Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ വേണ്ടി സ്വന്തം വൃക്ക വിൽക്കാനുണ്ടെന്ന് വീടിന് മുമ്പിൽ കർഷകൻ ബോർഡ് എഴുതിവെച്ചത് പിണറായിയുടെ കേരളത്തിലാണ്;ആറ് മാസത്തിനിടയിൽ ഇരുപതിലേറെ കർഷകർ ജീവനൊടുക്കിയിട്ടും രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമ്പോൾ സിപിഎം എത്തിപ്പെട്ട ദുരവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു; രാഹുലിനെതിരെ സിപിഎം കർഷക മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്

'ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ വേണ്ടി സ്വന്തം വൃക്ക വിൽക്കാനുണ്ടെന്ന് വീടിന് മുമ്പിൽ കർഷകൻ ബോർഡ് എഴുതിവെച്ചത് പിണറായിയുടെ കേരളത്തിലാണ്;ആറ് മാസത്തിനിടയിൽ ഇരുപതിലേറെ കർഷകർ ജീവനൊടുക്കിയിട്ടും രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമ്പോൾ സിപിഎം എത്തിപ്പെട്ട ദുരവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു; രാഹുലിനെതിരെ സിപിഎം കർഷക മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് രാജ്യം നീങ്ങുന്ന വേളയിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാവുകയാണ് വയനാട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വേളയിൽ സംസ്ഥനത്തെ ഇടതു പക്ഷം വെട്ടിലായിരിക്കുകയാണ് എന്ന കാര്യത്തിൽ സംശയവുമില്ല. ഈ അവസരത്തിലാണ് വയനാട്ടില് രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമെന്ന് സിപിഎം സൂചന നൽകിയിരുന്നത്. എന്നാൽ ഇതിനെതിരെ അതി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥ്.

പ്രളയ ദുരിതാശ്വാസത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ വേണ്ടി സ്വന്തം വൃക്ക വിൽക്കാനുണ്ടെന്ന് വീടിന് മുമ്പിൽ ബോർഡ് എഴുതിവെച്ചത് പിണറായി വിജയന്റെ കേരളത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഇരുപതിലേറെ കർഷകരാണ് ഇടുക്കിയിലും വയനാട്ടിലും ഉൾപ്പെടെ ജീവനൊടുക്കിയത്. എന്നിട്ട് രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമ്പോൾ സിപിഎം എത്തിപ്പെട്ട ദുരവസ്ഥ ഓർത്ത് സഹതാപം തോന്നുന്നുവെന്നും വിഷ്ണുനാഥ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.


പി.സി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


കർഷകർക്കറിയാം രാഹുൽ എന്ത് ചെയ്തെന്ന്; പിണറായി ഈ പ്രഹസനം നിർത്തൂ
*************************

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കർഷക മാർച്ച് നടത്തുമെന്നാണ് സിപിഎം പറയുന്നത്. അതും നരേന്ദ്ര മോദി കേരളത്തിൽ എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാർട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ഈശ്വർചന്ദ് ശർമ്മയെന്ന കർഷകൻ ആത്മഹത്യ ചെയ്തത്. പിണറായി വിജയൻ അത് അറിഞ്ഞുകാണില്ല.

കേരളത്തിൽ സർക്കാർ സൃഷ്ടിച്ച പ്രളയത്തിൽ കൃഷിയിടം നഷ്ടപ്പെട്ട കർഷകൻ പ്രളയ ദുരിതാശ്വാസത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ വേണ്ടി സ്വന്തം വൃക്ക വിൽക്കാനുണ്ടെന്ന് വീടിന് മുമ്പിൽ ബോർഡ് എഴുതിവെച്ചത് പിണറായി വിജയന്റെ കേരളത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഇരുപതിലേറെ കർഷകരാണ് ഇടുക്കിയിലും വയനാട്ടിലും ഉൾപ്പെടെ ജീവനൊടുക്കിയത്.
എന്നിട്ട് രാഹുലിനെതിരെ കർഷക മാർച്ച് നടത്തുമ്പോൾ സിപിഎം എത്തിപ്പെട്ട ദുരവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും കർഷക സമരങ്ങളുടെ തീച്ചൂളയിലേക്ക് ധൈര്യസമേതം ഇറങ്ങിച്ചെല്ലുകയും അവരുടെ ആവലാതികൾ കേൾക്കുകയും പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്ത നേതാവിന്റെ പേര് മോദി എന്നല്ല, രാഹുൽ എന്നാണ്.

ഭട്ടാപർസൂലിൽ കർഷകരുടെ ഭൂമി കോർപ്പറേറ്റുകൾക്ക് നൽകാൻ തീരുമാനിച്ചപ്പോഴാണ് രാഹുൽ ഗാന്ധി പ്രത്യക്ഷ സമരവുമായി അവിടെ എത്തിയതും അത് തടസ്സപ്പെടുത്തിയതും. നിയാമഗിരിയിലും ആദിവാസി ഭൂമി കുത്തകകൾക്ക് വിട്ടുകൊടുക്കാൻ നടത്തിയ ശ്രമം സമരം ചെയ്ത് ചെറുത്ത് തോൽപ്പിച്ചത് രാഹുലിന്റെ നേതൃത്വത്തിലാണ്.

കേന്ദ്രത്തിൽ രാഹുലിന്റെ പാർട്ടി നേതൃത്വം നൽകുന്ന യുപിഎ സർക്കാർ കോർപ്പറേറ്റുകൾ കർഷക ഭൂമി ഏറ്റെടുക്കുന്നത് തടയാനുള്ള നിയമം പാർലമെന്റിൽ കൊണ്ടുവന്നു. ആ നിയമം അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തിയത്.

യുപിഎ സർക്കാർ 72,000 കോടി രൂപയുടെ കാർഷിക കടങ്ങളാണ് എഴുതി തള്ളിയതെന്ന് പിണറായി വിജയന് അറിയാമോ? ലോകംകണ്ട ഏറ്റവും വലിയ തൊഴിൽദാന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ കർഷക കുടുംബങ്ങൾക്കാണ് കൂടുതൽ അത്താണിയായത്. മൂന്നാം യുപിഎ സർക്കാർ അധികാരത്തിലേറിയാൽ പ്രതിവർഷം 72,000 രൂപ സാധാരണക്കാരായ കുടുംബത്തിന് ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുന്ന നേതാവിന്റെ പേരാണ് രാഹുൽ ഗാന്ധി. പാവപ്പെട്ടവനെ, കർഷകരെ നെഞ്ചോട് ചേർത്തുനിർത്തുന്ന നേതാവിന്റെ പേരാണ് രാഹുൽ.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശേഷം കർണാടകയിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാറുകളെക്കൊണ്ട് കാർഷിക കടങ്ങൾ എഴുതി തള്ളിച്ചു. പഞ്ചാബിലും കാർഷിക കടം എഴുതിത്തള്ളിച്ചു. എന്നാൽ കേന്ദ്രത്തിലെ മോദി സർക്കാർ കാർഷിക കടം എഴുതി തള്ളാൻ തയ്യാറാവുന്നില്ല. മറ്റ് സംസ്ഥാന സർക്കാറുകൾ ചെയ്തതുപോലെ കേരളത്തിൽ കാർഷിക കടം എഴുതി തള്ളാൻ പിണറായി സർക്കാറും തയ്യാറാവുന്നില്ല. പിന്നെ എന്തിനാണ് കർഷക മാർച്ചെന്ന പ്രഹസന നാടകം? ഉത്തരേന്ത്യയിൽ കിസാൻസഭയുടെ പങ്കാളിത്തത്തോടെ കർഷക മാർച്ച് നടന്നപ്പോൾ അത്തരമൊരു മാർച്ച് കേരളത്തിൽ സംഘടിപ്പിക്കാൻ തങ്ങളുടെ ആൾബലവും ശേഷിയും ഉപയോഗിക്കാത്തവരാണ് പിണറായിയുടെ കേരളാ പാർട്ടി ഘടകം.

ഒരുകാര്യം സിപിഎമ്മുകാർ ഓർക്കുന്നത് നല്ലതാണ്. സിപിഎമ്മിന് എന്തോ ബദൽ നയം ഉണ്ടെന്നാണ് ആളുകളെ പറ്റിക്കാൻ വലിയ വായിൽ വിളിച്ചുകൂവി നടക്കുന്നത്. മുപ്പത് വർഷക്കാലം തുടർച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ സിപിഎമ്മിനെ നാലാം സ്ഥാനത്തേക്ക് തള്ളിമാറ്റിയതിന് പ്രധാന കാരണം കർഷക രോഷമായിരുന്നു.

നന്ദിഗ്രാമിലും സിംഗൂരിലും കർഷകഭൂമി കോർപ്പറേറ്റുകൾക്ക് അവരുടെ ദല്ലാളന്മാരി നിന്നുകൊണ്ട് വിട്ടുകൊടുക്കാൻ തീരുമാനിച്ചതിനോടുള്ള കർഷക പ്രതിഷേധത്തിന്റെ ചൂടറിഞ്ഞവരാണ് ബംഗാളിലെ പാർട്ടി നേതാക്കൾ. കേരളത്തിലുൾപ്പെടെ ഭൂമി കയ്യേറ്റക്കാർക്കും പാടം നികത്തുന്നവർക്കും ഒത്താശ ചെയ്യുന്ന മന്ത്രിമാരെയും ജനപ്രതിനിധികളെയും തീറ്റിപ്പോറ്റുന്ന നിങ്ങൾക്ക് എന്ത് ബദൽ നയമാണുള്ളത്?

എഡിബി സായ്പന്മാരുടെ ശരീരത്തിൽ കരിഓയിൽ ഒഴിച്ചതിന് ശേഷം ഒമ്പതര ശതമാനം പലിശയ്ക്ക് മസാല ബോണ്ട് വാങ്ങി കേരളത്തെ കടക്കെണിയിലാക്കുന്നതിന്റെ പേരാണോ ബദൽ നയം?

ഈ പ്രഹസനങ്ങളിൽ നിന്നും പിന്തിരിയാൻ പിണറായിയും കോടിയേരിയും തയ്യാറാവണം. കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിലുപരി കടബാധ്യതകളിൽ നിന്നും കർഷകരുടെ പൂർണമായ മോചനം ലക്ഷ്യമാക്കാൻ ചരിത്രത്തിൽ ആദ്യമായി കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത രാഹുലിനെ അംഗീകരിച്ചില്ലെങ്കിലും അവമതിക്കരുത്. ജനം പൊറുക്കില്ല.

റഫേൽ അഴിമതിയിലടക്കം നരേന്ദ്ര മോദിക്കെതിരെ നിങ്ങൾ സമരം ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് സത്യസന്ധമായി ജനങ്ങളോട് പറഞ്ഞ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുക.

-പി സി വിഷ്ണുനാഥ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP