Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ചു പൂസായി അപകടകരമായി വണ്ടിയോടിച്ചയാളെ പിന്തുടർന്നു പിടിച്ച പൊലീസുകാരന് പൊലീസുകാരിൽനിന്നും നേരിടേണ്ടിവന്നത് ദുരനുഭവം; മർദനമേറ്റ പൊലീസുകാരന് എന്തു പറ്റിയെന്നു ചോദിക്കാനോ ഒരു ഗ്ലാസ് വെള്ളം നല്കാനോ തയാറാകാതെ എളമക്കര പൊലീസ്; കാക്കിയിട്ടവരോടു കാക്കിയിട്ടവർപോലും കരുണകാണിക്കാത്ത അനുഭവം

മദ്യപിച്ചു പൂസായി അപകടകരമായി വണ്ടിയോടിച്ചയാളെ പിന്തുടർന്നു പിടിച്ച പൊലീസുകാരന് പൊലീസുകാരിൽനിന്നും നേരിടേണ്ടിവന്നത് ദുരനുഭവം; മർദനമേറ്റ പൊലീസുകാരന് എന്തു പറ്റിയെന്നു ചോദിക്കാനോ ഒരു ഗ്ലാസ് വെള്ളം നല്കാനോ തയാറാകാതെ എളമക്കര പൊലീസ്; കാക്കിയിട്ടവരോടു കാക്കിയിട്ടവർപോലും കരുണകാണിക്കാത്ത അനുഭവം

മറുനാടൻ ഡെസ്‌ക്

കൊച്ചി: കാക്കിയിട്ടവരോടു കാക്കിയിട്ടവർപോലും കരുണകാണിക്കില്ലേ? സഹപ്രവർത്തകരെന്ന പരിഗണന പോലും നല്കില്ലേ. മദ്യലഹരിയിൽ വണ്ടിയോടിച്ചു നാട്ടുകാർക്കു പണിയുണ്ടാക്കിയയാളെ പിന്തുടർന്നു പിടിച്ച പൊലീസുകാരനു നേരിടേണ്ടിവന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരനുഭവം. മദ്യപന്റെ മർദനമേറ്റു തളർന്ന പൊലീസുകാരനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയ എസ്‌ഐ എന്തുപറ്റിയെന്ന ഒരു വാക്കുപോലും ചോദിക്കാൻ തയാറായില്ല. മെയ്‌ എട്ടിന് കൊച്ചി ഇടപ്പള്ളിയിലാണു സഭവം നടന്നത്. ഇതിനിടെ മദ്യപന്റെ പൊലീസ് സ്റ്റേഷനിലെ വിളയാട്ടവും. ഫോർട്ട്‌കൊച്ചി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രഘുവിനാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. എല്ലാത്തിനും ദൃക്‌സാക്ഷിയായ ഭാര്യ സൗമ്യ വീഡിയോയും സഹിതം സംഭവം ഫേസ്‌ബുക്കിൽ വിവരിക്കുകയായിരുന്നു.

സൗമ്യ രഘു പറയുന്നത്:

പ്രിയ പൊലീസ് സുഹൃത്തുക്കളെ ..... ഞാൻ സൗമ്യ രഘു 'ഫോർട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസൽ പി.എസ്. രഘുവിന്റെ ഭാര്യയാണ്. വളരെ സങ്കടത്തോടെയാണ് ഞാൻ ഇതെഴുതുന്നത്. എന്റെ ഭർത്താവിന് കഴിഞ്ഞ ദിവസം ഉണ്ടായ ദുരനുഭവമാണ് ഇതിന്നാധാരം. മെയ്‌ എട്ടിന് ഉദ്ദേശം രാത്രി 10 മണിയോടെ എന്റെ ഭർത്താവ്വവും ഞാനും പാലാരിവട്ടം ഭാഗത്ത് നിന്ന് കളമശ്ശേരി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.

ഇടപ്പള്ളി പള്ളിയുടെ മുന്നിലെത്തിയപ്പോൾ പള്ളിയുടെ കോമ്പൗണ്ടിൽ നിന്നും സ്‌ക്കൂട്ടറിൽ ഒരാൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. തുടർന്ന് അയാൾ റോഡിലൂടെ ഇടത് വലത് വശങ്ങളിലേക്ക് വാഹനം പാളിച്ചും ഒരു കൈ മുകളിലേക്ക് ഉയർത്തി ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞ് വാഹനമോടിക്കുകയും ചെയ്തു. അയാളുടെ വാഹനത്തിന്റെ ഹാൻഡിൽ അതു വഴി സഞ്ചരിക്കുകയായിരുന്ന - കുടുംബത്തിന്റെ ബൈക്കിൽ തട്ടുകയും ചെറിയ കുട്ടിയുൾപ്പെടെ അവരുടെ വണ്ടി ബാലൻസ് തെറ്റി ചരിയുകയും ചെയ്തു.

ഇവരുടെ പുറകിലായി യാത്ര ചെയ്തിരുന്ന പൊലീസുകാരനായ എന്റെ ഭർത്താവ് വാഹനം വേഗത വർധിപ്പിച്ച് അപകടകരമായി വാഹനമോടിച്ചയാളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, അയാൾ അസഭ്യം പറഞ്ഞ് കൊണ്ട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് തിരക്കുള്ള റോഡിലൂടെ വാഹനം വെട്ടിച്ച് പോക്കറ്റ് റോഡിലേക്ക് കടന്നു. അയാളുടെ പ്രവൃത്തി മനുഷ്യജീവന് ആപത്തുണ്ടാക്കുമെന്ന് മനസ്സിലാക്കിയ എന്റെ ഭർത്താവ് അയാളെ തടഞ്ഞു നിറുത്തിയപ്പോൾ അയാൾ അമിത മദ്യലഹരിയിലാണെന്ന് മനസ്സിലായി.

തുടർന്ന് അദ്ദേഹം പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തു. 12 തവണ ശ്രമിച്ചിട്ടും കോൾ ലഭിച്ചില്ല. അപ്പോഴേക്കും ആക്രമാസക്തനായ ആയാൾ എന്റെ ഭർത്താവിന്റെ തലയിലെ ഹെൽമറ്റ് വലിച്ചൂരിയെടുത്ത് അദ്ദേഹത്തിന്റെ തലക്ക് ഹൈൽമെറ്റുകൊണ്ടും കൈ കൊണ്ടും അടിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് നൂറോളം നാട്ടുകാർ അവിടെ കൂടിയിരുന്നു. എന്നാൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജിഷ്ണു എന്നയാളെ തടയാനോ എന്റെ ഭർത്താവിനെ സഹായിക്കാനോ ആരും തയ്യാറായില്ല എന്നതാണ് ദുഃഖസത്യം.

ഇതിനിടയിൽ കൺട്രോൾ റൂമിൽ നിന്ന് തിരികെ ഫോൺ വന്നപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടായതിനാൽ വഴിയാത്രക്കാരനായ ഏതോ ഒരു നല്ല മനുഷ്യൻ ഫോണിലൂടെ വിവരങ്ങൾ അറിയിച്ചു. തുടർന്ന് എളമക്കര എസ്‌ഐ എത്തുകയും അയാളെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്തു.

ഇനിയാണ് പ്രിയപ്പെട്ടവരെ പൊലീസുകാരനായ എന്റെ ഭർത്താവിനുണ്ടായ ദുരനുഭവം നിങ്ങളറിയേണ്ടത്... തലക്ക് അടി കിട്ടി അവശനായി സ്റ്റേഷനിലെത്തിയ അദ്ദേഹത്തോട് ബഹുമാനപ്പെട്ട എസ്‌ഐ പ്രജിത്ശശി സാർ ഒരു വാക്ക് പോലും ചോദിച്ചില്ല. കാര്യങ്ങൾ തിരക്കുകയോ വൈദ്യസഹായം വേണമോയെന്നു ചോദിക്കുകയോ ഉണ്ടായില്ല.

പ്രിയപ്പെട്ട എസ്‌ഐ സാറെ, എന്റെ ഭർത്താവ്വ് ഒരു സാധാരണ പൊലീസുകാരനായതുകൊണ്ടാണോ അങ്ങ് ഇത്തരത്തിൽ പെരുമാറിയത്? അവശനായി ഒന്നര മണിക്കൂറോളം അദ്ദേഹം സ്റ്റേഷനിൽ ഇരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും ആരും നല്കിയില്ല. അപ്പോഴും നിരവധി കേസിലെ പ്രതിയായ അയാൾ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും ഇതോടൊപ്പം നല്കുന്നു.

 

കിട്ടിയ മർദ്ദനത്തെക്കാൾ വലിയ മാനസിക വേദനയോടെ, തന്റെ സങ്കടം നിറകണ്ണുകളോടെ ജിഡി ചാർജ് വഹിക്കുന്ന ജലീൽ സാറിനോട് പറഞ്ഞു കൊണ്ട് അദ്ദേഹം സ്റ്റേഷനിൽ നിന്നും ഇറങ്ങി. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടുകയും ചെയ്തു.

പ്രിയപ്പെട്ടവരെ കാക്കിയിട്ടവരോട് കാരുണ കാണിക്കാനുള്ള കരളലിവ് കാക്കിയിട്ടവരെങ്കിലും കാണിക്കണ്ടെ... സങ്കടമുണ്ട് പ്രിയപ്പെട്ടവരെ... പൊലീസുകാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ! ഇപ്പോൾ അദ്ദേഹത്തിന് ഒട്ടും വയ്യ. നല്ല തലവേദനയുണ്ട്. നാളെ എന്തായാലും സ്‌കാൻ ചെയ്യണം. ഇതിനിടയിൽ നാളെ സ്‌പെഷ്യൽ ബ്രാഞ്ച് അസി: കമ്മീഷണർ മുമ്പാകെ ഹാജരാകാൻ അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

എന്നാലും പ്രിയപ്പെട്ടവരെ ഞാനുണ്ടാവും കാക്കിയിട്ടവർക്കെതിരെ കയ്യോങ്ങുന്നവർക്കെതിരെ പ്രതികരിക്കാൻ... അക്ഷരങ്ങളുമായി ... ആരോടും എനിക്കും കുടുംബത്തിനും ഒരു പരാതിയുമില്ല.... സ്‌നേഹവും ബഹുമാനവും മാത്രം.... സ്‌നേഹപൂർവ്വം സൗമ്യ രഘു.

   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP