Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹിഷ്ണുതയും വിയോജിക്കാനുള്ള അവകാശവും ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതാണു യഥാർഥ രാജ്യസ്‌നേഹിയുടെ ഉത്തരവാദിത്വം: മോഹൻലാലിനോടു വിയോജിച്ച് എം ബി രാജേഷ് എംപി

സഹിഷ്ണുതയും വിയോജിക്കാനുള്ള അവകാശവും ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതാണു യഥാർഥ രാജ്യസ്‌നേഹിയുടെ ഉത്തരവാദിത്വം: മോഹൻലാലിനോടു വിയോജിച്ച് എം ബി രാജേഷ് എംപി

തിരുവനന്തപുരം: ജെഎൻയു വിഷയത്തിൽ മോഹൻലാൽ എഴുതിയ ബ്ലോഗ് പോസ്റ്റിനോടു വിയോജിച്ച് എം ബി രാജേഷ് എംപിയുടെ കുറിപ്പ്. സഹിഷ്ണുതയും വിയോജിക്കാനുള്ള അവകാശവും ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുന്നതാണു യഥാർഥ രാജ്യസ്‌നേഹിയുടെ ഉത്തരവാദിത്വമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണു മോഹൻലാലിനെ എം ബി രാജേഷ് ഓർമിപ്പിക്കുന്നത്.

രാജ്യത്തെ നിലനിർത്തുന്ന മൂല്യങ്ങളാണു സഹിഷ്ണുത, പരസ്പരവിശ്വാസം, വിയോജിക്കാനുള്ള അവകാശം എന്നിവ. ഇവ ചവിട്ടിയരയ്ക്കപ്പെടുമ്പോഴാണു ചോദ്യം ചെയ്യൽ വേണ്ടിവരുന്നത്. അങ്ങനെ ചോദ്യം ചെയ്യുന്നതാണു ഒരു രാജ്യസ്‌നേഹിയുടെ യഥാർഥ ഉത്തരവാദിത്വമെന്നും രാജേഷ് കുറിക്കുന്നു.

രാഷ്ട്രപിതാവായ ഗോഡ്‌സെയെ രാജ്യത്തിന്റെ യഥാർത്ഥ നായകനെന്ന് നിരന്തരമായി ചിലർ പ്രഖ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ ദേശസ്‌നേഹികൾക്ക് മുറിവേൽക്കും. വേദനിക്കും. എന്നാൽ മിണ്ടാതിരിക്കുന്നവരുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും രാജേഷ് പറയുന്നു.

എം ബി രാജേഷ് എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ശ്രീ.മോഹൻലാലിന്റെ ബ്ലോഗ്‌പോസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും മാനിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നതിന് ഇത് രണ്ടും തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചില കാര്യങ്ങൾ കുറിക്കട്ടെ.
Who dies if India lives and who lives if India dies എന്ന് ഇപ്പോൾ മോഹൻലാൽ ഉദ്ധരിക്കുന്ന ഈ ചോദ്യം യഥാർത്ഥത്തിൽ ചോദിച്ചത് നെഹ്രുവായിരുന്നു. ഇന്ത്യ ജീവിക്കുക എന്ന്! പറഞ്ഞാൽ ഇന്ത്യ എന്ന ആശയം ജീവിക്കുക എന്നാണർത്ഥം. ഇന്ത്യ മരിക്കുകയെന്നാലും അതു തന്നെ.
' ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല. ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ....' എന്ന ദേശഭക്തി ഗാനത്തിന്റെ വരികൾ അർത്ഥമാക്കുന്നത് പോലെ ഒരു ഭൂപ്രദേശം മാത്രമല്ല ഇന്ത്യ. ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയം വൈവിധ്യവും ബഹുസ്വരതയുമാണ്. ജാതി, മതം, ഭാഷ, ഭക്ഷണം, വേഷം, ആചാരങ്ങൾ, ആഘോഷങ്ങൾ, സംഗീതം, സാഹിത്യം, കല, രാഷ്ട്രീയം എന്നിവയിലെല്ലാമുള്ള വൈവിധ്യങ്ങൾ ഉൾക്കൊള്ളാനാവുന്നതാണ് ഇന്ത്യ എന്ന ആശയം. സ്വാതന്ത്ര്യ സമരത്തിലൂടെ ഉയർന്നുവന്ന ജനകീയ ഐക്യമാണ് വൈവിധ്യങ്ങളുടെ ഒരു സമന്വയമായി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത്. ആ വൈവിധ്യത്തെ ഉൾക്കൊണ്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിലൂടെ മതനിരപേക്ഷജനാധിപത്യഇന്ത്യ എന്ന ആശയം ഉയർന്നു വന്നത്. ആ ആശയത്തിന് നേരെ വെല്ലുവിളി ഉയർത്തുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ. വൈവിധ്യങ്ങൾക്കിടയിൽ രാജ്യത്തെ ഒന്നിപ്പിക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവുമാണ്. സഹിഷ്ണുത, പരസ്പരവിശ്വാസം, വിയോജിക്കാനുള്ള അവകാശം എന്നിവയാണ് രാജ്യത്തെ നിലനിർത്തുന്ന മൂല്യങ്ങൾ. ആ മൂല്യങ്ങൾ ചവിട്ടി മെതിക്കപ്പെടുമ്പോൾ ചോദ്യം ചെയ്യുക എന്നതാണ് യഥാർത്ഥ രാജ്യസ്‌നേഹിയുടെ കടമ. അങ്ങനെ ചോദ്യം ചെയ്തവരാണ് ഷാരൂഖ് ഖാൻ, അമീർഖാൻ, എ.ആർ. റഹ്മാൻ, ആനന്ദ് പട്വർദ്ധൻ, തുടങ്ങിയ അനേകം കലാകാരന്മാരും നയൻതാര സൈഗാൾ മുതൽ അശോക് വാജ്‌പേയ് വരെയുള്ള എഴുത്തുകാരും ജെ.എൻ.യു. വിദ്യാർത്ഥികൾ അടക്കമുള്ളവരും. ഈ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നത് ചോദ്യംചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. ആ സംഘപരിവാർ വാദം പൊതുവിൽ ലിബറൽ ചിന്താഗതിക്കാരനായ മോഹൻലാലിന് അംഗീകരിക്കാനാവുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഷാരൂഖ്ഖാനും അമീർഖാനുമുൾപ്പെടെയുള്ള ചലച്ചിത്ര ലോകത്തെ മഹാപ്രതിഭകളെ സംഘപരിവാർ വേട്ടയാടിയപ്പോൾ മൗനം പാലിക്കേണ്ടി വന്നെങ്കിലും രാജ്യസ്‌നേഹിയും സുമനസ്സുമായ മോഹൻലാൽ അതിനോട് മനസ്സുകൊണ്ടെങ്കിലും വിയോജിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇവരെയെല്ലാം രാജ്യദ്രോഹികളായി മോഹൻലാലിനെപ്പോലൊരാൾ അധിക്ഷേപിക്കുകയില്ലെന്നും എനിക്കുറപ്പുണ്ട്. ഗുലാം അലിയെപ്പോലെ വിശ്രുതനായ പ്രണയത്തിന്റെയും സംഗീതത്തിന്റെയും മധുരസംഗീതം പൊഴിക്കുന്ന ഗസൽ ഗായകൻ ഗുലാം അലിയെ സഹൃദയനായ മോഹൻലാൽ ഏറെ ഇഷ്ടപ്പെടുന്നുണ്ടാവും എന്നെനിക്കുറപ്പാണ്. ഗുലാംഅലിക്കെതിരായി വിലക്കും ഭീഷണിയും ഉയർന്നപ്പോൾ വിവാദങ്ങളിൽ തലയിടാൻ ആഗ്രഹിക്കാതിരുന്നത്‌കൊണ്ട് മാത്രമായിരിക്കണം ശ്രീ. മോഹൻലാൽ പരസ്യമായൊന്നും പറയാതിരുന്നത്. ഒടുവിൽ ആ ഗുലാംഅലിക്ക് കേരളത്തിൽ വന്ന്! പാടാൻ കഴിഞ്ഞപ്പോൾ ആഹ്ലാദി്ചവരുടെ കൂട്ടത്തിൽ മോഹൻലാലും ഉണ്ടായിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല.
സൈനികരുടെ ത്യാഗത്തെക്കുറിച്ചും ജീവാർപ്പണത്തെക്കുറിച്ചും സിനിമയിൽ സൈനിക വേഷമണിയുകയും ടെറിട്ടോറിയൽ ആർമിയിൽ ഹോണററി ലെഫ്.കേണൽ പദവിയിലിരിക്കുകയും ചെയ്യുന്ന ശ്രീ. മോഹൻലാൽ പറയുന്നതിനെ ഞാനും പിന്തുണക്കുന്നു. 71 ൽ ഇന്ത്യപാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത, അതിർത്തിയിലെ മഞ്ഞിലും കൊടുംതണുപ്പിലുമെല്ലാം ത്യാഗപൂർണ്ണമായ സേവനം നടത്തിയ ഒരു മുൻ സൈനികന്റെ മകനായ എനിക്ക് ആ വികാരം ശരിക്കും മനസ്സിലാവും. ജലന്ധറിലെ ആർമി ഹോസ്പിറ്റലിൽ ജനിച്ച് ജലന്ധറിലെയും സെക്കന്തരാബാദിലേയും ആർമി ക്വാർട്ടേഴ്‌സുകളിൽ വളർന്ന് സൈനികജീവിതത്തെ അടുത്ത്‌നിന്ന് നേരിട്ടറിഞ്ഞ ഒരാളെന്ന നിലയിലും എസ്.എഫ്.ഐ.യിലും ഡിവൈഎഫ്ഐ.യിലും ഒരേ കൊടിയുടെ തണലിൽ മുദ്രാവാക്യം മുഴക്കിയ ഒട്ടേറെപ്പേർ ഇപ്പോഴും സൈനികയൂണിഫോമിൽ സുഹൃത്തുക്കളായി ഉള്ളത്‌കൊണ്ടും സൈനികരുടെ ജീവിതം എനിക്കൊരു ചലച്ചിത്രാനുഭവമല്ല, അടുത്തറിഞ്ഞ യാഥാർത്ഥ്യമാണ്.
ജീവൻ ബലിയർപ്പിച്ച സൈനികരെപോലെ തന്നെ ജീവനും ജീവിതവും തോക്കിനുമുന്നിലും തടവറയിലും കഴുമരത്തിലും ബലി നൽകിയ പതിനായിരങ്ങളുടെ ചോരയിലാണ് രാജ്യവും സ്വാതന്ത്ര്യവും നിലനിൽക്കുന്നത്. അങ്ങനെയുള്ള ഒരാളാണ് മഹാത്മാഗാന്ധി. നമ്മുടെ രാഷ്ട്രപിതാവ്. ഗാന്ധിജിയല്ല അദ്ദേഹത്തിന്റെ കൊലയാളി ഗോട്‌സെയാണ് രാജ്യത്തിന്റെ യഥാർത്ഥ നായകനെന്ന് നിരന്തരമായി ചിലർ പ്രഖ്യാപിച്ചു കൊണ്ടിരിക്കുമ്പോൾ യഥാർത്ഥ ദേശസ്‌നേഹികൾക്ക് മുറിവേൽക്കുകയും വേദനിക്കുകയും ചെയ്യും. അത് കേട്ടിട്ടും രോഷം തോന്നുന്നില്ലെങ്കിൽ ഒന്നുറക്കെ പ്രതിഷേധിക്കണമെന്ന് തോന്നുന്നില്ലെങ്കിൽ ആ നിസ്സംഗതയും മൗനവും അദ്ഭുതപ്പെടുത്തുന്നതാണ്.
ശരിയാണ്, നമ്മുടെരാജ്യത്തെ 121 കോടി മനുഷ്യരിൽ വിരലിലെണ്ണാവുന്ന ധനാഢ്യർ തണുപ്പിനെ മറികടക്കാൻ ഫയർസൈഡും വിസ്‌കിയുമായൊക്കെ ആർഭാടജീവിതത്തില്അഭിരമിക്കുന്നവരാണ്.ഫയര്‌സൈടും വിസ്‌കിയുമായി ആർഭാടത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന്! ജീവിതം നയിക്കുന്നവർക്ക് മനസാക്ഷിക്കുത്ത് തോന്നുമ്പോൾ പട്ടാളക്കാരുടെ ജീവത്യാഗത്തെക്കുറിച്ച് ചെലവില്ലാതെ വാഴ്‌ത്തുകയും ഇതുപോലുള്ള വാഴ്‌ത്തുകളിൽ ദേശസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യാം. അത്തരക്കാർക്ക് ദേശസ്‌നേഹം പ്രകടനപരത മാത്രമാണ്. എന്നാൽ ഈ ശബളിമയാർന്ന ആഡംബര ജീവിതം വെള്ളിത്തിരയിൽ മാത്രം കണ്ടു ശീലമുള്ള ഞങ്ങളെപ്പോലുള്ള മഹാഭൂരിപക്ഷത്തിന് ദേശസ്‌നേഹമെന്നു പറഞ്ഞാൽ ജെ.എൻ.യു. വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റ് കന്ഹയ്യകുമാർ പറഞ്ഞത്‌പോലെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടുള്ള പ്രതിബന്ധതയും കൂറുമാണ്. ഭരണഘടനയോടും ഇന്ത്യയെന്ന ആശയത്തോടുമുള്ള ഉത്തരവാദിത്തമാണ്.
അംഗൻവാടി ജീവനക്കാരിയായ അമ്മയുടെ 3500 രൂപ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന പഠിക്കാൻ മിടുക്കനായ കനയ്യയെപ്പോലുള്ള കുട്ടികളെ ഒന്നടങ്കം രാജ്യദ്രോഹികളായി ചിത്രീകരിച്ച് കല്ലെറിഞ്ഞ് രസിക്കാം. ശ്രീ. മോഹൻലാൽ തന്നെ ചൂണ്ടിക്കാണിച്ച അസമത്വത്തിന് (ഫയർ സൈഡും വിസ്‌കിയുമെല്ലാമായി ആർഭാടജീവിതം നയിക്കുന്നവരും ദരിദ്രഭൂരിപക്ഷവും തമ്മിലുള്ള അന്തരം) എതിരെ തീക്ഷണമായി പ്രസംഗിച്ചതാണ് കന്ഹയ്യ രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെടാൻ കാരണം. ജാതിവാദത്തെയും സംഘപരിവാറിന്റെ മതാധിഷ്ടിത രാഷ്ട്രവീക്ഷണത്തെയും ചോദ്യം ചെയ്തതാണ് കന്ഹയ്യ രാജ്യദ്രോഹിയാകാനും തുറുന്കിലടപ്പെടാനും കാരണം. രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥി മരണാനന്തരം രാജ്യദ്രോഹിയായി തീരാനുള്ള കാരണവും ഇത് തന്നെ. തിരക്കേറിയ ജീവിതത്തിനിടയിൽ ശ്രീ. മോഹൻലാലിന് കനയ്യ കുമാറിന്റെ പ്രസംഗം കേൾക്കാനോ വായിക്കാനോ സമയം കിട്ടിയിട്ടുണ്ടാവില്ല. തിരക്കൊഴിഞ്ഞ് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ കനയ്യകുമാറിന്റെ ഹൃദയസ്പർശിയായ പ്രസംഗം വായിക്കണമെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ബ്ലോഗിലൂടെ പങ്ക് വയ്ക്കണമെന്നും സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

വാൽക്കഷണം: രാജ്യദ്രോഹികളായ വിദ്യാർത്ഥികളെ കൊല്ലുമെന്ന ഭീഷണിയുമായി അധോലോക നായകൻ രവിപൂജാര രംഗത്തിറങ്ങിയതായി വാർത്ത. രാജ്യസ്‌നേഹികളുടെ എണ്ണം കൂടി വരുന്നു. ജാഗ്രതൈ!

ശ്രീ.മോഹൻലാലിന്റെ ബ്ലോഗ്പോസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയിൽ അദ്ദേ...

Posted by M.B. Rajesh on Monday, 22 February 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP