Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്താൽ അയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്; ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്ന് എംഎൻ കാരശ്ശേരി; അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്താൽ അയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്; ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്ന് എംഎൻ കാരശ്ശേരി; അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുന്നയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് മാർക്‌സിസ്റ്റ് ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമെല്ലാമായ കെഇഎൻ കുഞ്ഞഹമ്മദ് എഴുതിയത് ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ. പുതിയ ലക്കം മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ 'ഒരു കമ്യൂണിസ്റ്റിന്റെ മൂന്ന് വിശ്വാസഘട്ടങ്ങൾ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച കെ.ഇ.എന്നുമായി കെ.കണ്ണൻ നടത്തിയ അഭിമുഖത്തിലെ കെഇഎന്നിന്റെ പരാമർശങ്ങളാണ് ഒരു ചർച്ചയായി പരിണമിച്ചത്. ആരെങ്കിലും 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞാൽ തിരിച്ച് 'വ അലൈക്കും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യാൻ തീരുമാനിച്ചു എന്നായിരുന്നു കെ.ഇ.എൻ പറഞ്ഞത്. എന്നാൽ സലാമിന് പകരം സലാം പറയണമെന്ന് നിർബന്ധമുള്ളവർ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ എന്ന ചോദ്യവുമായി എം.എൻ കാരശ്ശേരി രംഗത്ത് എത്തിയതോടെ വിഷയം കൊഴുത്തു. ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തന്നെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു കാരശ്ശേരിയുടെ ചോദ്യം. ഇതോടെ വിഷയം ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. 

മുസ്‌ളീങ്ങൾക്കിടയിൽ നിലവിലുള്ള അഭിവാദന പ്രത്യഭിവാദന രീതിയാണ് ഇത്. സലാം പറയുക എന്ന് പൊതുവായി പറയും. ദൈവത്തിന്റെ സമാധാനം അഥവാ രക്ഷ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ എന്നാണ് അസ്സലാമു അലൈക്കും എന്ന പ്രയോഗത്തിന്റെ അർത്ഥം. ഇതു പറയുന്നയാളോട് വ അലൈക്കും അസ്സലാം എന്ന് പ്രത്യഭിവാദ്യം ചെയ്യാനാണ് ഇസ്‌ളാം മതം അനുശാസിക്കുന്നത്. അത് അതുപോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ എന്നാണിതിന് അർത്ഥം. പരസ്പര സ്‌നേഹം ഊട്ടിയുറപ്പിക്കാൻ സലാം പറയുന്നത് വ്യാപിപ്പിക്കാനാണ് പ്രവാചകൻ ആഹ്വാനം ചെയ്തത്. സലാം പറഞ്ഞ് ഹസ്തദാനം നടത്തിയാണ് നബി വിശ്വാസികളുമായി സംസാരം തുടങ്ങുന്നതെന്ന് ഹദീസുകളിലും വിവരിച്ചിട്ടുണ്ട്. താൻ കണ്ടുമുട്ടുന്നവരോടെല്ലാം നബി സലാം പറയുകയും അത് പുണ്യമുള്ള കാര്യമാണെന്ന് അനുചരരെ പഠിപ്പിക്കുകയും ചെയ്തു. ഇതാണ് സലാം പറയുന്നതിന്റെ വിശ്വാസപ്രമാണം.

ഈ വിഷയത്തിൽ കെഇഎൻ നടത്തിയ പരാമർശങ്ങളാണ് ചർച്ചയായത്. ഇതുവരെ സലാം പറയുകയോ പറയുന്നവരെ തിരിച്ച് പ്രത്യഭിവാദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നായിരുന്നു കെഇഎൻ അഭിമുഖത്തിൽ പറഞ്ഞത്. ഏതെങ്കിലും തരത്തിൽ മതവിശ്വാസി എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഈയൊരു പ്രയോഗം കാരണമാകുമോ എന്നു കരുതിയാണ് ഇതുവരെ പറയാതിരുന്നതെന്നും എന്നാൽ ഇടയ്ക്ക് പി ടി കുഞ്ഞുമുഹമ്മദുമായി ഉണ്ടായ ഒരു സംഭാഷണം തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നുമാണ് കെഇഎൻ പറയുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നും ഇനി അഭിവാദ്യം ചെയ്താൽ പ്രത്യഭിവാദ്യം ചെയ്യാൻ തീരുമാനിച്ചുവെന്നുമായിരുന്നു കെഈഎൻ ഈ വിഷയത്തിൽ അഭിമുഖത്തിൽ പ്രതികരിച്ചത്.

ഇതിന് മറുപടിയെന്നോണം എംഎൻ കാരശ്ശേരി ആരെങ്കിലും ജയ് ശ്രീറാമെന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ പ്രതികരിക്കുമോ എന്ന് ചോദിച്ചതാണ് ചർച്ചയായത്. ജയ് ശ്രീറാം എന്നത് മനുഷ്യർ തമ്മിലുള്ള ഹിംസാത്മകമായ ആക്രോശമായാണ് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമെന്നും അത് അഭിവാദ്യമല്ലെന്നും പറഞ്ഞ് ശ്രീജിതുകൊണ്ടോട്ടി ഇതിനെ വിമർശിക്കുന്നു. സമാനമായ രീതിയിൽ കാരശ്ശേരിയുടെ ചോദ്യത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതോടെ വിഷയം സജീവ ചർച്ചയായി മാറുകയാണിപ്പോൾ. കാരശ്ശേരി ഇത്രയ്ക്ക് ബുദ്ധിശൂന്യനാണോ എന്ന് ചോദിച്ച് ഹൈദർ അലി ഈ വിഷയത്തിൽ ദ ക്രിട്ടിക്കിൽ നൽകിയ കുറിപ്പും ചർച്ചയായി. ചർച്ച വ്യാപിക്കുന്നതിനിടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അസ്സലാമു അലൈകും എന്ന പോസ്റ്റിട്ടും രംഗത്ത് വന്നിട്ടുള്ളത്.

അഭിമുഖത്തിൽ കെഇഎൻ പറഞ്ഞത്

ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി പറയാം. പരിചയപ്പെടുന്നവരും ബന്ധുക്കളും ഇസ്ലാമിക പതിവനുസരിച്ചും അല്ലാതെയും 'അസ്സലാമു അലൈക്കും' എന്നു പറയുമ്പോൾ 'വ അലൈക്കും അസ്സലാം' എന്ന് അൗപചാരികമായി പറയുന്നതിൽ അനൗചിത്യമില്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാൻ ഇതുവരെ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിന് കാരണം ഏതെങ്കിലും തരത്തിൽ മതവിശ്വാസി എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഈയൊരു പ്രയോഗം കാരണമാകുമോ എന്ന ഉൽകണ്ഠയായിരുന്നു.

എന്നാൽ സമീപകാലത്ത് ഫോണിൽ ഒരു സുഹൃത്ത് 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞപ്പോൾ തിരിച്ച് ഓകെ എന്ന് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ, സാധാരണ ഭൂരിപക്ഷം പേരും കാര്യം കാര്യം സംസാരിക്കുകയാണ് പതിവ്. ആ സുഹൃത്താകട്ടെ ഓകെ പോരല്ലോ എന്നു പറഞ്ഞു. വീണ്ടും അയാൾ അസ്സലാമു അലൈക്കും പറഞ്ഞു. ഞാൻ വീണ്ടും ശരി എന്നു പറഞ്ഞു. അപ്പോൾ അയാൾ ശരി പോരല്ലോ എന്നു പറഞ്ഞു. ഫോൺ കട്ടായി പിന്നെയും വന്നു. അയാൾ വീണ്ടും അസ്സലാമു അലൈക്കും പറഞ്ഞു ഞാൻ തിരിച്ച് ആ പറയു എന്നായി. ആ പറയു എന്നു പറഞ്ഞാൽ പോരല്ലോ എന്ന് അയാൾ എന്നോട്. അസ്സലാമു അലൈക്കും പറഞ്ഞാൽ ഉച്ചത്തിൽ തന്നെ വ അലൈക്കും അസ്സലാം എന്നു പറയേണ്ടതുണ്ടോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. അങ്ങനെ പറയുന്നതാണല്ലോ ഉചിതം എന്നായി അയാൾ. വീണ്ടും സംഘർഷം. ഒടുവിൽ ചിരിച്ച് അയാൾ പറഞ്ഞു ഞാൻ പി.ടി കുഞ്ഞുമുഹമ്മദാണ്. ആ സംഭാഷണം കുറേക്കൂടി ആഴത്തിൽ ആലോചിക്കാൻ പ്രേരകമായി.

നമസ്‌ക്കാരം പറഞ്ഞാൽ തിരിച്ച് നമസ്‌ക്കാരം, ജയ് ഹിന്ദ് പറഞ്ഞാൽ തിരിച്ച് ജയ് ഹിന്ദ്, അസ്സലാമു അലൈക്കും എന്നതിന് തിരിച്ച് വ അലൈക്കും അസ്സലാം എന്ന് പറയാൻ കഴിയാതെ പോകുന്നത് എന്ത്കൊണ്ട് എന്ന് വിമർശനപരമായി ആലോചിച്ചു. ആലോചനയുടെ ഭാഗമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഈയൊരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ അഭിവാദ്യം ചെയതാൽ അതേ രീതിയിൽ പ്രത്യഭിവാദ്യം ചെയ്യണമെന്ന് തീരുമാനിച്ചു. രണ്ടു മൂന്നു മാസം ആരും ഈ രീതിയിൽ അഭിവാദ്യം ചെയ്തില്ല. ഈയിടെ ചിലർ വിളിച്ചപ്പോഴാകട്ടെ വേണ്ട രീതിയിൽ പ്രതികരിക്കാനും കഴിഞ്ഞില്ല. തത്ത്വത്തിൽ പഴയ തീരുമാനം തിരുത്തിയെങ്കിലും പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. എന്നാൽ ഇനി മുതൽ ഇങ്ങനെ സലാം ചെയ്യുമ്പോൾ തിരിച്ച് സലാം പറയും. നമസ്തെക്ക് നമസ്തെ. ജയ് ഹിന്ദിന് ജയ് ഹിന്ദ്. ഒരു പക്ഷെ ഫാസിസ്റ്റാനന്തര കാലത്തെ നിരന്തരമായ ജനാതിപധ്യ ബഹുസ്വര മാറ്റമായി ഞാൻ ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു.

എം.എൻ കാരശ്ശേരിയുടെ കുറിപ്പ് ഇങ്ങനെ:

ഈ ലക്കത്തെ മാതൃഭൂമിയിൽ കേരളത്തിലെ മാർക്‌സിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എൻ പറയുന്നു, ആരെങ്കിലും അസ്സലാമു അലൈക്കും പറഞ്ഞാൽ തിരിച്ച് വലൈക്കും അസ്സലാം എന്ന് പറയാൻ അയാൾ ജീവിതം കൊണ്ട് പഠിച്ചിരിക്കുന്നു എന്ന്. എനിക്ക് ചോദിക്കാനുള്ളത് ഒരു ലളിതമായ ചോദ്യമാണ്. ജയ് ശ്രീരാം, ജയ് ഹനുമാൻ, സ്വാമി ശരണം എന്നൊക്കെ അഭിസംബോധന ചെയ്യുന്നവരുണ്ട്. കെ.ഇ.എൻ അവരെയും അതേ പോലെ തിരിച്ച് അഭിസംബോധന ചെയ്യുമോ. അഭിസംബോധന ചെയ്യപ്പെടുന്ന അതേ രീതിയിൽ തിരിച്ച് പറയാൻ ഞാൻ തയ്യാറാണ്. സലാമിന് പകരം സലാം പറയണമെന്ന് നിർബന്ധമുള്ളവർ തന്നെ മറ്റ് തരത്തിലുള്ള അഭിവാദ്യങ്ങളോട് അതൃപ്തി കാണിക്കില്ലേ.

കാരശ്ശേരി മാഷെ.. കഷ്ടം
ഹൈദർഅലി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു നിരീക്ഷണത്തോട്, ശ്രീ. എം.എൻ. കാരശ്ശേരിയുടെ പ്രതികരണം കണ്ടപ്പോൾ ഇദ്ദേഹം ഇത്രയ്ക്കു ബുദ്ധിശൂന്യനാണോ എന്ന് തോന്നിപ്പോയി. നമസ്‌കാരം പറഞ്ഞാൽ തിരിച്ചും നമസ്‌കാരം പറയുന്നത് പോലെ, ഒരാൾ 'അസ്സലാമു അലൈകും' എന്ന് അഭിവാദ്യം ചെയ്താൽ അയാളെ 'വ അലൈകും അസ്സലാം' എന്ന് പ്രത്യഭിവാദ്യം ചെയ്യാൻ താൻ തീരുമാനമെടുത്തുവെന്നും ഫാഷിസ്റ്റനന്തര കാലത്തെ ജനാധിപത്യ ബഹുസ്വരതയെക്കുറിച്ച നിരന്തരപ്രചാരണം എന്നിൽ വരുത്തിയ ബഹുസ്വരമാറ്റമായി ഇതിനെ സ്വയം സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു കെ.ഇ.എൻ. പറഞ്ഞത്. ഇതിന് പ്രതികരണമായി ശ്രീ. കാരശ്ശേരി ചോദിച്ചത്, സലാം പറഞ്ഞാൽ തിരിച്ചും സലാം പറയുന്നത് പോലെ, ആരെങ്കിലും ജയ് ശ്രീറാം / ജയ് ഹനുമാൻ എന്ന് അഭിവാദ്യം ചെയ്താൽ അത് പോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്നായിരുന്നു ! ഒന്നാമതായി, അസ്സലാമു അലൈകും എന്നത് നമസ്തേ / നമസ്‌കാരം / ഗുഡ്മോണിങ് എന്നീ അഭിവാദ്യങ്ങൾ പോലെ അറബി ഭാഷയിലുള്ള ഒരു അഭിവാദ്യമാണ്. 'താങ്കളുടെ മേൽ സമാധാനം ഉണ്ടാവട്ടെ' എന്നാണ് അതിന്റെ ലളിതസാരം.

എന്നാൽ ജയ് ശ്രീറാം / ജയ് ഹനുമാൻ എന്നത് അടിസ്ഥാനപരമായി ഒരു അഭിവാദ്യരീതി പോലുമല്ല. ഹൈന്ദവവിശ്വാസികൾ ആരാധനാമൂർത്തികളായി കാണുന്ന ശ്രീരാമൻ, ഹനുമാൻ എന്നീ അവതാരങ്ങളെ വാഴ്‌ത്തുന്ന രീതിയാണത്. അഥവാ ഒന്ന് മനുഷ്യർ തമ്മിലുള്ള അഭിവാദ്യവും മറ്റേത് ആരാധനാ മൂർത്തികളെ പ്രകീർത്തിക്കലുമാണ്. ഇത് രണ്ടും ഒരു പോലെയാണെന്ന കാരശ്ശേരിയുടെ താരതമ്യം തന്നെ ബാലിശമാണ്. രണ്ടാമതായി, ജയ് ശ്രീറാം / ജയ് ഹനുമാൻ എന്നതെല്ലാം നിലവിലെ സാഹചര്യത്തിൽ ഹിന്ദുത്വതീവ്രവാദികൾ ന്യൂനപക്ഷങ്ങളെ സാംസ്‌കാരികമായി ബലാൽക്കാരം ചെയ്യാൻ പ്രയോഗിക്കുന്ന ഹിംസാത്മകശൂലങ്ങളാണ്. യഥാർത്ഥ ഹൈന്ദവവിശ്വാസികൾ ഭകതിപൂർവ്വം രാമനേയും കൃഷ്ണനേയും വിളിക്കുന്ന പോലെ നിഷ്‌കളങ്കമല്ല 'ബാബരിമസ്ജിദ് നിലനിന്നിടത്തു ജനിച്ച ശ്രീരാമനു' വേണ്ടിയുള്ള സംഘിഭീകരന്മാരുടെ 'ജയ്' വിളി.

തീവ്ര ഹൈന്ദവ ദേശീയതയുടെയും വംശീയതയുടെയും പരമതവിദ്വേഷത്തിന്റെയും ആക്രോശം മാത്രമാണത്. ശ്രീരാമനെ ആരാധ്യനായി കാണാത്ത മുസ്ലീങ്ങളെക്കൊണ്ട് പോലും ബലം പ്രയോഗിച്ചും മർദിച്ചും ജയ് ശ്രീറാം വിളിപ്പിക്കുന്നത് ഈ ഹിംസാത്മക ബോധമാണ്. ഒരു പക്ഷെ ഇസ്ലാമിനോടും അതിന്റെ സാംസ്‌കാരിക ചിഹ്നങ്ങളോടുമുള്ള അന്ധമായ വിരോധമാവാം ഈ രീതിയിൽ പ്രതികരിക്കാൻ അദ്ദേഹത്തിനുണ്ടായ പ്രകോപനം. അതല്ലെങ്കിൽ 'മതേതരകേരള'ത്തിന്റെ രണ്ടാമത്തെ 'കൃഷ്ണമണി'യാവാനുള്ള അമിതാവേശവുമാവാം. അതെന്തുതന്നെയായാലും ഇത്തരം ഹിംസാത്മക ആക്രോശങ്ങളെ തികച്ചും ഗുണകാംക്ഷയോടെയുള്ള ഒരു അഭിവാദ്യവാക്യത്തോട് സമീകരിക്കുമ്പോൾ ഹിന്ദുത്വതീവ്രവാദികളുടെ സാംസ്‌കാരികാധിനിവേശങ്ങൾക്ക് സ്വാഭാവികതയുടെ മൂവർണ്ണപ്പരവാതാനി വിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്നവർക്ക് ചേർന്നതല്ല ഇത്തരം അശ്‌ളീലമായ വിഡ്ഢിത്തരങ്ങൾ.

ജയ് ശ്രീറാം ഹിംസാത്മകമായ ആക്രോശം
ശ്രീജിത്തുകൊണ്ടോട്ടി

സലാം മടക്കുന്നതിനും പറയുന്നതിനും ഒരു മടിയുമില്ലാത്ത ആൾ എന്ന നിലയിൽ ചിലതു പറയട്ടെ. ആഴത്തിൽ ഉള്ള സൗഹൃദത്തിന്റെയോ അപരിചിതമെങ്കിലും ഹൃദ്യമായ പുഞ്ചിരിയുടെയോ അല്ലെങ്കിൽ വല്ലാത്തൊരു ദൈന്യതയുടെയുമൊക്കെ മുഖങ്ങളിൽ നിന്നാണ് പലപ്പോഴും ഇങ്ങനെ ഒരു അഭിവാദനം അനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രത്യഭിവാദ്യം അർഹിക്കുന്നുമുണ്ട്.

എന്നാൽ 'ജയ് ശ്രീറാം' എന്നതിനെ മനുഷ്യർ തമ്മിലുള്ള പരസ്പര അഭിവാദനമായല്ല, ഹിംസാത്മകമായ ആക്രോശമായാണ് കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. രാമൻ എന്ന ദൈവത്തിന്റെ ജയമല്ല, അതിന്റെ പേരിലുള്ള ഭീകരമായ ഒരു രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതിലൂടെ ഉദ്ഘോഷിക്കുന്നത്.

ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾക്ക് മുകളിൽ ആയുധങ്ങളുമേന്തിയ കർസേവകരിൽ നിന്നും ഈ ആക്രോശം നമ്മൾ കേട്ടിട്ടുണ്ട്. നിരപരാധികളായ മനുഷ്യരെ വെട്ടിയും കുത്തിയും കത്തിച്ചും കൂട്ടക്കൊല ചെയ്ത ഗുജറാത്തിൽ നിന്ന് ഉയർന്നു കേട്ടതും ഇതേ ജയ് ശ്രീരാം വിളികൾ ആയിരുന്നു. ഗോവധം ആരോപിച്ചു കൊലചെയ്യപ്പെട്ട മനുഷ്യരുടെ മൃതശരീരങ്ങൾക്ക് മുൻപിൽ നിന്ന്, മതവെറിയുടെ പേരിൽ ഒരു മുസിലിം പെൺകുട്ടിയെ ബലാൽസംഘം ചെയ്തു കൊന്ന ആക്രമിക്കൂട്ടങ്ങൾക്ക് വേണ്ടി എല്ലാം മുഴങ്ങി കേട്ടത് ഇതേ 'ജയ് ശ്രീറാം' ആക്രോശങ്ങൾ ആയിരുന്നു.

'ജയ്ശ്രീരാം' കേവലം ഒരു അഭിവാദന രീതിയല്ല എന്നും അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും അധികാര പ്രയോഗവും അത് മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന കാര്യവും പ്രിയപ്പെട്ട എം.എൻ കാരശ്ശേരി മാഷിന് അറിയാതിരിക്കാൻ വഴിയില്ല. സംഘപരിവാർ സംഘടനകൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇതര മതവിശ്വാസികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കയറിൽ കെട്ടിയിട്ടും രാമനും ഹനുമാനും നിർബന്ധിച്ചു ജയ് വിളിപ്പിക്കുന്ന കാലത്ത് ഇത്തരം ചോദ്യങ്ങൾ ബുദ്ധിമുട്ടല്ല, വല്ലാത്തൊരു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.


ഇമ്പിച്ചിബാവ പാലോളിയെ അഭിവാദ്യം ചെയ്തതെങ്ങനെ?
ഡോ. ആസാദ്

രാഷ്ട്രീയാധികാര ക്രമങ്ങളോടും ധനാധികാര വ്യവഹാരങ്ങളോടും ഒട്ടിനിന്നാണ് മതം തിരിച്ചു വന്നിരിക്കുന്നത്. ആഴമേറിയ ജനാധിപത്യ ബോധത്തിനു നൽകാനാവാത്ത ഒരു നൈതികബോധവും മതം വച്ചു നീട്ടുന്നില്ല. മണ്ണടിഞ്ഞ വ്യവസ്ഥകളുടെ സുഖഛായകളിലേയ്ക്ക് തിരിഞ്ഞു നിൽക്കുന്നത് വർത്തമാനത്തെ നേരിടാൻ ശേഷിയില്ലാത്തവരാണ്. അവരെ സായുധരാക്കേണ്ടത്, അവരുടേതുകൂടിയാണ് ലോകം എന്നു പൊരുതി നേടിക്കൊണ്ടാണ്.

അന്യോന്യം അഭിവാദ്യം ചെയ്യുന്നത് എങ്ങനെയെന്ന് നിശ്ചയിക്കുന്നത് നിൽക്കുന്ന ഇടവും സന്ദർഭവുമാണ്. ഇമ്പിച്ചിബാവ പാലോളി മുഹമ്മദു കുട്ടിയെ കാണുമ്പോഴും മുസഫർ അഹമ്മദ് ക്വാസി നസ്രുൽ ഇസ്ലാമിനെ കാണുമ്പോഴും എങ്ങനെയാണ് അഭിവാദ്യം ചെയ്തിട്ടുണ്ടാവുക? അവരുടെ കാലത്തില്ലാത്ത ഏതു നൈതിക നിർബന്ധമാണ് കെഇഎന്നും പി ടി കുഞ്ഞിമുഹമ്മദിനും ഇടയിൽ സംഭവിച്ചിരിക്കുക?

ഫാഷിസം ശക്തമാകുമ്പോൾ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയ ബദലാണ് പ്രതിരോധ ശക്തി കൈവരിക്കേണ്ടത്. ഫാഷിസത്തിനെതിരെ ജനകീയമുന്നണി നയിക്കേണ്ടത് തൊഴിലാളി വർഗമാണെന്നല്ലേ ദിമിത്രോവിയൻ തീസിസ് ? ബദൽ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ടു ലയ്ക്കുന്നത് തൊഴിലാളി വർഗ രാഷ്ട്രീയമായതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. മുതലാളിത്തത്തെ നേരിടേണ്ടത് മതരാഷ്ട്രീയംകൊണ്ടല്ല.

അതിക്രമങ്ങളെയും ഉന്മൂലന നീക്കങ്ങളെയും നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം ജനാധിപത്യ മതേതര ബദലാണ് അന്വേഷിക്കേണ്ടത്. സംഘപരിവാരങ്ങളുടെ യുക്തിവാദം തന്നെ മറ്റൊരൂന്നലിൽ ആവർത്തിക്കുന്നത് അപകടകരമാണ്. നാളെ മുതൽ എന്നോടു മതപരമായ അഭിവാദ്യമാവാം ,ഞാൻ തയ്യാറായിരിക്കുന്നു എന്നത് ഫാഷിസ്റ്റു വിരുദ്ധ സമരമുഖത്തുനിന്നുള്ള അറിയിപ്പായി കരുതുക വയ്യ. അങ്ങനെ ചിതറുകയാണ് വിപ്ലവ രാഷ്ട്രീയമെന്നത് ഖേദവും നിരാശയുമുണ്ടാക്കും. ഇടതുപക്ഷ രാഷ്ട്രീയം അകത്തു വലിയ വിള്ളലുകൾ വീണു വെപ്രാളപ്പെടുകയാണെന്ന് ആളുകൾ കരുതും.

ജീവിത സാഹചര്യങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും വ്യതിരിക്തതകളും ബഹുസ്വരതയും ആദരവോടെ അംഗീകരിക്കുന്നു. അവയെല്ലാം വ്യക്തി ജീവിതത്തിന്റെ സൂക്ഷ്മതയിൽ തുടരുകയോ വിശദമായ സംവാദങ്ങളിലേർപ്പെടുകയോ ചെയ്യട്ടെ. ഫാഷിസ്റ്റധീശത്വത്തെ ചെറുക്കുന്ന കാലത്ത് സൂക്ഷ്മഭേദങ്ങളുടെ കലഹം പൊതുസമരമുഖത്തെ ദുർബ്ബലപ്പെടുത്തുന്നത് ശരിയല്ല. മുതലാളിത്തത്തെ എതിർക്കാൻ പ്രാപ്തമായ ഒരു സിദ്ധാന്തം എന്ന നിലയിലാണ് തൊഴിലാളിവർഗം മാർക്‌സിസം ഉയർത്തിപ്പിടിക്കുന്നത്. പരാജയപ്പെട്ട ശ്രമങ്ങളും പരീക്ഷണങ്ങളും കാട്ടി ഇനിയൊരു വിജയം അസാധ്യമാണെന്ന് മുതലാളിത്ത പ്രചാരകർ വിധിക്കാം. അതിനു വഴങ്ങി പൊതുപോരാട്ടങ്ങൾ മാറ്റിവയ്ക്കാൻ നമുക്കാവില്ല.

മതങ്ങൾക്ക് സാധൂകരണമുണ്ടാക്കാൻ പഴയ മാർക്‌സിസ്റ്റുകളെ തേടുന്ന രീതിയുണ്ട്. ഗരോദി കേരളത്തിലെത്തിയത് അങ്ങനെയാണ്. നാം ജാഗ്രത പുലർത്തിയേ പറ്റൂ.


ആ ഒറ്റക്കാര്യത്തിൽ ഫോക്കസ് ചെയ്യേണ്ടതാണോ ആ ആശയം
അശാന്തൻ നിജാസ്

അസാദ് മാഷ് (ആസാദ് ഡോ.) പങ്കുവെയ്ക്കുന്ന ചിന്തയോട് എനിക്ക് അപൂർണ്ണമായ യോജിപ്പാണ്. (ലിങ്ക് ആദ്യ കമന്റിൽ). KEN ന്റെ അഭിമുഖത്തോടും അങ്ങിങ്ങ് ചില വിയോജിപ്പുകൾ ഉണ്ട്. വായനയ്ക്കിടയിൽ തന്നെ അത് തോന്നിയതാണ്. എങ്കിലും KEN പറയുന്ന പല കാര്യങ്ങളും എന്റെ ഉള്ളിൽത്തന്നെ തൊട്ടറിയുകയായിരുന്നു. ഞാൻ പലപ്പോഴായി ചില ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുള്ള ആശയങ്ങൾക്ക് KEN കൂടി സമ്മതം നൽകുന്നതായി എനിക്ക് തോന്നി. ഞാൻ പറയുന്നത് എന്റെ വ്യക്തിപരമായ വായനയുടെ അനുഭവമാണ്. എന്നാൽ ഈ അഭിമുഖം ഷെയർ ചെയ്തവരിൽ പലരും ഇപ്പോൾ ആസാദ് മാഷ് പറയുന്നതുപോലുള്ള അഭിവാദനത്തിന്റെ കാര്യമാണ് എടുത്തുപറയുന്നത്. ആ ഒരൊറ്റക്കാര്യത്തിൽ ഫോക്കസ് ചെയ്യേണ്ടതാണോ അദ്ദേഹം പങ്കുവെക്കുന്ന ആശയത്തെക്കുറിച്ചുള്ള ചർച്ച എന്നെനിക്ക് സംശയമുണ്ട്. ഓരോരുത്തരും അവരവർക്കു വേണ്ടതേ എടുക്കുന്നുള്ളൂ എന്നതാവാം കാര്യം. ജാതി-സവർണ്ണത-അദൃശ്യഭരണകൂടം എന്നിവയെ സംബന്ധിച്ചും KEN പറയുന്നുണ്ട്. അദ്ദേഹം കൃത്യമായി ഊന്നുന്നത് അതിലാണെന്നാണ് എനിക്ക് തോന്നിയത്. ഇന്ത്യയിൽ ബിജെപിയോ മോദിയോ അധികാരത്തിലില്ലെങ്കിൽപ്പോലും നിലനിൽക്കുന്ന ഒരു അദൃശ്യാധികാരവ്യവസ്ഥ/അദൃശ്യ ഭരണകൂടം എന്നൊരു സംഗതിയുണ്ട്. അതിനെയാണ് KEN കൃത്യമായി അടയാളപ്പെടുത്തുന്നത്. ഇത് കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്നതാണ്. ഇത് KEN മാത്രമല്ല, ദളിത് ചിന്തകരിൽ ചിലരും പറയുന്നുണ്ട്. സണ്ണി എം. കപിക്കാട് പറയുന്നുണ്ട്. അതൊരു വസ്തുതയാണ്. അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന ചിന്ത വികസിച്ചു വരേണ്ടതുണ്ട്.

മേൽ പറഞ്ഞ അഭിവാദന വാക്കിന്റെ കാര്യത്തിൽ KEN പറയുന്നത് വായിച്ചപ്പോൾ, PT കുഞ്ഞുമുഹമ്മദ് എന്തിനാണ് KEN നെ നിർബ്ബന്ധിക്കുന്നത്, അഥവാ അങ്ങനെയൊരാൾ നിർബ്ബന്ധിച്ചാൽ അതിനു വഴങ്ങേണ്ട കാര്യം KEN ന് ഇല്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്. അതേസമയം തന്നെ, യാതൊരാധികാരവുമില്ലാത്ത സാധാരണ മനുഷ്യർ അവരുടെ ജീവിതശീലങ്ങളിൽ നിന്ന് ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ (സലാം പറയുകയോ, നമസ്‌തേ/നമസ്‌കാരം പറയുകയോ ചെയ്യുന്‌പോൾ) അതേ വാക്കിൽ അവരോട് ഒരു കമ്യൂണിസ്റ്റുകാരൻ/കാരി മറുപടി പറഞ്ഞാൽ എന്താണ് അതിൽ പ്രശ്‌നം എന്ന ചിന്തയാണ് എനിക്കുള്ളത്. ഇത് എനിക്ക് KEN വായിക്കുന്നതിനു മുന്നേ തന്നെ ഉള്ള നിലപാടാണ്. ഏതെങ്കിലും സാധാരണ മനുഷ്യൻ എന്നോട് സ്വാഭാവികതയോടെ സലാം പറഞ്ഞാൽ അതേ വാക്കിൽ പ്രത്യഭിവാദനം ചെയ്യാറുണ്ട്. നമസ്‌കാരം എന്നോ നമസ്‌തേ എന്നോ പറഞ്ഞാൽ അതേ വാക്കുകൊണ്ടുതന്നെ പ്രത്യഭിവാദനം ചെയ്യാറുണ്ട്. അതിലെന്താണ് ഇത്ര പ്രശ്‌നം എന്നെനിക്കു മനസിലാകുന്നില്ല. (KEN അഭിമുഖത്തിൽ പറയുന്നതിലും 'സലാം' മാത്രമല്ല, നമസ്‌തേയും നമസ്‌കാരവും ജയ്ഹിന്ദും ഒക്കെ അദ്ദേഹം പറയുന്നുണ്ട് എന്നതുകൂടി മനസിലാക്കുക.)

 എൻ.കെ ഭൂപേഷ്

അസ്സലാമു അലൈക്കും എന്നൊരാൾ പറയുമ്പോൾ സലാം മടക്കുന്നവർക്ക് ജയ് ശ്രീരാം എന്ന് അഭിവാദ്യം ചെയ്യുമ്പോൾ അതേ വാക്കിൽ തിരിച്ച് അഭിവാദ്യം ചെയ്താൽ എന്താണ് എന്ന ചോദ്യം ഒരു ടിപ്പിക്കൽ യുക്തിവാദ ചിന്തയാണ്. അസ്സാലാമു അലൈക്കും എന്ന് പറഞ്ഞാൽ എനിക്ക് സലാം മടക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ജയ് ശ്രീറാം എന്ന് പറഞ്ഞാൽ ഞാൻ അതേ രീതിയിൽ പ്രത്യാഭിവാദ്യം ചെയ്യില്ല. ഏതെങ്കിലും ഒരൂ മതത്തോടും അതിന്റെ ചിഹ്നങ്ങളോടും എന്തെങ്കിലും മമതയുണ്ടായിട്ടല്ല. ഇതിലൊക്കെ അടങ്ങിയ രാഷ്ട്രീയമാണ് പ്രധാനം എന്ന് കരുതുന്നതുകൊണ്ടാണ്.

സനീഷ് എളയാടത്ത്

അസ്സലാമു അലൈക്കും എന്നൊരാൾ മുന്നിൽ നിന്ന് പറഞ്ഞാൽ വ അലൈക്കും അസ്സലാം എന്ന് തിരിച്ച് പറയാൻ അരനിമിഷം പോലും ആലോചിക്കേണ്ടി വരാറില്ല. ഇപ്പോഴല്ല, ഏതാണ്ട് പ്രീഡിഗ്രി കാലം തൊട്ടെങ്കിലും അതങ്ങനെയാണ്. ലോകത്തിന്റെ വലിയൊരു ഭാഗത്തെ ജനങ്ങൾ പരസ്പരം സലാം പറയുന്ന പ്രയോഗമാണത്. 'നിങ്ങൾക്ക് മേൽ സമാധാനവും അനുഗ്രഹവും ഉണ്ടാകട്ടെ' എന്നാണതിനർഥം. അത് തിരിച്ച് പറയാൻ വലിയ കാലത്തെ ആലോചനകൾ എന്തിനാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.

അങ്ങനെയെങ്കിൽ ജയ് ശ്രീരാം എന്ന് ഒരാൾ പറഞ്ഞാൽ ജയ് ശ്രീരാം എന്ന് തന്നെ തിരിച്ച് അഭിവാദ്യം ചെയ്ത് കൂടേയെന്ന് എം.എൻ കാരശ്ശേരി. തെറ്റായ ലോജിക്കാണ് കാരശ്ശേരി മാഷ് പ്രയോഗിക്കുന്നതെന്ന് തോന്നി. ഞാനാണെങ്കിൽ ജയ് ശ്രീരാം തിരിച്ച് പറയില്ല. എനിക്കത് കേട്ടാൽ സമാധാനം എന്ന സംഗതിയേ ഓർമ്മ വരില്ല. നിങ്ങളുടെ മേൽ ഞാൻ ഒരു ശരിയല്ലാത്ത രാഷ്ട്രീയത്തെ എടുത്ത് വെക്കുന്നു എന്നാണ് അങ്ങനെ ആശംസിക്കുന്നയാൾ നൽകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP