Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവർക്കും അവർ മദ്യപയായ സ്ത്രീ; യുവതിക്ക് നേരെ നടന്ന ശല്യം ചെയ്യലിൽ പ്രതികരിച്ചത് തെരുവിലലഞ്ഞ ആ വയോധിക മാത്രം; പുരുഷാരം കാഴ്ച കണ്ട് മാറി നൽക്കുമ്പോൾ യുവതിക്ക് തുണയായത് അവർ മാത്രം; വൈറലായി മാധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് കുറിപ്പ്

എല്ലാവർക്കും അവർ മദ്യപയായ സ്ത്രീ; യുവതിക്ക് നേരെ നടന്ന ശല്യം ചെയ്യലിൽ പ്രതികരിച്ചത് തെരുവിലലഞ്ഞ ആ വയോധിക മാത്രം; പുരുഷാരം കാഴ്ച കണ്ട് മാറി നൽക്കുമ്പോൾ യുവതിക്ക് തുണയായത് അവർ മാത്രം; വൈറലായി മാധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

സമൂഹത്തിൽ അവഗണിച്ച് മാറ്റി നിർത്തപ്പെടുന്ന ചില ആളുകളുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർ. ആരോരും തുണയില്ലാത്തവർ, ഇവരെയൊക്കെ നമ്മുപടെ സമൂഹത്തിന് അധമമായ വെറുപ്പാണ്. സമൂഹ വ്യവസ്ഥിതിയിൽ ഇവരെ ആട്ടി ഓടിക്കുകയാണ് ഒരുതരം ആഢ്യരീതിയായി മലയാളി സമൂഹം കണക്കാക്കുന്നത്. ഈ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്ന ഒരനുഭവം വിശദീകരിച്ച് ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിരിക്കുകയാണ് മാധ്യമപ്രവർത്തകയായ ശ്രീജി ശ്രീ.

പത്തനംതിട്ട ബസ് സ്റ്റാന്റിൽ യുവതിക്ക് നേരെ നടന്ന യുവാവിന്റെ അതിക്രമമാണ് ശ്രീജി ഫേസ്‌ബുക്രക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ടൗൺഹാളിന് സമീപം ബസ് കാത്ത് നിന്ന് യുവതിക്ക് നേരെയുണ്ടായ ശല്യം എതിർത്തത് അവിടെ നിന്ന പുരുഷാരവിന്തം ആയിരുന്നില്ല. ആരോരും തുണയില്ലാതെ തെരുവിൽ അലഞ്ഞുനിടന്ന മധ്യപയായ ഒരു വയോധിക.

ശല്യം അസഹ്യമായപ്പോൾ അയാളുടെ മുഖത്ത് നോക്കി യുവതി ഒരടി കൊടുത്തെങ്കിലും ചുറ്റും കൂടി നിന്നവരാരും പ്രതികരിച്ചില്ല. വീണ്ടും അയാൾ യുവതിക്കെതിരെ പാഞ്ഞടുത്തപ്പോഴാണ് തെരുവിൽ അലയുന്ന മണിയമ്മ അവളുടെ രക്ഷയ്‌ക്കെത്തിയത്. അതേക്കുറിച്ച് യുവതി പറയുന്നതും ശ്രീജി ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കു വെയ്ക്കുന്നു.


ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

കള്ളുകുടിച്ച് തെരുവിൽ നടക്കുന്ന സ്ത്രീയോട് ആർക്കും ഒരു അടുപ്പം തോന്നാൻ ഇടയില്ല. എന്നാൽ ഒരൊറ്റ ദിനം കൊണ്ട് മറ്റുള്ള സ്ത്രീകളെക്കാൾ അവർ ശരിയാണെന്ന് തോന്നിപ്പോയ ഒരു സംഭവം ഉണ്ടായി. 'ഞരമ്പന്മാർ' സ്ത്രീകൾക്ക്‌നേരെ എന്ത് അതിക്രമവും നടത്തുമ്പോൾ അത് കണ്ട് നിൽക്കുന്ന ജനക്കൂട്ടത്തിന് (സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും) 'നല്ല നമസ്‌കാരം' നേർന്ന് നേരെ മാറ്ററിലേയ്ക്ക് കടക്കാം.

കഴിഞ്ഞദിവസം പത്തനംതിട്ട ടൗൺ ഹാളിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ളിടത്ത് ഒരുപാട് സ്ത്രീകൾക്കിടയിൽ ഈ ഉള്ളവളും അങ്ങനെ ഇരിക്കുന്നു. അവിടേയ്ക്ക് എത്തി ഒറ്റനോട്ടത്തിൽ ഇത്തിരി വശപ്പിശകാണെന്ന് തോന്നിക്കുന്ന ഒരുത്തൻ ഏത് ക്ലാസിലാ, കോഴഞ്ചേരിക്ക് വണ്ടിയുണ്ടോ എന്നു തുടങ്ങി എന്തൊക്കെയോ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചുകൊണ്ടേ ഇരുന്നു. വല്യ ശല്യമായി തോന്നാഞ്ഞതിനാൽ ഞാൻ ആഭാഗത്തേയ്ക്ക് നോക്കാൻ പോയില്ല.

ഒരു 5 മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ഞാനിരിക്കുന്നതിന് അഭിമുഖമായിരുന്ന് ഒരു സ്‌ക്കൂൾ കുട്ടിയെ നോക്കാനാരംഭിച്ചു. ഇത് കണ്ട ഞാനും മറ്റൊരു സ്ത്രീയും ആ ബസ് കോഴഞ്ചേരിക്കാനെന്ന് ഇവൻ എഴുന്നേറ്റ് പോകട്ടെ എന്ന് കരുതി ഉറക്കെ പറയുകയും ചെയ്തു. ബസ് വന്നതിനാൽ ആകുട്ടി പോയപ്പോഴേയ്ക്കും പിന്നെ എന്നെയായി നോട്ടം. ഉടൻ ഞാൻ ഇരിക്കുന്നിടത്ത് സ്ഥലം കിടന്നതിനാൽ നേരെ എന്റെ അടുത്തായി ഇരിക്കാൻ ശ്രമിച്ചപ്പോൾ മാറിയിരിക്കടോ അപ്പുറത്താണ് പുരുഷന്മാരുടെ സ്ഥലം എന്ന് കുറച്ച് ഉറക്കെത്തന്നെ ഞാൻ പറഞ്ഞു.

ഞാൻ ആണാണ് നീ പെണ്ണും എന്നും പറഞ്ഞ് ഇവൻ എന്നെ ചാരും എന്ന അവസ്ഥയായി. ഞാൻ ചാടി എഴുന്നേറ്റ് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ എടുത്തപ്പോഴേയ്ക്കു നീ വിളിക്കടീ എന്നും പറഞ്ഞ് അവൻ എനിക്ക് നേരെ എഴുന്നേറ്റു. ' പൊലീസുവരട്ടെ നീ വിളിച്ചിട്ട് ഞാൻ വന്നതാ നിന്റെ കാമം തീർക്കാനെന്ന് വിളിച്ചതാണെന്ന്' എന്ന് തമിഴ്കലർന്ന മലയാളത്തിൽ കേട്ടതേ എനിക്കോർമ്മയുള്ളൂ എന്റെ സർവ്വശക്തിയുമെടുത്ത് അവന്റെ കരണം നോക്കി ഒന്നു കൊടുത്തു. അവൻ എന്റെമേൽ കൈയോങ്ങുമോ എന്ന സംശയം ഉണ്ടായതിനാൽ എന്നെതൊട്ടാൽ നിന്റെ കരണമടിച്ച് ഇനിയും പൊട്ടിക്കും ഞാൻ എന്ന് പറഞ്ഞിട്ടും അവിടെനിന്ന 45പേരോളം അടങ്ങുന്ന സ്ത്രീ, പുരുഷന്മാർ നോക്കുകുത്തികളായി നിൽക്കുന്നതാണ് കണ്ടത്.

ടൗൺഹാളിൽ പ്രസ്‌ക്ലബിന്റെ പ്രോഗ്രാം നടക്കുന്നിടത്തുനിന്നും ഇതുകണ്ടുവന്ന ഒരു പത്രപ്രവർത്തകൻ ഓടി വരികയും സ്ത്രീകളെ ശല്യം ചെയ്യുന്നോടാ, എന്നും ചോദിച്ച് അവനെ വിരട്ടുകയും ചെയ്തു.(അത് അല്ലെങ്കിലും അങ്ങനെയാണ്, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തമ്മിൽ അറിയില്ലെങ്കിലും പ്രതികരിക്കാൻ നമ്മൾ ഒറ്റക്കെട്ടാണ്)

അപ്പോഴാണ് എന്നെ അതിശയിപ്പിച്ച് പത്തനംതിട്ടയിലും കോന്നിയിലും സ്ഥിരസാന്നിധ്യമായ, പേരറിയാത്ത കള്ളുകുടിച്ച് ബോധമില്ലാതെ നടക്കുന്നെന്ന് ഞാൻ ഉൾപ്പടെയുള്ള സമൂഹം അവഗണനയുടെ കൊടുമുടി കയറ്റി നിർത്തിയിരുന്ന ആ സ്ത്രീ എന്റെ അടുത്തേയ്ക്ക് ഓടി വന്നത്. എന്റെ മുന്നിൽ കയറിനിന്ന് അവനഭിമുഖമായിനിന്ന് നീ പെണ്ണുങ്ങളെ ശല്യം ചെയ്യുമോ, കൊച്ചിനെ നീ അടിക്കാൻ കൈപൊക്കുമോടാ എന്നൊക്കെചോദിച്ച് ഇട്ടിരുന്ന ചെരുപ്പ് എടുത്ത് അവന്റെ കരണത്തും പുറത്തുമായി അടിച്ചതും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കള്ളുകുടിച്ചു നടക്കുന്നവരെ ഇഷ്ടമല്ലാത്ത എനിക്ക് ആ സ്ത്രീയോടുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കാൻ ഈ സംഭവം കാരണമാവുകയാരുന്നു. ആണും പെണ്ണുമായി ധാരാളം ആളുകൾ അവിടെ ഉണ്ടായിട്ടും അവർക്കുതോന്നിയ പ്രതികരണശക്തി മറ്റാർക്കും ഉണ്ടാകാതെ പോയല്ലോ, അപ്പോൾ അവരാണ് ശരി.

ശ്ശോ അത് പറയാൻ മറന്നു, നിങ്ങൾ ഇപ്പോൾ മനസിൽ പറഞ്ഞിട്ടുണ്ടാകും എന്താ പൊലീസിനെ അറിയിച്ചില്ലേ എന്ന്, നമ്മുടെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് 2 തവണ പറഞ്ഞു ടൗൺഹാളിനോട് ചേർന്ന വെയ്റ്റിങ് ഷെഡ്ഡിൽ ഒരു കള്ളുകുടിയൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു എന്ന്. ഇത് പറഞ്ഞ് 2 തവണ വിളിച്ചപ്പോഴും മറുതലയ്ക്കലിൽ ഫോൺ അറ്റന്റ് ചെയ്ത സ്ത്രീ ശബ്ദം പറയുകയാണ് 'പിങ്ക് പൊലീസ്' അവിടെങ്ങാനം ഉണ്ടോന്ന് നോക്കാൻ.

പട്ടാപ്പകൽ ഒരുത്തൻ പൊലീസ്റ്റേഷന്റെ വെറും 200 മീറ്റർ അകലത്തിൽ കിടന്ന് അഴിഞ്ഞാടുമ്പോഴും സ്റ്റേഷനിൽനിന്ന് പറയുന്നു പിങ്ക് പൊലീസിനെ തിരക്കിക്കോളാൻ. ഇതിനിടെ സുനിൽ ടീച്ചർ എന്നെ വിളിക്കുകയും ടീച്ചർ പൊലീസിൽ വിളിച്ച് പറഞ്ഞെന്ന് എന്നോട് പറയുകയും ചെയ്തു. എന്തായാലും പൊലീസെത്തി അവനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അതുവരെ പത്തനംതിട്ടയിലെ പത്രപ്രവർത്തകരിൽ ചിലർ ഇതറിഞ്ഞ് എനിക്കൊപ്പം അത്രയും സമയം നിൽക്കുകയും ചെയ്തു.

അടിക്കുറിപ്പ്- എന്നെ ശല്യം ചെയ്താൽ അത് ആരായാലും എത്ര ജനങ്ങളുടെ മുന്നിൽ വച്ചായാലും കൊടുക്കേണ്ടത് സ്‌പോട്ടിൽ കൊടുത്തിട്ടേ ഇനി പൊലീസിനെ വിളിക്കൂ. അല്ല പിന്നെ!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP