Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരം പൊളിഞ്ഞെന്ന് ചിലർ; ലക്ഷ്യം കണ്ടെന്ന് മറുപക്ഷം; ഇനി സാമൂഹ്യപ്രസക്തിയുള്ള വിഷയം ഏറ്റെടുക്കണമെന്നും നിർദ്ദേശം; ചുംബനസമരത്തിനോട് നവമാദ്ധ്യമങ്ങളുടെ പ്രതികരണം ഇങ്ങനെ

സമരം പൊളിഞ്ഞെന്ന് ചിലർ; ലക്ഷ്യം കണ്ടെന്ന് മറുപക്ഷം; ഇനി സാമൂഹ്യപ്രസക്തിയുള്ള വിഷയം ഏറ്റെടുക്കണമെന്നും നിർദ്ദേശം; ചുംബനസമരത്തിനോട് നവമാദ്ധ്യമങ്ങളുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ചുംബനസമരം നടത്തിയവരും കാണാനെത്തിയവരും പൊലീസുമെല്ലാം ചേർന്ന് കൊച്ചി നഗരം സ്തംഭിപ്പിച്ചെങ്കിലും നവമാദ്ധ്യമങ്ങളിൽ സമരത്തെക്കുറിച്ചുള്ള ചർച്ച പൂർവാധികം ഭംഗിയായി തുടരുകയാണ്. സമരത്തെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകളാണ് 'കിസ് ഓഫ് ലവ്' ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

സമരത്തെക്കുറിച്ച് പ്രതികരിച്ചതിനൊപ്പം സമരം പങ്കുവയ്ക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചും പ്രതികരിച്ചവരും നിരവധിയാണ്. സാമൂഹിക നവ മാദ്ധ്യമ കൂട്ടായ്മകളെ ഭയക്കുന്നവരെയാണ് ഇന്ന് എറണാകുളം മറൈൻ ഡ്രൈവിൽ കണ്ടതെന്ന് മനഃശാസ്ത്രജ്ഞനും സാമൂഹ്യപ്രവർത്തകനുമായ ഡോ. കെ എസ് ഡേവിഡ് ഫേസ്‌ബുക്കിൽ കുറിച്ചു.

'വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകളും മത വർഗ്ഗീയ സംഘടനകളും അഴിമതിക്ക് വർഗ്ഗീയ ഫാസിസം മറയാക്കുന്ന രാഷ്ട്രീയ സംഘടനകളും പാർട്ടികളും ഇന്നു ഭയക്കുന്നത് സാമൂഹിക കൂട്ടയ്മകളെയാണ്. ഇത്തരം സംഘടനകളുടെ അഴിഞ്ഞാട്ടം കണ്ടപ്പോഴും പ്രതിഷേധക്കാർ എന്ത് ചെയ്യുന്നു എന്നു പോലും നോക്കാതെ ആരുടെയോ താല്പര്യം സംരക്ഷിക്കാൻ വേണ്ടി അവരെ അറസ്റ്റു ചെയ്യാൻ തയ്യാറായ പൊലീസ് അധികാരികളെയും കണ്ടപ്പോൾ തോന്നിയത് ഇതാണെന്ന് ഡോ. ഡേവിഡ് പറഞ്ഞു. ബോംബെയിലും ഡൽഹിയിലും വർഗ്ഗീയതക്കെതിരെ, അഴിമതിക്കെതിരെ സംഘടിച്ച യുവജന ശക്തി സൃഷ്ടിച്ച സാമൂഹിക രാഷ്ട്രീയ തരംഗങ്ങൾ പരമ്പരാഗത രാഷ്ട്രീയ ത്തെ മാറ്റി മറിച്ചത് അറിയുന്ന ഈ സംഘടനകൾ യുവജന കൂട്ടായ്മകളെ ഭയപ്പെടുന്നു എന്നാണു ഇതിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും ഡോ. ഡേവിഡ് ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി. നാളെ നിങ്ങളുടെ വീടുകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ സൗഹൃദ സന്ദർശനത്തിന് വരുമ്പോൾ കയറിവന്നു ചോദ്യം ചെയ്യാൻ ഉള്ള അവകാശത്തിനു വേണ്ടിയാണ് സദാചാര പൊലീസ് ശ്രമിക്കുന്നത് എന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ സമയം വളരെ വൈകി കഴിഞ്ഞിരിക്കും.. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നു കയറ്റമാണിതെന്നും ഡോ. ഡേവിഡ് കുറിച്ചു.

ഹിന്ദുമുസ്ലിം യുവമൂരാച്ചികളുടെ അക്രമത്തെയും അവർക്ക് വഴിയൊരുക്കിയ ചെന്നിത്തല പൊലീസിന്റെ അതിക്രമത്തെയും മറികടന്ന് Kiss of Love ചുംബനസമരം വിജയിപ്പിച്ച് കേരളത്തെ നവോത്ഥാന പാതയിലേക്ക് തിരിച്ചു കൊണ്ടുവന്ന ഫേസ്‌ബുക്ക് കൂട്ടായ്മക്ക് അഭിവാദ്യങ്ങൾ!'- എന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്‌കറും ഫേസ്‌ബുക്കിൽ കുറിച്ചു

സംസ്‌കാരമില്ലായ്മ ഒരു സംസ്‌കാരമായി കൊണ്ട് നടക്കുന്ന ഒരു കൂട്ടം വിഡ്ഢി രാഷ്ട്രീയ സംഘടനകളുടെ ശവപ്പെട്ടി അവർ സ്വയം ഉണ്ടാക്കുന്ന കാഴ്ചയാണ് ചുംബന സമരത്തിനെതിരെ നടന്ന അക്രമത്തിലൂടെ കണ്ടത്. പൊതു ജനം വിഡ്ഢികളല്ല. അവർ നിങ്ങളെ ചോദ്യം ചെയ്യുന്ന സമയം അകലെയല്ല.'- എന്ന് ചലച്ചിത്രതാരം സണ്ണി വെയ്ൻ അഭിപ്രായപ്പെട്ടു.

 
'സകല വർഗീയ വാദികളും സദാചാര അപ്പൊസ്തലന്മാരും അരയും തലയും മുറുക്കി മസിലും പെരുപ്പിച്ചു വന്നിട്ടും തെല്ലും കുലുങ്ങാതെ സമരവീര്യം കാത്തു സൂക്ഷിച്ച കിസ്സ് ഓഫ് ലവിന്റെ ഓരോ പ്രതിനിധിക്കും ..അഭിവാദ്യങ്ങൾ' എന്ന കമന്റ് വന്നതിന് തൊട്ടുപിന്നാലെ 'കുറെയാളുകൾ ഫ്രാഡ് ചുംബനം നടത്തി പിരിഞ്ഞതുകൊണ്ട് ജനങ്ങളിലേക്ക് മേൽപറഞ്ഞ ഒരു സന്ദേശവും എത്തുകയില്ലെ'ന്നും കമന്റ് പ്രത്യക്ഷപ്പെട്ടു. മറൈൻ ഡ്രൈവിലെ സമരം കേരളീയന്റെ മനസ്സറിയാത്ത സമരമാണെന്നും അവന്റെ പൈതൃകത്തെ തിരിച്ചറിയാത്ത സമരമാണെന്നും അതുകൊണ്ട് തന്നെ പിന്തുണയ്ക്ക് പകരം പൊതുജനങ്ങളുടെ പുച്ഛമാണ് അത് വാരിക്കൂട്ടുകയെന്നും നവമാദ്ധ്യമങ്ങളിൽ അഭിപ്രായപ്പെട്ടവർ നിരവധിയാണ്.
 
മാദ്ധ്യമങ്ങളിൽ മുഖം കാണിക്കാനുള്ള നീക്കം മാത്രമാണിതെന്നും സമരതെത് എതിർക്കുന്നവർ പറയുന്നു. പരസ്യമായും രഹസ്യമായും ജീവനുള്ള ചുംബനങ്ങൾ നല്കാൻ ഒരു വിലക്കുമില്ലാത്ത നാട്ടിൽ എന്തോ വലിയ വിപ്ലവം നടത്താനെന്ന പോലെ മറൈൻ ഡ്രൈവിലേക്ക് കൂട്ട ചുംബനം നടത്താൻ ഓടുന്നവരെ കോമാളികൾ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നവരെന്ന് പ്രതികരിച്ചവരും കുറവല്ല.
 
സമരം പൊളിഞ്ഞെന്ന് ഒരു കൂട്ടർ പറയുമ്പോൾ ലക്ഷ്യം നേടിയെന്നാണ് മറുവിഭാഗം പറയുന്നത്. ഇനി അടുത്ത വിഷയം ഏറ്റെടുത്ത് സമരം ചെയ്യണമെന്നും കമന്റുകൾ വന്നു. 'ഒരു സമരത്തിന്റെ വിജയം അതിൽ പങ്കെടുത്ത ആളുകളുടെ എണ്ണം നോക്കിയല്ല . മറിച്ച് അത് ഉണ്ടാക്കുന്ന അലയൊലികൾ സമൂഹത്തിനെ എങ്ങനെ മാറ്റുന്നു എന്നതിനെ അനുസരിച്ചാണ് . ഒരു സമരവും ലോക ചരിത്രത്തിൽ ഒറ്റ ദിവസം കൊണ്ട് വിജയിച്ചിട്ടില്ല . സ്വാതന്ത്ര്യ സമരം പോലും !!! അലയൊലികൾ ആവശ്യമാണ്' എന്നും പ്രതികരണങ്ങൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു. കേരള ജനതയ്ക്ക് ഇതല്ല വേണ്ടതെന്നും പ്രണയത്തിന്റെ പേരിൽ ഉള്ള ചൂഷണത്തിന് അവസരം ഉണ്ടാക്കി വ്യാപാരം നടത്താൻ പൊതുസമൂഹം അനുവദിക്കില്ലെന്നും അഭിപ്രായമുയർന്നു.

പരസ്പരം പോരടിച്ചു നടന്ന ചില സംഘടനകൾ ഒന്നാകാൻ ചുംബനസമരം കാരണമായെന്നും പോസ്റ്റുകൾ വന്നു. 'കാവി പുതച്ച സംഘിയും ഖദറിട്ട മണ്ടൻ കെഎസ്‌യുക്കാരനും,തലേക്കെട്ട് കെട്ടിയ കുട്ടി സുന്നികളും എല്ലാം വിളിക്കുന്നത് ഒരേ മുദ്രാവാക്യം തന്നെയാണ്.. രണ്ട് പേർ ഉമ്മവെക്കുന്നത് കാണുമ്പോഴേക്ക് ഉന്മാദം വരുന്ന പരിഷകൾ' എന്നും സദാചാര പൊലീസിനെ അടിച്ചമർത്തേണ്ട സമയം ആയിരിക്കുന്നെന്നും കമന്റുകൾ 'കിസ് ഓഫ് ലവി'ന്റെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'സദാചാരം എന്ന വിഷയം ഇത്രയധികം ആളുകളിലേക്ക് എത്തിക്കാൻ സമരക്കാർക്ക് കഴിഞ്ഞു.അത് തന്നെ വിജയം' എന്നും കമന്റുകൾ വന്നിട്ടുണ്ട്.
 
'വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ നാളിത് വരെ നടത്തിയ സമരങ്ങളെക്കാൾ നിങ്ങളുടെ ഈ സമര മുറ വാർത്താ പ്രാധാന്യം നേടിയെന്നത് ശരി തന്നെ. പക്ഷെ നിങ്ങൾ ഈ ശ്രദ്ധ നേടിയത് ചില മസാല പടങ്ങളിലെ ചേരുവകൾ പോലെ ചില എരിവും പുളിവും ചേർത്തതുകൊണ്ട് തന്നെ. അതാണല്ലോ ന്യൂ ജനറേഷൻ. കേരളത്തിലെ ഒരു ചെറിയ പക്ഷം വരുന്ന സാമ്പത്തിക സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരിലെ അരാജക വാദികൾ അവതരിപ്പിച്ച ഈ സമര മുറ പരാജയപ്പെട്ടത് ചരിത്രത്തിന്റെ നിയോഗമാണെ'ന്നും അഭിപ്രായമുയർന്നു. സൂര്യ ടിവിയിലെ 'മലയാളി ഹൗസി'ൽ ഉമ്മകൾ കൊണ്ട് അഴിഞ്ഞാടിയ രാഹുൽ ഈശ്വറാണ് ചുംബനസമരത്തിനെതിരെ ചാനൽ ചർച്ചയിൽ പ്രതിഷേധവുമായി എത്തിയതെന്നും പരിഹാസ കമന്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP