Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വീരേന്ദർ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനങ്ങൾ നിങ്ങളുടെ ടിവിയിൽ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കൾ ഉറക്കമായിരുന്നോ?' ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച ട്വീറ്റിൽ ജഡേജയുടെ പേര് വിട്ടുപോയ സേവാഗ് പുലിവാല് പിടിച്ചത് ഇങ്ങനെ

'വീരേന്ദർ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനങ്ങൾ നിങ്ങളുടെ ടിവിയിൽ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കൾ ഉറക്കമായിരുന്നോ?' ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച ട്വീറ്റിൽ ജഡേജയുടെ പേര് വിട്ടുപോയ സേവാഗ് പുലിവാല് പിടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പുണെ: വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയ 203 റൺസിന്റെ തകർപ്പൻ വിജയത്തിൽ ടീമിന് ആശംസകൾ നേർന്ന മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് പുലിവാല് പിടിച്ചു. ടീം അംഗങ്ങളെ പേരെടുത്ത് അഭിനന്ദിക്കുന്നതിനിടെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പേര് ഒഴിവായതാണ് സേവാഗിനെതിരെ ആരാധകരുടെ പ്രതിഷേധത്തിന് കാരണമായത്. വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ ടീമംഗങ്ങളെ അഭിനന്ദിച്ച് സേവാഗ് ട്വീറ്റ് ചെയ്തിരുന്നു. അതിൽ ടീമിന്റെ വിജയത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ താരങ്ങളുടെ പേരുകൾ എടുത്ത പറഞ്ഞ കൂട്ടത്തിൽ ജഡേജയുടെ പേര് അദ്ദേഹം വിട്ടുപോകുകയായിരുന്നു.

'രോഹിത് ശർമയെ സംബന്ധിച്ച് അവിസ്മരണീയമായ ടെസ്റ്റ് മൽസരം. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ സ്വപ്നതുല്യമായ തുടക്കം. രോഹിത്തിന് എല്ലാ ആശംസകളും. മായങ്ക് (അഗർവാൾ), (മുഹമ്മദ്) ഷമി, അശ്വിൻ, പൂജാര എന്നിവരുടെ മികച്ച സംഭാവനകൾ കൂടി ചേരുമ്പോൾ ഇത് അനായാസ വിജയമെന്നു തന്നെ പറയണം.' - സേവാഗ് ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ വിമർശനവുമായി ആരാധകരെത്തി.

സേവാഗിന്റെ ട്വീറ്റിന് മറുപടിയായി ബിനിത് പട്ടേൽ എന്ന ആരാധകൻ ഇങ്ങനെ കുറിച്ചു: 'വീരേന്ദർ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനങ്ങൾ നിങ്ങളുടെ ടിവിയിൽ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കൾ ഉറക്കമായിരുന്നോ?'

സംഭവം ജഡേജ കൂടി ഏറ്റെടുത്തതോടെ ട്വിറ്ററിൽ കളിമാറി. ആരാധകന്റെ ഈ ട്വീറ്റ് രവീന്ദ്ര ജഡേജ റീട്വീറ്റ് ചെയ്തതോടെ ജഡേജയുടെ പേര് സേവാഗ് മനഃപൂർവം വിട്ടുകളഞ്ഞതാണെന്ന തരത്തിൽപ്പോലും വ്യാഖ്യാനങ്ങൾ വന്നു. ടീമിന്റെ വിജയത്തിൽ ജഡേജ നൽകിയ സംഭാവനകളെ അവർ പുകഴ്‌ത്തുകയും ചെയ്തു. അതേസമയം, സേവാഗിന്റെ ഭാഗത്തുനിന്ന് അറിയാതെ സംഭവിച്ചൊരു കൈപ്പിഴ ഇത്തരത്തിൽ വലിയൊരു സംഭവമാക്കിയ ജഡേജയെ വിമർശിച്ചും ചിലർ രംഗത്തെത്തി.

മൽസരത്തിലാകെ 70 റൺസ് എടുക്കുകയും രണ്ടാം ഇന്നിങ്‌സിലെ നാലു വിക്കറ്റ് നേട്ടമുൾപ്പെടെ ആറു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത ജഡേജയുടെ ഓൾറൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ പുറത്താക്കാൻ ജഡേജ എടുത്ത റിട്ടേൺ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP