Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യാനെറ്റ് സിനിമ അവാർഡ് വാങ്ങുന്ന മമ്മൂട്ടി എന്തിനാണ് സീരിയലുകളെ വിമർശിക്കുന്നത്? മെഗാതാരം ചെയ്തതു ശരിയോ തെറ്റോ? അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിൽ അങ്കം മുറുകുന്നു

ഏഷ്യാനെറ്റ് സിനിമ അവാർഡ് വാങ്ങുന്ന മമ്മൂട്ടി എന്തിനാണ് സീരിയലുകളെ വിമർശിക്കുന്നത്? മെഗാതാരം ചെയ്തതു ശരിയോ തെറ്റോ? അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയിൽ അങ്കം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഷ്യാനെറ്റ് ടെലിവിഷൻ അവാർഡു ദാനച്ചടങ്ങിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി സീരിയൽ താരങ്ങളെ അപമാനിച്ചെന്ന ആരോപണത്തിൽ സൈബർ ലോകത്ത് വിവാദം കൊഴുക്കുകയാണ്. മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് കടുത്ത ആരാധകരും സീരിയൽ വിരോധികളുമൊക്കെ വാദിക്കുമ്പോൾ മറുപക്ഷം ശക്തമായ എതിർപ്പും ഉയർത്തുന്നത് അങ്കം മുറുകാൻ ഇടയാക്കിയിട്ടുണ്ട്.

അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്‌സ് 2015യിൽ സമ്മാനദാനത്തിന് എത്തിയപ്പോഴാണ് മെഗാതാരം സീരിയൽ താരങ്ങളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. താരത്തിന്റെ പെരുമാറ്റത്തിലുള്ള കടുത്ത അമർഷം വേദിയിൽ വച്ച് തന്നെ ചില താരങ്ങൾ തുറന്നു പറയുകയും ചെയ്തു.

21ാം തീയതിയാണ് അങ്കമാലിയിലെ കൺവെൻഷൻ സെന്ററിൽ വച്ച് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് സംഘടിപ്പിച്ചത്. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളെയും നടീനടന്മാരെയും തെരഞ്ഞെടുക്കുന്ന പരിപാടിയായിരുന്നു ഇത്. ഇതിൽ പ്രമുഖർക്ക് അവാർഡ് നൽകാൻ വേണ്ടിയാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. എന്നാൽ, വേദിയിൽ എത്തിയതോടെ തീർത്തും അക്ഷമനായി കാണപ്പെട്ട മമ്മൂട്ടി അവാർഡിന്റെ മാനദണ്ഡം എന്താണെന്നു ചോദിക്കുകയും മികച്ചതെന്നു വിലയിരുത്തപ്പെട്ട സീരിയലുകളെ പരിഹസിക്കുകയുമാണ് ചെയ്തത്.

മികച്ച നടനുള്ള അവാർഡ് കിഷോർ സത്യയ്ക്ക് (കറുത്ത മുത്ത്) നൽകിയ ശേഷം മമ്മൂട്ടി അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മൈക്ക് കിട്ടിയപ്പോൾ താരം തന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. സീരിയൽ താരങ്ങളെ അടച്ചാക്ഷേപിക്കുന്ന വിധമായിരുന്നു മമ്മൂട്ടി സംസാരിച്ചതെന്നാണ് ആക്ഷേപം. എല്ലാവർക്കും അവാർഡ് കിട്ടിയല്ലോ? എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്?എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ലേ ഏഷ്യാനെറ്റിന്റെ പരിപാടി ഇങ്ങനെ പറഞ്ഞ് സംഘാടകരെയും സീരിയൽ താരങ്ങളെയും മമ്മൂട്ടി പരിഹസിക്കുകയായിരുന്നു.

സംഭവം ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ വലിയ ചർച്ചകളിലേക്കു പോകുകയും ചെയ്തു. മമ്മൂട്ടിയെ അനുകൂലിച്ചും എതിർത്തും വാഗ്വാദങ്ങൾ കൊഴുക്കുകയും ചെയ്തു.

വർഷാവർഷം ഏഷ്യാനെറ്റിന്റെ സിനിമ അവാർഡുകൾ വാങ്ങാൻ ഒരുളുപ്പുമില്ലാതെ പോകുന്ന മമ്മൂട്ടി എന്തിനാണ് ടെലിവിഷൻ പുരസ്‌കാരദാനച്ചടങ്ങിൽ പോയി കുറ്റം പറഞ്ഞതെന്നാണ് പ്രധാന ആക്ഷേപം. വിമർശിക്കാൻ ഇന്ത്യയിൽ ആർക്കും സ്വാതന്ത്ര്യം ഉണ്ട്. ടി.വി സീരിയലുകളെക്കാൾ അധഃപതിച്ച മറ്റൊരു കലാരൂപമില്ല. എങ്കിലും ഇത്തരമൊരു വേദി ആയിരുന്നില്ല മമ്മൂട്ടി തെരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നാണ് ഒരു കൂട്ടർ പറയുന്നത്.

ലാലേട്ടൻ ഒരു ബ്ലോഗിൽ പറഞ്ഞതു പോലെ ,നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നും നമ്മളല്ലേ മാറി നിൽക്കേണ്ടത് എന്ന് മമ്മൂട്ടിയെ എതിർക്കുന്ന ഒരു വിഭാഗം ചോദിക്കുന്നു. സീരിയലുകളോട് വിമുഖത ഉണ്ടെങ്കിൽ അവയെ വിമർശിക്കാൻ പലേ മാദ്ധ്യമങ്ങൾ ഉണ്ടെന്നിരിക്കെ ഏഷ്യാനെറ്റിന്റെ സീരിയൽ അവാർഡിൽ സമ്മാനദാനം നടത്താൻ അവരുടെ ക്ഷണം സ്വീകരിച്ച് പോയി അവാർഡിനെയും സീരിയലുകാരെയും അടച്ചാക്ഷേപിച്ച് അപമാനിച്ചിട്ടുണ്ടെങ്കിൽ അത് ഒട്ടും ശരിയായില്ല. ഇതേ മമ്മൂട്ടി തന്നെയല്ലെ വർഷാവർഷം യാതൊരു സങ്കോചവും ഇല്ലാതെ രണ്ടു കയ്യും നീട്ടി ഭൂലോക അസംബന്ധമായ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഏറ്റു വാങ്ങുന്നത്. അഭിപ്രായങ്ങളും പ്രവർത്തികളും ഒന്നാകുന്നതല്ലേ അന്തസ്സ് എന്നും മമ്മൂട്ടിക്കെതിരായി പരാമർശം ഉയരുന്നു.

'മമ്മൂട്ടിക്ക് സീരിയൽ നടിനടന്മാരെ പരിഹസിക്കാം.. ഇക്കയുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഒക്കെ ഓരോരുത്തർ പറയുന്നു.. ഇപ്പോൾ മമ്മൂട്ടിയെ പൊക്കി പറയുനവർ എന്തെ പണ്ട് റാം ഗോപാൽ വർമ അങ്ങേരുടെ അഭിപ്രായം പറഞ്ഞപോൾ കേറി പൊങ്കാല ഇട്ടേ..? എന്താ പുള്ളിക്കും പറയാൻ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ ?' എന്നും വിമർശനം സൈബർ ലോകം ഉയർത്തുന്നു.

മമ്മൂട്ടി പറഞ്ഞത് ശരിയും ചെയ്തത് ചെറ്റത്തരവും ആയിപ്പോയെന്നാണ് മറ്റൊരു പരാമർശം. ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യം ഇല്ലായിരുന്നു എങ്കിൽ അതിൽ നിന്നും മാറി നിൽക്കുകയായിരുന്നു ചെയ്യണ്ടത്.
അല്ലാതെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിച്ചവരെ അപമാനിച്ചത് മാന്യത അല്ല. സീരിയലുകൾ ആണുങ്ങളെ സംബന്ധിച്ചിട ത്തോളം സഹിക്കാൻ കഴിയാത്ത ഒന്നു തന്നെയാണ്. എങ്കിലും രാവിലെ മുതൽ രാത്രിവരെ കഷ്ടപ്പെട്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാർക്ക് ഒരാശ്വാസം നൽകാൻ സീരിയലുകൾക്കു സാധിക്കുന്നു എന്നതിൽ തർക്കമില്ല. ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീൻ എന്ന സ്‌ക്രീൻ വ്യത്യാസം മാത്രമാണു മമ്മൂട്ടിയും സീരിയൽ താരങ്ങളും തമ്മിൽ ഉള്ളത്. രണ്ടുപേരും ചെയ്യുന്ന തൊഴിൽ ഒന്നു തന്നെയാണ്. അഭിനയം. അതാണു മമ്മൂട്ടി മറന്നതെന്നാണ് വിമർശനം.

എന്നാൽ, സീരിയലുകളെ അവയുടെ മടയിൽത്തന്നെ പോയി വിമർശിച്ചുവെന്നതിന് മമ്മൂട്ടിക്കു കൈയടി നൽകുന്നവരും കുറവല്ല. അവയെ വിമർശിച്ചതിനും സത്യം പറഞ്ഞതിനും ബിഗ് സല്യൂട്ട് നൽകുന്നുവെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവർ പറയുന്നത്.

തനിക്ക് അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിൽ അത് അവരുടെ തന്നെ മുന്നിൽ വച്ച് തുറന്നു പറയുക എന്നത് മമ്മൂട്ടി എന്ന നടന്റെ വലിപ്പവും അദ്ദേഹത്തോട് ഉള്ള ബഹുമാനവും കൂട്ടുന്നതാണെന്നാണ് ഒരു പക്ഷം പറയുന്നത്. ഇതല്ലേ ശെരി?? ഇതല്ലേ ആണുങ്ങൾക്ക് ചേർന്നത്?? എന്നും ആരാധകർ പറയുന്നു.

അസൂയ, വഞ്ചന, പരപുരുഷ ബന്ധം, സ്വത്തിനോടുള്ള ആർത്തി തുടങ്ങിയ വിഷയങ്ങൾ മാത്രമാണ് എല്ലാ സീരിയലുകളും വർഷങ്ങളായി കൊണ്ട് നടക്കുന്നത്. ഇങ്ങനത്തെ മാലിന്യങ്ങൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏഷ്യാനെറ്റ് പോലുള്ള പൈങ്കിളി ചാനലുകൾ ഈ പോഴത്തരത്തിനു പുരസ്‌കാരങ്ങൾ കൊടുക്കുന്നത് തീർത്തും പരിഹാസ്യമാണ്. ക്ലീഷേയുടെ കൊട്ടാരമാണു സീരിയലുകൾ. കലയുടെ നശീകരണമാണ് ഇതിൽ നടക്കുന്നത്. ഈ മാലിന്യത്തെ തുടച്ചു നീക്കാൻ മനസ്സ് കൊണ്ട് അതിയായ ആഗ്രഹം ഉണ്ട്. മമ്മുക്കയെ പോലുള്ള ഒരാൾ ഇതിനെതിരെ രോഷം പ്രകടിപ്പിച്ചത് പ്രശംസാർഹമാണെന്നും മമ്മൂട്ടിയുടെ അഭിപ്രായത്തോടു യോജിക്കുന്നവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP