Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാപ്പ്, അന്ന് നിശ്ചയിച്ചുറപ്പിച്ച ആളോട്, അവരുടെ ഉമ്മയോട്, ഞാൻ കാരണമുണ്ടായ എല്ലാ നാണക്കേടിനും മാപ്പ്; പെണ്ണൊരുത്തി സ്വന്തം തീരുമാനത്തിന്റെ പുറത്ത് ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോൾ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവൾ ആവാൻ കൂടുതലൊന്നും വേണ്ടായിരുന്നു; അല്ലെങ്കിലും പ്ലസ്ടുവിനപ്പുറമുള്ള പഠനമൊക്കെ അത്യാഗ്രഹമാണ്; ഇത്തരം വിലങ്ങുകൾക്കുള്ളിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല: ഡോ സച്ചു ആയിഷയുടെ പോസ്റ്റ് വൈറലാകുമ്പോൾ

മാപ്പ്, അന്ന് നിശ്ചയിച്ചുറപ്പിച്ച ആളോട്, അവരുടെ ഉമ്മയോട്, ഞാൻ കാരണമുണ്ടായ എല്ലാ നാണക്കേടിനും മാപ്പ്; പെണ്ണൊരുത്തി സ്വന്തം തീരുമാനത്തിന്റെ പുറത്ത് ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോൾ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവൾ ആവാൻ കൂടുതലൊന്നും വേണ്ടായിരുന്നു; അല്ലെങ്കിലും പ്ലസ്ടുവിനപ്പുറമുള്ള പഠനമൊക്കെ അത്യാഗ്രഹമാണ്; ഇത്തരം വിലങ്ങുകൾക്കുള്ളിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല: ഡോ സച്ചു ആയിഷയുടെ പോസ്റ്റ് വൈറലാകുമ്പോൾ

കോഴിക്കോട് : വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒരു മാതൃകയാണ് സച്ചു ആയിഷ എന്ന പെൺകുട്ടി. വീട്ടുകാർ ഉറപ്പിച്ച കല്യാണം വേണ്ടെന്ന് വച്ച് തന്റെ സ്വപ്നമായ പിഎച്ച്ഡി സ്വന്തമാക്കിയ സച്ചു ആയിഷ ഇന്ന് ഡോ. സച്ചുവാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ സച്ചു ആയിഷ സോഷ്യൽ മീഡിയയിൽ വേറിട്ട ചർച്ചയാവുകയാണ്. തന്റെ ജീവിതത്തിലെ മുന്നേറ്റത്തെ കുറിച്ച് ഇട്ട ഫേസ്‌ബുക്ക് കുറിപ്പ് വൈറലാണ്. 'മാപ്പ്, അന്ന് നിശ്ചയിച്ചുറപ്പിച്ച ആളോട്, അവരുടെ ഉമ്മയോട്, ഞാൻ കാരണമുണ്ടായ എല്ലാ നാണക്കേടിനും മാപ്പ് പറയുകാണ് പഠിക്കാനായി വിവാഹം വേണ്ടെന്നുവച്ച ഈ പെൺകുട്ടി.

സച്ചു ആയിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് 

ഇങ്ങനെയൊരു ഫോട്ടോ ജീവിതത്തിലാദ്യായിട്ടാണ്. ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നതെന്നു പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. കാരണം അത്രയേറെ ആഗ്രഹിച്ചും അനുഭവിച്ചും തന്നെയാണ് ഇവിടം വരെ എത്തിയത്. നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചു പിഎച്ച്ഡി ചെയ്യാനെന്നും പറഞ്ഞു യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് വണ്ടി കയറുമ്പോൾ സത്യം പറഞ്ഞാൽ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്ണൊരുത്തി സ്വന്തം തീരുമാനത്തിന്റെ പുറത്ത് ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോൾ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവൾ ആവാൻ കൂടുതലൊന്നും വേണ്ടായിരുന്നു. അല്ലെങ്കിലും പ്ലസ്ടുവിനപ്പുറമുള്ള പഠനമൊക്കെ അത്യാഗ്രഹമാണ്. 'പെൺകുട്ടികളെ പ്രായമായാൽ കെട്ടിച്ചയക്കണം, പഠിത്തമൊക്കെ പിന്നെയും ആവാലോ, അല്ലെങ്കിൽ തന്നെ ഓളെ പഠിപ്പിച്ചെന്താക്കാനാ, ഇത്തരം വിലങ്ങുകൾക്കുള്ളിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല.

റിസർച്ചിന് ജോയിൻ ചെയ്തുവെന്നല്ലാതെ അത് പൂർത്തിയാക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പലഘട്ടങ്ങളിലും പഠനം നിർത്തുന്നതിന്റെ വക്കിലെത്തിയിട്ടുണ്ട്. എന്റെ ഉമ്മ എന്നൊരാളില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. 'എന്നാ അനക്ക് ഡോക്ടറേറ്റ് കിട്ടുന്നത് കാണാൻ വരേണ്ടത്?' എന്ന ഇടക്കിടെയുള്ള ചോദ്യത്തോളം എന്നെ പ്രചോദിപ്പിച്ച മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നെ എല്ലാ കാര്യങ്ങളിലും സപ്പോർട്ട് ചെയ്യുന്നെന്ന് പറഞ്ഞു എന്നും കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നത് ഉമ്മയ്ക്കായിരുന്നു.

കർക്കശക്കാരനായിരുന്നെങ്കിലും മോൾക്ക് പിഎച്ച്ഡി കിട്ടുന്നത് അഭിമാനമായി കൊണ്ട് നടന്ന ബാപ്പയും എന്നും എന്റെ മുമ്പിലുണ്ടായിരുന്നു. ദാരിദ്ര്യം കൊണ്ട് പഠിത്തം നിർത്തേണ്ടി വന്ന വാപ്പക്ക് മോളിലൂടെയെങ്കിലും അത് സാധിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരിക്കാം. അതുകൊണ്ട് തന്നെ എന്റെ തിസീസിന്റെ ആദ്യ പേജ് അവർക്കുള്ളതായിരുന്നു. നേരത്തേ കോഴിക്കോടിനപ്പുറത്തേക്കു എങ്ങോട്ടും വിടാതിരുന്ന എന്നെ റിസർച്ചിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളിലൊക്കെ പോവേണ്ടി വന്നപ്പോഴും ഒന്നും മിണ്ടാതിരുന്നത് മോൾക്ക് ഡോക്ടറേറ്റ് കിട്ടിക്കാണണമെന്നുള്ള അവരുടെ ആഗ്രഹം കൊണ്ടായിരുന്നു. ഇനി ഒരു കല്യാണത്തിനും എന്നെ നിർബന്ധിക്കാതിരുന്നതും നാട്ടുകാരുടെയും കുടുംബക്കാരുടെയും ചോദ്യങ്ങൾക്കു മുൻപിൽ മൗനം പാലിച്ചതുമെല്ലാം ആ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്തായിരുന്നു. ഞാൻ പിഎച്ച്ഡിക്കാരിയാവുന്നതോടൊപ്പം തന്നെ അവരുടെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളാണ് ഇന്നെന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. 'ഓളെ പഠിപ്പിച്ചത് തെറ്റായിപ്പോയെന്ന്' പറയുന്നവരോട് ഇന്ന് തിരിഞ്ഞു നിന്ന് 'ഓളെ പഠിപ്പിച്ചതാണ് ശരി' എന്ന് അവർ പറയും. എന്റെ ശരികളെ അവര് അംഗീകരിച്ചു തുടങ്ങിയതും പരിഹസിച്ചവർക്കും അവഗണിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കുമിടയിലൂടെ തല ഉയർത്തി നടക്കാനായി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

യൂണിവേഴ്സിറ്റി കാമ്പസിലെ റിസർച്ച് കാലം ഒട്ടനവധി സമരപരമ്പരകളുടേതു കൂടിയായിരുന്നു. രാപ്പകൽ സമരം, വൈറ്റ് റോസ് 2, 156 ദിവസത്തെ നിരാഹാര സമരം തുടങ്ങി പല സമരങ്ങളുടെയും ഭാഗമാവാനും സാധിച്ചിട്ടുണ്ട്. നിരാഹാര സമരത്തെ തുടർന്നുണ്ടായ 5 മാസത്തെ സസ്പെൻഷൻ, വീട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ, ഹോസ്റ്റലിൽ നിൽക്കരുതെന്ന ഉത്തരവ്, എങ്ങോട്ട് പോവുമെന്നറിയാതെ വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ, സസ്പെൻഷൻ ഡിസ്മിസലായേക്കുമോയെന്ന ഭയപ്പെടുത്തലുകൾ... തികച്ചും പ്രതിസന്ധിയിലായിപ്പോയ സമയങ്ങൾ. തളർന്നു പോവാതെ പിടിച്ചു നിന്നത് ഞാൻ പിടിച്ച കൊടിയുടെ ധൈര്യത്തിലാണ്.. അഭയം തന്ന സഖാക്കളുടെ ഉറപ്പിലാണ്.

റിസർച്ച് കാലയളവിൽ യൂണിവേഴ്സിറ്റി ഹോസ്റ്റൽ തന്നെയായിരുന്നു എന്റെ വീട്. പല കാരണങ്ങളാലും വീട്ടിൽ പോവാൻ പറ്റാത്തതിനാൽ ഓണത്തിനും വിഷൂനും നോമ്പിനും അങ്ങനെ എല്ലാ അവധിക്കും വെക്കേഷനും എല്ലാവരും വീട്ടിൽ പോവുമ്പോഴും ഞാനിവിടെത്തന്നെയായിരുന്നു, നിപ്പ സമയത്ത് ഹോസ്റ്റൽ അടച്ചു പൂട്ടിയപ്പോഴും സ്പെഷ്യൽ പെർമിഷൻ വാങ്ങി ഒറ്റക്ക് ഇവിടെ നിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മെസ്സിലെ ചേച്ചിമാരും ഹോസ്റ്റൽ മെട്രോന്മാരും ഏറെ പ്രിയപ്പെട്ടവരാണെന്നും.

അപമാനിച്ചവരും പരിഹസിച്ചവരും ഏറെയുണ്ട്. കാണാൻ ഭംഗിയില്ലാത്തോണ്ട് എത്ര വേണമെങ്കിലും പഠിക്കാലോന്ന് പറഞ്ഞു പരിഹസിച്ചവർ, ആദ്യമായിട്ട് ഫോട്ടോ പബ്ലിഷ് ചെയ്ത വന്ന ട്യൂഷൻ ക്ലാസിലെ നോട്ടീസ് മോന്റെ അപ്പി തുടക്കാനെടുത്തെന്നു പറഞ്ഞവർ, അത് കേട്ട് കളിയാക്കി ചിരിച്ചവർ... അങ്ങനെ കുറേ ..ഓടിപ്പോയി ആരും കാണാതെ പൊട്ടിക്കരഞ്ഞ ആ കൊച്ചുകുട്ടിയുടെ വാശിയാണ് ഇവിടം വരെ എത്തിച്ചത്, പരിഹസിച്ചവരെക്കൊണ്ടൊക്കെ തിരുത്തി പറയിപ്പിക്കും എന്ന വാശി. അതുകൊണ്ടൊക്കെ തന്നെ ഈ റിസർച്ച് കാലഘട്ടം എനിക്ക് സമരപോരാട്ടങ്ങളുടെ കാലമാണ്, നിലനിൽപിന് വേണ്ടിയുള്ള സമരം. വീണിട്ടും വീണിട്ടും ലക്ഷ്യം കാണുന്നത് വരെയുള്ള സമരം.

എല്ലാവർക്കും നന്ദി അഭിനന്ദിച്ചവർക്കും അപമാനിച്ചവർക്കും പുച്ഛിച്ചവർക്കും, കരഞ്ഞു പറഞ്ഞിട്ടും സഹായിക്കാതെ മുഖം തിരിച്ചവർക്കും, എല്ലാവർക്കും. ഈ ദിവസം ഉടുക്കാനുള്ള സാരി വാങ്ങിച്ചു തന്ന ജൂലിക്കും സാനിയോക്കും ഉമ്മ

മാപ്പ്, അന്ന് നിശ്ചയിച്ചുറപ്പിച്ച ആളോട്, അവരുടെ ഉമ്മയോട്, ഞാൻ കാരണമുണ്ടായ എല്ലാ നാണക്കേടിനും മാപ്പ്. ഒരുപക്ഷെ അന്നങ്ങനെ തീരുമാനിച്ചില്ലെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP