Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ധാർഷ്ട്യം കടലിൽ എറിഞ്ഞില്ലെങ്കിൽ ജനം നിങ്ങളെ എടുത്ത് കടലിലെറിയും; ആന്തൂർ നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ നഗരസഭാദ്ധ്യക്ഷ കൂടുതൽ കുറ്റക്കാരി തന്നെയാണ്; ഇത്തരക്കാരെ പുറത്താക്കണം; എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ പോസ്റ്റിട്ട് ഞെട്ടിച്ച് സോഷ്യൽ മീഡിയയിലെ സിപിഎം പോർമുഖം 'പോരാളി ഷാജി'; ഷാജിക്ക് ഇതെന്തുപറ്റിയെന്ന് ചോദിച്ച് അണികളും ആരാധകരും

അഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ധാർഷ്ട്യം കടലിൽ എറിഞ്ഞില്ലെങ്കിൽ ജനം നിങ്ങളെ എടുത്ത് കടലിലെറിയും; ആന്തൂർ നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ നഗരസഭാദ്ധ്യക്ഷ കൂടുതൽ കുറ്റക്കാരി തന്നെയാണ്; ഇത്തരക്കാരെ പുറത്താക്കണം; എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ പോസ്റ്റിട്ട് ഞെട്ടിച്ച് സോഷ്യൽ മീഡിയയിലെ സിപിഎം പോർമുഖം 'പോരാളി ഷാജി'; ഷാജിക്ക് ഇതെന്തുപറ്റിയെന്ന് ചോദിച്ച് അണികളും ആരാധകരും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ സിപിഎമ്മിന്റെ തളരാത്ത ആവേശമാണ് 'പോരാളി ഷാജി.' ആറ് ലക്ഷത്തോളം ലൈക്കുകൾ. ഷാജി എന്തുപറഞ്ഞാലും സിപിഎം അനുഭാവികൾക്ക് പാൽപായസം പോലെയാണ്. എന്നാൽ, ഒറ്റകുഴപ്പമേയുള്ളു. അന്തംവിട്ട് സിപിഎമ്മിനെ ന്യായീകരിക്കും. ഏതുവിഷയത്തിലും. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ മാത്രമല്ല പാർട്ടിയിലാകെ, വലിയ ചർച്ചാവിഷയമാണ് ആന്തൂർ സംഭവം. കൺവൻഷൻ സെന്ററിന് നഗരസഭയുടെ അനുമതി കിട്ടാതെ പാറയിൽ സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ. നഗരസഭ അദ്ധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരെ അച്ചടക്കനടപടി വേണമെന്ന് മുറവിളി ഉയരുകയാണ്. ശ്യാമള വ്യവസാസിയോട് പകപോക്കിയെന്നാണ് ആരോപണം. എന്നാൽ, സിപിഎം എന്തുചെയ്താലും ന്യായീകരിക്കുന്ന പോരാളി ഷാജി ശ്യാമളയെ തള്ളിപ്പറഞ്ഞതാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. പോരാളി ഷാജിക്ക് ഇതെന്തുപറ്റിയെന്നാണ് ചോദ്യം.

ശ്യാമളയ്‌ക്കെതിരെ സിപിഎം നടപടി സ്വീകരിക്കണമെന്നാണ് പോരാളി ഷാജി ആവശ്യപ്പെടുന്നത്. പാർട്ടിയുടെ കാൽചോട്ടിലെ മണ്ണ് ഒലിച്ചുപൊയിക്കോണ്ടിരിക്കുകയാണെന്ന് പോരാളി ഷാജിക്കറിയാം. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി. ഇനിയും ജനങ്ങളിൽ നിന്നകന്നാൽ ബംഗാളിലെ ദുർഗതിയാകുമെന്നും ആശങ്കയുണ്ട്. അതുകൊണ്ടാണ് ജനവികാരം കണ്ടില്ലെന്ന് നടിക്കരുതെന്ന് തന്റെ പോസ്റ്റിൽ ഷാജി പറയുന്നത്. പാർട്ടിയുടെ പ്രതിനിധി ആയിരിക്കുമ്പോൾ, അധമവികാരങ്ങൾ അടക്കണം. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കി വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, പാർട്ടിക്കാരൻ എന്ന് പറഞ്ഞുനടക്കരുത്. വെറും വ്യക്തി മാത്രമായി തുടരുക. രണ്ടും കൂടി കൈയിൽ കൊണ്ടുനടന്നാൽ, പാർട്ടിയുടെ അടിത്തറ തന്നെ തകരുമെന്ന് ഷാജി മുന്നറിയിപ്പ് നൽകുന്നു. ഒരുജനതയുടെ ജീവൻ പണയം വച്ചുണ്ടാക്കിയ പാർട്ടിയാണെന്ന കാര്യവും ഓർമിപ്പിക്കുന്നു.

മറ്റൊരു കാര്യം പോസ്റ്റിൽ ഓർമിപ്പിക്കുന്നത് വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന കാര്യമാണ്. തെറ്റുകണ്ടാൽ തിരുത്തണം. അത് പാർട്ടിയെ മുന്നോട്ടുനയിക്കും. മറ്റുപാർട്ടിക്കാരെ പോലെയല്ല സിപിഎം. സിപിഎം തെറ്റ് ചെയ്താൽ, ജനങ്ങൾ പൊറുക്കില്ലെന്ന് ഓർമ വേണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെന്നും പോരാളി ഷാജി തന്റെ പോസ്റ്റിൽ പറയുന്നു.

'ജനവികാരം കണ്ടില്ലെന്ന്? നടിക്കരുത്. പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്.

വ്യക്തിയെക്കാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാർട്ടിക്കാർ തെറ്റ് ചെയ്താലും അനുഭാവികളും പ്രവർത്തകരും വോട്ട് ചെയ്യും സിപിഎം തെറ്റ് ചെയ്യുതാൽ ജനങ്ങൾ പൊറുക്കില്ല അത് ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും ഇഎംഎസിനും എകെജിക്കും നായനാർക്കും വിഎസിനും പിണറായിക്കും സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട് അധ്യക്ഷയ്ക്ക് നടപടിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ.'

ഇതൊക്കെ എഴുതിയത് ഷാജി തന്നെയാണോ എന്നാണ് പാർട്ടി അനുഭാവികൾ ചോദിക്കുന്നത്. അതോ ആരെങ്കിലും പണി തന്നതാണോ? അടുത്തിടെ ഒരുസംഘം കൂട്ടമായി പേജിനെതിരെ ഫേസ്‌ബുക്കിന് റിപ്പോർട്ട് ചെയ്തതോടെ പേജ്പൂട്ടിപ്പോയിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് സൈബറിടത്തെ സിപിഎമ്മിന്റെ പോർമുഖമായിരുന്ന പോരാളി ഷാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ബഹളമായിരുന്നു പിന്നീട് കണ്ടത്. എന്നാൽ, ശ്യാമളയ്‌ക്കെതിരെയുള്ള വിമർശനം ആരും പണിതന്നതല്ലെന്നും ഒറിജിനൽ ആണെന്നും ഷാജി തന്നെ വിശദീകരിക്കുന്നു. ഷാജിയുടെ മനംമാറ്റം കണ്ട് അമ്പരന്നിരിക്കുന്നവർക്കുള്ള സമാശ്വാസവും ഇതുതന്നെ. തെറ്റുണ്ടെങ്കിൽ തിരുത്തണം.

ശ്യാമളയ്‌ക്കെതിരെ നടപടിക്ക് സാധ്യത

പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. എം വിജയരാജന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാർശ ചെയ്തത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയിൽ സമ്പൂർണ പരാജയമാണ് പി.കെ.ശ്യാമള എന്നാണ് ഏരിയ കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പി.കെ.ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേ സമയം ഇത് സംബന്ധിച്ച ചർച്ചകൾക്കായി അടിയന്തരമായി ജില്ലാ കമ്മിറ്റിയും യോഗം ചേരും.

പാർട്ടി അനുഭാവിയായ സാജൻ അധ്യക്ഷയുടെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി പോലും ഇക്കാര്യം ചർച്ചചെയ്തത് പി.കെ.ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നതായും യോഗം വിലയിരുത്തി. ഏകപക്ഷീയമായ പ്രവർത്തന ശൈലിയാണ് അധ്യക്ഷ തുടരുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം ഇത് പ്രകടമാണ്. നഗരസഭാ അംഗങ്ങളുടെ വിമർശനങ്ങളോ നിർദ്ദേശങ്ങളോ സ്വീകരിക്കാൻ തയാറാകാത്ത വ്യക്തിയാണ് അധ്യക്ഷ എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉരുന്നത്.അതേ സമയം ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഇത് സംബന്ധിച്ച ചർച്ച നടക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP