾ എവ്വിധമാണോ സിനിമാതാര സംഘടന പ്രതികരിച്ചത്, അങ്ങനെ തന്നെയാണു കന്യാസ്ത്രീകളുടെ പരാതിയോട് സഭയുടെയും വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെയും പ്രതികരണം.

നടന്മാരിൽ ഏതാണ്ട് എല്ലാവരും, പ്രത്യേകിച്ചും സൂപ്പർ താരങ്ങൾ, കനത്ത മൗനം പാലിക്കുകയും നടിമാരിൽ ചിലർ കുറ്റാരോപിതനായ നടനു വേണ്ടി രംഗത്തുവരികയും ചെയ്തതു പോലെ കന്യാസ്ത്രീയുടെ പരാതി സഭയും കേട്ടില്ലെന്നു നടിക്കുന്നു, അച്ചന്മാരും മറ്റു ബിഷപ്പുമാരും മൗനം പാലിക്കുന്നു, ചില കന്യാസ്ത്രീകൾ ബിഷപ്പിനെ അനുകൂലിച്ചു രംഗത്തു വരുന്നു.

കുറ്റാരോപിതനായ നടന്റെ പ്രതികരണവുമായി ബിഷപ്പിന്റെ പ്രതികരണത്തിനും സാദൃശ്യമുണ്ടാകുന്നു.

കഴിഞ്ഞില്ല- കുറ്റാരോപിതനായ നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകൾ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്. കുറ്റം തെളിയുന്നതുവരെ സംശയിക്കരുത്, കുറ്റപ്പെടുത്തരുത് എന്ന വാദം തന്നെ അവർ ബിഷപ്പിനു വേണ്ടിയും ഉയർത്തുന്നു. ആക്രമിക്കപ്പെട്ട സ്ത്രീക്കു നീതി കിട്ടണം എന്ന ആവശ്യത്തെ കുറ്റാരോപിതനെ ക്രൂശിക്കലായി വ്യാഖ്യാനിക്കപ്പെടുന്നു. ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ നിശ്ശബ്ദയാക്കാൻ അർധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോൾ, പീഡനം നേരിട്ട സ്ത്രീക്കു രണ്ടു ദിവസത്തേക്ക് എഴുന്നേറ്റു നടക്കാൻ സാധിക്കുമോ എന്ന സംശയം ഉന്നയിച്ച പുരുഷന്മാരെ ഓർമ്മയില്ലേ? രണ്ടു ദിവസത്തിനു മുമ്പ് എഴുന്നേറ്റു നടന്നിട്ടുണ്ടെങ്കിൽ പീഡനം നടന്നിട്ടില്ല എന്നായിരുന്നു ആ ചോദ്യത്തിന്റെ ധ്വനി. പക വീട്ടാൻ ഗൂഢാലോചന നടത്തി നഗരമദ്ധ്യത്തിൽ വച്ച് തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വച്ച് ആക്രമിച്ചതിനെ മാത്രമല്ല, അതിക്രമത്തെ അതിജീവിച്ചവളെ പിന്തുണയ്ക്കാൻ സമൂഹത്തിനും സംഘടനയ്ക്കുമുള്ള ബാധ്യതയെക്കൂടി മായ്ച്ചു കളയുന്നതായിരുന്നു ആ ചോദ്യം.

കന്യാസ്ത്രീയുടെ കേസിലും അവർ ഇതുപോലെ ഒരു ചോദ്യം ഉയർത്തുന്നു - പതിമൂന്നു തവണ പീഡിപ്പിക്കപ്പെട്ടുവെങ്കിലും പന്ത്രണ്ടു തവണ എന്തു കൊണ്ടു പരാതിപ്പെട്ടില്ല ? പന്ത്രണ്ടു തവണ പരാതിപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും പരാതിപ്പെടാൻ അവകാശമില്ല എന്നാണ് ആ ചോദ്യത്തിന്റെ ധ്വനി. അതെ, നാലു വർഷമായി നീതിക്കു വേണ്ടി സഭയ്ക്കുള്ളിൽ ഓരോ വാതിൽക്കലും മുട്ടി വിളിച്ച ഒരു സ്ത്രീ അനുഭവിച്ച നരകയാതനയെ മാത്രമല്ല, സ്വന്തം സഭയുടെ മാനം കാക്കാൻ ബിഷപ്പിനുള്ള ബാധ്യതയെക്കൂടി സമർത്ഥമായി മായ്ച്ചു കളയുന്ന ചോദ്യം.

രണ്ടു സംഭവങ്ങളിലും നിന്ന് പഠിക്കാനുള്ള പാഠം ഒന്നു തന്നെയാണ് :

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരും അവകാശങ്ങളെ കുറിച്ചു ബോധ്യമുള്ളവരുമായ സ്ത്രീകളെ- അവർ കന്യാസ്ത്രീകളായാലും സിനിമാതാരങ്ങളായാലും വീട്ടമ്മമാരായാലും - മലയാളികളിൽ ആൺപെൺ ഭേദമെന്യെ ബഹുഭൂരിപക്ഷവും കഠിനമായി വെറുക്കുന്നു.

ചിലർക്ക്, അത് അറിവുകേടിന്റെയും അധികാരനഷ്ടത്തിന്റെയും അസഹ്യത മൂലമുള്ള വെറുപ്പാണ്.

മറ്റു ചിലർക്ക് അത് നിക്ഷിപ്തതാൽപര്യ സംരക്ഷണാർത്ഥമുള്ള വെറുപ്പാണ്.

സിനിമയിലായാലും സഭയിലായാലും സ്ത്രീ സമരം ചെയ്യുന്നത് ആ വെറുപ്പിനോടാണ്.

ഒരു വ്യത്യാസമേയുള്ളൂ ഈ രണ്ടു കേസുകളും തമ്മിൽ-

ആദ്യ കേസിൽ പൊലീസ് അതിജീവിച്ചവളോടൊപ്പം നിന്നു.

രണ്ടാമത്തെ കേസിൽ, അതിക്രമിയോടൊപ്പം നിൽക്കുന്നു.

ആദ്യ കേസിൽ ഗവൺമെന്റ് അദ്ഭുതപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ കേസിൽ ഗവൺമെന്റ് നിരാശപ്പെടുത്തുന്നു.

ഒരേ സമയം അതിക്രമിയോടും അതിക്രമത്തിന്റെ മാനസികാഘാതത്തോടും വാദിയെ പ്രതിയാക്കുന്ന സഭയോടും കണ്ണടച്ച് ഇരുട്ടാക്കുന്ന സർക്കാരിനോടും സമരം ചെയ്യേണ്ടി വരുന്നതാണു കർത്താവിന്റെ മണവാട്ടിമാരുടെ ദുർവിധി.
സഭയിലെ വിമൻ കളക്ടീവിനെ കർത്താവു രക്ഷിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP