Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ സി പി എമ്മിന് കൊല്ലാനൊരു സംഘമുണ്ട്; കൊന്നവനുവേണ്ടി കേസിൽ പ്രതിയാകാനൊരു സംഘമുണ്ട്; കേസ് നടത്താൻ മറ്റൊരു സംഘം ഉണ്ട്; ഇതിനെയെല്ലാം ന്യായീകരിക്കാൻ സാംസ്‌കാരിക നായകന്മാരുടെയും ന്യൂജനറേഷൻ ചലച്ചിത്ര സംവിധായകരുടെയും ഒരു സംഘം വേറെയുണ്ട്; കൊലപാതകത്തെ ന്യായീകരിക്കുന്ന സാംസ്‌കാരിക നായകരെ തേച്ചൊട്ടിച്ച് പിസി വിഷ്ണുനാഥ്

കേരളത്തിലെ സി പി എമ്മിന് കൊല്ലാനൊരു സംഘമുണ്ട്; കൊന്നവനുവേണ്ടി കേസിൽ പ്രതിയാകാനൊരു സംഘമുണ്ട്; കേസ് നടത്താൻ മറ്റൊരു സംഘം ഉണ്ട്; ഇതിനെയെല്ലാം ന്യായീകരിക്കാൻ സാംസ്‌കാരിക നായകന്മാരുടെയും ന്യൂജനറേഷൻ ചലച്ചിത്ര സംവിധായകരുടെയും ഒരു സംഘം വേറെയുണ്ട്; കൊലപാതകത്തെ ന്യായീകരിക്കുന്ന സാംസ്‌കാരിക നായകരെ തേച്ചൊട്ടിച്ച് പിസി വിഷ്ണുനാഥ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിനെതിരെ നാല് ഭാഗത്ത് നിന്നും വിമർശവും ഉയരുമ്പോഴും പാർട്ടിയെ ന്യായീകരിക്കുന്നവരും കുറവല്ല. ഇത്തരത്തിൽ പാർട്ടിക്കായി രംഗത്ത് വരികയും അഭിമന്യുവിനെ കൊന്നതുമായി താരതമ്യം ചെയ്യുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് രംഗത്ത വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്.

എറണാകുളം മഹാരാജാസിലെ കൊലപാതകവും കാസർഗോട്ടെ കൊലപാതകവും രണ്ടാണെന്ന് പറയുന്നത് ശരിയാണ്. എറണാകുളത്തുകൊലപാതകം നടത്തിയത് വർഗീയവാദികളാണ്; കാസർഗോഡ് പെരിയയിൽ കൊല നടത്തിയത് പുരോഗമനവാദികളാണ്. സിപിഎം എന്ത് ചെയ്താലും ന്യായീകരിക്കുന്നത് ഭയന്നിട്ടാണെന്നും വിധേയത്വമാണെന്നും വിഷ്ണുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പിസി വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എറണാകുളം മഹാരാജാസിലെ കൊലപാതകവും കാസർഗോട്ടെ കൊലപാതകവും രണ്ടാണെന്ന ന്യായീകരണവുമായ് ചില സാംസ്‌കാരിക നായകന്മാരും നായികമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ശരിയാണ്, എറണാകുളത്തുകൊലപാതകം നടത്തിയത് വർഗീയവാദികളാണ്; കാസർഗോഡ് പെരിയയിൽ കൊല നടത്തിയത് പുരോഗമനവാദികളാണ്. എന്ന് മാത്രമല്ല, കാസർഗോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത് രണ്ടാം നവോത്ഥാന കാലത്തായതുകൊണ്ട് ഈ കൊലപാതകം നവോത്ഥാന കൊലപാതകങ്ങളുടെ പട്ടികയിലേക്കാണ് വരുന്നത്!

കേരളത്തിലെ സി പി എമ്മിന് കൊല്ലാനൊരു സംഘമുണ്ട്; കൊന്നവനുവേണ്ടി കേസിൽ പ്രതിയാകാനൊരു സംഘമുണ്ട്; കേസ് നടത്താൻ മറ്റൊരു സംഘം ഉണ്ട്; ഇതിനെയെല്ലാം ന്യായീകരിക്കാൻ സാംസ്‌കാരിക നായകന്മാരുടെയും ന്യൂജനറേഷൻ ചലച്ചിത്ര സംവിധായകരുടെയും ഒരു സംഘം വേറെയുണ്ട്.

പുരോഗമനപക്ഷത്ത് നിലയുറപ്പിക്കുന്ന സാംസ്‌കാരിക പ്രവർത്തകർ സമൂഹത്തിലും രാഷ്ട്രീയത്തിലും തിരുത്തൽ ശക്തികളായി മാറേണ്ടവരാണ്. അധികാരത്തിന്റെ ശീതളച്ഛായയിൽ മേലാളന്മാർ എറിഞ്ഞുകൊടുക്കുന്ന അക്കാദമിയുടെയും പുരസ്‌കാരത്തിന്റെയും എല്ലിൻ കഷ്ണങ്ങൾക്കുവേണ്ടി വിനീതവിധേയരായി വാലാട്ടി നിൽക്കേണ്ടവരല്ല. എഴുത്തുകാരൻ എന്നും പ്രതിപക്ഷത്താവണം. അവൻ എന്നും മാനവികതയുടെ പക്ഷത്താവണം. ഭരണവിലാസം സംഘടനകളുടെ ചെലവ് പറ്റിയും നേതാക്കളുടെ പാദുകങ്ങൾ തുടച്ച് കൊടുത്തും അപദാനങ്ങൾ പാടിയും നടക്കുന്നവരെ സാംസ്‌കാരിക നായകരെന്നല്ല വിളിക്കേണ്ടത്. ഒപ്പം നടന്ന്, എല്ലാ കൊള്ളരുതായ്മകൾക്കും കൂടപിടിക്കുന്ന നിങ്ങൾ കാലത്തോട്, സമൂഹത്തോടെ ചെയ്യുന്നതുകൊടും പാതകമാണ്. കാരണം സി പി എമ്മിനെ ഇത്രയും ക്രൂരമായ് പ്രവർത്തിക്കുന്ന ഒരു ക്രിമിനൽ സംഘമാക്കി മാറ്റിയതിൽ പിന്നണിപ്പാട്ടുകാരായ സാംസ്‌കാരിക പ്രവർത്തകർക്കുള്ള പങ്ക് വളരെ വലുതാണ്. നിങ്ങളും കൂടിയാണ് അവരുടെ തെറ്റുകളെ വെള്ളപൂശുന്നത്. കാസർഗോട്ടെ രണ്ട് യുവാക്കളുടെ ചോരയിൽ നിങ്ങൾക്കും പങ്കുണ്ട്.

പണ്ട് കൊല ചെയ്യപ്പെട്ടവരുടെ പട്ടികയും താരതമ്യപഠനവുമെല്ലാമായി പാർട്ടിക്കുവേണ്ടി നിറഞ്ഞാടുന്ന അത്തരം രൂപങ്ങളെ കാണുമ്പോൾ പുച്ഛം തോന്നുന്നു. കേരളീയ പൊതുബോധം ഈ കാപട്യം തിരിച്ചറിയുന്നു. മനുഷ്യസ്നേഹത്തിന്റെ ഗരിമകളെപ്പറ്റി നാലുവരി എഴുതിയാലൊന്നും നിങ്ങൾ ഉദാത്ത മനുഷ്യസ്നേഹിയാവില്ല. കണ്ണീരുവറ്റാത്ത അമ്മമാരുടെ നെഞ്ചുപിളർക്കുന്ന രോദനം കേൾക്കാനുള്ള സന്മനസ്സ് ഉണ്ടാവണം. അതുണ്ടാവണമെങ്കിൽ ഒരു വശത്തേക്ക് മാത്രം കേൾക്കുന്ന കാതുകൾ വിശാലമായ് തുറന്നിടണം. പക്ഷെ നിങ്ങൾക്ക് ഭയമാണ്; ഭയത്തേക്കാളുപരി വിധേയത്വമാണ്; അടിമബോധമാണ്.
ഹാ കഷ്ടം കൂട്ടരെ...

ഇനിമേൽ മാനവികതയെപ്പറ്റി വളിപ്പൻ, വഴുവഴുപ്പൻ പ്രഭാഷണങ്ങളുമായ് ഈ വഴിക്ക് കണ്ടുപോകരുത് ഒറ്റയെണ്ണത്തിനെയും...

-പി സി വിഷ്ണുനാഥ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP