Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ചവരുടെ പേരിലും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത് നിരവധിപേർ; പിടികൂടിയത് മുപ്പതിനായിരത്തിന് മുകളിൽ ആളുകളെ; പട്ടികയിൽ നിന്നും ഒഴിവാകാത്തവർ മുഴുവൻ തുകയും തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും മന്ത്രി; മരണം യഥാസമയം രജിസ്റ്റർ ചെയ്യാത്തത് എണ്ണം വർധിച്ചതിന് കാരണമന്നും ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മരിച്ചവരുടെ പേരിലും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത് നിരവധിപേർ; പിടികൂടിയത് മുപ്പതിനായിരത്തിന് മുകളിൽ ആളുകളെ; പട്ടികയിൽ നിന്നും ഒഴിവാകാത്തവർ മുഴുവൻ തുകയും തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും മന്ത്രി; മരണം യഥാസമയം രജിസ്റ്റർ ചെയ്യാത്തത് എണ്ണം വർധിച്ചതിന് കാരണമന്നും ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: മരിച്ചുപോയവരുടെ പേരിലും ചിലർ ഇപ്പോഴും സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇത്തരം 31,256 പേരെ തിരിച്ചറിഞ്ഞതായും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ലെന്ന് മന്ത്രി പോസ്റ്റിൽ പറയുന്നു. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങളുമുണ്ട്. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേർ ലിസ്റ്റിൽപ്പെട്ടത്. രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പട്ടികയിൽനിന്ന് ഒഴിവാകാൻ എല്ലാവർക്കും അവസരം നൽകുകയാണെന്നും മന്ത്രി അറിയിച്ചു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം

കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനായിരം ആത്മാക്കളാണ് പെൻഷൻ തുക കൊണ്ട് അങ്ങേ ലോകത്തു സുഭിക്ഷമായി ജീവിക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് ഇതിൽപ്പരം ആനന്ദമെന്ത്?

ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനന-മരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31,256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ല.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്‌നങ്ങൾ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേർ ലിസ്റ്റിൽപ്പെട്ടത്. രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാം.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ, മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം. പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP