Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആമി'യോടുള്ള വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന കമൽ പ്രേമം സിനിമയെ വിമർശിച്ചത് മറന്നോ? സെലക്ടീവ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിലപാട് താങ്കൾക്ക് ചേർന്നതല്ലെന്ന് മനീഷ് നാരായാണൻ; റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന സംവിധായകന്റെ സിനിമ കാണേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച് സിനിമാ ആസ്വാദകരും; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം തുടരുന്നു

'ആമി'യോടുള്ള വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന കമൽ പ്രേമം സിനിമയെ വിമർശിച്ചത് മറന്നോ? സെലക്ടീവ് ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിലപാട് താങ്കൾക്ക് ചേർന്നതല്ലെന്ന് മനീഷ് നാരായാണൻ; റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന സംവിധായകന്റെ സിനിമ കാണേണ്ട കാര്യമുണ്ടോയെന്നും ചോദിച്ച് സിനിമാ ആസ്വാദകരും; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സൈബർ ലോകത്തിന്റെ പ്രതിഷേധം തുടരുന്നു

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: 'ആമി' സിനിമയെ വിമർശിക്കുന്ന ഫേസ്‌ബുക്ക് റിവ്യൂകളെ നീക്കം ചെയ്യുന്ന സംവിധായകൻ കമലിന്റെ നിലുപാടിനെതിരെ വിമർശനം കൊഴുക്കുന്നു. ആമി കണ്ട ശേഷം ആളുകൾ ഫേസ്‌ബുക്കിൽ കുറിക്കുന്ന ആസ്വാദന കുറിപ്പുകളും നിരൂപണങ്ങളും റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നതിനെ അനുകൂലിച്ച് കമൽ രംഗത്തെത്തിയതോടെയാണ് വിമർശനം കൊഴുക്കുന്നത്. നല്ല റിവ്യൂവിനെ മാധ്യമങ്ങൾ പണം ആവശ്യപ്പെട്ടെന്ന വിമർശനം ഉന്നയിച്ചു കൊണ്ട് സിനിമയുടെ അണിയറക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഈ വാദങ്ങളെ അനുകൂലിക്കുന്ന വിധത്തിൽ കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ കമൽ രംഗത്തെത്തിയത്. സംവിധായകന്റെ ഈ നിലപാടിനെതിരെയാണ് വിമർശനം കടുക്കുന്നത്.

കമൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത് സെലക്ടീവായാണെന്നും അത് ഇരട്ടത്താപ്പാണെന്നനും വിമർശനം ഉയരുന്നു. നിലപാടുകളിലെ ഇരട്ടത്താപ്പുകാരനാണ് കമൽ എന്നുമാണ് വിമർശനം. ആമിയോടുള്ള വിമർശനങ്ങളിൽ അസഹിഷ്ണുത കാണിക്കുന്ന കമൽ പണ്ട് പ്രേമം സിനിമയെ വിമർശിച്ചത് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു സൈബർ ലോകം. മലയാളത്തിലെ ഓൺലൈൻ നിരൂപണ രംഗത്തെ പ്രശസ്തനായ മനീഷ് നാരായണൻ അടക്കമുള്ളവർ കമലിന്റെ നിലപാടിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തി.

മനീഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

ആമിയെക്കുറിച്ചുള്ള ആസ്വാദനങ്ങൾ/നിരൂപണങ്ങൾ/ ഫേസ്‌ബുക്ക് കുറിപ്പുകൾ/വിമർശനങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ സംവിധായകൻ കമലും, ആമി ഒഫീഷ്യൽ പേജും ഉയർത്തുന്ന ആരോപണം എട്ടോളം പ്രമുഖ മാധ്യമങ്ങൾ/ ഓൺലൈൻ മാധ്യമങ്ങൾ 25000 മുതൽ 50,000 വരെ നൽകിയാൽ സിനിമയെക്കുറിച്ച് നന്നായിട്ടെഴുതാം അല്ലെങ്കിൽ വിമർശിക്കും എന്ന് പറഞ്ഞതായാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന സുപ്രധാന പദവിയിലുള്ള ആളാണ് കമൽ. സിനിമയെ പിന്തുണയ്ക്കണമെങ്കിൽ പണം വേണം അല്ലെങ്കിൽ മോശമായി എഴുതുമെന്ന് ഭീഷണിപ്പെടുത്തിയ മാധ്യമങ്ങളുടെ പേര് പറയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയ താങ്കൾക്ക് എന്തിനാണ് മടി?

ആമി 12 കോടിയുടെ സിനിമയാണെന്നും നിർമ്മാതാവ് അധ്വാനിച്ചുണ്ടാക്കിയ പണമെന്നും ചാനൽ ചർച്ചയിൽ അങ്ങ് പറയുന്നത് കണ്ടു. മുൻപൊരു പൊതുവേദിയിൽ താങ്കൾ പ്രേമം എന്ന സിനിമയെ വിമർശിച്ചിരുന്നില്ലേ? ആ സിനിമയുടെ രാഷ്ട്രീയത്തെയാണ് വിമർശിച്ചതെന്ന് അത് ഫേസ്‌ബുക്കിൽ ആയിരുന്നില്ലെന്നും പറയുന്നു. സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ചാണോ താങ്കൾ വാചാലനാകുന്നത്?

ആമി തന്റെ പ്രൊഡക്ട് ആണെന്നും അത് എങ്ങനെ വിൽക്കണമെന്ന് താൻ തീരുമാനിച്ചോളുമെന്നും നിർമ്മാതാവ് അറിയിച്ചെന്ന് കമൽ. ഓക്കെ, intellectual property നിയമത്തിന്റെ പിന്തുണയോടെ ഫേസ്‌ബുക്കിനെ ഉപയോഗിച്ച് ആമി വിമർശനങ്ങൾ നീക്കം ചെയ്ത/ പലരുടെയും അക്കൗണ്ട് ആക്സസ് ബ്ലോക്ക് ചെയ്ത നടപടിയെ താങ്കൾ പിന്തുണയ്ക്കുന്നുണ്ടോ? അതോ നിർമ്മാതാവിന് ഒപ്പമാണോ താങ്കൾ? അസഹിഷ്ണുതയുടെ പേരിലുള്ള ആക്രമണം നേരിട്ട ആളാണ് താങ്കൾ. റിവ്യൂ റിമൂവ് ചെയ്തതിനെ വിമർശിച്ച അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതിട്ടുണ്ട്. ഇവരോട് ഐക്യപ്പെടുമോ കമൽ സാർ?

വിനോദ് മങ്കരയുടെ വിമർശനം വേറെന്തോ പ്രതികാരമെന്ന് താങ്കൾ വിശ്വസിക്കുന്നു, പോട്ടെ, അങ്ങനെയെങ്കിൽ മംഗളം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഇ വി ഷിബുവിന്റെ നിരൂപണം ഫേസ്‌ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തത്, സിനിമാ ഗ്രൂപ്പുകളിൾ മറ്റ് പലരുടെയും വിമർശനങ്ങൾ റിമൂവ് ചെയ്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അംഗീകരിക്കാനാകുമോ?

പണം വാങ്ങി എല്ലാ സിനിമകളെയും ഒരു പോലെ വാഴ്‌ത്തുന്ന പേജുകളും,വെബ്സൈറ്റുകളും, മാധ്യമങ്ങളുണ്ട്. അത് ചലച്ചിത്രമേഖലയുടെ സമ്പൂർണ പിന്തുണയിലാണ് വളർന്നതെന്ന കാര്യം മറക്കരുത്. നിരൂപണമെഴുതുമ്പോൾ സിനിമയെന്ന മാധ്യമത്തെക്കുറിച്ചുള്ള ബോധ്യം വേണമെന്ന് ശഠിക്കുന്നതിൽ തെറ്റ് പറയാനാകില്ല. പക്ഷേ ആസ്വാദനത്തിലെ അതൃപ്തി പ്രകടിപ്പിക്കാൻ സിനിമാ നിരൂപകനായിരിക്കണമെന്ന് പറയുന്നതെങ്ങിനെ?, അങ്ങനെയെങ്കിൽ സിനിമയെക്കുറിച്ച് നാല് വരി നല്ലത് ആര് എഴുതിയാലും അത് ഒഫീഷ്യൽ പേജിൽ അത് ഷെയർ ചെയ്യുന്നതിന് മുമ്പും സിനിമയെക്കുറിച്ച്് അക്കാദമിക് ബോധമുള്ളയാളാണോ നല്ലത് എഴുതിയെന്ന് നോക്കേണ്ടതില്ലേ.

അതേസമയം 'ആമി' സിനിമയുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ നിലപാട് വ്യക്തമാക്കി സിനിമാ പാരഡീസോ ക്ലബ്ബും രംഗത്തത്തി. ചിത്രത്തിന്റെ നിർമ്മാതാവിന്റെ പരാതിയെ തുടർന്ന് പോസ്റ്റുകൾ നീക്കം ചെയ്യുന്ന ഫേസ്‌ബുക്കിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ ഫേസ്‌ബുക്ക് ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ് വ്യക്തമാക്കി. ചിത്രത്തിൽ സംവിധായകന്റെയും സിനിമയുടെയും പേരുകൾ അപൂർണമായി നൽകി സർക്കാസമായിട്ടാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രസ്തുത ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ഈ ആഴ്ച റിലീസായ ചിത്രങ്ങളിൽ റിലീസിന് മുമ്പ് തന്നെ ചർച്ചകൾക്ക് വഴി വച്ച സിനിമയായിരുന്നു ക. ലിന്റെ ആ... എഴുത്തുകാരി മാ-യുടെ ജീവിത കഥ എന്നതായിരുന്നു സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഉ, ഓ, തൂ, ശു, പൂ, മ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായ ക ആണ് ഇതിന്റെയും സംവിധാനം.ഉ എന്ന ചിത്രത്തിന് ശേഷം മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ആ.

മാ-യുടെ സംഭവബഹുലമായ ജീവിതത്തോട് ചിത്രം നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. മ-യുടെ ഛായാഗ്രഹണവും ശ്രീ-യുടെ എഡിറ്റിംഗുമാണ് സിനിമയെ പൂർണ്ണ നാടകമാവുന്നതിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. മ-യുടെ മേക്കപ്പ് പല രംഗങ്ങളിലും മുഴച്ചു നിന്നു. അ, മു, ടൊ തുടങ്ങിയവർ തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചുവെങ്കിലും നാടക ശൈലിയിലുള്ള സംഭാഷണങ്ങൾ കല്ലുകടിയായി. സംവിധായകന്റെ കയ്യൊപ്പുള്ള രംഗങ്ങൾ വിരളമായത് ഒരു മികച്ച ബയോപിക് ആവുന്നതിന് തടസ്സമായി. ഇതിലും നല്ല സിനിമകൾ ക-ൽ നിന്നും ഉണ്ടാകട്ടെ എന്ന് മാത്രം ആശിക്കാം. മൊത്തത്തിൽ പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ...

വാൽക്കഷ്ണം : അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാൽ സിപിസി മെമ്പേഴ്‌സ് ഉൾപ്പെടെ നിരവധി ഫേസ്‌ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാർ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയിൽ തന്നെ അത് കാണേണ്ടി വരുന്നത് തീർത്തും വിരോധാഭാസവുമാണ്.

ഇനി ആ.. യുടെ പിന്നണിക്കാരോട് : ഈ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 'ആ' യുടെ പകർപ്പവകാശം #30daysoflettering ക്യാമ്പയിനിലെ കുമാരപുരം എന്ന ആർടിസ്റ്റിനാണ്.റീവ്യൂവിന്റെ പകർപ്പവകാശം മുകേഷ് കുമാറിനാണ്. ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരിൽ നടപടി നേരിടുന്നവർക്കെല്ലാം സിനിമാ പാരഡൈസ് ക്ലബ്ബിന്റെ പൂർണ പിന്തുണ.

നെഗററ്റീവ് റിവ്യൂകൾ 'റീൽ ആൻഡ് റിയൽ' സിനിമയുടെ ആവശ്യപ്രകാരമാണ് ഫേയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യുന്നത്. വിഷയത്തിൽ സംവിധായകൻ കമൽ നെഗറ്റീവ് റിവ്യു നീക്കം ചെയ്യുന്നതിൽ തെറ്റില്ലെന്ന നിലപാടെടുത്തിരുന്നു. ഇതിനെതിരായണ് സൈബർ ലോകത്ത് വിമർശനം കൊഴുക്കുന്നത്.

അതിനിടെ തന്റെ സിനിമയ്ക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്ന റിവ്യൂകൾ റിപ്പോർട്ട് ചെയ്തു പൂട്ടിക്കുന്ന ആ സംവിധായകന്റെ സിനിമ കാണേണ്ട എന്ന് തീരുമാനിച്ചതായും ചില സിനിമാ ആസ്വാദകർ ഫേസ്‌ബുക്കിൽ കുറിക്കുന്നു. എന്നാൽ അദ്ദേഹം സ്വത്വത്തിന്റെ പേരിൽ മുൻപ് കമൽ ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചു പോയതിൽ നിരാശയില്ലെന്നും വ്യക്തികൾ അല്ല നിലപാടാണ് പ്രധാനമെന്നും ചിലർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP