Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളനായെത്തിയ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചിത്രം വെച്ച് കേരളാ പൊലീസിന്റെ കിടിലൻ പോസ്റ്റ്; മഴക്കാല മോഷണങ്ങൾക്കുള്ള സാധ്യതകൾ കാട്ടി വേണ്ട മുൻകരുതലുകൾ പങ്കുവെച്ച് അധികൃതർ; വീടിന്റെ വാതിലുകൾക്ക് ഇരുമ്പ് പട്ട വെക്കുന്നത് മുതൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ വിവരിക്കുന്ന പോസ്റ്റ് വൈറൽ

കള്ളനായെത്തിയ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചിത്രം വെച്ച് കേരളാ പൊലീസിന്റെ കിടിലൻ പോസ്റ്റ്; മഴക്കാല മോഷണങ്ങൾക്കുള്ള സാധ്യതകൾ കാട്ടി വേണ്ട മുൻകരുതലുകൾ പങ്കുവെച്ച് അധികൃതർ; വീടിന്റെ വാതിലുകൾക്ക് ഇരുമ്പ് പട്ട വെക്കുന്നത് മുതൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ വിവരിക്കുന്ന പോസ്റ്റ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

മഴക്കാലം തുടങ്ങുമ്പോൾ തന്നെ നമ്മേ മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും ഓർമ്മിപ്പിക്കുന്ന ഒന്നാണ് മഴക്കാല രോഗങ്ങളിൽ നിന്നും എങ്ങനെ മുക്തി നേടാം എന്നത്. എന്നാൽ ഇക്കുറി മഴ ആരംഭിച്ചപ്പോൾ കേരളാ പൊലീസ് ഇട്ട പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്. മഴക്കാലമാകുമ്പോഴേയ്ക്കും മോഷണങ്ങൾ നടക്കാനുള്ള സാധ്യതയും ഏറെയാണ്.

ഈ വേളയിലാണ് ഇതിന് എങ്ങനെ മുൻകരുതലെടുക്കാം എന്ന് വ്യക്തമാക്കി കേരളാ പൊലീസ് ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്. വീടിന്റെ വാതിലുകൾക്ക് ഇരുമ്പ് പട്ട് വെക്കുന്നത് മുതൽ വീട്ടിൽ നിരീക്ഷണ ക്യാമറകൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിക്കുന്ന പോസ്റ്റ് വൈറലാകുകയാണ്.

നിർദേശങ്ങൾ ഇവയാണ്

പലരും വീടിന്റെ മുൻവാതിലിന് മുന്തിയ പൂട്ടുകൾ സ്ഥാപിക്കുകയും പിൻവാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കൽപ്പിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ,പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും.

ജനൽപാളികൾ രാത്രി അടച്ചിടുക അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽവഴി സംസാരിക്കുക.

അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക

വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.

വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്ന് അകറ്റി സൂക്ഷിക്കുക.

അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെയോ അയൽക്കാരെയോ റസിഡൻസ് ഭാരവാഹികളെയോ അറിയിക്കുക. (112 ൽ വിളിച്ചാൽ പൊലീസ് സഹായം ലഭ്യമാകും. ഹൈവെകളിൽ സഹായത്തിനായി 9846100100 എന്ന നമ്പറിലും ബന്ധപ്പെടാം.)

കഴിയുന്നതും ശക്തവും നീണ്ട വെളിച്ചവുമുള്ള പവർ ടോർച്ച് / സേർച്ച് ലൈറ്റുകൾ വീടുകളിൽ കരുതുക.

വീട് പൂട്ടി പുറത്തു പോകുന്നവർ മോഷ്ടാക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗേറ്റിന് വെളിയിൽ പൂട്ടിട്ട് പൂട്ടുന്നതിന് പകരം ചങ്ങലയിട്ടോ മറ്റോ ഉപയോഗിച്ച് ഗേറ്റിനകം പൂട്ട് വരത്തക്ക വിധം ലോക്ക് ചെയ്യുക.

വീട്ടിൽ ആളില്ലാത്ത ദിവസങ്ങളിൽ പത്രക്കാരനോട് പത്രം ഇടേണ്ട എന്നറിയിക്കുക. വീടിനു മുന്നിൽ ദിവസങ്ങളോളം എടുക്കാതെ കിടക്കുന്ന പത്രങ്ങളും മാഗസിനുകളും മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിച്ചു വരുത്താൻ ഇടയുണ്ട്.

വീട് പൂട്ടി പോകുന്ന സമയം പുറത്ത് ലൈറ്റ് ഇട്ടിട്ട് പോകാതിരിക്കുക. പകലും രാത്രിയും തുടർച്ചയായി ലൈറ്റ് കത്തിക്കിടക്കുന്നത് മോഷ്ടാക്കൾക്ക് സൂചന നൽകും. അടുത്ത ബന്ധുക്കളെയോ വിശ്വാസമുള്ള അയൽക്കാരെയോ റസിഡൻസ് അംഗങ്ങളെയോ സന്ധ്യക്ക് ലൈറ്റ് ഇടാൻ ഏർപ്പാട് ചെയ്യുക.

സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. നേരത്തെ തന്നെ വീട്ടിൽ മടങ്ങിയെത്താൻ ശ്രമിക്കുക.

കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേസമയം നാലുഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക. റെസിഡൻസ് ഭാരവാഹികളുടെ / അംഗങ്ങളുടെ സഹായവും തേടാം.

പൊലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയിൽ തൊടാതിരിക്കുക. അങ്ങനെ ചെയ്താൽ തെളിവ് നഷ്ടപ്പെടാൻ കാരണമാവും.

നിരീക്ഷണ ക്യാമറ ഉള്ളവർ രാത്രി റെക്കോഡ് മോദിൽ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP