Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തൻ; ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടതെന്നം ചിലർ അഭിപ്രായപ്പെടുന്നു': എതിരാളികൾക്ക് മുനവച്ച് ടിപി അഷ്‌റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്

'പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തൻ; ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടതെന്നം ചിലർ അഭിപ്രായപ്പെടുന്നു': എതിരാളികൾക്ക് മുനവച്ച് ടിപി അഷ്‌റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്

മലപ്പുറം: വിമർശകർക്ക് മറുപടി നൽകിയും എതിരാളികൾക്ക് മുനവച്ചും ടി.പി അഷ്‌റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യൂത്ത് ലീഗ് പുനഃസംഘടനയും പിന്നാലെ എം.എസ്.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി വരികയും ചെയ്ത പശ്ചാത്തലത്തിൽ വിവിധ കോണുകളിൽ നിന്നും ഊഹാപോഹങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ ഫേസ്‌ബുക്ക് വാളിലൂടെയാണ് ഇന്ന് മറുപടിയുമായെത്തിയത്.

'ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടിയിരുന്നത് എന്ന മട്ടിൽ ചിലർ അഭിപ്രായപ്പെടുന്നു., എം.എസ്.എഫിന്റെ പുതിയ ദേശീയ കമ്മറ്റി നേരത്തെ തീരുമാനിച്ച ദേശീയ സമ്മേളനത്തിൽ ഭരണഘടനയും ഭാരഭാഹികളും നിർവ്വാഹക സമിതിയും എല്ലാമായി നല്ല ആസൂത്രണത്തോടെ വന്നിട്ടുള്ളതാണ്., പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തനാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി കുറിക്കുന്നു.

സമസ്ത ഇ.കെ വിഭാഗത്തിലെ ഏതാനും നേതാക്കൾ അഷ്‌റഫലി സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ വരുന്നതിനെതിരെ ചരടു വലിച്ചിരുന്നു. സഹ ഭാരവാഹിത്വത്തിലേക്ക് വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. അഷ്‌റഫലിയെ ഒഴുവാക്കികൊണ്ടുള്ള യൂത്ത് ലീഗ് കമ്മിറ്റിയായിരുന്നു കഴിഞ്ഞാഴ്ച കോഴിക്കോട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെയാണ് പാലക്കാട് വച്ചു നടന്ന എം.എസ്.എഫ് ദേശീയ സമ്മേളനത്തിൽ കമ്മിറ്റിയുടെ പ്രഥമ ദേശീയ പ്രസിഡന്റായി അഷ്‌റഫലിയെ പ്രഖ്യാപിക്കപ്പെടുന്നത്.

എം.എസ്.എഫിന് ദേശീയ കമ്മിറ്റി വന്നത് രസിക്കാത്തവരുടെ പ്രതികരണം ഐസ് ബർഗിന്റെ ചെറിയ ഭാഗം സമുദ്രത്തിന് മുകളിൽ കാണുന്നത് പോലെയാണ്, മറഞ്ഞിരിക്കുന്ന എതിരാളികൾ ഇപ്പോൾ പുറത്ത് വന്നതിനേക്കാൾ നൂറ് മടങ്ങ് ശക്തിയുള്ളവരാണന്ന് തിരിച്ചറിയുന്നുണ്ട്. പുതിയ കാല ഇന്ത്യൻ സാഹചര്യങ്ങളിൽ മുസ്ലിം ദളിത് പിന്നാക്ക രാഷട്രീയ സാമൂഹിക മുന്നേറ്റത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതാണ് ദൗത്യമെന്നും അഷ്‌റഫലി കുറിക്കുന്നു.

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രഥമ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.പി അഷ്‌റഫലിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

msf ന്റെ പ്രഥമ ദേശീയ കമ്മറ്റി നിലവിൽ വന്നിരിക്കുന്നു. അൽ ഹംദുലില്ലാഹ്.... കമ്മറ്റിയുടെ പ്രസിഡണ്ടായി നിയമിച്ചതിലൂടെ വലിയ ഉത്തരവാദിത്വമാണ് എന്നിൽ മുസ്ലിം ലീഗ് നേതൃത്വം ഏൽപിച്ചിരിക്കുന്നത്. 'നിങ്ങൾ ഓരോരുത്തരും ഭരണകർത്താക്കളാണ് ,നിങ്ങൾ ഓരോരുത്തരും ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ് ' എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകൾ ഉത്തരവാദിത്വബോധം വർധിപ്പിക്കുന്നു.

1936 ൽ രൂപീകൃതമായ msf ന്റെ പ്രവർത്തനം ഇന്ത്യ സ്വാതന്ത്ര്യമായതിന് ശേഷം ദേശീയ തലത്തിൽ കമ്മറ്റി രൂപീകരിച്ച് ഏകീകരിച്ചിരുന്നില്ല. കേരളത്തിൽ സജീവമായും മറ്റു സംസ്ഥാനങ്ങളിൽ ഭാഗികമായും പ്രവർത്തിച്ച് വന്ന mടf ന് ദേശീയ തലത്തിൽ സംഘടനാ സംവിധാനത്തോടെ കമ്മറ്റി വരിക എന്ന ഓരോ msf കാരന്റെയും ചിരകാലാഭിലാഷമാണ് പൂവണിഞ്ഞത്. പുതിയ കാല ഇന്ത്യൻ സാഹചര്യങ്ങളിൽ മുസ്ലിം ദളിത് പിന്നാക്ക രാഷട്രീയ സാമൂഹിക മുന്നേറ്റത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതാണ് ദൗത്യം. വെല്ലുവിളികൾ ഒട്ടേറെയുണ്ട് എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

ചിന്നിച്ചിതറി കിടക്കുന്ന ഒരു സമൂഹത്തെത്തയാണ് ഒരുമിച്ച് കൂട്ടേണ്ടത്. ഭക്ഷണവും വസ്ത്രവും പാർപ്പിടവുമില്ലാതെ, വിദ്യാഭ്യാസമെന്തന്നറിയാതെ , ഭാവി സ്വപ്നങ്ങളില്ലാതെ ജീവിക്കുന്ന പതിനായിരക്കണക്കിന് ധൈന്യതയാർന്ന ബാല മുഖങ്ങളിലേക്ക് കാരുണ്യത്തിന്റെ, പ്രതീക്ഷയുടെ കിരണങ്ങൾ പതിയേണ്ടതുണ്ട്. വിദ്യാഭ്യാസം നേടുന്ന പിന്നാക്ക ദളിത്മുസ്ലിം യുവജനങ്ങളെ ഭയപ്പെടുത്തി വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിന്നും അകറ്റി സാമൂഹിക നവോത്ഥാനത്തെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങളാണ് സവ്വകലാശാലകളിൽ നടന്നുവരുന്നത്. ഇവിടങ്ങളിൽ പ്രതിരോധത്തിന്റെ ഉരുക്കുമുഷ്ടികളും അക്കാദമിക,സർഗാത്മക സംവാദങ്ങളും ഉയരേണ്ടതുണ്ട്.

ഭാരതത്തിന്റെ ബഹുസ്വരതയെ തകർക്കാനായി,മതാവകാശങ്ങളെ ഇല്ലാതാക്കാനായി അണിയറയിൽ ഒരുങ്ങുന്ന ഏക സിവിൽ കോഡിനെതിരായ ബഹുജന പ്രക്ഷോപത്തിന് കരുത്ത് പകരേണ്ടതുണ്ട്. കൃത്യമായ ആസൂത്രണം, സമർപ്പിത യൗവ്വനം , മനുഷ്യവിഭവ ശേഷിയുടെ ഉപയോഗം ,വിഭവ സമാഹരണം , ഭൗതിക സൗകര്യങ്ങൾ എല്ലാം അനിവാര്യമാണ്. എനിക്കോ തെരഞ്ഞെടുക്കപ്പെട്ടവർക്കോ മാത്രമായി ഒന്നുമാകില്ല, കൂട്ടായ്മകൾ അനിവാര്യമാണ്.

വലിയ അവകാശവാദങ്ങളില്ല, എന്നാൽ എഴുതിത്തള്ളുകയും വേണ്ട. msf ന് ഒരു ദേശീയ കമ്മറ്റി എന്നത് രസിക്കാത്ത നിരവധിപേരെ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ കണ്ടു. ഐസ് ബർഗിന്റെ ചെറിയ ഭാഗം സമുദ്രത്തിന് മുകളിൽ കാണുന്നത് പോലെയാണ് ഈ പ്രതികരണങ്ങൾ. മറഞ്ഞിരിക്കുന്ന എതിരാളികൾ ഇപ്പോൾ പുറത്ത് വന്നതിനേക്കാൾ നൂറ് മടങ്ങ് ശക്തിയുള്ളവരാണന്ന് തിരിച്ചറിയുന്നുണ്ട്.

മുസ്ലിം ലീഗിലെയും പോഷക ഘടകങ്ങളിലെയും ദേശീയ കമ്മറ്റികൾ സംഘടനാപരമായി ഒരുക്കുന്നതിന്റെ ഭാഗമാണന്ന വിലയിരുത്തലുകളും കണ്ടു. ചില കമ്മറ്റികൾ രൂപീകരിക്കുമ്പോൾ വ്യക്തിൾക്ക് നൽകുന്ന അഖിലേന്ത്യാ കൺവീനർ എന്ന പദവികളാവാം ഇത്തരമൊരു വിമർശനത്തിന് വഴിവച്ചത്.എന്നാൽ ഇപ്പോൾ നിലവിൽ വന്ന mടf ദേശീയ കമ്മറ്റി നേരത്തെ തീരുമാനിച്ച ദേശീയ സമ്മേളനത്തിൽ ഭരണഘടനയും ,ഭാരഭാഹികളും,നിർവ്വാഹക സമിതിയും എല്ലാമായി നല്ല ആസൂത്രണത്തോടെ വന്നിട്ടുള്ളതാണ്.

ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയിലാണ് വരേണ്ടിയിരുന്നത് എന്ന മട്ടിൽ ചിലർ അഭിപ്രായപ്പെടുന്നു.ഞാൻ 100 % സംതൃപ്തിയോടെയാണ് ഈ പദവി ഏറ്റെടുക്കുന്നത്. msf പ്രഥമ ദേശീയ കമ്മറ്റിയുടെ പ്രഥമ പ്രസിഡണ്ട് ആയി ഏകാഭിപ്രായത്താൽ എന്നെ തെരഞ്ഞെടുത്തു എന്നത് പാർട്ടി നൽകിയ വലിയ അംഗീകാരമായി ഞാൻ കാണുന്നു. ഈ കമ്മറ്റിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിക്കുന്നവരോട് കാലം ഉത്തരം പറയട്ടെ. പ്രിയ സഹപ്രവർത്തകരെ ഉറങ്ങുന്നതിന് മുമ്പ് നമുക്ക് ഒരുപാട് കാതം സഞ്ചരിക്കാനുണ്ട് . അഭിമാനകരമായ അസ്ഥിത്വം ഒരു മരീചികയായി കരുതി അഭിനവ ഫാഷിസ്റ്റ് യജമാനന്മാർക്ക് മുന്നിൽ ഭയപ്പാട് കൊണ്ട് വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തോടാണീ ഭയരഹിത സഹവർത്തിത്വം എന്ന മത്രോച്ചാരണം , അത് അഭിമാനകരമായ അസ്ഥിത്വത്തിലേക്കുള്ള പുതിയ കാൽവെപ്പാണ്.കാത് കൂർപ്പിച്ചാൽ കേൾക്കുന്ന ഇടി മുഴക്കം നമുക്കുള്ള വസന്തങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP