Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദയവായി ആരും ഒരു വൈദ്യുതി ഉപകരണവും ഓഫാക്കാതിരിക്കുക; ഈ സമയത്ത് ഒരു വൈദ്യുതി പ്രതിസന്ധി വന്ന്,ബ്ലാക്ക് ഔട്ട് ഉണ്ടായാൽ പ്രത്യാഘാതമെന്തെന്ന് ആലോചിക്കാൻ പോലും കഴിയില്ല; പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം; ആ സമയത്ത് 9 മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക്

ദയവായി ആരും ഒരു വൈദ്യുതി ഉപകരണവും ഓഫാക്കാതിരിക്കുക; ഈ സമയത്ത് ഒരു വൈദ്യുതി പ്രതിസന്ധി വന്ന്,ബ്ലാക്ക് ഔട്ട് ഉണ്ടായാൽ പ്രത്യാഘാതമെന്തെന്ന് ആലോചിക്കാൻ പോലും കഴിയില്ല; പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം; ആ സമയത്ത് 9 മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് . ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ വൈദ്യുതി തിരിച്ചുവരില്ലെന്നും കുറച്ചു ദിവസത്തേക്ക് മെഴുകുതിരി മാത്രമായിരിക്കും ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് മോദിയുടെ അനുയായികൾ എന്ന് രാജ്യം കഴിഞ്ഞ ദിവസം കണ്ടെതാണ്. ഇത്തവണയും അത് ആവർത്തിച്ചാൽ നിർണായകമായ ഈ ഘട്ടത്തിൽ രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകുമെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേയ്ക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടും. ഒമ്പതു മിനിട്ടു കഴിഞ്ഞാൽ വൈദ്യുതി തിരിച്ചു വരില്ല. കുറച്ചു ദിവസത്തേയ്ക്ക് മെഴുകുതിരി മാത്രമായിരിക്കും വെളിച്ചത്തിന് ആശ്രയം. വൈദ്യുതി ഓഫാക്കി ദീപം തെളിക്കണമെന്ന അഭ്യർത്ഥന പ്രധാനമന്ത്രി തന്നെ തിരുത്തുന്നതാണ് നല്ലത്. കാള പെറ്റെന്ന് അദ്ദേഹം പറഞ്ഞാൽ കയറുമെടുത്ത് പായുന്നവരാണ് അനുയായികളെന്ന് ഇതിനു മുമ്പു നടത്തിയ ആഹ്വാനത്തിൽ രാജ്യം കണ്ടതാണ്. ഏപ്രിൽ അഞ്ചിനും അതാവർത്തിച്ചാൽ, നിർണായകമായ ഈ സമയത്ത് രാജ്യം ദിവസങ്ങളോളം ഇരുട്ടിലായിപ്പോകും.

രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് അബദ്ധം മനസിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണം. ഈ സമയത്ത് രാജ്യം ഇരുട്ടിലായിപ്പോയാൽ, നമ്മുടെ ആശുപത്രികളെ അതെങ്ങനെയാവും ബാധിക്കുക.സമാനമായ ഒരു സംഭവം 2012 ജൂലൈ അവസാനം രാജ്യത്തുണ്ടായിട്ടുണ്ട്. 2012 India blackostu എന്ന് ഗൂഗിളിൽ തിരഞ്ഞാൽ കാര്യങ്ങൾ വിശദമായി മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയുടെ വടക്കു-കിഴക്കേ സംസ്ഥാനങ്ങൾ സമ്പൂർണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയി. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി സ്തംഭനമാണ് അന്നുണ്ടായത്. അതിനേക്കാൾ ഗുരുതരമായ പ്രതിസന്ധിയാവും ഒരേസമയത്ത് വൈദ്യുതോപകരണങ്ങൾ ഓഫാക്കിയാൽ സംഭവിക്കുന്നത്.

വീടുകളിലെ ലൈറ്റ് പ്രകാശിപ്പിക്കാൻ ഗ്രിഡിൽനിന്നുള്ള ഊർജത്തിന്റെ 15 മുതൽ 20 ശതമാനം വരെ എടുക്കുന്നുണ്ട്. ഇത് ഒരേസമയം കൂട്ടത്തോടെ ഓഫാക്കിയാൽ എന്താണ് സംഭവിക്കുക? ഗ്രിഡ് സ്ഥിരത നഷ്ടപ്പെട്ട് തകർച്ചയിലെത്തും. ഗ്രിഡിന്റെ പ്രവർത്തനം സാധാരണനിലയിൽ എത്തിക്കാൻ രണ്ടുമൂന്ന് ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിർണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തിൽ ഈ സ്ഥിതി രാജ്യത്തെ ഡോക്ടർമാർക്കും ഇതര ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ചിന്തിക്കേണ്ടതാണ്. എല്ലാവരും വീടുകളിൽ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.

പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാലുണ്ടാകുന്ന പ്രത്യാഘാതം മഹാരാഷ്ട്രാ വൈദ്യുതി മന്ത്രി നിതിൻ റാവത്ത് ഒരു വീഡിയോ മെസേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി വിളക്കുകൾ അണയ്ക്കാതെ വേണം വിളക്കുകൾ തെളിക്കേണ്ടത് എന്ന് നിർദ്ദേശവും നൽകിക്കഴിഞ്ഞു.ഉത്തർപ്രദേശിൽ രാത്രി എട്ടു മുതൽ ഒമ്പതു വരെ ലോഡ് ഷെഡ്ഡിങ് ആലോചിക്കുകയാണ്. തമിഴ്‌നാടും ഈ വഴി ആലോചന നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിവിധ സംസ്ഥാന സർക്കാരുകളും വൈദ്യുതി മന്ത്രിമാരും ഊർജവിദഗ്ധരും മുന്നറിയിപ്പു നൽകിയിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്.

ഏതായാലും കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈൽ ടോർച്ചുമൊക്കെ തെളിക്കുന്നതിൽ അപാകമില്ല. ഇന്ത്യയുടെ പൊതുവികാരത്തിന്റെ സാക്ഷാത്കാരമാണത്. കോവിഡിനെ പ്രതിരോധിക്കാനും സമ്പദ്ഘടനയെ മടക്കിക്കൊണ്ടു വരാനും പണി വേറെ എടുക്കേണ്ടി വരും. വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫാക്കിയുള്ള പ്രകാശം പരത്തൽ നമുക്കു വേണ്ട.

ദയവായി ആരും ഒരു വൈദ്യുതി ഉപകരണവും ഓഫാക്കാതിരിക്കുക. ഈ സമയത്ത് ഒരു വൈദ്യുതി പ്രതിസന്ധി വന്ന്, രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് ബ്ലാക്ക് ഔട്ട് ഉണ്ടായാൽ അതിന്റെ പ്രത്യാഘാതമെന്തെന്ന് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല.

നാളെ ഒമ്പതു മണിക്ക് പ്രകാശം തെളിക്കുന്നവർ വൈദ്യുതി ഓഫാക്കാതിരിക്കുക. ഈ സ്ഥിതി വിശേഷം നേരിടാൻ നാളെ ഹൈഡൽ പവർ ഓഫാക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഈ കുറവു മൂലമുണ്ടായേക്കാവുന്ന ഗ്രിഡ് ആഘാതം ലഘൂകരിക്കാൻ വേണ്ട നടപടികൾ കെ എസ് ഇ ബിയുടെ വിവിധ ജനറേറ്റിങ് സ്റ്റേഷനുകളും കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും സംയുക്തമായി സ്വീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP