Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പമ്പോ... ഇതെന്തൊരു തള്ള്..! 1987-88ൽ കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്നും അഭിമുഖത്തിൽ മോദി; റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന തള്ളലിന് ശേഷം സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങി മോദിയുടെ ക്യാമറാ തള്ളും

അമ്പമ്പോ... ഇതെന്തൊരു തള്ള്..! 1987-88ൽ കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്നും അഭിമുഖത്തിൽ മോദി; റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന തള്ളലിന് ശേഷം സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങി മോദിയുടെ ക്യാമറാ തള്ളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘറഡാർ തള്ളിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങളാണ് എങ്ങും. സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമാണ് ഈ വിഷയത്തിൽ. എന്നാൽ, ഇതിന് ശേഷം ഇപ്പോൾ മോദിയുടെ മറ്റൊരു നുണപ്പരാമർശമാണ് സോഷ്യൽ മീഡിയാ കൈയോടെ പിടികൂടിയിരിക്കുന്നത്. 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെയാണ് വിമർശകർ രംഗത്തുവന്നത്. റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന പരാമർശം നടത്തിയ അഭിമുഖത്തിൽ തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങളും പറഞ്ഞത്.

വിവാദമായ ഈ അഭിമുഖത്തിൽ തന്നെ എങ്ങനൊണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മോദി ഡിജിറ്റൽ ക്യാമറയെ കുറിച്ചും ഇമെയിലിനെ കുറിച്ചും പറഞ്ഞത്. ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ സാങ്കേതിക കാര്യങ്ങളിൽ മിടുക്കനാണെന്ന് കാണിക്കാൻ വേണ്ടി കൂടുതൽ അവകാശവാദങ്ങൾ അദ്ദേഹം നടത്തി. 1990കളിൽ താൻ സ്‌റ്റൈലസ് പേനകൾ(ടച്ച് സ്‌ക്രീൻ ഉപകരണങ്ങളിൽ എഴുതാൻ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നു എന്നാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്.

അതുകൊണ്ടും തീർന്നില്ല. 1987-88 കാലത്ത് താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ കെ അദ്വാനിയുടെ ചിത്രം പകർത്തുകയും അത് ഇമെയിൽ മുഖാന്തരം ഡൽഹിയിലേക്ക് അയച്ചു നൽകിയെന്നുമാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്. അതേസമയം മോദിയുടെ അവാകാശ വാദം തള്ളാണെന്ന് സമർത്ഥിക്കുകയാണ് വിമർശകർ. ഇതിനായി സാങ്കേതിക കാര്യങ്ങൾ തന്നെ അവർ ചൂണ്ടിക്കാട്ടുന്നു. 1987 ലാണ് ആദ്യത്തെ ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കിയതെന്നും അന്ന് അതിന് വൻ വിലയായിരുന്നു എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെന്നും ഇവർ ചോദ്യം ഉന്നയിക്കുന്നു. കൂടാതെ, വി എസ് എൻ എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കി 1995ൽ ആണെന്ന കാര്യവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖത്തിൽ മോദി പറയുന്നത് ഇങ്ങനെ: ഒരുപക്ഷെ, രാജ്യത്ത്..മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു,1987-88 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്സിലിൽ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റൽ ക്യാമറയിൽ പകർത്തി. എന്നിട്ട് ഡൽഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളർ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ 'സർപ്രൈസ്' ആയി- ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ.

അഭിമുഖത്തിന്റെ ഭാഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. 1988 ൽ നരേന്ദ്ര മോദിയുടെ ഇമെയിൽ വിലാസം എന്തായിരുന്നെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരണ് സോഷ്യൽ മീഡിയയിലൂടെ മോദിയെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നത്. ചോദ്യവും ഉത്തരവും നേരത്തെ എഴുതിനൽകിയ 'സ്‌ക്രിപ്റ്റഡ്' അഭിമുഖമായിരുന്നു മോദിയുമായി ന്യൂസ് നേഷൻ നടത്തിയതെന്ന ആരോപണവും ദിവ്യ സ്പന്ദന ഉയർത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

തൊണ്ണറുകളിലാണ് ഇന്റർനെറ്റ് സേവനം അമേരിക്കയിൽ അടക്കം വ്യാപകമായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണാണ് ആദ്യമായി ഇമെയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരനും. 1998 നവംബർ ഏഴിനാണ് അദ്ദേഹം ആദ്യ ഇമെയിൽ അയക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമായത് 1995ന് ശേഷമാണ്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനായിരുന്നു അന്ന് ഇന്റർനെറ്റ് കൈകാര്യം ചെയ്തിരുന്നത്. ഈ ചരിത്രമെല്ലാം മോദിയുടെ വാദങ്ങൾ സംശയത്തിലാക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP