Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് മത്സരം നടത്തിയത്; ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്ന് വയ്ക്കുകയും പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു; പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ മത്സരത്തെ കുറിച്ച് മലബാർ ഗോൾഡിന് പറയാനുള്ളത്

പാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് മത്സരം നടത്തിയത്; ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്ന് വയ്ക്കുകയും പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു; പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ മത്സരത്തെ കുറിച്ച് മലബാർ ഗോൾഡിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഓഫറുകൾ വിവാദമായതോടെ അതിൽ വിശദീകരണവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് രംഗത്തെത്തി. പാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടിയാണ് മത്സരം നടത്തിയതെന്നും ഇത് വിവാദമായകാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്നുവച്ചതായും ഇതുമായി ബന്ധപ്പെട്ട് നൽകിയ പോസ്റ്റുകൾ പിൻവലിച്ചതായും മലബാർ ഗോൾഡ് വിശദീകരണ കുറിപ്പിൽ പറയുന്നു.

ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള സ്ഥാപനം എന്ന നിലയിൽ പല ദേശങ്ങളിലും ഉപഭോക്താക്കൾ ഉള്ളതായും അതിനാൽത്തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും മലബാർ ഗോൾഡ് അധികൃതർ വ്യക്തമാക്കുന്നു. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ് , മലേഷ്യ, പാക്കിസ്ഥാൻ തുട ങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജൂവലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .

ഇത്തരത്തിലുള്ള ഒരു പ്രചരണ പരിപാടിയിലാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഞങ്ങളുടെ ഗൾഫിലുള്ള ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി നിർദേശിച്ച ക്വിസ് മത്സരം നടത്തിയതെന്നും ഇതിന്റെ പരസ്യങ്ങളാണ് ഫേസ് ബുക് പേജിൽ പ്രത്യക്ഷപ്പെട്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പ്രചരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഔദ്യോഗിക ഫേസ് ബുക് പോജിൽ ഇക്കാര്യം വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ പിൻവലിക്കുകയും ചെയ്തതായും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അധികൃതർ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടു മലബാർ ഗോൾഡ് ആൻഡ് ഡൈമൻഡ്‌സ് പ്രഖ്യാപിച്ച ഒരു ഓഫറാണ് വിവാദമായത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ക്വിസും പ്രത്യേക ആനുകൂല്യങ്ങളുമൊക്കെയായി എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള ഫേസ്‌ബുക്ക് പേജിലാണ് ഓഫറിന്റെ കാര്യം പറഞ്ഞിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമർശമൊന്നും കാണാതിരിക്കുകയും ഇന്ത്യയിൽ നിന്നുള്ള കമ്പനി പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിനു മാത്രമായി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തു സോഷ്യൽ മീഡിയ രംഗത്തെത്തുകയും ചെയ്തു.

മലബാർ ഗോൾഡിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് ഇടപാടുകാർ പരാതിപ്പെടുകയും ചെയ്തു. കസ്റ്റമർ കെയറിൽ ജീവനക്കാരുമായി ഇടപാടുകാരുടെ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെയാണു ബിജെപി നേതാവു കെ സുരേന്ദ്രൻ ഇതിനെ വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ, പിന്നീട് സുരേന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചില സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് പോസ്റ്റു പിൻവലിക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

മലബാർ ഗോൾഡു മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പല ഇന്ത്യൻ കമ്പനികളും പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിൽ പാക്കിസ്ഥാനികൾ ധാരാളമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ആഘോഷങ്ങൾ നടത്തുന്നതും. എന്നാൽ, ഇത്തരം ആഘോഷങ്ങളുടെ പ്രചാരണം അതാതു രാജ്യങ്ങളിൽ മാത്രം ഒതുക്കി നിർത്താറാണു പതിവ്. ഏതായാലും സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഇതിൽ സ്ഥാപനം ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു.

 മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വിശദീകരണത്തിന്റെ പൂർണരൂപം:

പ്രിയ സുഹൃത്തെ,

ഈ സ്വാതന്ത്ര്യ ദിന വേളയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മലബാർ ഗോൾഡ് & ഡയമണ്ട്‌സിനെക്കുറിച്ചു പ്രചരിച്ച തെറ്റിദ്ധാരണാജനകമായ ചില വാർത്തകൾ ഞ ങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി . ഇത് സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . ഈ വിഷയത്തിൽ കമ്പനിയുടെ ഔദ്യോഗിക വിശദീകരണം താങ്കളുടെ അറിവിലേക്കായി നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കി കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത് .

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളു കയും ഭാരതീയ ആഭരണ കലാ പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു മറുനാടുകളിൽ പ്രശസ്തി ആർജ്ജിക്കുകയും ചെയ്ത ഇന്ത്യൻ ജൂവലറി ബ്രാൻഡ് ആണ് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് .

ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങൾക്ക് പല ദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉണ്ട് . അതുകൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികൾ ഞങ്ങൾ സമയാസമയം സംഘടിപ്പിക്കാറുണ്ട് . അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ് , മലേഷ്യ, പാക്കിസ്ഥാൻ തുട ങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജൂവലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .

വാസ്തവത്തിൽ ഞങ്ങൾ മാത്രമല്ല ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്ഥാപനങ്ങളും ആഗോള ബ്രാൻഡുകളും ഇത്തരം പരിപാടികൾ അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു . ഗൾഫിലെ പ്രമുഖ മാദ്ധ്യമങ്ങൾ പരിശോധിച്ചാൽ ഇതിന് നിരവധി ഉദാഹരങ്ങൾ കാണാൻ കഴിയും. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടും ഈയവസരത്തിൽ ഗൾഫിലെ പാക്കിസ്ഥാനി പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടും നിരവധി ഇന്ത്യൻ കമ്പനികളും ആഗോള ബ്രാൻഡുകളും ഈ വർഷവും പതിവ് പോലെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .

അത്തരത്തിൽ ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗൾഫിലുള്ള ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി നിർദേശിച്ച ക്വിസ് മത്സരം .സദുദ്ദേശത്തോടു കൂടി ഇന്റർനാഷണൽ മാർക്കറ്റിങ് ഡിവിഷൻ ഗൾഫ് ഷോറൂമുകളിലെ പാക്കിസ്ഥാനി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ ആവിഷ്‌കരിച്ച ഈ പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ് ഞങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത് . ഇത് കോർപ്പറേറ്റ് മാർക്കറ്റിങ് ഡിപ്പാർട്‌മെന്റിന്റെയും സീനിയർ കോർപറേറ്റ് മാനേജ്‌മെന്റിന്റെയും ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകൾ ഉടനടി പിൻവലിക്കുവാൻ നിർദ്ദേശം കൊടുക്കുകയും ചെയ്തു .

മേൽ പറഞ്ഞ പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. ഇത് മൂലം അവർക്കുണ്ടായ മനഃപ്രയാസങ്ങൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്‌സ് മാനേജ്മന്റ് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

സ്വാതന്ത്ര്യ ദിനാശംസകളോടെ

മാനേജ്മന്റ് & സ്റ്റാഫ്
മലബാർ ഗോൾഡ് & ഡയമണ്ട്‌സ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP