Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം' ഇല്ലാത്ത ഹോട്ടൽ ഇതാണ്; അനാഥക്കുരുന്നുകൾക്ക് ഭക്ഷണം വാങ്ങി നൽകിയ യുവാവിനും ഇനിയും അറിയപ്പെടാത്ത സബ്രീന ഹോട്ടൽ ജീവനക്കാരനും കൈയടിയേകി സോഷ്യൽ മീഡിയ

'മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം' ഇല്ലാത്ത ഹോട്ടൽ ഇതാണ്; അനാഥക്കുരുന്നുകൾക്ക് ഭക്ഷണം വാങ്ങി നൽകിയ യുവാവിനും ഇനിയും അറിയപ്പെടാത്ത സബ്രീന ഹോട്ടൽ ജീവനക്കാരനും കൈയടിയേകി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു ഹോട്ടൽ ബില്ലാണ്. 'മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം ഇവിടെയില്ല' എന്നായിരുന്നു ആ ഹോട്ടൽ ബില്ലിൽ കുറിച്ചിരുന്നത്.

ഏതാണ് ആ ഹോട്ടൽ എന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം. ഇപ്പോഴിതാ അതു കണ്ടെത്തിയിരിക്കുന്നു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ ഹോട്ടൽ സബ്രീനയാണ് മനുഷ്യത്വം വറ്റിയിട്ടില്ലാത്ത ഹോട്ടൽ ജീവനക്കാരുണ്ടെന്നു തെളിയിച്ചത്.

മലപ്പുറത്ത് ഒരു കമ്പനി മീറ്റിങ്ങിനു പോയ അഖിലേഷിനു ലഭിച്ച ഹോട്ടൽ ബില്ലാണു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പുറത്തു വിശന്നു നിന്നിരുന്ന രണ്ട് അനാഥക്കുരുന്നുകൾക്കു ഭക്ഷണം വാങ്ങി നൽകിയതും അതിനു പണം കൊടുക്കാനായി ബില്ലുവാങ്ങിയപ്പോൾ അതിൽ കുറിച്ചിരിക്കുന്നതും കണ്ടത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇക്കാര്യം വൈറലാകുകയായിരുന്നു. അഖിലേഷ് കുറിച്ചത് ഇങ്ങനെയാണ്.

''മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവൻ , അതെ മുടങ്ങാതെ നടക്കുന്ന വാർഷിക സമ്മേളനം .....നൂറു പേർ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങൾ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം .....അതുകൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ......കരിപുരണ്ട യന്ത്രം പോലെ
മീറ്റിങ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജു എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓർത്ത്...വിശപ്പാണേൽ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലിൽ കയറി ....എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ....മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി .....
രണ്ടു പൊറോട്ടയും ഒരു ചിക്കൻ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ....കടയുടെ ജനൽചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകൾ അയാൾ കണ്ടു ...അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ....ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ....വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ......
യന്ത്രന്മായ മനസ്സിൽ എന്തോ വേദന അറിഞ്ഞു അയാൾ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാൻ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെൺകുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി ...വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് ...അവിടെയിരിക്കുവാൻ പറഞ്ഞു ....മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു രണ്ടു പേരുടെയും , അവർ മുന്നിൽ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു ...
എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാൻ , അപ്പോൾ അവൻ അയാളുടെ പാത്രത്തിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു ..അയാൾ വീണ്ടും പൊറോട്ടയും കറിയും ഓർഡർ ചെയ്തു ...അത് അവരുടെ മുന്നിൽ വന്നു ...അവൻ കഴിക്കാൻ പാത്രത്തിലേക്ക് കയിടാൻ പോയപ്പോൾ അനിയത്തി അവന്റെ കയ്യിൽ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവൻ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാൻ വിളിച്ചതായിരുന്നു ......
എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ ...അവർ അയാളുടെ മുന്നിൽ ഇരുന്നു അത് മുഴുവൻ കഴിച്ചു , തമ്മിൽ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല .....എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവർ പോയി ...അയാൾ അന്നേരവും മുന്നിൽ വച്ചിരുന്ന ഭക്ഷണം തോട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിചിരിക്കുന്നതായി അയാളറിഞ്ഞു ....
എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീർത്തു, ഇനിയൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട് .... ബില്ലെടുക്കാൻ പറഞ്ഞു .അയാൾ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബിൽ പാഡിൽ നോക്കി ,,....കണ്ണിൽ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിളുടെ അയാളറിയാതെ ഒലിച്ചിറങ്ങി ......അവിടെ കൗണ്ടറിൽ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയർത്തി ഒന്നു നോക്കി ...അയാളും തിരികെ നോക്കി ചിരിച്ചു .....അതെ പച്ചയായ മനുഷ്യന്റെ യന്ത്രവൽകരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , ...നഷ്ടപെടുകയുമില്ല ....തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങൾ പോലെ അല്ലെന്നുള്ള തിരിച്ചറിവും ......''

അഖിലേഷിന്റെ മനസിന്റെ നന്മ ഏറ്റെടുത്തതിനൊപ്പം പല ഗ്രൂപ്പുകളിലൂടെയും പോസ്റ്റ് വൈറലായതോടെ ഏതാണ് ഈ ഹോട്ടൽ എന്ന അന്വേഷണവും സൈബർ ലോകം ഏറ്റെടുത്തു. ഒടുവിൽ മലപ്പുറത്തെ സബ്രീന ഹോട്ടലിലാണ് അന്വേഷണം അവസാനിച്ചത്. എന്നാൽ അപ്പോഴും മറ്റൊരു കാര്യം അജ്ഞാതമായിത്തന്നെ തുടരുകയാണ്.

ആരാണ് ബില്ലിൽ ഇങ്ങനെ എഴുതി നൽകിയത് എന്ന കാര്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. സൈബർ ലോകം തങ്ങളുടെ ഹോട്ടലിൽ നടന്ന സംഭവം ആഘോഷിക്കുകയാണെന്ന് പെരിന്തൽമണ്ണയിലെ ഈ ഹോട്ടലിൽ ആരും അറിഞ്ഞിരുന്നില്ല. സംഭവം ഏറെ ചർച്ചയായതിനെത്തുടർന്നു നടത്തിയ അന്വേഷണം ഒടുവിൽ ഹോട്ടലിൽ എത്തിയപ്പോൾ ജീവനക്കാർ കൈമലർത്തുകയായിരുന്നു.

സോഷ്യൽമീഡിയയിൽ പ്രചരിച്ച നന്മയുടെ ബിൽ കണ്ടിട്ടാണ് പലരും ഹോട്ടലിലേക്ക് വിളിച്ചത്. നിങ്ങളുടെ ഹോട്ടലിൽ ഭിക്ഷയാചിച്ചു നടന്ന രണ്ടു കുട്ടികൾക്ക് ഭക്ഷണം നൽകിയ ആളുടെ കൈയിൽ നിന്നും കാശു വാങ്ങിയില്ലേ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു.
കാശു വാങ്ങിയില്ല എന്നുള്ളത് ശരിയാണ്, പക്ഷെ അന്നേ ദിവസം ബിൽ കൗണ്ടറിലിരുന്നത് ആരാണെന്ന് ഇപ്പോഴും ആരും വെളിപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും നടപടി ഭയന്നാണോ എന്ന് അറിയില്ല, രണ്ടു ദിവസം മുമ്പാണ് സംഭവം. ഞങ്ങളുടെ ഹോട്ടലിന്റെ ബിൽ തന്നെയാണ് പ്രചരിക്കുന്നത്. ആരു ചെയ്തതാണെങ്കിലും ആ നന്മ മനസ്സിനെ ഒരുപാട് ബഹുമാനിക്കുന്നുവെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവൻ , അതെ മുടങ്ങാതെ നടക്കുന്ന വാർഷിക സമ്മേളനം .....നൂറു പേർ വന്നു എന്തൊക്...

Posted by Akhilesh Kumar on Wednesday, January 6, 2016 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP