Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ

ലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ

തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് മാധ്യമങ്ങൾ ലൈംഗിക അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് പരാതിപ്പെട്ട് വനിതാ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഒഫ് വിമൻ ഇൻ മീഡിയ. സിനിമാരംഗത്തെ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് വനിതാ കൂട്ടായ്മ രൂപംകൊള്ളുകയും അവർ മുഖ്യമന്ത്രിയെ കണ്ട് സ്ത്രീകൾക്കെതിരെ മേഖലയിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂട്ടായ്മയുടെ ശക്തമായ ഇടപെടലുകൾ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായകമായി എന്നാണ് വിലയിരുത്തൽ. ഇപ്പോൾ സമാനമായ രീതിയിലാണ് വനിതാ കൂട്ടായ്മ മീഡിയ മേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മാധ്യമ മേഖലയിൽ വാർത്തകളിലെ സമീപനങ്ങളിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടി വനിതാ പത്രപ്രവർത്തക കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജൂലായ് 4ന് മംഗളം ചാനൽ സംപ്രേഷണം ചെയ്ത അപഹാസ്യമായ വാർത്ത നിറുത്തുന്നതിന് സർക്കാർ അടിയന്തരമായി നടപടിയെടുത്തതിനെ അവർ സ്വാഗതം ചെയ്തു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തീർത്തും അനാവശ്യമായ വിവരമാണ് ഒരു വാർത്തയിൽ കണ്ടത്. പരാതിക്കാരിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിത്. ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യ മാണ് ഇത്തരം മാധ്യമ റിപ്പോർട്ടുകളെന്ന് വനിതാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.

എം. സരിതാ വർമ (ഫിനാൻഷ്യൽ എക്സ്‌പ്രസ്), കെ.കെ. ഷാഹിന (ഓപ്പൺ മാഗസിൻ), ഗീത ബക്ഷി (നൊസ്റ്റാൾജിയ മാഗസിൻ), അർച്ചന രവി (ഡെക്കാൻ ക്രോണിക്കിൾ), റജീന വി.പി, ജിഷ (മാധ്യമം), ലക്ഷ്മി (ടൈം സ് ഒഫ് ഇന്ത്യ) എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

ഇന്ത്യൻ ശിക്ഷാ നിയമം വിലക്കിയ കാര്യങ്ങളാണ് മാധ്യമങ്ങളിൽ നടക്കുന്നത്. ലൈംഗിക അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രസ് കൗൺസിലിന്റെ മാർഗനിർദ്ദേശങ്ങളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും മാധ്യമങ്ങൾ അവഗണിക്കുകയും തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോർട്ടിംഗിൽ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോദ്ധ്യപ്പെടുത്തും വിധം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് നെറ്റ്‌വർക്ക് ഇൻ മീഡിയ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.

വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം: 
.
സർ

മംഗളം ടെലിവിഷൻ ചാനൽ ജൂലായ് നാലിന് സംപ്രേഷണം ചെയ്ത തികച്ചും അപഹാസ്യമായ വാർത്ത ഉടനടി നിർത്തുന്നതിന് താങ്കൾ കൈക്കൊണ്ട നടപടിയെ ഞങ്ങൾ ആദ്യമേ സ്വാഗതം ചെയ്യുന്നു.

കൊച്ചിയിൽ സിനിമാ നടിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട തീർത്തും അനാവശ്യമായ വിവരണങ്ങളടങ്ങിയ ഒരു വാർത്ത സംപ്രേഷണം ചെയ്ത് പിന്നീട് അത് ചർച്ചയാക്കിമാറ്റിയത് പരാതിക്കാരിയുടെ സ്വകാര്യതക്കു മേലുള്ള അതി ക്രൂരമായ കടന്നുകയറ്റമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്റെ നഗ്‌നമായ ലംഘനമായിരുന്നു അത്.

ഇതിനകം തന്നെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലൈംഗിക അതിക്രമ കേസുകളുടെ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവിലേക്ക് എൻ ഡബ്ലിയൂ എം ഐ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നിലവിലുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് ലൈംഗിക അതിക്രമ കേസുകളിലെ റിപ്പോർട്ടിങ്ങ് കേരളത്തിലെ പല മാധ്യമങ്ങളും നടത്തുന്നത്. പത്ര, ദൃശ്യ ഓൺ ലൈൻ മാധ്യമങ്ങൾ മിക്ക സന്ദർഭങ്ങളിലും ഈ തെറ്റ് ആവർത്തിക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ മാധ്യമസ്ഥാപനങ്ങൾക്ക് നൽകണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. എല്ലാ മാധ്യമങ്ങൾക്കും ബാധകമാകുന്ന തരത്തിലായിരിക്കണം ഈ മാർഗനിർദ്ദേശങ്ങൾ. താഴെ പറയുന്ന നിബന്ധനകളാണ് ഇന്ന് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ഇതിന്റെ ചുവടു പിടിച്ച് ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ പുതിയ മാർഗനിർദ്ദേശങ്ങൾ വേണമെന്നാണ് വനിതാ മാധ്യമപ്രവർത്തകരായ ഞങ്ങളുടെ അപേക്ഷ.

(1) ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാൽസംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സെക്ഷൻ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വർഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നത്.

(2) ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്‌പോൾ ഇരയുടെ സ്വഭാവത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്ന കൃത്യമായ നിർദ്ദേശം മാധ്യമപ്രവർത്തകരുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പ്രസ് കൗൺസിൽ 2010-ൽ തയാറാക്കിയ രേഖയിലുണ്ട്. ഈ നിർദ്ദേശങ്ങളിലെ സെക്ഷൻ ആറ് അനുസരിച്ച് ബലാൽസംഗം , തട്ടിക്കൊണ്ടു പോകൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം എന്നീ കുറ്റകൃത്യങ്ങളിലും ഇരയുടെ സ്വഭാവത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്ന റിപ്പോർട്ടുകളിലും ഇരയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്. മാത്രമല്ല ഇരയെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചന പോലും നൽകരുതെന്നും ഈ നി4ദേശത്തിൽ എടുത്തു പറയുന്നുണ്ട്.

(3) കുറ്റകൃത്യങ്ങൾ- പ്രത്യേകിച്ച്, ലൈംഗിക അതിക്രമവും , കുട്ടികൾക്ക് നേരെയുള്ള അതിക്രമവും റിപ്പോർട്ട് ചെയ്യുന്‌പോൾ ഇരയെ ശിക്ഷിക്കുന്ന രീതിയിലെ റിപ്പോർട്ടിങ്ങ് മാധ്യമങ്ങൾ നടത്തരുതെന്നും ഇരയുടെ ജീവിതം തകർക്കുന്ന നടപടിയാകും അതെന്നും മാധ്യമപ്രവർത്തകർക്കുള്ള പെരുമാറ്റ ചട്ടത്തിൽ എഡിറ്റേഴ്‌സ് ഗിൽഡും വ്യക്തമാക്കുന്നു.
(4) ലൈംഗിക പീഡനത്തിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമത്തിലും ഇരയുടെ സ്വകാര്യത സംരക്ഷിക്കാൻ മാധ്യമങ്ങൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് 2008-ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്.

(5) സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ജെ എസ് വർമ്മ അദ്ധ്യക്ഷനായ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്റേഡ്‌സ് അഥോറിറ്റി ( എൻ ബി എസ് എ) ആണ് ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്‌പോൾ ദൃശ്യമാധ്യമങ്ങൾ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് വിശദമായ മാർഗനിർദ്ദേശം നൽകിയിരിക്കുന്നത്. ഇരയെ മാനസികമായി വീണ്ടും പീഡിപ്പിക്കുന്ന തരത്തിലെ ഒരു ദൃശ്യവും കാണിക്കരുതെന്നും ഇരയുടെ പേരു വിവരങ്ങൾ ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും എൻ ബി എസ് എ നിഷ്‌കർഷിക്കുന്നു.

ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ബാധിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിങ്ങ് വേണ്ട. ലൈംഗിക അതിക്രമത്തിലെ ഇരയോയും സാക്ഷിയേയും ഒരു വാർത്താധിഷ്ഠിത പരിപാടിയിലും കാണിക്കരുതെന്നും , അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാൽ തന്നെ വ്യക്തിയുടെ മുഖം തിരിച്ചറിയാത്ത വിധം മാത്രമേ കാണിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ബലാൽസംഗത്തിലെ ഇര, പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത കുട്ടി, എന്നിവരുടെ സ്വകാര്യത പരിഗണിക്കണമെന്നും അവരുടെ ഫോട്ടോയോ ദൃശ്യങ്ങളോ അവരാരെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ കുടുംബാംഗങ്ങളുടെ ചിത്രമോ വിവരങ്ങളോ ചാനലുകൾ പുറത്തുവിടരുതെന്നും എൻ ബി എസ് എ നിർദ്ദേശിക്കുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിങ്ങ് വിവേകപൂർവം കൈകാര്യം ചെയ്യണമെന്നും എടുത്തു പറയുന്നുണ്ട്. പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടുന്നത് ഇരയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും എൻ ബി എസ് എ എടുത്തു പറയുന്നു.
ഇത്തരത്തിൽ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോർട്ടിംഗിൽ പാലിക്കേണ്ട മര്യാദകൾ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സർക്കാർ സർക്കാർ മുൻകൈ എടുക്കണമെന്നാണ് ഞങ്ങൾ അപേക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP