Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ചോ.. പണം കിട്ടിയില്ലെങ്കിൽ നിങ്ങൾ കുർബാന നടത്താൻ തയ്യാറാകുമോ? സഭയ്ക്ക് കീഴിലെ സ്‌കൂളുകളിൽ ഫീസിളവ് നൽകാൻ തയ്യാറാകാത്തതെന്തേ? നാണമില്ലേ.. നിങ്ങളൊക്കെ ക്രിസ്ത്യാനികളാണോ? നഴ്‌സുമാരുടെ ജീവിത സമരത്തെ വിമർശിച്ച തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിനെതിരെ പൊട്ടിത്തെറിച്ച് വിശ്വാസിയായ ഒരു നഴ്‌സ്

അച്ചോ.. പണം കിട്ടിയില്ലെങ്കിൽ നിങ്ങൾ കുർബാന നടത്താൻ തയ്യാറാകുമോ? സഭയ്ക്ക് കീഴിലെ സ്‌കൂളുകളിൽ ഫീസിളവ് നൽകാൻ തയ്യാറാകാത്തതെന്തേ? നാണമില്ലേ.. നിങ്ങളൊക്കെ ക്രിസ്ത്യാനികളാണോ? നഴ്‌സുമാരുടെ ജീവിത സമരത്തെ വിമർശിച്ച തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിനെതിരെ പൊട്ടിത്തെറിച്ച് വിശ്വാസിയായ ഒരു നഴ്‌സ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരം ചെയ്യുകയാണ്. നാളെ മന്ത്രിതലത്തിൽ ചർച്ച നടത്തുകയു ചെയ്യുന്നു. ഈ ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കയാണ് നഴ്‌സിങ് സംഘടനാ നേതാക്കൾ. എന്നാൽ ആശുപത്രി മാനേജ്‌മെന്റുകൾ കടുംപിടുത്തം തുടരുകയാണ്. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് കത്തോലിക്കാസഭയ്ക്ക് കീഴിലുള്ള ആശുപത്രികളാണ്. മിനിമം വേതനം നൽകാൻ തയ്യാറാകാത്ത ഈ സ്വകാര്യ ആശുപത്രികൾക്കെതിരെ കടുത്ത അമർഷമാണ് നഴ്‌സുമാർക്കിടയിൽ നിലനിൽക്കുന്നത്. ഇതിനിടെയാണ് തൃശ്ശൂർ രൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെ വിമർശിച്ച്  അതിരൂപതയുടെ  മുഖപത്രം കത്തോലിക്കാ സഭ രംഗത്തെത്തിയത്. നഴ്‌സുമാരുടെ സമരം അനാവശ്യമാണെന്ന് വിമർശിച്ചു കൊണ്ടാണ് കത്തോലിക്കാ സഭയിൽ ലേഖനം വന്നത്.

ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ഒരു കത്തോലിക്കാ വിശ്വാസി കൂടിയായ നഴ്‌സ്. ഫേസ്‌ബുക്ക് ലൈവിലൂടെ കത്തോലിക്കാ സഭയെ വിമർശിച്ച് രംഗത്തെത്തിയത് തൃശ്ശൂരുകാരിയായ നഴ്‌സ് ബിജി അൻസൽ ആണ്. താനൊരു ക്രിസ്ത്യാനി ആണെന്ന് വെളിപ്പെടുത്തി കൊണ്ട് തന്നെയാണ് അച്ചന്മാരെ വിമർശിച്ച് ബിജി രംഗത്തെത്തിയത്. ക്രിസ്ത്യൻ സ്ഥാപനത്തിൽ പഠിച്ചു വളർന്നയാളാണ് താനെന്നും ജനിച്ച അന്ന് മുതൽ ക്രൈസ്തവ വിശ്വാസം മുറുകേ പിടിച്ചാണ് ജീവിക്കുന്നതെന്നും പറഞ്ഞ ബിജി പിന്നീട് കത്തോലിക്കാ നേതൃത്വത്തിനെതിരെ കത്തിക്കയറുകയായിരുവന്നു.

എന്താണ് ക്രിസ്ത്യാനികൾ? എന്നാണ് നിങ്ങൾ മനസിലാക്കിയത് എന്നാണ് ബിജിയുടെ ചോദ്യം. കത്തോലിക്കാ സഭയെന്ന പത്രത്തിലൂടെ നഴ്‌സിഗ് സമൂഹത്തെ മുഴുവൻ അവഹേളിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും ബിജി ചോദിക്കുന്നു. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാതെ നഴ്‌സുമാരുടെ സമരത്തെ പരിഹസിക്കുന്നത് ശരിയല്ലെന്നാണ് ബിജിയുടെ പക്ഷം. സുപ്രീംകോടതി നിശ്ചയിച്ച മിനിമം കൂലി നൽകണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നാണ് അവർ പറയുന്നത്. എന്നാൽ അതിനെ സർക്കാർ ജോലിക്ക് ലഭിക്കുന്ന പണം വേണമെന്ന വിധത്തിലാക്കി മാറ്റിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്ത നൽകിയത്.

അച്ചോ പള്ളിയിൽ കുർബാനക്ക് എത്ര പണം അടക്കണം? ഇക്കാര്യത്തിൽ നഴ്‌സുമാരാണെന്ന് പറഞ്ഞ് ഇളവു നൽകാൻ നിങ്ങൾ തയ്യാറാകുമോ ന്നതാണ് ബിജിയുടെ ചോദ്യം. രണ്ട് കുട്ടികളുള്ള വീട്ടമ്മയാണ് ഞാൻ. ക്രിസ്ത്യൻ. സ്‌കൂളുകളിലാണ് അവർ പഠിക്കുന്നത്. എന്നാൽ, അതുകൊണ്ട് ഫീസിളവ് നൽകാൻ നിങ്ങൾ തയ്യാറുണ്ടോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. നാണമില്ലേ.. നിങ്ങളൊക്കെ ക്രിസ്ത്യാനികളാണോ? പണമില്ലാത്തതു കൊണ്ടാണോ അമലയും ജൂബിലിയും 25ഉം 30ഉം നിലകളുള്ള കെട്ടിടം കെട്ടിപ്പൊക്കുന്നത്. ഇതിനൊക്കെ എവിടുന്നാണ് കാശ് ലഭിച്ചത്. അടിസ്ഥാന ശമ്പളം വേണമെന്ന് പറയുമ്പോൾ എന്താണ് ഇങ്ങനെ അവഹേളിക്കുന്നത്. ഇത് കുടുംബം നോക്കാൻ വേണ്ടിയാണ് ചോദിക്കുന്നത്. അരമനേന്ന് കൊണ്ടുവന്ന കാശു കൊണ്ടാണോ നിങ്ങൾ ശമ്പളം കൊടുക്കുന്നത്. നിങ്ങളുടെ വീട്ടിൽ നിന്നും എടുത്തു കൊടുക്കേണ്ട്.. ബംഗാളികൾക്ക് പോലും മെച്ചപ്പെട്ട കൂലി കൊടുക്കുന്നുണ്ടല്ലോ. കേരളത്തിലെ നഴ്‌സിങ് സമൂഹത്തിൽ 75 ശതമാനവും ക്രൈസ്തവർ ആയിട്ടും അവർക്ക് മാന്യമായ ശമ്പളം കൊടുക്കാതെ അവഹേളിക്കുകയാണെന്നും ബിജി ഫേസ്‌ബുക്ക് വീഡിയോയിലൂടെ പറയുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തയ്യാറാകുകയാണ് വേണ്ടത്. അല്ലാതെ ആടിനെ പട്ടിയാക്കുന്ന വിധത്തിൽ നുണ പ്രചരിപ്പിക്കുകയല്ല വേണ്ടതെന്നും ബിജി പറുന്നു. ബിജിയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. അതേസമയം നഴ്സുമാരുടെ സമരത്തിനെതിരെ കത്തോലിക്കാ സഭയിലെ പുരോഹിതർക്കെതിരെ കത്തോലിക്ക മാനേജ്മെന്റ് ആശുപത്രിയിലെ ഒരു നേഴ്‌സ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

കത്തോലിക്കാ സഭ'യിലെ അച്ചന്മാരുടെ ആടിനെ പട്ടിയാക്കുന്ന ലേഖനം വായിച്ചു. നിങ്ങൾ ആദ്യം ഒന്ന് മനസ്സിലാക്കണം അച്ഛന്മാർ എഴുന്നള്ളിക്കുന്ന എന്തുകൊള്ളരുതായ്മയും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഉണ്ണാക്കന്മാർ അല്ല വിശ്വസികൾ. നിങ്ങളെ ആരാണ് പാവപ്പെട്ട രോഗികളുടെ വക്താക്കളായി നിയോഗിച്ചത്?

രോഗികളെ അമിതമായി പിഴിയുന്നതാണോ അതിനുള്ള യോഗ്യത? ഞങ്ങൾ നേഴ്‌സ്മാർ കൂടി ഉൾകൊള്ളുന്ന സമൂഹം ആണ് ഈ പറഞ്ഞ പാവപ്പെട്ട രോഗികൾ.ഞങ്ങൾ പാവപ്പെട്ടവരായി തുടരുന്നത് നിങ്ങളെപ്പോലുള്ള കോർപറേറ്റുകളുടെ ഹോസ്പിറ്റലുകളിൽ കയറിയിറങ്ങേണ്ടി വരുന്നതുകൊണ്ടാണ്. ഒരു മാസം ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ സാധാരണക്കാരന്റെ കണക്കുകൾ തെറ്റും.നിങ്ങൾ ഈടാക്കുന്ന അമിത ഫീസ് നേഴ്‌സ്മാർക്ക് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് കരുതാനും മാത്രം വിഡ്ഢികൾ അല്ല വിശ്വസികൾ. എന്താണ് നിങ്ങൾ ചെയ്യുന്ന ചാരിറ്റി?

100 രോഗികളിൽ നിന്ന് കഴുത്തറപ്പൻ ചാർജ് വാങ്ങിച്ചിട്ട് ഇടവകയിലെ അച്ഛന്റെ കത്തുമായി വരുന്ന ഒന്നോ രണ്ടോ രോഗികൾക്കു നക്കാപ്പിച്ച ഇളവ് കൊടുക്കുന്നതാണോ? അതോ ബിസിനസുകാരുടെ കയ്യിൽ നിന്നും ചാരിറ്റി ഫണ്ട് വാങ്ങി കുറച്ചു പേർക്ക് സൗജന്യ ഡയാലിസിസ് നാടകം നടത്തുന്നതോ? നിസാര പൈസക്ക് കിട്ടുന്ന മരുന്നുകൾ മൂന്നിരട്ടി ലാഭം ഇട്ട് MRP യിൽ കൊടുക്കുന്നതാണോ നിങ്ങളുടെ രോഗികളോടുള്ള പ്രതിബദ്ധത? അതോ ഇൻഷുറൻസ് ഉള്ള രോഗികൾക്കു അനാവശ്യ ടെസ്റ്റുകൾ ചെയ്തു പൈസ അടിക്കുന്നതോ? അവിടെ നടക്കുന്ന ഉൾകളികൾ നേഴ്‌സ്മാർ വിളിച്ചു പറഞ്ഞാൽ അന്ന് തീരും നിങ്ങടെ ചാരിറ്റിക്കളി. അധികാരികൾ കണ്ണടക്കുന്നിടത്തോളം നിങ്ങൾ ചൂഷണം തുടർന്ന്‌കൊണ്ടിരിക്കും.

പക്ഷേ നേഴ്‌സ്മാർ അതിന് നിന്ന് തരാൻ തയ്യാറല്ല.നേഴ്‌സ്മാർ ജോലി ചെയ്യുന്നത് ജീവിക്കാനാണ് അല്ലാതെ നിങ്ങളുടെ ആളെ പറ്റിക്കുന്ന ചാരിറ്റി കളിക്കാൻ അല്ല. അർഹതപ്പെട്ടവന് കൊടുക്കാതെ അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി പാവപ്പെട്ടവന് എന്തെങ്കിലും ഇളവ് ചെയ്തു കൊടുത്താൽ തന്നെ അവന് അതിന്റെ ഗുണം ലഭിക്കില്ല.അതുകൊണ്ട് കള്ളക്കളികൾ നിർത്തി സഭയുടെ കൊള്ളരുതായ്കകൾ വെള്ള പൂശാനുള്ള ''മഞ്ഞപ്പത്രം''ആയി ''കത്തോലിക്കാ സഭ'' ഉപയോഗിക്കാതെ വിവേകത്തോടെ പ്രവർത്തിക്കൂ. ഇനിയും കോർപറേറ്റുകളുടെ ശൈലിയിൽ ഇതുപോലുള്ള മൂന്നാംകിട മഞ്ഞപ്പത്ര കളിയുമായി നേഴ്‌സ്മാർക്കെതിരെ തിരിഞ്ഞാൽ വിശ്വസസമൂഹം തന്നെ നിങ്ങളെ കാർക്കിച്ചു തുപ്പും..ഓർമ്മയിലിരിക്കട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP