Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല യുവതീപ്രവേശനം തടയാൻ നിയമം ഉടനില്ലെന്നും കോടതി വിധി കാക്കുമെന്നും കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് സ്വാഭാവികമെന്ന് ന്യായീകരിച്ച് കെ.സുരേന്ദ്രൻ; വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളമെന്ന് പി.രാജീവ്; ആരെയാണ് മണ്ടന്മാരാക്കുന്നതെന്ന് ചോദിച്ച് പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു; സോഷ്യൽ മീഡിയിലെ പോര് കടുക്കുന്നു

ശബരിമല യുവതീപ്രവേശനം തടയാൻ നിയമം ഉടനില്ലെന്നും കോടതി വിധി കാക്കുമെന്നും കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് സ്വാഭാവികമെന്ന് ന്യായീകരിച്ച് കെ.സുരേന്ദ്രൻ; വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളമെന്ന് പി.രാജീവ്; ആരെയാണ് മണ്ടന്മാരാക്കുന്നതെന്ന് ചോദിച്ച് പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി.ഉദയഭാനു; സോഷ്യൽ മീഡിയിലെ പോര് കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമ്മാണമില്ലെന്ന് കേന്ദ്രസർക്കാർ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയിൽ വ്യക്തമാക്കി. ആചാരസംരക്ഷണത്തിന് ലോക്‌സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി രണ്ടാം മോദി സർക്കാർ രംഗത്തെത്തിയത്.

ഇതേ തുടർന്ന് ശബരിമലയിൽ പുനഃ പരിശോധനാ വിധി കാത്തിരിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ അർഥമാക്കിയതെന്നും നിയമനിർമ്മാണം അജണ്ടയിൽ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് സദുദ്ദേശപരമെല്ലെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ന്യായീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്യുകയാണ്, സിപിഎം നേതാക്കളായ മുൻ എംപി പി.രാജീവും, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും.

ആദ്യം സുരേന്ദ്രന്റെ പോസ്റ്റ് വായിക്കാം:

ശബരിമലയിൽ സർക്കാർ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനർത്ഥം നിയമനിർമ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂർ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമൊക്കെ ചേർന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കിൽ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാർത്ഥ 'ആചാരസംരക്ഷകർ'....

സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളമെന്ന് പി.രാജീവ് പറയുന്നു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

പോസ്റ്റ് ഇങ്ങനെ:

ചോദ്യവും ഉത്തരവും നോക്കു. സംസ്ഥാന നിയമം കൊണ്ടു വന്ന് സുപ്രീം കോടതി വിധി മറികടക്കണമെന്ന് പറയുന്ന പാർട്ടിയുടെ എംപിയാണ് കേന്ദ്ര നിയമം കൊണ്ടു വരുമോ എന്ന ചോദ്യം ഉന്നയിക്കുന്നത്. ഏതറ്റം വരെയും പോയി ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ ,സുപ്രീം കോടതി വിധിയെ മറികടക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പാർട്ടിയുടെ മന്ത്രിയാണ് മറുപടി നൽകിയിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണ സഭക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഒറ്റ വാചക മറുപടിയുടെ ലളിത മലയാളം. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന ഭരണഘടനാപരമായ നിലപാട് സ്വീകരിച്ച ഇടതുപക്ഷ സർക്കാരിനെതിരെ യുദ്ധം നയിച്ചവർ എവിടെ?

അതേസമയം കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു തന്റെ പോസ്റ്റിൽ ഉന്നയിക്കുന്നത്. ബിജെപി അഖിലേന്ത്യാ വ്യക്താവും,വർക്കിങ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം സാധ്യമല്ല എന്ന് വ്യക്തമാക്കിയ വിവരം താങ്കൾ അറിഞ്ഞില്ല എന്നുണ്ടോ? ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്?

ഇപ്പോൾ കേന്ദ്ര സർക്കാരിന് മറികടക്കാനാവാത്ത വിധി,അന്ന് സംസ്ഥാന സർക്കാർ മറികടക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയെ കലാപഭൂമി ആക്കുവാൻ നേതൃത്വം നൽകിയ ആളാണ് ശ്രീ.സുരേന്ദ്രൻ.ഈ വിഷയത്തിൽ,പത്തനംതിട്ടയിലെ ജനങ്ങൾക്ക് മുൻപിൽ ഒരു പരസ്യ സംവാദത്തിന് താങ്കളും താങ്കളുടെ പാർട്ടിയും തയ്യാറാണോ? ഉദയഭാനും ചോദിച്ചു.

പോസ്റ്റ് ഇങ്ങനെ:

ശ്രീ.കെ.സുരേന്ദ്രൻ,
ഇന്നലെ പാർലമെന്റിൽ ശബരിമലയെ സംബന്ധിച്ച് ശ്രീ.ശശി തരൂർ എംപി ഉന്നയിച്ച ചോദ്യത്തിന്റെയും,കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ.രവിശങ്കർ പ്രസാദ് നൽകിയ മറുപടിയുടെയും മലയാള പരിഭാഷ താഴെ പറയും പ്രകാരമാണ്.

ചോദ്യം:
മ)എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്ര പ്രവേശനം നൽകണം എന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ നൽകിയ റിട്ട് ഹർജ്ജി പ്രകാരമുള്ള വിധിയെ മറികടക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിയുടെയോ,നിയമ നിർമ്മാണത്തിന്റെയോ കരട് രൂപം കേന്ദ്ര സർക്കാർ തയ്യാറാക്കുന്നുണ്ടോ?
യ)ഉണ്ടെങ്കിൽ,വിശദീകരിക്കാമോ?
ര)ഇല്ലെങ്കിൽ,എന്തുകൊണ്ട്?

ഉത്തരം:
വിഷയം ബഹു.സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഈ ചോദ്യത്തെയും ഉത്തരത്തെയും സംബന്ധിച്ചുള്ള താങ്കളുടെ ഫേസ്‌ബുക്ക് പേജിലെ വ്യാഖ്യാനം കണ്ടു. ചോദ്യത്തിൽ വ്യക്തമായി ഉന്നയിച്ചിരിക്കുന്നത്,നിയമ നിർമ്മാണമോ,ഭരണഘടനാ ഭേദഗതിയോ ഉദ്ദേശിക്കുന്നുണ്ടോ എന്ന് തന്നെയാണ്.ഉണ്ട്,അല്ലെങ്കിൽ,ഇന്ന കാരണം കൊണ്ട് ഇല്ല എന്ന് വ്യക്തമാക്കാമോ എന്നാണ് ചോദ്യത്തിന്റെ ഉള്ളടക്കം.അല്ലാതെ,സർക്കാർ പുനഃപരിശോധനാ വിധിക്ക് കാത്തിരിക്കുന്നോ എന്നതല്ല നിലവിലെ വിഷയം.നിങ്ങൾ ഇപ്പോൾ എന്ത് ചെയ്തു?അതിനേ ഇവിടെ പ്രസക്തിയുള്ളൂ. ബിജെപി,ശബരിമല വിഷയത്തിൽ തുടരുന്ന കള്ളക്കളി തന്നെയേ മന്ത്രി നൽകിയ മറുപടിയിലും കാണാനുള്ളൂ.

എന്തേ, കേരളത്തിൽ കലാപം നടത്തി ഉടൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് നിങ്ങൾ വാശി പിടിച്ചത് പോലെ, സ്വന്തം കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് ഇതിനകം നിയമനിർമ്മാണം സാധ്യമായിരുന്നില്ലേ?ആദ്യ ദിനം തന്നെ,നിയമനിർമ്മാണം നടത്തി അത് പാസാക്കി എടുക്കുവാനുള്ള അംഗബലം നിങ്ങൾക്ക് ആവോളമുണ്ടല്ലോ.അതോ, ഇനി അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന സർക്കാരിനെതിരെ ഇനിയും ഈ വിഷയം ഉയർത്തുകയാണോ ലക്ഷ്യം?വിശ്വാസികളോട് നിങ്ങൾക്ക് ഇപ്പോൾ ബാധ്യതയില്ലേ?വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപി ദേശീയ നേതൃത്വത്തെയും നിങ്ങൾ സമീപിച്ചിരുന്നോ?അവർ നൽകിയ മറുപടി എന്ത്?ഇതൊക്കെ കേരളത്തിലെ ജനങ്ങൾ അറിയേണ്ടേ?

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ, നിലവിൽ മറ്റ് നടപടികൾക്ക് സാധ്യമല്ല എന്ന ബിജെപി നേതൃത്വം നൽകുന്ന നിങ്ങളുടെ സ്വന്തം കേന്ദ്ര സർക്കാർ ഇന്നലെ പറഞ്ഞ നിലപാട് തന്നെയാണ് കേരള സർക്കാരും മുൻപ് ശബരിമല വിഷയത്തിൽ സ്വീകരിച്ചത്.

പത്തനംതിട്ടയിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ,'ഇത്തവണ ബിജെപി കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയാൽ ഉടൻ തന്നെ, ശബരിമല വിധിക്കെതിരെ ഞങ്ങൾ നിയമനിർമ്മാണം നടത്തും,ഓർഡിനൻസ് പുറപ്പെടുവിക്കും,എന്നാൽ കേരള സർക്കാർ അതിനൊന്നും തയ്യാറല്ല.'-എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടത്തി മത്സരിച്ച താങ്കൾക്ക് ഈ വിഷയത്തിൽ ജില്ലയിലെ ജനങ്ങളോട് മറുപടി പറയേണ്ട ധാർമ്മിക ഉത്തരവാദിത്വമുണ്ട്.കാരണം,ഇന്നലെ പാർലമെന്റിൽ കേന്ദ്രസർക്കാർ അംഗീകരിച്ച അതേ നിയമപ്രശ്‌നം മറച്ച് വച്ച്,സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി വിധി ആയുധമാക്കി പ്രചരണം നടത്തിയ ആളാണ് നിങ്ങൾ.

ബിജെപി അഖിലേന്ത്യാ വ്യക്താവും,വർക്കിങ് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം സാധ്യമല്ല എന്ന് വ്യക്തമാക്കിയ വിവരം താങ്കൾ അറിഞ്ഞില്ല എന്നുണ്ടോ? ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്?

ഇപ്പോൾ കേന്ദ്ര സർക്കാരിന് മറികടക്കാനാവാത്ത വിധി,അന്ന് സംസ്ഥാന സർക്കാർ മറികടക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയെ കലാപഭൂമി ആക്കുവാൻ നേതൃത്വം നൽകിയ ആളാണ് ശ്രീ.സുരേന്ദ്രൻ.ഈ വിഷയത്തിൽ,പത്തനംതിട്ടയിലെ ജനങ്ങൾക്ക് മുൻപിൽ ഒരു പരസ്യ സംവാദത്തിന് താങ്കളും താങ്കളുടെ പാർട്ടിയും തയ്യാറാണോ?
വെറുതെ ഫേസ്‌ബുക്കിൽ പറഞ്ഞാൽ പോരാ..
പത്ത് ആളുകളുടെ മുന്നിൽ ഈ വിഷയം നമ്മൾക്ക് പരസ്യമായി തന്നെ ചർച്ച ചെയ്യാം..

സംസ്ഥാന സർക്കാരിനെതിരെ മുൻപ് താങ്കൾ ഉയർത്തിയ ഒരു ചോദ്യം ഒരിക്കൽ കൂടി താങ്കളെ ഓർമ്മിപ്പിക്കുന്നു..

'സുപ്രീം കോടതി വിധി എന്താ ഇരുമ്പ് ഉലക്കയാണോ?'

അതെ,അത് തന്നെയാണ് നിങ്ങളോടും ഇപ്പോൾ ചോദിക്കുവാനുള്ളത്..

'നിങ്ങളുടെ സ്വന്തം കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ശബരിമല വിധി,ഇത്ര പെട്ടെന്ന് ഇരുമ്പ് ഉലക്കയായോ..?

പത്തനംതിട്ടയിലെ ജനങ്ങളോട് മറുപടി പറയൂ ശ്രീ.കെ.സുരേന്ദ്രാ...

-കെ.പി.ഉദയഭാനു,
സെക്രട്ടറി,
സിപിഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP