Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഷാപോഷിണിയിലെ ചിത്രം കണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമെന്ന് എംഎ ബേബി; വിവാദമാക്കാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻ സംസാരിച്ചത് ശ്രീരാമസേനയുടെ മുത്തലിക്കിനെ പോലെ; വർഗീയവാദികളോട് മാപ്പു പറഞ്ഞ മനോരമ നടപടി ഖേദകരമെന്നും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം

ഭാഷാപോഷിണിയിലെ ചിത്രം കണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമെന്ന് എംഎ ബേബി; വിവാദമാക്കാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻ സംസാരിച്ചത് ശ്രീരാമസേനയുടെ മുത്തലിക്കിനെ പോലെ; വർഗീയവാദികളോട് മാപ്പു പറഞ്ഞ മനോരമ നടപടി ഖേദകരമെന്നും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം

തിരുവനന്തപുരം: അന്ത്യഅത്താഴ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഭാഷാപോഷിണിയിൽ വന്ന ചിത്രത്തിന്റെ പേരിൽ ക്രൈസ്തവ വികാരം വ്രണപ്പെട്ടു എന്ന നിലവിളികൾ ശക്തമാകുകയാണ്. ഒരു വിഭാഗം സ്‌പോൺസർ ചെയ്യുന്ന സമരങ്ങളെ വിമർശിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തി. നഗ്നയായ കന്യാസ്ത്രീയുടെ ചിത്രം കണ്ട് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചരണമാണെന്ന് ബേബി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ വിവാദം കത്തിക്കാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻ സംസാരിച്ചത് ശ്രീരാമ സേനയുടെ മുത്തലിക്കിനെ പോലെയാണെന്നും ബേബി ഫേസ്‌ബുക്ക് വിമർശിച്ചു.

ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്‌കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ. കേരളത്തിൽ വളർന്നു വരുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, അതേ മാതൃകയിൽ അനുയായികളെ സംഘടിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചിലർ. കേരളീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണ്ടിയിരിക്കുന്നു. കേരളത്തിന്റെ മതേതര പുരോഗമന ജീവിതത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കലാവും ഈ വർഗീയരാഷട്രീയ പ്രത്യയശാസ്ത്രത്തിന്റെ വളർച്ച.

ഈ മാസത്തെ ഭാഷാപോഷിണി മാസികയിൽ അച്ചടിച്ച ഒരു ചിത്രമാണ് ഇപ്പോൾ തർക്കവിഷയമായിരിക്കുന്നത്. തങ്ങളുടെ മതവികാരം ഈ ചിത്രത്താൽ വ്രണപ്പെട്ടു എന്ന് ചില കത്തോലിക്കാ പുരോഹിതർ ആക്ഷേപമുയർത്തി. ഉടനെ തന്നെ ഭാഷാപോഷിണിയുടെ കോപ്പികൾ പിൻവലിച്ച്, ചിത്രം മാറ്റി അച്ചടിച്ച് വിതരണം ചെയ്തു. ഇതേ ലക്കത്തിലെ മുഖചിത്രമാണ് മറ്റൊരു വിവാദം. നാരായണഗുരുവിന്റെ ശില്പത്തിന്റെ ചിത്രം ചിലരുടെ ജാതിവികാരം വ്രണപ്പെടുത്തി എന്ന അവകാശവാദത്തെത്തുടർന്ന് മലയാള മനോരമ മാപ്പും പറഞ്ഞു.

മാതാഹരിയെന്ന ചാരവനിതയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ ചിത്രീകരണമായാണ് ലിയനാർഡോ ഡാ വിഞ്ചിയുടെ അന്ത്യഅത്താഴം എന്ന പെയിന്റിംഗിനോട് ആശയാനുവാദമുള്ള ചിത്രീകരണം ടോം വട്ടക്കുഴി എന്ന പ്രശസ്ത ചിത്രകാരൻ നടത്തിയത്. അതിന് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, യേശു ക്രിസ്തു ഡാ വിഞ്ചിയുടെ സൃഷ്ടിയല്ല. ഡാ വിഞ്ചിയുടേത് ഒരു കലാസൃഷ്ടിയാണ്. അതിനെ ആരെങ്കിലും ഉപജീവിക്കുന്നതോ അനുകരിക്കുന്നതോ ക്രിസ്തുവുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ല. ഈ ചിത്രം കൊണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമാണ്. കേരളീയ ക്രിസ്ത്യാനികൾ ഇതിനെക്കാളും ഉയർന്ന സാംസ്‌കാരികബോധം ഉള്ളവരാണ്. ഇക്കാര്യം ഒരു വിവാദപ്രശ്‌നമാക്കാൻ ശ്രമിക്കുന്ന ഒരു കത്തോലിക്ക പുരോഹിതന്റെ പ്രതികരണം യൂട്യൂബിൽ കണ്ടു. ശ്രീരാമസേനയുടെ മുത്തലിക്കിനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. അതേ ഭാഷ, അതേ ഭാവം, അതേ വാദം. സിസ്റ്റർ അഭയയുടെ കൊലപാതകം സംബന്ധിച്ച കേസിൽ മലയാള മനോരമ തങ്ങൾക്ക് സ്വീകാര്യമല്ലാത്തവിധം വാർത്ത കൊടുക്കുന്നു, അതിനാൽ തങ്ങൾ മനോരമയെ ശത്രുപക്ഷത്തു കാണും എന്ന ഭീഷണിയാണ് ഈ വിഡിയോയുടെ ചുരുക്കം! അതായത് ഭാഷപോഷിണിയിലെ ചിത്രം ഒരു നിമിത്തം മാത്രം, പ്രശ്‌നം അഭയ കേസാണ്.

ലോകം മാറിയെന്നും കത്തോലിക്കാ സഭയുടെ ആഗോള മേധാവി ഫ്രാൻസിസ് മാർപാപ്പ ആണെന്നും എല്ലാവർക്കും അറിയാം. മതവും സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച് തികച്ചും ആധുനികമായ കാഴ്ചപ്പാടുള്ള മാർപാപ്പയാണ് പോപ്പ് ഫ്രാൻസിസ്. പ്രമുഖ കലാകാരനായ റിയാസ് കോമു ചെയ്ത നാരായണഗുരു ശില്പമാണ് വ്രണപ്പെടലിന് ഉപയോഗിച്ചിരിക്കുന്നത്. പത്തുകൊല്ലം മുമ്പ് കൊച്ചിയിൽ പ്രദർശിപ്പിച്ചതാണ് ഈ ശില്പം. ശ്രീ നാരായണ ഗുരു അനുയായികൾക്കാർക്കും ഇതുവരെ അതിൽ ഒരു അനൗചിത്യവും തോന്നിയില്ല. നാരായണഗുരുവിന് ശില്പകലയിലൂടെ ആദരവ് അർപ്പിക്കുകയാണ് റിയാസ് കോമു ചെയ്തത്. ഗുരുദർശനത്തെക്കുറിച്ചുള്ള സംവാദത്തിൽ ഒരു കലാകാരന്റെ സംഭാവന. അതിനെ വർഗീയവിഷലിപ്തമായ പ്രചാരണത്തിന് കാരണമാക്കുന്നവർ ഗുരുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. ലോകമെങ്ങുമുള്ള മഹദ്വ്യക്തികളെക്കുറിച്ച് കലാവിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്. ബുദ്ധനും ക്രിസ്തുവും ഗാന്ധിജിയും ലെനിനുമൊക്കെ കലാവിഷ്‌കാരങ്ങൾക്ക് പാത്രമായിട്ടുണ്ട്. ശ്രീബുദ്ധന്റെ എത്രയെത്ര ശില്പങ്ങൾ ലോകമെങ്ങും കൊത്തിവച്ചിരിക്കുന്നു! ക്രിസ്തുവിന്റെ ചിത്രീകരണങ്ങളും കലയിലൂടെയുള്ള സംവാദത്തിന്റെ ഒരു പ്രധാന വിഷയമാണ്. നാരായണഗുരുവിന്റെ സംവാദത്തെ പ്രതിഭാശാലികളായ കലാകാർ മുന്നോട്ടു കൊണ്ടു പോകരുത് എന്ന് വാശിപിടിക്കുന്നത് നാരായണഗുരുവിനോട് ചെയ്യുന്ന കുറ്റമാണ്. ഗുരുവിനെ ആവിഷ്‌കരിക്കാൻ റിയാസ് കോമു ആര് എന്ന് ചോദിക്കുന്നവർ ഗുരുവിനെ തള്ളിക്കളയുകയാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്ത പെയിന്റിംഗുകളുടെ പേരിലാണ് എംഎഫ് ഹുസൈന് തന്റെ ജീവിതത്തിന്റെ അവസാനകാലം മുഴുവൻ നാടു വിട്ടു ജീവിക്കേണ്ടി വന്നത്. ഇന്ത്യയെ അതിഗാഢമായി സ്‌നേഹിച്ച ഒരു കലാകാരനായിരുന്നു ഹുസൈൻ. ഹിന്ദുത്വ വർഗീയവാദികളാണ് ഈ ആക്രമണം നടത്തിയത്. ബിംബാരധന തെറ്റാണെന്നു പറഞ്ഞ്, അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ ബുദ്ധ പ്രതിമകൾ ഇസ്ലാമിന്റെ പേരിൽ തകർത്ത തീവ്രവാദികളും ഇതേ ഇനത്തിൽ പെടുന്നു. കത്തോലിക്കാ സഭയും കലാകാരെ കുരിശിൽ തറയ്ക്കുന്നതിൽ പിന്നിലായിരുന്നില്ല. ഇന്ന് ആഘോഷിക്കപ്പെടുന്ന ലിയനാർഡോ ഡാ വിഞ്ചി തന്നെയും സഭയാൽ വേട്ടയാടപ്പെട്ട കലാകാരനാണ്. അസാധാരണ പ്രതിഭാശാലികളായിരുന്ന ഗലീലിയോയും ബ്രൂണോയും കത്തോലിക്ക സഭയുടെ വേട്ടയാടലിന് ഇരയായി. പില്ക്കാലത്തെ മാർപാപ്പമാർ ഇതിൽ മാപ്പ് പറഞ്ഞു എന്നത് ചരിത്രം.

ഈ വിവാദങ്ങളുയർന്ന ഉടൻ ചിത്രം പിൻവലിക്കാനും വർഗീയവാദികളോട് മാപ്പു പറയാനും മലയാള മനോരമ അസാധാരണ വേഗത്തിൽ ഇറങ്ങിപ്പുറപ്പെട്ടു. ഒരു മാദ്ധ്യമം എന്ന നിലയിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലപാടെടുക്കേണ്ട മനോരമ അതു ചെയ്തില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ വലിയൊരു ശക്തിയാണ് മനോരമ. അവരുടെ പത്രപ്രവർത്തനസ്വാതന്ത്ര്യത്തെ അവർ തന്നെ നിർലജ്ജം കയ്യൊഴിയുകയാണിവിടെ. ലോകമെങ്ങുമുള്ള നിരവധി പത്രങ്ങളും വ്യക്തികളും ഇത്തരം സാഹചര്യങ്ങളിൽ വളരെ ധീരമായ നടപടികളെടുത്തതിന്റെ മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പത്രസ്ഥാപനമായ മനോരമ ഇങ്ങനെ ഒരു നിലപാടെടുത്താൽ മറ്റുള്ളവർ എന്തു ചെയ്യും? മാത്രവുമല്ല, ഇത്തരം വർഗീയ വികാരങ്ങൾ ഇളക്കിവിടുന്നതിലുള്ള മനോരമയുടെ പാരമ്പര്യവും കാണാതിരുന്നു കൂട.

2008ൽ അന്ത്യ അത്താഴ ചിത്രത്തിന്റെ മാതൃകയിൽ സഖാവ് വിഎസിനെ ക്രിസ്തുവിന്റെ സ്ഥാനത്ത് വരച്ച് സിപിഐഎമ്മിനെ കളിയാക്കാൻ മനോരമയ്ക്ക് മടിയില്ലായിരുന്നു. എന്നാൽ പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത് പ്രാദേശികമായി കുറച്ചു മണിക്കൂറുകൾ മാത്രം വച്ച ഒരു ഫ്‌ലക്‌സ് ബോർഡിൽ അന്ത്യ അത്താഴത്തെ മാതൃകയാക്കി ഉമ്മൻ ചാണ്ടിയേയും മന്ത്രിസഭയേയും വരച്ചു എന്ന പേരിൽ വലിയ വർഗീയ കുത്തിത്തിരിപ്പ് നടത്തിയതും മനോരമ തന്നയാണ്. കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ വർഗീയവാദികളാൽ കുരിശിൽ തറയ്ക്കപ്പെട്ട നാരായണ ഗുരു എന്ന മട്ടിൽ ഒരു ദൃശ്യം ആവിഷ്‌കരിച്ചതിനെ, സിപിഐഎം നാരായണഗുരുവിനെ കുരിശിൽ തറച്ചു എന്നാക്കി വലിയ വർഗീയ പ്രചാരണം നടത്തിച്ചതും മനോരമ തന്നെയാണ്. ഇത്തരം വർഗീയത കുത്തിപ്പൊക്കി വരിസംഖ്യ കൂട്ടുന്നതിൽ നിന്ന് മലയാള മനോരമ പിന്മാറുന്നത് കേരളത്തിലെ വർഗീയതയുടെ വളർച്ചയെ വലിയൊരളവോളം തടയും.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ എല്ലാം കാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യ വിവാദങ്ങൾ ഉയർത്തി വിടാറുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ എതിരാളികളാണ് കമ്യൂണിസ്റ്റുകാർ എന്നു വരുത്താനാണിത്. അതേസമയം വർഗീയജാതി താല്പര്യക്കാരെ കമ്യൂണിസ്റ്റുകാർക്കെതിരെ തിരിച്ചുവിടാനുമാണിത്. സ്വതന്ത്രബുദ്ധിജീവികൾ എന്നു വിളിക്കുന്നവർ ഒരു വശത്തും മലയാള മനോരമ മറുവശത്തും നിന്നാണ് സാധാരണയായി ഈ രാഷ്ട്രീയ നാടകം നടത്തുക. ഇതിന് പിന്നിൽ ചില ഗൂഢ രാഷ്ട്രീയ താല്പര്യങ്ങളുമുണ്ട്. ഇതിനെ തിരിച്ചറിയണം. ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നമ്മുടെ കടമ നിർവഹിക്കണം, അത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്. അതേസമയം രാഷ്ട്രീയ എതിരാളികളുടെ കെണിയിൽ വീഴാതെ നോക്കാനും കേരളത്തിലെ പുരോഗമനവാദികൾ ജാഗരൂകരായിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP