Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിൽ പുൽപായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല; ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്; ഒരു മതസംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ; മാധ്യമം പത്രം വാങ്ങുന്നവരും മീഡിയാ വൺ ചാനൽ കാണുന്നവരാമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്; ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ

കടലിൽ പുൽപായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല; ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്; ഒരു മതസംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ; മാധ്യമം പത്രം വാങ്ങുന്നവരും മീഡിയാ വൺ ചാനൽ കാണുന്നവരാമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്; ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെയും വെൽഫർ പാർട്ടിയോടും എന്നും മൃദുസമീപനം പുലർത്തുന്ന വ്യക്തിയായാണ് സിപിഎം സ്വതന്ത്രനായി ജയിച്ച മന്ത്രി കെ ടി ജലീൽ അറിയപ്പെട്ടിരുന്നത്.ജലീലിനെ ജയിപ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നെന്നും വ്യക്തമാണ്.എന്നാൽ ഇപ്പോഴിതാ ജമാഅത്തെ ഇസ്ലാമിയെയും വെൽഫയർ പാർട്ടിയെയും അതിരൂക്ഷമായി വിമർശിച്ച് കെ ടി ജലീൽ രംഗത്തെത്തിയിരക്കയാണ്.

സർക്കാറിനെതിരെ നിരന്തരം വെൽഫയർ പാർട്ടി പ്രവർത്തകർ നുണപ്രചരിപ്പിക്കുന്നെന്നും മലപ്പുറത്തെ വികസന പ്രശ്നങ്ങൾ ആളുകെളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജലീൽ രംഗത്ത് എത്തിയിരിക്കുന്നത്.ആർ.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി എന്നത് പോലെ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമാണല്ലോ വെൽഫെയർ പാർട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഫേസ്‌ബുക്ക്പോസ്റ്റിന് കീഴെ ലീഗിന്റെയും വെൽഫയർ പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ വന്ന് പൊങ്കാലയിടുന്നുണ്ട്.താങ്കൾ മുൻ സിമിക്കാരനാണെന്നത് മറന്നോ എന്നാണ് അവർ ചോദിക്കുന്നത്.

ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നവരോട് സവിനയം

സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അത് ന്യായത്തിനായിരിക്കണമെന്ന് മാത്രം. അല്ലാത്ത സമരങ്ങൾ തൂറ്റിപ്പോവുക സ്വാഭാവികമാണ്. ഗെയ്ൽ വിരുദ്ധ സമരത്തിനും നേഷണൽ ഹൈവേ സർവ്വേക്കെതിരായ സമരത്തിനും സംഭവിച്ച ദയനീയ പരിണിതി യാദൃശ്ചികമായിരുന്നില്ല. മുക്കമുൾപ്പടെ മലപ്പുറം ജില്ലയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഗെയ്ൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ചു കഴിഞ്ഞു. ഏ.ആർ നഗർ അടക്കം മലപ്പുറം ജില്ലയിൽ എല്ലാ വില്ലേജുകളിലും സർവ്വേ പൂർത്തിയാക്കിക്കഴിഞ്ഞു. സ്ഥല ഉടമകളുമായുള്ള ചർച്ചയും പണം നൽകിയുള്ള മുൻകൂർ സ്ഥലമേറ്റെടുക്കലും അടുത്ത മാസം ആരംഭിക്കുകയാണ്. സ്ഥലം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവർ ഈ രണ്ടു പദ്ധതിയോടും മാനസികമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുകാര്യവും ലോകത്തൊരിടത്തും സമ്പൂർണ്ണ ഐക്യത്തോടെ നടപ്പിലാക്കാനായിട്ടില്ലല്ലൊ. വെൽഫെയർ പാർട്ടി മുന്നിൽ നിന്ന് നയിച്ച പുറത്തൂർ സമരത്തിനും സമാനഗതി തന്നെയാണ് വന്നുഭവിച്ചിരിക്കുന്നത്. അവിടെ നിയമാനുസൃതമായി വാരിക്കൂട്ടിയ മണൽ മുഴുവനും പ്ലാന്റിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു. വെള്ളപ്പൊക്കത്തിൽ തകർന്ന കടവ് പുനർനിർമ്മിച്ചാൽ തുറമുഖത്തിനടുത്തെ കപ്പൽ ചാലുകൾ തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച ഉപ്പുമണൽ വാരലും പുനരാരംഭിക്കും. സമരക്കാർക്ക് കോടതിയെ സമീപിച്ച് പദ്ധതി തടയാൻ ഇതുവരെയും കഴിയാത്തത് ഒരു ന്യായവും അവരുടെ പക്ഷത്ത് ഇല്ലാത്തതുകൊണ്ടാണ്.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമാണല്ലോ വെൽഫെയർ പാർട്ടി. ആർ.എസ്.എസിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി എന്നത് പോലെ. സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ വാക്കുകൾ കടമെടുത്ത്, ചെറിയ വകഭേദം നടത്തി പറഞ്ഞാൽ കടലിൽ പുൽപായയിട്ട് നമസ്‌കരിച്ചാലും മുസ്ലിം സമുദായം വെൽഫെയർ പാർട്ടിയെ വിശ്വസിക്കില്ല. അത്കൊണ്ടു തന്നെയാണ് മുസ്ലിം സാന്ദ്രീകൃത മേഖലകളിൽ അവർ തോറ്റു തുന്നം പാടുന്നത്. കേരളത്തിലെ മത - സമുദായ - രാഷ്ട്രീയ സംഘടനകളുടെ വളർച്ച പരിശോധിച്ചാൽ ഏറ്റവും ശുഷ്‌കമായി 'വളർന്ന' പാർട്ടിയാണ് വെൽഫെയർ പാർട്ടി എന്നു കാണാനാകും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പടവലങ്ങ പോലെ കീഴ്പോട്ടാണ് അവരുടെ പോക്ക്. മുസ്ലിം ബഹുജനങ്ങൾ എന്നേ തള്ളിയെറിഞ്ഞവരാണ് ഇവരെന്നർത്ഥം. മത സംഘടന എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല. വിതച്ചപ്പോഴും ഒരു കൊട്ട, കൊയ്തപ്പോഴും ഒരു കൊട്ട എന്ന പരുവത്തിലല്ലേ അവരും. മാധ്യമം പത്രം വാങ്ങുന്നവരും മീഡിയ വൺ ചാനൽ കാണുന്നവരാമൊക്കെ 'ഞമ്മന്റെ' ആളുകളാണെന്ന് കരുതിയേടത്ത് നിന്നാണ് നവ ലിബറൽ യാഥാസ്തിക ഇസ്ലാമിസ്റ്റുകൾക്ക് പിഴച്ചു തുടങ്ങിയത്. വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും കരുതുന്നത് മത-രാഷ്ട്രീയ രംഗങ്ങളിൽ ഇക്കൂട്ടർ മാത്രമേ ശരിയുടെ വഴിയിലുള്ളൂ എന്നാണ്. മറ്റുള്ളവരെല്ലാം വഴികേടിലാണെന്നും ഈ 'സ്വാർത്ഥ' വാഹക സംഘം കരുതുന്നു.

സിപിഎം നെ കോർപ്പറേറ്റ് പാർട്ടി എന്നു വിളിക്കാൻ കാരണമായി വെൽഫെയറുകാർ സാധാരണ പറയാറുള്ളത് 'അവർക്ക് ചാനലുണ്ട്, പത്രമുണ്ട്, സ്ഥാപനങ്ങളുണ്ട്, നാടാകെ ഓഫീസുകളുണ്ട്, ആശുപത്രികളുണ്ട് എന്നൊക്കെയാണ്. ഇതേ മാനദണ്ഡം അളവുകോലായെടുത്താൽ 'കോർപ്പറേറ്റ് മതസംഘടന' എന്ന പട്ടം ജമാഅത്തെ ഇസ്ലാമിക്കും നൂറുവട്ടം ചേരുമല്ലോ? ജമാഅത്തെ ഇസ്ലാമിക്ക് പത്രമുണ്ട്, ചാനലുണ്ട്, സ്ഥാപനങ്ങളുണ്ട്, ആശുപത്രികളുണ്ട്, സ്വന്തമായി ആരാധനാലയങ്ങളും ഓഫീസുകളുമുണ്ട്. ഒരു മത സംഘടനക്ക് ഇതൊക്കെ നടത്താമെങ്കിൽ എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്ക് ആയിക്കൂടാ. വിദേശ രാജ്യങ്ങളിൽ നിന്നും സ്വദേശക്കാരിൽ നിന്നും പണപ്പിരിവ് നടത്തി ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംരഭങ്ങളിൽ സംഘടനാ നേതാക്കളുടെ മക്കൾക്കും മരുമക്കൾക്കും നല്ല ശമ്പളം നൽകി നിയമനം നൽകുന്നതിലെ ധാർമ്മികതയെ കുറിച്ച് എന്തേ എഴുത്തും ആലോചനയും നിങ്ങൾക്കില്ലാതെ പോകുന്നത്? സിപിഎം ന് അയ്‌രണ്ട് പത്തും ജമാഅത്തെ ഇസ്ലാമിക്ക് അയ്‌രണ്ട് എട്ടും ആകുന്നത് എങ്ങിനെയാണ്?

കേരള 'അമീർ' മുഖ്യമന്ത്രിയാക്കുന്നതും ജില്ലാ 'നാസിമു'മാർ കൊടിവെച്ച കാറിൽ പറക്കുന്നതും 'കാർക്കൂനു'കൾ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരായി വിലസുന്നതും വെൽഫെയർ പാർട്ടിക്കാർക്ക് സ്വപ്നം കാണാമെങ്കിൽ എന്നെ കുറിച്ച് സ്വപ്നം കാണാൻ എനിക്കുള്ള അവകാശം എന്തിന് നിങ്ങൾ നിഷേധിക്കുന്നു? എന്റെ അധികാരക്കൊതിയെ സംബന്ധിച്ച് വാചാലാരാകുന്നവർ മതത്തിന്റെ പുറംതോട് പൊട്ടിച്ച് രാഷ്ട്രീയ കുപ്പായം തുന്നിച്ച് അണിഞ്ഞിരിക്കുന്നത് 'നാളെ' സ്വർഗ്ഗത്തിൽ അധികാരക്കസേരയിൽ ഇരിക്കാൻ വേണ്ടിയല്ലെന്ന കാര്യം വിസ്മരിക്കരുത്. 'പരസ്യമാനിയ' യിൽ മോദിയെപ്പോലും തോൽപിക്കും ജമാഅത്തെ ഇസ്ലാമിയുടെ 'പഞ്ചപാവങ്ങൾ'. ഇക്കഴിഞ്ഞ പ്രളയകാലത്തും അവരത് തെളിയിച്ചു. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും അവരെ റിലീഫ് കേമ്പുകളൊരുക്കി പുനരധിവസിപ്പിക്കാനും നാടൊന്നാകെ മുന്നിട്ടിങ്ങി. അക്കൂട്ടത്തിൽ സിപിഎം കാരും കോൺഗ്രസ്സുകാരും സിപിഐ കാരും ലീഗുകാരും മററു രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒരു പാർട്ടിയോടും ആഭിമുഖ്യമില്ലാത്ത നിരവധി മനുഷ്യരും എല്ലാമുണ്ടായിരുന്നു. എന്നാൽ മൂന്ന് കൂട്ടരെയാണ് സങ്കുചിതമായ മത-രാഷ്ട്രീയ താൽപര്യത്തോടെ പ്രത്യേക നിറത്തിലും പുറത്ത് പേരെഴുതി ഒട്ടിച്ചവരായും നാം കണ്ടത്. ഒന്ന് ജമാഅത്തെ ഇസ്ലാമിക്കാരായിരുന്നു, മറ്റൊന്ന് സേവാഭാരതിക്കാരായിരുന്നു, മൂന്നാമത്തെ കൂട്ടർ SDPI ക്കാരായിരുന്നു. മരണമുഖത്ത് പോലും വിഭാഗീയ മനസ്സോടെ പ്രവൃത്തിക്കാൻ വിശ്വാസം തലക്കു പിടിച്ചവർക്കേ കഴിയൂ. എന്നിട്ടും നിസ്വാർത്ഥ സംഘമാണ് തങ്ങളെന്ന് വിളിച്ചുകൂവുന്നത് കേൾക്കാൻ നല്ല രസമുണ്ട്.

മതേതരമെന്ന് വരുത്താൻ ലീഗ് രാമൻ മാഷെന്ന സാത്വികനെ രംഗത്തിറക്കി മറുപടി പറയിപ്പിച്ചിരുന്നത് പോലെ വെൽഫെയർ പാർട്ടി എനിക്കെതിരെ വാചകക്കസർത്തു നടത്താൻ അവരുടെ രാമനെ (മാഷെയല്ല) കളത്തിലിറക്കിയത് കണ്ടപ്പോൾ കൗതുകം തോന്നി. ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും ചേർന്നാൽ കാൽ മന്ത്രിയേ ആകുന്നുള്ളുവെന്ന വെൽഫെയർ ജില്ലാ നേതാവിന്റെ പ്രസ്താവനയോട് സഹതാപമേ തോന്നുന്നുള്ളു. കഴുതക്കാമം കരഞ്ഞുതന്നെ തീർക്കണ്ടെ? ചമ്രവട്ടം - ബി.പി അങ്ങാടി റോഡ് പുനർനിർമ്മിക്കാൻ 6.5 കോടി രൂപ സർക്കാർ അനുവദിച്ച് ടെൻഡർ ചെയ്തെങ്കിലും മഴ അപ്രതീക്ഷിതമായി നേരത്തെ വന്നതിനാൽ കോൺട്രാക്ടർമാർക്ക് കാലവർഷത്തിന് മുൻപ് ടാറിങ് പ്രവർത്തി പൂർത്തിയാക്കാനായില്ല. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ എല്ലാം ഭംഗിയാക്കി അഞ്ചു കിലോമീറ്റർ ജനകീയ നടത്തോൽഘാടനം സംഘടിപ്പിക്കുമ്പോൾ ലീഗുകാർക്കും കോൺഗ്രസ്സുകാർക്കും വെൽഫെയറുകാർക്കും അതിൽ പങ്കാളികളാവാം. 7 കോടി ചെലവിട്ടുകൊണ്ട് എടപ്പാൾ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന സ്റ്റേഡിയത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എടപ്പാൾ മേൽപ്പാലവും ഒളമ്പക്കടവ് പാലവും യഥാക്രമം ടെൻഡർ എടുത്തിരിക്കുന്നത് ഏറനാട് കൺസ്ട്രക്ഷനും (മലപ്പുറം) മേരിമാതാ കമ്പനി (മുവാറ്റുപുഴ)യുമാണ്. വരുന്ന കേരളപ്പിറവി ദിനത്തിൽ തുടങ്ങി രണ്ടു വർഷം കൊണ്ട് അവയുടെ പ്രയോജനം ജനങ്ങൾക്ക് അനുഭവേദ്യമാക്കും. ഞാൻ എണ്ണിപ്പറഞ്ഞ വികസന കാര്യങ്ങളൊക്കെ 2021 മാർച്ചിന് മുമ്പ് പൂർത്തിയാക്കും വിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പറഞ്ഞത് പ്രാവർത്തികമാക്കിയ പാരമ്പര്യമേ എനിക്കുള്ളു. അത് തെറ്റിക്കില്ലെന്ന് എന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് ഉറപ്പിക്കാം.

എഴുതാനും വായിക്കാനും എനിക്കൊരു കൂലിക്കാരന്റെ ആവശ്യമില്ലെന്ന് വെൽഫെയറിന്റെ 'മതേതരമുഖത്തിനൊ'ന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചാൽ നന്നാകും. രോഗികളെ ചികിൽസിച്ച് മരുന്നെഴുതിക്കൊടുക്കാൻ കഴിയുന്ന ഡോക്ടറല്ല ഞാനെന്ന് മാലോകർക്കൊക്കെ അറിയാം. ജമാഅത്ത് നേതാക്കളായ ഡോ: കൂട്ടിൽ മുഹമ്മദലിയെപ്പോലെ, ഡോ: സലാം വാണിയമ്പലത്തെപ്പോലെ, ഡോ: ജമീൽ അഹമ്മദിനെപ്പോലെ ഡോക്ടറേറ്റ് എഴുതി എടുത്ത ഒരു പാവം ഡോക്ടറാണ് ഞാനും. അതൊരു അയോഗ്യതയാണെങ്കിൽ എന്നോട് പൊറുക്കുക. കാലിച്ചായയുടെ കാര്യം മരിക്കുന്നത് വരെ പറയാനുള്ള യോഗ്യത നിലനിർത്താൻ കഴിയട്ടേ എന്ന ഒരൊറ്റ പ്രാർത്ഥനയേ എനിക്കുള്ളു. തല ഉയർത്തിപ്പിടിച്ച് ലോകത്തെ നോക്കി അഭിമാനത്തോടെ ഒരുത്തന്റെ കറയും എന്റെ ദേഹത്ത് പറ്റിയിട്ടില്ലെന്ന് സധൈര്യം വിളിച്ചു പറയാൻ കഴിയാത്ത ഒരു ദിവസം വന്നാൽ പിന്നെ കെ.ടി.ജലീലെന്ന പൊതു പ്രവർത്തകൻ ഉണ്ടാവില്ല. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP