Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പപ്പു' വിളികൾക്ക് ഇനി രാഹുൽ ഗാന്ധി നേരിട്ട് മറുപടി നൽകും, 'ഫേക്കു'വിനെയും നേരിടും; ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി; കാലത്തിന്റെ രാഷ്ട്രീയ മാറ്റം ഉൾക്കൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷൻ

'പപ്പു' വിളികൾക്ക് ഇനി രാഹുൽ ഗാന്ധി നേരിട്ട് മറുപടി നൽകും, 'ഫേക്കു'വിനെയും നേരിടും; ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി; കാലത്തിന്റെ രാഷ്ട്രീയ മാറ്റം ഉൾക്കൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷൻ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കളിയാക്കിക്കൊണ്ട് വിളിക്കുന്ന പേരാണ് പപ്പുവെന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫേക്കു എന്നുമാണ് വിളിപ്പേര്. ഇങ്ങനെ നേതാക്കന്മാരെ പപ്പുവും ഫേക്കുവും ആക്കി സൈബർ യുദ്ധം നടത്തിയത് ഇരുപാർട്ടിക്കാരുടെയും അണികളാണ്. എങ്കിലും അണികളുടെ എണ്ണവും സ്വാധീനവലയവും കൊണ്ട് മുന്നിൽ പ്രധാനമന്ത്രി മോദി തന്നെയാണ് ട്വിറ്ററിലെ മുമ്പൻ. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ വളർച്ചക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വളർന്ന് മോദി ഇന്ത്യൻ പ്രധാനമന്ത്രിയുമായി. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒടുവിൽ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് രംഗത്തെത്തി. ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിക്കൊണ്ടാണ് രാഹുൽ സോഷ്യൽ മീഡിയയിൽ കൈകോർത്തത്.

ഓഫീസ് ഒഫ് ആർജി എന്ന പേരിൽ ബുധനാഴ്ച വൈകിട്ടോടെ ആരംഭിച്ച അക്കൗണ്ടിൽ ഇന്ന് രാവിലെ 9.39നാണ് ആദ്യ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. മെയ് 12 ന് തെലങ്കാനയിലെ അദിലാബാദിൽ നടക്കുന്ന പദയാത്രയിൽ രാഹുൽ പങ്കെടുക്കുമെന്ന അറിയിപ്പോടെയാണ് ആദ്യ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട അറിയിപ്പുകളും ഔദ്യോഗിക പരിപാടികളുടെ വിവരങ്ങളും ഇതിലൂടെ അറിയാമെന്ന ട്വീറ്റും പിന്നാലെ പ്രത്യക്ഷപ്പെട്ടു.

ഇതു സംബന്ധിച്ച് ഒദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും രാഹുലിന്റെ ഓഫീസിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിലും ട്വിറ്റർ അധികൃതർ അക്കൗണ്ട് വെരിഫൈ ചെയ്തിട്ടുണ്ട് . ഇതിനോടകം ഇരുപത്തിയയ്യായിരത്തിലധികം പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. രാഹുൽ ഗാന്ധിയുടെ പേരിൽ നിലവിൽ നൂറിലധികം വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററിൽ ഉള്ളത്. ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചതോടെ വ്യാജന്മാരെ ട്വിറ്റർ അധികൃതർ ഒഴിവാക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഫേസ്‌ബുക്കിലും ഔദ്യോഗിക അക്കൗണ്ട് രാഹുൽ ഗാന്ധി ഇനിയും തുടങ്ങിയിട്ടില്ല. ഫേസ്‌ബുക്കിലും അദ്ദേഹം കൂടുതൽ സജീവമാകുമെന്നാണ് അറിയുന്നത്. കാർഷിക വിഷയം ഏറ്റെടുത്ത് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭ പരിപാടുകളുമായി മുന്നോട്ടു പോകുകയാണ് രാഹുൽ ഗാന്ധി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP