Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആർത്തവം അയോഗ്യതയെങ്കിൽ മാതൃത്വം കുറ്റകരം; എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആർത്തവം ഒരു കുറ്റമായി സമൂഹം സ്വീകരിക്കുക; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആർത്തവം അയോഗ്യതയെങ്കിൽ മാതൃത്വം കുറ്റകരം; എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആർത്തവം ഒരു കുറ്റമായി സമൂഹം സ്വീകരിക്കുക; ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഫേസ്‌ബുക്കിൽ പ്രതികരണവുമായി സ്പീക്കർ ശ്രീരാമ കൃഷ്ണൻ. ആർത്തവം അയോഗ്യതയാണെങ്കിൽ മാതൃത്വം കുറ്റമാണെന്നും അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആർത്തവം എങ്ങനെയാണ് ഒരു കുറ്റമായി സമൂഹം സ്വീകരിക്കുകയെന്നും സ്പീക്കർ കുറിപ്പിലൂടെ ചോദിക്കുന്നു.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണ്. സ്ത്രീത്വം എങ്ങനെ ഒരു അയോഗ്യതയാകും എന്ന പ്രസക്തമായ ഒരു ചോദ്യം കോടതി ഉന്നയിച്ചു. ദൈവത്തിൽ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാ മനുഷ്യർക്കും ഒരുപോലെയാണെന്നിരിക്കെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ആർത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറ്റൂ, ആരാധന നടത്താൻ പറ്റൂ എന്ന് പറയുന്നത് ആർത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്. ആർത്തവം അയോഗ്യതയാണെങ്കിൽ മാതൃത്വം കുറ്റമാണ്.

ഒരു മാതാവിന്റെ ഗർഭത്തിൽനിന്ന് പുറത്തുവരാതെ ഈ ലോകത്ത് ഒരു മനുഷ്യനും പിറക്കാനിടയില്ലായെന്നിരിക്കെ എങ്ങനെയാണ് അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആർത്തവം ഒരു കുറ്റമായി ആധുനിക സമൂഹം സ്വീകരിക്കുക?

ആചാരങ്ങളും അനുഷ്ഠാനങ്ങളും പിൻതുടരുന്നത് നല്ലതാണ്. പക്ഷേ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ ലംഘിച്ചുകൊണ്ടാകരുത്. അത്. ആരാണ് മഹാൻ എന്ന് ചോദിച്ചാൽ ആർക്കാണ് മാറ്റങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയുക അവനാണ് എന്നാണ് ഉത്തരം. മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നവനാണ് മഹാൻ. പുതിയ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനും സ്വയം മാറാനും കഴിയുന്നതാണ് മഹത്വത്തിന്റെ മാനദണ്ഡം.

സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചും ജനാധിപത്യത്തിന്റെ വികാസത്തിനനുസരിച്ചും എല്ലാത്തിനും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. അനിവാര്യവുമാണ്. ഒരുപക്ഷേ ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പല ആചാരങ്ങളും ഇന്ന് നിലനിൽക്കുന്നില്ല. കാലത്തിന്റെ ഒഴുക്കിൽ അവയെല്ലാം മാറിപ്പോയി. കാലത്തിന്റെ ഒഴുക്കിൽ ജനാധിപത്യത്തിന്റെ വികാസത്തിൽ പലതും മാറിയ കൂട്ടത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശം മാറാതെ നിന്നു എന്നതാണ് വസ്തുത. സ്ത്രീത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ മാതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ ഈ ചർച്ചയ്ക്ക് പ്രസക്തിയുണ്ട്.

അനുഷ്ഠാനങ്ങളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ചർച്ചയാകാം സംവാദമാകാം. ദശാബ്ദങ്ങൾക്ക് മുമ്പ് കേരളത്തിൽ ദളിതർക്ക് മേൽവസ്ത്രം ധരിക്കാനവകാശമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതെല്ലാം ആചാരങ്ങളായിരുന്നു. അതൊന്നും ഇന്ന് നിലനിൽക്കുന്നില്ല. ദൈവത്തിന്റെ മുന്നിൽ തുല്യത പ്രാപിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു മുന്നിൽ ഇനിയും തടസ്സം നിൽക്കണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വീണ്ടും പറയുന്നു ആർത്തവം അയോഗ്യതയെങ്കിൽ ഗർഭം പാതകമെങ്കിൽ  മാതൃത്വം കുറ്റമാണെന്ന് പറയേണ്ടിവരും.

മാതൃത്വത്തെ കുറ്റമായി കാണുന്ന ഒരു സമൂഹം അങ്ങേയറ്റത്തെ അസംബന്ധ ജഡിലമായ പാരമ്പര്യത്തെയാണ് പിൻപറ്റുന്നത്. കൂരിരുട്ടിലുള്ള സമൂഹമാണെന്നുതന്നെ വിലയിരുത്തേണ്ടി വരും. 'മാതൃദേവോ ഭവ' എന്ന് ചൊല്ലിപ്പഠിപ്പിച്ച ഭാരതീയ സംസ്‌കൃതി സ്ത്രീത്വത്തെ ഒരിക്കലും അപരവൽക്കരിക്കപ്പെട്ട സത്തയായി കണ്ടിരുന്നില്ല. കാലപ്രവാഹത്തിൽ കടന്നുകൂടിയ ഇത്തരം അബദ്ധാചാരങ്ങൾ തിരുത്തിയേ തീരൂ എന്ന സുപ്രീംകോടതി നിരീക്ഷണം ശുഭോദർക്കമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP