Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്ക് മുഖമടച്ച് ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ടെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണമെന്നും റിപ്പോർട്ടു പ്രകാരം ആരോഗ്യസൂചികയിൽ കേരളം ഒന്നാമതും ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ് അവസാന സ്ഥാനത്തുമാമെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് മന്ത്രിയുടെ പ്രതികരണം

തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന്റെ സാമൂഹ്യസുരക്ഷാ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താൻ സംഘടിതമായ വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം. റിപ്പോർട്ടു പ്രകാരം ആരോഗ്യസൂചികയിൽ കേരളം ഒന്നാമതും ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ് അവസാന സ്ഥാനത്തുമാണ്. കേരളത്തിന്റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയവർക്കു മുഖമടച്ചു ലഭിച്ച പ്രഹരമാണ് നീതി ആയോഗ് റിപ്പോർട്ട്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലമേഖലകളിലും രാജ്യത്തിനാകെ മാതൃകയാണ് കേരളം. ആ നേട്ടങ്ങളുടെ ഏഴയലത്തുപോലും ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്ല. അങ്ങനെയുള്ള കേരളത്തെ ലോകത്തിനു മുന്നിൽ ഇകഴ്‌ത്തിക്കാണിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിന് കേരളത്തിലെ സംഘപരിവാറുകാരും കൂട്ടുനിന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ വശം. രാഷ്ട്രീയലാഭം സ്വപ്നം കണ്ട് മൂന്നാംകിട നുണ പ്രചാരണം നടത്തുകയായിരുന്നു ബിജെപി. അവർക്കുള്ള മറുപടിയാണ് നീതി ആയോഗിന്റെ റിപ്പോർട്ട്.

ആരോഗ്യരംഗത്ത് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന് നാലു മാസം മുമ്പായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ഗോരഖ്പൂറിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജെൻ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചെന്ന ഹൃദയഭേദകമായ വാർത്തയ്ക്കു മുന്നിൽ രാജ്യം ശ്വാസം നിലച്ചു നിന്നപ്പോഴായിരുന്നു യോഗിയുടെ വിഡ്ഢിത്തം. വിചിത്രമായ ആ പ്രസ്താവന ആരും ഗൗരവത്തിലെടുത്തില്ല എന്നു മാത്രമല്ല, രാജ്യവ്യാപകമായി പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, നീതി ആയോഗിന്റെ ആരോഗ്യസൂചികാ റാങ്കിങ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കേരളം ഒന്നാമത്, 21 അംഗപട്ടികയിൽ യുപിക്ക് അവസാന റാങ്ക്.

ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. കേരളത്തിൽ ആയിരത്തിന് 12 എന്ന കണക്കിലാണ് ശിശുമരണനിരക്ക്. ഉത്തർപ്രദേശിൽ അത് 50 ആണ്. ഇത്തരം ജീവിതസൂചികകളുടെ കാര്യത്തിൽ കേരളം ലോകനിലവാരത്തിലാണ്. നമ്മുടെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ എത്രയോ പുറകിലാണ് യുപി.

ഞെട്ടിക്കുന്നതാണ് യുപിയിലെ ആരോഗ്യസൂചകങ്ങൾ. ആയിരം ജനനങ്ങളിൽ 64 പേർ അഞ്ചു വയസിനു മുമ്പു മരിക്കുന്നു. 35 പേർ ഒരു മാസത്തിനുള്ളിലും. 50 പേർ ഒരു വർഷം തികയ്ക്കുന്നില്ല. അതിജീവിക്കുന്നവരിൽ വളർച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാൾ നാലു വർഷവും ഹരിയാനയെക്കാൾ അഞ്ചുവർഷവും ഹിമാചൽ പ്രദേശിനേക്കാൾ ഏഴു വർഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗർഭിണികൾക്കും മിനിമം ഗർഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.

ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. എന്നാൽ ജനസംഖ്യാ വർദ്ധനയ്ക്ക് അനുസരിച്ച് പ്രാഥമികാരോഗ്യ സംവിധാനങ്ങൾ കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. 2015ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിറ്റിക്‌സ് അനുസരിച്ച് 15 വർഷത്തിനുള്ളിൽ ജനസംഖ്യ 25 ശതമാനം വർദ്ധിച്ചപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

ഈ യാഥാർത്ഥ്യം കണ്ണു തുറന്നു കാണുകയാണ് ബിജെപി ചെയ്യേണ്ടത്. ശോചനീയമായ ഈ അവസ്ഥയ്ക്കു സാമൂഹ്യപങ്കാളിത്തത്തോടെ പരിഹാരം കാണുന്നതിനു പകരം വർഗീയത ഇളക്കിവിടുകയാണ് അവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP