Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭത്തിന് തൈലം അഡ്‌മിഷന് പ്രത്യേക അലോട്‌മെന്റുമായി ദൈവം പിന്നെ കാൻസർ വരെ മാറ്റാനും കൃപാസനം പത്രം; കൃപാസനം ബസ് സ്‌റ്റോപ്പിലെത്തുമ്പോൾ ആളുകളെല്ലാം ഇറങ്ങി തിരക്കൊഴിയുന്നു; ആത്മീയ മാനസികരോഗ കേന്ദ്രമായി വളരുന്ന കൃപാസനത്തെ മുളയിലെ നുള്ളണം; വിപ്ലവ മണ്ണിൽ അന്തവിശ്വാസമായി തട്ടിപ്പ് കേന്ദ്രം വളർന്നാൽ തൊടാനാകില്ലെന്ന് മുന്നറിയിപ്പുമായി ശാരദക്കുട്ടി

ഗർഭത്തിന് തൈലം അഡ്‌മിഷന് പ്രത്യേക അലോട്‌മെന്റുമായി ദൈവം പിന്നെ കാൻസർ വരെ മാറ്റാനും കൃപാസനം പത്രം; കൃപാസനം ബസ് സ്‌റ്റോപ്പിലെത്തുമ്പോൾ ആളുകളെല്ലാം ഇറങ്ങി തിരക്കൊഴിയുന്നു; ആത്മീയ മാനസികരോഗ കേന്ദ്രമായി വളരുന്ന കൃപാസനത്തെ മുളയിലെ നുള്ളണം; വിപ്ലവ മണ്ണിൽ അന്തവിശ്വാസമായി തട്ടിപ്പ് കേന്ദ്രം വളർന്നാൽ തൊടാനാകില്ലെന്ന് മുന്നറിയിപ്പുമായി ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

ആത്മീയ കച്ചവടത്തിന്റെ പുത്തൻ തട്ടിപ്പായ കൃപാസനം പത്രത്തിനെതിരെ എഴുത്തുകാരിയായ ശാരദക്കുട്ടി. ആലപ്പുഴ എന്ന വിപ്ലവ പ്രസ്ഥാനത്തിന് വേരോട്ടമുള്ള നാട്ടിൽ ഇത്തരം അന്ധവിശ്വാസങ്ങളെ മുളയിലെ നുള്ളിയില്ലെങ്കിൽ അത് തഴച്ച് വളരുകയും നിയമത്തിന് പോലും തൊടാൻ പറ്റാത്ത മറ്റൊരു അവസ്ഥയിലേക്ക് എത്തുമെനന്ും ശാരദക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. വേദനയിൽ പുളയുന്ന ആളുകളെ ആത്മീയതയുടേയും അത്ഭുതത്തിന്റേയും പേര് പറഞ്ഞ് തട്ടിക്കുമ്പോൾ കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും അവർ പറയുന്നു.

നേരത്തെ ആത്മീയതയുടെ പേരിൽ കൃപാസനം പത്രം നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതിരുന്നു. യുക്തിരഹിതമായ കാര്യങ്ങളാണ് പത്രത്തെ കുറിച്ച് പുറത്ത് വരുന്നതും അതിൽ തന്നെ അച്ചടിച്ച് വരുന്നതും.കുറച്ചൊക്കെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ പറഞ്ഞാണ് ആദ്യം ഇക്കൂട്ടർ ആളെ കൂട്ടിയിരുന്നത് എങ്കിൽ തീർത്തും യുക്തിരഹിതമായ പ്രചരണങ്ങളിലൂടെയും തട്ടിപ്പ് നടത്താം എന്ന് വ്യക്തമാക്കുകയാണ് കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രം.

എന്താണ് കൃപാസനം

ആലപ്പുഴ ജില്ലയുടെ തീരപ്രദേശം കേന്ദ്രീകരിച്ച് കലവൂരിൽ നടക്കുന്ന വലിയൊരു ആത്മീയ തട്ടിപ്പ് ആണ് കൃപാസനം ധ്യാനകേന്ദ്രം. . പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ വിശ്വാസികളുടെ നിവർത്തി കേട് ചൂഷണം ചെയ്തായിരുന്നു കൃപാസനം തട്ടിപ്പിന്റെ തുടക്കം. അടുത്ത കാലത്താണ് ഇവിടെ പത്രചികിത്സ തുടങ്ങിയത്.പതിനെട്ടു വർഷം മുൻപ് ചേർത്തല അർത്തുങ്കൽ തൈക്കൽ ഇടവകയിൽ ഇടവക വികാരിയായിരിക്കുമ്പോൾ ആലപ്പുഴ കാട്ടൂർ സ്വാദേശിയായ വി.പി ജോസഫ് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനം എന്ന തട്ടിപ്പ് സാമ്രാജ്യമായി വളർന്നിരിക്കുന്നത്. നാഷണൽഹൈവേ സൈഡിലുള്ള ഈ തട്ടിപ്പു കേന്ദ്രത്തിലേ വാഹന ബാഹുല്യം ഹൈവേയിൽ ട്രാഫിക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

പത്ര ചികിത്സ കൂടാതെ ഗർഭമുണ്ടാകുന്ന ഒരു തൈലവും ഇപ്പോൾ കേന്ദ്രം ഇറക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിന്റെ സാക്ഷ്യം പറയുന്നത്. ഒരു അദ്ധ്യാപികയെന്ന് പറഞ്ഞാണ് വീഡിയോയിൽ കൈക്കുഞ്ഞുമായി സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. വൻ പരസ്യവും സെയിൽസ് പ്രമോഷനും ഈ തൈലത്തിന് നൽകിവരുന്നുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

കായ്ഫലമുണ്ടാകാൻ കൃപാസനം പത്രം പൊതിഞ്ഞ മാവുകൾ, തെങ്ങുകൾ. പാൽ കൂടുതൽ ലഭിക്കാൻ കൃപാസനം പൊതിഞ്ഞ അകിടുമായി പശുക്കൾ. കൃപാസനം പത്രത്തിലിരുന്ന് fb പോസ്റ്റിട്ടയാളിന് നിമിഷങ്ങൾ കൊണ്ട് 10 K ലൈക് കിട്ടിയതേ!

ആലപ്പുഴ കലവൂർ റോഡിൽ കൂടി ഇന്നലെ പോയി.ഇപ്പോൾ അവിടെ കൃപാസനം ബസ് സ്റ്റോപ്പായി. കൃപാസനം വെയ്റ്റിങ് ഷെഡായി. ആ സ്റ്റോപ്പിലെത്തുമ്പോൾ ബസ്സുകൾ തിരക്കൊഴിഞ്ഞ് കാലിയാകുന്നു. അതൊരു വലിയ മാനസികരോഗ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഓർക്കണം, ആലപ്പുഴയാണ്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നാടാണ്. പുരോഗമന സാഹിത്യ പ്രസ്ഥാന നായകരെ വളർത്തിയെടുത്ത നാടാണ്. എന്തൊക്കെ ബാഹ്യ ശൈഥില്യങ്ങളുണ്ടാകുമ്പോഴും അകമേ ഭദ്രമായ ഒരു ലോകം സ്വപ്നം കണ്ടു ശീലിച്ച തൊഴിലാളി വർഗ്ഗത്തിന്റെ മണ്ണാണ്.

പല തരം മടുപ്പുകളിൽ പെട്ട നിസ്സഹായരായ മനുഷ്യരെ വിശ്വാസവള്ളിയിൽ കെട്ടി വലിക്കുന്ന മറ്റൊരു പ്രസ്ഥാനം കൂടി വളരെപ്പെട്ടെന്നു തഴയ്ക്കുകയാണ്. നിത്യ വേദനയിൽ പെടുന്ന സാധുക്കളുടെ വേദനകളിൽ മാന്തി മാന്തി അതൊരു വലിയ പ്രസ്ഥാനമാകും. പോട്ട പോലെ, വള്ളിക്കാവു പോലെ. പിന്നെല്ലാരും അവിടെയെന്തു നടന്നാലും തൊടാൻ ഭയക്കും. ചണ്ഡരൂപിയായി അതു വളരുമ്പോൾ ഹീനമായ വിധേയത്വത്തിനു വഴങ്ങി, കൃപാസനം പത്രത്തിലിരുന്നു വോട്ടു ചോദിക്കാൻ വരെ വിപ്ലവ സിംഹങ്ങൾ തയ്യാറാകും. ഭയാനകമായ അത്തരം ഒരവസ്ഥയിലേക്ക് എത്തുന്നതു വരെ ട്രോളാനും ചിരിക്കാനുമുള്ള വിഷയം മാത്രം.

മാനുഷികമായ സ്വച്ഛതകളിൽ നിന്ന്, സ്വാതന്ത്ര്യത്തിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ഇത്തരം കുരുപ്പുകളെ മുളയിലേ നുള്ളിക്കളയേണ്ടതെങ്ങനെയാണ്? ചരിത്ര ജ്ഞാനവും സാമൂഹിക ബോധവും യുക്തിചിന്തയുമുള്ളവർ, ഈയാംപാറ്റകൾ പോലെ അഗ്‌നിയിലേക്കു പായുന്ന സാധുക്കളെ കുറിച്ചു ഗൗരവമായി ചിന്തിക്കുകയും വേണ്ട രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും ചെയ്‌തെങ്കിൽ.

വെളിച്ചങ്ങൾ ഒന്നൊന്നായി കെട്ടു പോവുകയാണ്. അവശേഷിക്കുന്ന ഒരിറ്റു വെളിച്ചവും കൂടി അണയുന്നതു വരെ നമ്മൾ കണ്ണുപൊത്തിയിരിക്കരുത്. ശാന്തിവനങ്ങൾ ഒന്നാകെ കത്തിയമരുന്നതു വരെ കണ്ണു പൊത്തിയിരിക്കരുത്. കെട്ട ദീപങ്ങളെ ജ്വലിപ്പിച്ചെടുക്കേണ്ടത് ആരുടെ വിധിയാണ്? പ്രതിരോധ ക്രിയകളിലൂടെ ഇതിനെയെല്ലാം ചെറുക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം സർക്കാരിനുണ്ട്.

എസ്.ശാരദക്കുട്ടി
19.5.2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP