Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എകെജിയെ ബാലപീഡകൻ എന്ന് വിശേഷിപ്പിച്ച വി ടി ബൽറാം പെട്ടു; തൃത്താല എംഎൽഎയുടെ കടുത്ത ആരാധകർ പോലും കൈവിട്ടു; ന്യായീകരിച്ചു നിൽക്കാനുള്ള യുവ കോൺഗ്രസ് നേതാവിന്റെ ശ്രമവും വിജയിച്ചില്ല: സോഷ്യൽ മീഡിയയിൽ താരമായ വി ടി ബൽറാം ആദ്യമായി സൈബർ ആക്രമണത്തെ നേരിടാൻ ആകാതെ വെള്ളംകുടിക്കുന്നു

എകെജിയെ ബാലപീഡകൻ എന്ന് വിശേഷിപ്പിച്ച വി ടി ബൽറാം പെട്ടു; തൃത്താല എംഎൽഎയുടെ കടുത്ത ആരാധകർ പോലും കൈവിട്ടു; ന്യായീകരിച്ചു നിൽക്കാനുള്ള യുവ കോൺഗ്രസ് നേതാവിന്റെ ശ്രമവും വിജയിച്ചില്ല: സോഷ്യൽ മീഡിയയിൽ താരമായ വി ടി ബൽറാം ആദ്യമായി സൈബർ ആക്രമണത്തെ നേരിടാൻ ആകാതെ വെള്ളംകുടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കളിച്ചുകളിച്ച് ഒടുവിൽ സിപിഎമ്മിന്റെ മർമ്മത്തിൽ തൊട്ടു കളിക്കാനിറങ്ങിയ കോൺഗ്രസ് യുവ എംഎൽഎ ശരിക്കും പെട്ടു. കേരളത്തിൽ പാവങ്ങളുടെ പടത്തലവൻ എന്ന നിലയിൽ സിപിഎമ്മിന്റെ വളർച്ചയുടെ ആണിക്കല്ലായിരുന്നു സഖാവ് എകെജി. അദ്ദേഹത്തെ അവഹേളിക്കുന്ന വിധത്തിൽ പോസ്റ്റിട്ടതോടെ ഇതുവരെ നേടിയ സൽപ്പേരെല്ലാം കളഞ്ഞുകുളിച്ച് നിലവാരമില്ലാത്ത ഒരു കമന്റിടുന്ന ഒരാളുടെ അവസ്ഥയിലേക്ക് ബൽറാം തരംതാണുവെന്ന വിലയിരുത്തലാണ് പൊതുവെ. നിരവധി പ്രമുഖർ ഇതോടെ ബൽറാമിനെതിരെ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുഖ്യധാരാ ചർച്ചയായി വിഷയം മാറി. ഇതുവരെ ക്രിയാത്മകമായി പല വിഷയങ്ങളിലും പ്രതികരിക്കുകയും അതിന് നിരവധി പേരുടെ പിന്തുണ സോഷ്യൽ മീഡിയയിൽ നേടുകയും ചെയ്ത നേതാവാണ് ബൽറാം. സാമൂഹിക പ്രസക്തമായ പല വിഷയങ്ങളിലും ബൽറാമിന്റെ പ്രതികരണങ്ങൾ കൈയടി നേടിയിരുന്നു സോഷ്യൽ മീഡിയയിൽ. എതിരാളികളുടെ തിരിച്ചുള്ള പ്രതികരണങ്ങൾക്ക് ഫലപ്രദമായി പ്രതിരോധവും തീർത്തിരുന്നു ബൽറാമെന്ന യുവ കോൺഗ്രസ് എംഎൽഎ.

എന്നാൽ ഇപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റവും ഉന്നതിയിൽ കാണുന്ന യശഃശരീരനായ നേതാവിനെ അവഹേളിക്കുംവിധം ഒരു പോസ്റ്റിട്ടതോടെ ഈ സ്ഥിതിയെല്ലാം മാറി. അങ്ങേയറ്റം മ്‌ളേച്ഛമായ പ്രതികരണമാണ് ബൽറാമിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇതോടെ ആയിരങ്ങളാണ് രംഗത്തെത്തുന്നത്. പ്രമുഖരും നഖശിഖാന്തം ബൽറാമിനെ വിമർശിക്കുന്നു. ഇതോടെ കടുത്ത ആരാധകർപോലും ബൽറാമിനെ കൈവിട്ട സ്ഥിതിയായി. ഇപ്പോൾ മറുപടികളുമായി ബൽറാം എത്തുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല. അക്ഷരാർ്ഥത്തിൽ പെട്ടുപോയ അവസ്ഥയിലാണ് ബൽറാം.

ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി': എന്നാണ് ബൽറാം എഴുതിയത്. 'വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്-ബൽറാം പറഞ്ഞത് ഇങ്ങനെയൊക്കെ.

പിണറായി വിജയൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന് പിന്തുണ നൽകിയതായുള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് ബൽറാം വിവാദ കമന്റുകളിട്ടത്. ഗ്രൂപ്പംഗങ്ങൾ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് ബൽറാം 'ഇങ്ങനെ ഇവരുടെ വിവരക്കേടും കയ്യിലിരിപ്പും കാരണം കേരളത്തിനുണ്ടാകുന്ന ചീത്തപ്പേര് മാറ്റാൻ കേരളം ആയുർദൈർഘ്യത്തിലും സാക്ഷരതയിലുമൊക്കെ നമ്പർ വൺ ആണെന്ന് പറഞ്ഞ് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി രാജ്യമൊട്ടുക്ക് പരസ്യം കൊടുക്കേണ്ടിവരുന്നതാണ് ഏറ്റവും കഷ്ടം' എന്ന കമന്റുമായി രംഗത്തെത്തിയത്.

ഇതിന് മറുപടിയായി വന്ന കമന്റുകൾക്ക് മറുപടി നൽകുമ്പോഴാണ് എകെജി ബാലപീഡനം നടത്തിയതായി ബൽറാം ആരോപിച്ചത്. 'എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതൽ ഒളിവുകാലത്ത് അഭയം നൽകിയ വീടുകളിൽ നടത്തിയ വിപ്ലവപ്രവർത്തനങ്ങൾ വരെയുള്ളതിന്റെ വിശദാംശങ്ങൾ ഉമ്മർ ഫാറൂഖ് തന്നെ നൽകുന്നതായിരിക്കും' എന്നാണ് ബൽറാം കമന്റിട്ടത്.

ഇതിന്റെ തുടർച്ചയായി വന്ന കമന്റുകൾക്ക് മറുപടി നൽകവേ 'വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു'. ഈ വാക്കുകൾ ഫയറിലോ മുത്തുച്ചിപ്പിയിലോ സോളാർ റിപ്പോർട്ടിലോ അല്ല, പത്ത് നാൽപ്പത് വയസ്സുള്ള, വിവാഹിതനായ, ഒരു വിപ്ലവ നേതാവ് ഒളിവുജീവിതകാലത്ത് അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സുകാരിയായ ബാലികയെക്കുറിച്ച് പറഞ്ഞതാണ്. അവരെ ദൈവങ്ങളാക്കിക്കൊണ്ടു നടക്കുന്നവരിൽ നിന്ന് നിലവാരത്തിന്റെ ക്ലാസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് കമന്റിട്ടത്.

ബൽറാമിന്റെ തുടർന്നുള്ള കമന്റുകളിലൊന്ന് '14 വയസ്സുള്ള മോഹൻദാസ് എന്ന ബാലൻ ഏതാണ്ട് സമാനപ്രായക്കാരിയായ കസ്തൂർബയെ അന്നത്തെ നാട്ടാചാരപ്രകാരം വിവാഹം ചെയ്യുന്നത് പോലെയല്ല നാൽപ്പത് കഴിഞ്ഞ വിവാഹിതനായ ഒരാൾ അഭയം നൽകിയ വീട്ടിലെ പന്ത്രണ്ട് വയസ്സായ ഒരു ബാലികയുമായി ബന്ധം സ്ഥാപിക്കാൻ മുതിരുന്നത്. നാട്ടിലെ അനാചാരങ്ങളും പീഡോഫീലിയയും തമ്മിലുള്ള വ്യത്യാസം അന്തം കമ്മികൾക്കല്ലാത്ത ബാക്കിയുള്ളവർക്ക് മനസ്സിലാവും' എന്നാണ്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയത്. വലിയ വിമർശനങ്ങളും ഉയർന്നു. ഇതിന് ശേഷവും നിലപാടിൽ ഉറച്ചു നിന്ന് തന്റെ എഫ് ബി പേജിൽ ബൽറാം എത്തി. തന്നെ ആക്രമിക്കുന്നവർക്ക് ചരിത്ര രേഖകൾ സഹിതം മറുപടി പറയുകയാണ് ബൽറാം ചെയ്തത്.

എന്നാൽ ഇതുകൊണ്ടൊന്നും ബൽറാമിന് തനിക്കെതിരെ ഉയർന്ന പ്രതിഷേധത്തെ തടയാനാവുന്നില്ല. അക്ഷരാർത്ഥത്തിൽ സ്വന്തം ആരാധകർപോലും സഹായത്തിന് ഇല്ലാതെ ഒറ്റപ്പെട്ട നിലയിലായി ബൽറാം. നിഷ്പക്ഷമായി കാര്യങ്ങളെ നോക്കിക്കാണുന്നവർ പോലും ബൽറാമിനെ വിമർശിച്ച് രംഗത്തുണ്ട്. ഇതോടൊപ്പം ഡിവൈഎഫ്‌ഐ പ്രവർത്തകർ ബൽറാമിന്റെ ഓഫീസിലേക്ക് ഇന്ന് വൈകീട്ട് നാലിന് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയക്ക് പുറത്തും എംഎൽഎയ്‌ക്കെതിരെ ശക്തമായി നീങ്ങാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് വ്യക്തം. ഓഫീസിന് നേരെ മദ്യക്കുപ്പികൾ എറിഞ്ഞതായ റിപ്പോർട്ടുകളും വരുന്നു.

ബൽറാമിനെതിരെ ഉയർന്ന പ്രതികരണങ്ങളിൽ ചിലത് ചുവടെ:

ബി ആർ പി ഭാസ്‌കർ

 

അനീഷ് ഷംസുദ്ദീൻ

കോൺഗ്രസിൽ എഴുത്തും വായനയും അറിയാവുന്ന അപൂർവ്വം ചിലരിൽ ഒരാളാണു വി ടി ബൽറാം എന്ന് , ചിലരെങ്കിലും തെറ്റ്ധരിച്ചിട്ടുണ്ട് ,അങ്ങനെ വല്ല ധാരണയും ഉണ്ടെങ്കിൽ ഇന്നത്തോടെ അത് മാറ്റിയേക്ക് ??

ശിശു പീഡകരെ ന്യായീകരിച്ചുകൊണ്ട് ബൽറാമിന്റെ പ്രിയ ശിഷ്യൻ അനൂബ് വി ആർ AKG യുടെ ആത്മകഥ വളച്ചൊടിച് പോസ്റ്റ് ചെയ്തത് കണ്ണും പൂട്ടി വിഴുങ്ങി അതുപോലെ ശർദ്ധിച് വെക്കാൻ വിവരക്കേട് മാത്രം പോര , ഉളുപ്പില്ലായിമ കൂടി വേണം ബൽറാമെ

' വളർന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളർന്നു വരുന്ന സുശീലയും എന്നിൽ മോഹങ്ങൾ അങ്കുരിപ്പിച്ചു . ഈ വാക്കുകൾ ഫയറിലൊ മുത്തുചിപ്പിയിലൊ അല്ല , AKG യുടെ ആത്മകഥയിൽ ഉള്ളതാന്നാണു ' , മഞ്ച് കോൺഗ്രസ് കാരൻ അനൂബും , ഗുരു വി ടി ബൽറാമും പറയുന്നത് .

ഇതിലെ സത്യം എന്തെന്ന് നോക്കാം

' എന്റെ ജീവിത കഥ ' A K G പേജ് 193

' ഞാൻ ഒളിവിൽ നിന്ന് പുറത്ത് വന്നപ്പോൾ ഒരു സഖാവ് എന്നെ അറിയിച്ചു ' സുശീല ഫോട്ടോയും വെച്ച് കാത്തിരിക്കുന്നു അങ്ങ് എഴുത്തെഴുതാത്തതിൽ അവൾ ദുഃഖിതയാണു. അവളെ കാണണമെന്ന് ഞാൻ തീരുമാനിചു . സഖാവ് കൃഷ്ണ പിള്ള എന്റെ കൂടെ വരാമെന്ന് പറഞ്ഞു . എന്നാൽ എനിക്കത് ചെയാൻ കഴിഞ്ഞില്ല . ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു . ഞാൻ കോയംബത്തൂർ ജയിലിൽ കിടക്കുംബോൾ അവൾ എന്നെ കാണാൻ വന്നു .

നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതൽ മമത തോന്നി . ഞാൻ ജയിലിൽ നിന്ന് പുറത്ത് വന്നാലുടനെ വിവാഹിതരാകണമെന്ന് ഞങ്ങൾ അവിടെവെച്ച് അപ്പോൾ തന്നെ തീരുമാനിച്ചു '

മഞ്ജ് വാങ്ങിക്കൊടുത്ത് കുട്ടികളെ വശീകരിച്ച് രതി വൈകൃതം നടത്താനുള്ള ബാലപീഡകരുടെ അവകാശത്തിനു വേണ്ടി പേന ഉന്തുന്ന , അനൂബിനെ രക്ഷിക്കാനാണു ബൽറാം ഈ പാടൊക്കെ പെടുന്നത് എന്നതാണു അൽഭുതം

' നാട്ടിലെ വളർന്നുവരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീലയോട് എനിക്ക് മമത തോന്നി ' എന്ന് പറയുന്നത് 1947 ൽ ജയിലിൽ കിടക്കുന്ന AKG യെ കാണാൻ വന്ന യുവതിയായ സുശീലയെ ആണു . അവിടെ വെച്ച് അവർ വിവാഹിതരാകാനും തീരുമാനിച്ചു .

എന്നാൽ വി ടി ബൽറാം പറയുന്നത് 12 വയസുള്ള സുശീലയെ നോക്കി AKG ക്ക് മോഹങ്ങൾ അങ്കുരിചു എന്നാണു . ' മഞ്ചൻ ' അനൂബിനെ വെളുപ്പിക്കാൻ എന്തിനാ ബൽറാമെ ഇങ്ങനെ നുണ പറയുന്നത് ..

എസ് എ അജിംസ്

അബദ്ധത്തിൽ ഒരു വാശിക്ക് പറഞ്ഞുപോയതാണെന്നാണ് കരുതിയത്. അതിനെ വീണ്ടും ന്യായീകരിക്കുമ്പോൾ വിടി ബൽറാം സ്വയം ചെറുതാവുകയാണ്. എകെജിയുടെയും സുശീല ഗോപാലന്റെയും കാലത്ത് ആരാണ് പ്രായപൂർത്തി നോക്കി പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നത്. പ്രായവ്യത്യാസം പോലും അക്കാലത്ത് ആർക്കും പ്രശ്‌നമായിരുന്നില്ല.

ഒരു നാൽപതുകാരൻ തന്നെക്കാൾ പത്തോ ഇരുപതോ വയസ് പ്രായം കുറഞ്ഞ ഒരാളെ പ്രേമിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നതൊക്കെ ഭീകര സാമൂഹ്യ പ്രശ്‌നമാണിന്ന്. വയോധികരുടെ, മധ്യവയസ്‌കരുടെ പ്രണയം വിവാഹം, ഇതൊക്കെ വല്യ കുടുംബ-സാമൂഹ്യ പ്രശ്‌നങ്ങളാവുന്ന സാഹചര്യത്തിലാണ് നാം ജീവിച്ചു പോരുന്നത്.

എകെജി സമരം ലഹരിയാക്കിയയാളാണ്. അച്യുതമേനോൻ സർക്കാർ ലക്ഷം വീട് കോളനികൾ സ്ഥാപിച്ച് കുടിയായ്മ പരിഷ്‌കരണം വഴിയുള്ള ഭൂവിതരണം അവസാനിപ്പിച്ച ശേഷവും മിച്ചഭൂമി സമരം തുടർന്നു പോന്നു എകെജി. എകെജിയുടെ മരണശേഷമാണ് സിപിഎം ഭൂസമരങ്ങൾ തന്നെ മറന്നു പോയത്. എകെജി ലോക്‌സഭയിലെ പ്രതിപക്ഷനേതാവായിരുന്നു, ഒളിവിൽ കഴിഞ്ഞു എന്നതിനേക്കാൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസക്തി ഞാൻ കാണുന്നത് മരിക്കുന്നത് വരെ അദ്ദേഹം ഭൂസമരങ്ങൾ തുടർന്നു എന്നതാണ്.

ബൽറാം എകെജിയെപ്പറ്റി പറഞ്ഞതിനോട് സംഘ്പരിവാർ അനുകൂലികൾ വികാരം കൊള്ളുന്നതും കണ്ടു. എകെജി ഹിന്ദു നേതാവായിരുന്നുവത്രേ. കെ. കേളപ്പനൊപ്പമാണ് എകെജിയെ സംഘ് പരിവാർ പരിഗണിക്കുന്നതെങ്കിൽ അതല്ലേ ശരിക്കും എകെജിക്ക് അപമാനകരം??

സുനിത ദേവദാസ്

വി ടി ബൽറാം നിങ്ങൾ കൗമാരത്തിൽ ആരെയും പ്രണയിച്ചിട്ടില്ലേ ? മനസ്സ് കൊണ്ട് പോലും ?

എന്റെ അമ്മമ്മ വിവാഹം കഴിച്ചത് 13 വയസ്സിലാണ് . ഇപ്പൊ അമ്മമ്മക്ക് 88 വയസ്സുണ്ടാവും . എല്ലാത്തരത്തിലും കരുത്തയായ അമ്മമ്മ ഇപ്പോഴും വിവാഹത്തെ കുറിച്ചും പഴയകാല വയനാടൻ കുടിയേറ്റത്തെക്കുറിച്ചുമൊക്കെ പറയാറുണ്ട് . എന്നാൽ അതിൽ എവിടെയും അമ്മച്ചൻ എന്ന പീഡോഫൈലിനെ കുറിച്ച് പറഞ്ഞിട്ടില്ല . 13 വയസ്സിലെ വിവാഹവും പിന്നീടുള്ള പ്രണയവും 15 വയസ്സിലെ പ്രസവവും ഒക്കെയെ ഉള്ളു.

ഇത് എന്റെ അമ്മമ്മയുടെ മാത്രം കാര്യമല്ല . മലബാറിലെ മിക്കവരും മുൻകാലഘട്ടത്തിൽ ഈ പ്രായത്തിലൊക്കെ വിവാഹം കഴിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ട് . തിരുവിതാം കൂറിലെ കാര്യം എനിക്ക് കൃത്യമായിട്ട് അറിയില്ല . എങ്കിലും ചരിത്രത്തിലൊക്കെ നേരത്തെ വിവാഹം കഴിച്ചവർ ധാരാളമുണ്ട് .

12 -13 വയസ്സുള്ള കുട്ടികൾക്ക് പ്രണയിക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കള്ളമാണ് . അവർക്ക് പ്രണയമുണ്ട് . പ്രണയിക്കാൻ അറിയാം . ഇപ്പോൾ ഞാൻ ക്യാനഡയിലാണ് . ഇവിടെയും കൗമാരക്കാർ പ്രണയിക്കുകയും സെക്‌സിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട് .

പ്രണയങ്ങൾ മുഴുവൻ പീഡനത്തിന്റെ പരിധിയിൽ കൊണ്ട് വന്നാൽ എങ്ങനെ ശരിയാവും ?

എ കെ ജിയും സുശീല ഗോപാലനും പ്രണയിച്ചിട്ടുണ്ടാവും . അന്ന് സുശീലക്ക് ചെറു പ്രായം ആയിരിക്കും . അതിലെന്താണ് അത്ഭുതം ?

എന്നാൽ എ കെ ജി ബാലികയെ പ്രണയിച്ചു . മുതിർന്നപ്പോൾ വിവാഹം കഴിച്ചു എന്ന് പറയുന്നത് പോലെയല്ല ബാലപീഡനം നടത്തി എന്ന് പറയുന്നത് . ഒളിവിൽ താമസിച്ച വീട്ടിലെ കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കഥ മാറി .

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയപാർട്ടിക്കെതിരെ അവരുടെ നേതാവ് ബാലപീഡനം നടത്തി എന്ന് ആരോപിക്കുന്നത് . ആ പ്രസ്താവനക്ക് അതിന്റെതായ പ്രാധാന്യവുമുണ്ട് . അതിനാൽ ഒന്നുകിൽ വി ടി ബൽറാം പറഞ്ഞത് തെളിയിക്കണം . അതിനാവശ്യം സുശീല ഗോപാലന്റെ ഏറ്റ് പറച്ചില് ആവാം .. മറ്റെന്തെങ്കിലുമാവാം . അതിനു കഴിഞ്ഞില്ലെങ്കിൽ പൊതു സമൂഹത്തോട് മാപ്പു പറയണം .

ഇതോടൊപ്പം ഒന്ന് കൂടി പറയട്ടെ , നമുക്ക് അംഗീകരിക്കാൻ മടിയാണെങ്കിലും സത്യം ഇങ്ങനെയൊക്കെയാണ് .

1 . കുട്ടികൾ കൗമാര പ്രായത്തിൽ പ്രണയിക്കും . അവസരം കിട്ടിയാൽ കെട്ടിപ്പിടിക്കുകയോ ഉമ്മ വക്കുകയോ അതിനപ്പുറമോ ചെയ്യും.

2 . വിവാഹപ്രായമെത്തുമ്പോൾ പൊട്ടിമുളക്കുന്ന ഒന്നല്ല പ്രണയവും സെക്സും . കുട്ടി ജനിക്കുമ്പോൾ മുതൽ അത് ഇങ്ങനെ ഉണ്ട് .

3 . കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നതും കുട്ടികൾ പ്രണയിക്കുന്നതും രണ്ടാണ് .

4 . മാതാപിതാക്കൾക്ക് ആകെ ചെയ്യാവുന്ന കാര്യം ആരെയൊക്കെ പ്രേമിക്കാം , പ്രേമിക്കാതിരിക്കാം , എന്താണ് സെക്‌സ് , അത് ആരുമായിട്ടൊക്കെ ആവാം, എന്താണ് സേഫ് സെക്‌സ് എന്നൊക്കെ പറഞ്ഞു കൊടുക്കുക എന്നത് മാത്രമാണ് .

എന്റെ അമ്മച്ചൻ ഒരു ബാലികാ പീഡകൻ ആയിരുന്നില്ല എന്നത് പോലെ തന്നെയാണ് പല അമ്മച്ഛന്മാരും . സാമൂഹ്യവ്യവസ്ഥിതി അങ്ങനെ ആയിരുന്നു . അവർ അതിനനുസരിച്ചു ജീവിച്ചു.

നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കു. കൗമാരം തുടങ്ങുമ്പോൾ മുതൽ മനം കവർന്ന എത്ര മുഖങ്ങൾ ഉണ്ടവിടെ ! അത് നാമൊക്കെ ബാലപീഡകരായതുകൊണ്ടല്ലല്ലോ ...... ആണോ ?

വി ടി ബൽറാം നിങ്ങൾ കൗമാരത്തിൽ ആരെയും പ്രണയിച്ചിട്ടില്ലേ ? മനസ്സ് കൊണ്ട് പോലും ? ചങ്കിൽ കൈ വച്ച് ഇല്ലെന്നു പറയാമോ ?
ഉത്തരം പറയണമെന്നില്ല . പക്ഷെ ഇല്ല എന്ന് പറയരുത് . അത് കള്ളമായിപ്പോവും.

ഡി വി വിനോദ് കൃഷ്ണ

സി പി എം കാർക്ക് വസ്തുതയുടെ യാതൊരു പിൻബലവുമില്ലാതെ ആരെയും ആക്ഷേപിക്കാം. പാർട്ടി സെക്രട്ടറിക്ക് തന്നെ പരസ്യമായി ഗാന്ധി കുടുംബത്തിലെ സ്ത്രീകളുടെ പ്രസവ ശേഷിയെ സംബന്ധിച്ച് വിളിച്ച് കൂവാം, രാഹുൽ ഗാന്ധിയെ കഴിവ് കെട്ടവൻ എന്ന് ആക്ഷേപിക്കാം, ഗാന്ധിജി, നെഹ്റു എന്നിവരെയെല്ലാം ആക്ഷേപിക്കാം ഇല്ലാ കഥകൾ പ്രചരിപ്പിക്കാം അത് കേട്ട് എല്ലാവരും വായും പൂട്ടി ഇരിക്കണം എന്നാണോ ? അപ്പോൾ നിങ്ങൾക്ക് ജീവിച്ചിരിക്കുന്നവരെ കുറിച്ചും അല്ലാത്തവരെ കുറിച്ചും എന്തും പറയാം, പാർട്ടി ക്ലാസും എടുക്കാം പിന്നെ ഇത്രയ്ക്ക് ബഹളം കൂട്ടണ്ട നിങ്ങളുടെ ഒളിവുജീവിതവും അതിനെത്തുടർന്നുള്ള കഥകളും ഒന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലല്ലോ?

അഭയം നൽകിയ സ്ഥലത്തെല്ലാം വേണ്ടാതീനം കാണിച്ചിട്ട് ഇപ്പോൾ നാണക്കേട് വിചാരിച്ചിട്ട് കാര്യമില്ലല്ലോ. അപ്പോൾ മാപ്പും കോപ്പും ഒന്നും പ്രതീക്ഷിക്കണ്ട. പിന്നെ ബൽറാം പറഞ്ഞതിനോട് യോജിപ്പില്ലാത്ത എന്റെ പാർട്ടിക്കാരോട് രാഹുൽ ഗാന്ധി പറഞ്ഞത് മറ്റുള്ളവരെ ആക്ഷേപിക്കരുത് എന്നാണ്. പക്ഷെ നമുക്ക് ചരിത്ര സത്യങ്ങൾ വച്ച് സംവാദങ്ങൾ ആകാം നിങ്ങൾക്കത് നിഷേധിക്കുകയും ആകാം അതിനെ സ്വാഗതം ചെയുന്നു. പിന്നെ ശ്രീ. കെ കരുണാകൻ മുതൽ ശ്രീ. ഉമ്മൻ ചാണ്ടി വരെയുള്ളവരേയും അവരുടെ കുടുംബങ്ങളെയും നിങ്ങൾക്ക് ആക്ഷേപിക്കാം എന്തും പറയാം. അപ്പോൾ ഇതും കേൾക്കാൻ നിങ്ങൾ തയാറാകണം നിങ്ങളുടെ യോഗ്യതകളും ജനം അറിയട്ടെ ഈ സംവാദം തുടങ്ങിയ ബൽറാമിന് എല്ലാ പിന്തുണയും.

ചെറിയാൻ ഫിലിപ്പ്

റഫീഖ് അഹമ്മദ്


ഷിനോയ് ചന്ദ്രൻ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP