Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവരുടെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെ ഞാൻ കേ ട്ടിരുന്നിട്ടുണ്ട്; ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ പ്രസംഗിക്കുന്നത് ഇന്നും മനസ്സിലുണ്ട്; രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും പരിചയപ്പെടുന്നതിന് മുൻപേ സുഷമയെ ഇഷ്ടമായിരുന്നു; പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും പ്രകടനം മഹത്തരം; സുഷമ സ്വരാജിനെ അനുസ്മരിച്ച് എംബി രാജേഷ്

അവരുടെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെ ഞാൻ കേ ട്ടിരുന്നിട്ടുണ്ട്; ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ പ്രസംഗിക്കുന്നത് ഇന്നും മനസ്സിലുണ്ട്; രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും പരിചയപ്പെടുന്നതിന് മുൻപേ സുഷമയെ ഇഷ്ടമായിരുന്നു; പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും പ്രകടനം മഹത്തരം; സുഷമ സ്വരാജിനെ അനുസ്മരിച്ച് എംബി രാജേഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ച് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്.രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷ്മ സ്വരാജിനോട് ആദ്യമായി എംപിയാകുന്നതിന് മുൻപ് തന്നെ വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നു. അതായത് നേരിട്ട് പരിചയപ്പെടുന്നതിന് മുൻപ് തന്നെ സുഷമയോട് ഒരു ഇഷ്ടടം തോന്നിയിരുന്നു. അവരുടെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെയും ജിജ്ഞാസയോടെയും കേട്ടിരുന്നിട്ടുണ്ട്. നല്ല ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ, മൂർച്ചയോടെ, നർമ്മത്തോടെയുള്ള പ്രസംഗങ്ങൾ ഇപ്പോഴും മനസ്സിലുണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

എം. ബി. രാജേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സുഷ്മ സ്വരാജിന്റെ വിയോഗം അപ്രതീക്ഷിതമായി. അസുഖ ബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവർ മരിക്കുമെന്നു കരുതിയതേയില്ല. പത്തു വർഷത്തെ പാർലിമെന്ററി പ്രവർത്തനത്തിനിടയിലുള്ള പരിചയം അവരുമായി ഉണ്ട്. പാർലിമെന്റിൽ എത്തി പരിചയപ്പെടുന്നതിനൊക്കെ മുൻപേ, രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷ്മ സ്വരാജിനോട് വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നു. രണ്ടാം UPA സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ അവരുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഒരു നവാഗത എംപി എന്ന നിലയിൽ സുഷ്മ സ്വരാജിന്റെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെയും ജിജ്ഞാസയോടെയും കേട്ടിരുന്നിട്ടുണ്ട്. നല്ല ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ, മൂർച്ചയോടെ, നർമ്മത്തോടെയുള്ള പ്രസംഗങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്.

പ്രതിപക്ഷനേതാവായിരിക്കുമ്പോഴും പിന്നീട് വിദേശമന്ത്രിയായിരിക്കുമ്പോഴും നിരന്തരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് സന്ദർഭങ്ങൾ പ്രത്യേകം ഓർക്കുന്നു. രണ്ടാം UPA സർക്കാർ മോട്ടോർ വാഹന അപകട ഇൻഷ്വറൻസ് പരമാവധി 10 ലക്ഷമായി പരിമിതപ്പെടുത്തുന്നതടക്കമുള്ള അപകടകരമായ വ്യവസ്ഥകളുള്ള ബില്ല് കൊണ്ടു വന്നപ്പോൾ ഞാൻ ദോഷകരമായ വ്യവസ്ഥകൾക്കെതിരെ മൂന്ന് ഭേദഗതികൾ നൽകിയിരുന്നു. രാജ്യസഭ ഈ വ്യവസ്ഥകളോടെ ബില്ല് പാസ്സാക്കിയിരുന്നു. ലോക്സഭ കൂടി പാസ്സാക്കിയാൽ നിയമമാവും എന്ന സ്ഥിതി. സുഷ്മയോട് സംസാരിച്ച് പ്രതിപക്ഷത്തിന്റെയാകെ പിന്തുണക്ക് ശ്രമിക്കാൻ മുതിർന്ന അംഗം ഭർതൃഹരി മേഹ്താബ് ഉപദേശിച്ചു. ഞാൻ സുഷ്മയെ കണ്ട് ഭേദഗതികളേക്കുറിച്ച് വിശദീകരിച്ചു.

എന്റെ ഭേദഗതികൾ ന്യായമാണെന്ന് പറഞ്ഞ അവർ യശ്വന്ത് സിൻഹയെ കൂടി ചർച്ചയിലേക്ക് വിളിച്ചുവരുത്തി. ഒടുവിൽ എന്റെ ഭേദഗതിയെ പിന്തുണക്കാമെന്ന് ഉറപ്പു നൽകി. പ്രതിപക്ഷത്തുള്ള എല്ലാ പാർട്ടികളുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയിൽ ഭേദഗതി വോട്ടിനിട്ടാൽ വിജയിക്കില്ലെന്ന് സർക്കാരിന് മനസ്സിലായി. ബില്ലിന്റെ ചർച്ച പൂർത്തിയാക്കാതെ മാറ്റി വെച്ചു. മൂന്ന് തവണ സർക്കാർ ശ്രമിച്ചുവെങ്കിലും പാസ്സാക്കാനായില്ല. സുഷ്മാ സ്വരാജിനെ കണ്ട് നന്ദി പറഞ്ഞപ്പോൾ വാത്സല്യത്തോടെ പുറത്തു തട്ടി അഭിനന്ദിച്ചു. പൊതു താൽപ്പര്യമുള്ള ഇത്തരം കാര്യങ്ങളിൽ സഹകരിക്കാൻ സന്തോഷമേയുള്ളുവെന്ന് പറഞ്ഞു.

വിദേശമന്ത്രിയായപ്പോൾ അവരെ കാണാൻ സമയം തേടി. ഗൾഫിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂട്ടി കേന്ദ്ര സർക്കാർ ഇടപെടൽ തേടിയാണ് കാണുന്നത്. 4 മണിക്ക് പാർലിമെന്റിലെ ഓഫീസിൽ കാണാമെന്ന അറിയിപ്പു അനുസരിച്ച് അവരേയും കൂട്ടിഅവിടെ എത്തിയപ്പോൾ മന്ത്രി നേരത്തേ വീട്ടിലേക്ക് പോയി. മന്ത്രിയുടെ പി.എ സി.നെ ഫോണിൽ വിളിച്ചപ്പോൾ ഇന്നിനി കഴിയില്ല. അടുത്തയാഴ്ചയേ പറ്റൂ എന്നായി. നിരാശയും രോഷവും ഞാൻ ഫോണിലൂടെ പ്രകടിപ്പിച്ചു. കാറിലിരുന്ന് സംഭാഷണം ശ്രദ്ധിച്ച സുഷ്മാ സ്വരാജ് ഫോൺ വാങ്ങി എന്നോട് അപ്പോൾ തന്നെ അവരേയും കൂട്ടി വീട്ടിലേക്ക് വന്നോളാൻ പറഞ്ഞു.

പത്തു മിനിട്ടിനകം ഞങ്ങൾ അവിടെയെത്തി. ഞാൻ കാര്യങ്ങൾ വിശദീകരിച്ചത് ശ്രദ്ധയോടെ കേട്ട അവർ ശിക്ഷ വിധിക്കപ്പെട്ടയാളുടെ ഭാര്യയേയും മറ്റും ആശ്വസിപ്പിച്ചു. സാദ്ധ്യമായതൊക്കെ ചെയ്യാമെന്ന് ഉറപ്പു നൽകി. അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ഇറങ്ങാൻ നേരം എന്നെ മാറ്റി നിർത്തിപ്പറഞ്ഞു. 'ഇതിൽ സർക്കാരിനുള്ള പരിമിതി അറിയാമല്ലോ. അതു അവരോട് പറഞ്ഞ് വിഷമിപ്പിച്ചിട്ട് കാര്യമില്ലല്ലോ. അവർക്കൊപ്പം നിൽക്കൂ. ആശ്വസിപ്പിക്കൂ. ഞാനും അവർക്കായി പ്രാർത്ഥിക്കാം.' കാര്യക്ഷമതയും മനുഷ്യപ്പറ്റുമുള്ള മന്ത്രിയായിരുന്നു അവർ.എം പി എന്ന നിലയിൽ ഉന്നയിച്ച ആവശ്യങ്ങളോട് വേഗത്തിലും അനുഭാവത്തോടെയും പ്രതികരിച്ചു. പാലക്കാട്ടെ പാസ്പോർട്ട് ഓഫീസിന്റെ കാര്യത്തിൽ തടസ്സമുണ്ടായപ്പോൾ നേരിട്ട് കണ്ട് പ്രശ്നം ബോദ്ധ്യപ്പെടുത്തി. പറഞ്ഞത് ന്യായമായ കാര്യമെന്നും ഇടപെടാമെന്നും ഉറപ്പ്. വൈകാതെ അനുവദിച്ചതായി രേഖാമൂലം അറിയിപ്പും കിട്ടി.

സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവർക്കും പ്രിയങ്കരിയാക്കി. വിദ്വേഷത്തിന്റെയും പകയുടെയും ഭാഷ അവർ ഒരിക്കലും ഉപയോഗിച്ചു കേട്ടിട്ടില്ല. പലപ്പോഴും സ്വന്തം അനുയായികൾ അവരെ അധിക്ഷേപങ്ങളാൽ വേട്ടയാടി. എന്നിട്ടും അവർ തന്റെ പക്വമായ ശൈലി കൈവിട്ടില്ല. സുഷ്മാ സ്വരാജിന്റെ മരണം അകാലത്തിലായി. ആ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP